അഖിൽ പി ധർമജൻ | ഫോട്ടോ: www.facebook.com/akhilpdharmajan
പുറത്തിറങ്ങിയിട്ട് ആറുദിവസം. കേരളത്തിന്റെ ബോക്‌സോഫീസില്‍ പുതിയ ഗാഥ രചിച്ച്, തിയേറ്ററുകളില്‍ ജനപ്രളയം തീര്‍ത്ത് മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. പ്രളയനാളുകളില്‍ കണ്മുന്നില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ തിരക്കഥയെഴുത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് സിനിമയുടെ സഹതിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന്‍. തിരക്കഥയെഴുത്തില്‍ സംവിധായകന്‍ തനിക്കുതന്ന സ്വാതന്ത്ര്യത്തേക്കുറിച്ചും ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളേക്കുറിച്ചും താരങ്ങളുടെ സഹകരണത്തേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുകയാണ് അഖില്‍.
നല്ല അഭിപ്രായങ്ങളില്‍ സന്തോഷം
സിനിമയുടെ റിലീസിന് തലേദിവസം ഫെയ്‌സ്ബുക്കില്‍ ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അത് കണ്ടിട്ട് നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റിലീസ് ദിവസം രാവിലെ ആദ്യത്തെ ഷോ കഴിഞ്ഞത് മുതല്‍ വരുന്ന ഓരോ ഫോണ്‍കോളുകള്‍ക്കും മറുപടി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാലരയായപ്പോഴാണ് ഉറങ്ങിയത്. എല്ലാവരും വിളിച്ച് നല്ല അഭിപ്രായം പറയുമ്പോഴുള്ള സന്തോഷമുണ്ട്.
നോവല്‍ എഴുത്തിനിടെ ജൂഡിന്റെ അപ്രതീക്ഷിത വിളി
എന്റെ ആദ്യ പുസ്തകമായ ഓജോ ബോര്‍ഡ് വാങ്ങിയപ്പോള്‍ മുതലുള്ള പരിചയമാണ് ജൂഡ് ചേട്ടനുമായി. അതിനുശേഷം ഞങ്ങള്‍ ഇടയ്ക്ക് കാണുകയും സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് പ്രളയം സംഭവിക്കുന്നത്. പ്രളയം കഴിഞ്ഞതിനുശേഷം അദ്ദേഹം പടം അനൗണ്‍സ് ചെയ്തു. അതിന്റെ ടൈറ്റിലൊക്കെ ഞാന്‍ കണ്ടിരുന്നു. എന്റെ മൂന്നാമത്തെ നോവലായ റാം കെയര്‍ ഓഫ് ആനന്ദി ചെന്നൈയില്‍ വെച്ച് എഴുതുന്ന സമയമായിരുന്നു അത്. ഒരു ദിവസം എന്നെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു, ഒന്ന് ആലുവ വരെ വരണമെന്ന്. ചെന്നൈയിലാണെന്ന് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വം എന്നെ വിളിക്കുകയായിരുന്നു. ആലുവ മണപ്പുറത്തിന് എതിര്‍വശത്തുള്ള ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍വെച്ചാണ് ആ സിനിമയുടെ കഥ പറയുന്നത്. ഇതെങ്ങനെ ചെയ്‌തെടുക്കും ചേട്ടാ എന്നാണ് ഞാന്‍ ചോദിച്ചത്. പല പല ഘടകങ്ങള്‍ ഉള്ളതായിരുന്നു ആ സംശയം വരാനുള്ള കാരണം. മഴയുടെ എല്ലാവിധ ഭാവങ്ങളും വേണമെന്ന് പുള്ളിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്തുവേണമെങ്കിലും എഴുതിക്കോ, എടുക്കുന്ന കാര്യം തനിക്കുവിടൂ എന്നായിരുന്നു ജൂഡ് ചേട്ടന്റെ പ്രതികരണം. ഏകദേശം ഒരുവര്‍ഷമെടുത്താണ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തിരക്കഥ പൂര്‍ത്തിയാക്കിയത്.
കോവിഡ് വന്ന് പടം മുടങ്ങി, രണ്ടുവര്‍ഷം ഷൂട്ടില്ലാതെ കിടന്നു
ആദ്യ ഷെഡ്യൂള്‍ തുടങ്ങിയപ്പോഴേക്കും കോവിഡ് വന്നു. അതോടെ പടം മുടങ്ങിയ അവസ്ഥയിലായി. രണ്ടുവര്‍ഷം ഷൂട്ടില്ലാതെ കിടന്നു. ആ സമയത്താണ് റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവല്‍ ഞാന്‍ പൂര്‍ത്തിയാക്കിയത്. സംവിധായകന്റെ തന്നെ നിര്‍ദേശപ്രകാരമായിരുന്നു അത്. ബുക്ക് പൂര്‍ത്തിയാക്കാന്‍ ഞാന്‍ ചെന്നൈയിലേക്ക് തിരിച്ചുപോയി. കോവിഡിന്റെ സമയത്ത് വീട്ടിലിരുന്നും എഴുതി. മറയൂര്‍ പോയിട്ട് പുതിയ കഥയുടെ റിസര്‍ച്ച് ഉണ്ടായിരുന്നു. അവിടെ നിന്നിട്ടും കുറച്ചെഴുതി. ഇപ്പോള്‍ ആ പുസ്തകത്തിന്റെ പത്താം പതിപ്പിലേക്കെത്തിയപ്പോള്‍ ആദ്യമായി തിരക്കഥയെഴുതിയ സിനിമയും റിലീസ് ചെയ്തു. അത് വേറൊരു സന്തോഷം.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് പോയിരുന്നു
പ്രളയസമയത്ത് ഏറെ ബാധിക്കപ്പെട്ട സ്ഥലമായിരുന്നു ആലപ്പുഴ. എന്റെ രണ്ടാമത്തെ പുസ്തകമായ മെര്‍ക്കുറി ഐലന്‍ഡ് ഇറങ്ങിയ അന്നുരാത്രിയാണ് ആലപ്പുഴ മുങ്ങുന്നത്. പാതിരാമണല്‍ ദ്വീപില്‍ വെച്ചായിരുന്നു പ്രകാശനം. തൊട്ടുപിന്നാലെ ദ്വീപ് മുങ്ങാന്‍ തുടങ്ങിയിരുന്നു. പിന്നെ പുസ്തകത്തിന്റെ പ്രചാരണത്തിനൊന്നും നില്‍ക്കാതെ നേരെ പോയത് ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനായിരുന്നു. പുസ്തകപ്രകാശനത്തിന് പോയ ഞാന്‍ അങ്ങനെ വീട്ടില്‍ തിരിച്ചെത്തിയത് ഏഴുദിവസത്തിന് ശേഷമാണ്. കുട്ടനാട്ടില്‍ ഒരുപാട് പേര്‍ക്ക് സഹായം ആവശ്യമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് പോയിരുന്നു. അതുകൊണ്ടുതന്നെ ആളുകളുടെ കണ്ണിലെ ഭയവും നിസ്സഹായതയും നേരിട്ട് അനുഭവിക്കാനായി. ആ സമയത്തൊന്നും ഞങ്ങള്‍ വരില്ലെന്നോ ഞങ്ങള്‍ക്ക് പറ്റില്ലെന്നോ ഒരു മത്സ്യത്തൊഴിലാളിയും പറഞ്ഞിരുന്നില്ല. ഇതെല്ലാം തിരക്കഥാരചനയില്‍ ഉപകരിച്ചിട്ടുണ്ട്. തീരപ്രദേശത്തിനടുത്ത് താമസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ പോലും അന്ന് ആ മത്സ്യത്തൊഴിലാളികള്‍ ചെയ്ത ഉപകാരമോര്‍ക്കുമ്പോള്‍ രോമാഞ്ചം വരും. എന്താണ് ആ സമയത്ത് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് അതറിയാത്തവര്‍ക്ക് മുന്നില്‍ കാണിക്കണം എന്നുണ്ടായിരുന്നു.

ടൊവിനോയെ ആളുകള്‍ കളിയാക്കിയപ്പോള്‍ വിഷമിച്ചു
ക്യാമറയ്ക്ക് മുന്നില്‍മാത്രമല്ല, ഉറക്കം പോലുമില്ലാതെ ഓരോ സഹായപ്രവര്‍ത്തനങ്ങള്‍ ടൊവിനോ ചെയ്യുന്നതായി ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ എന്നിട്ടും ആളുകള്‍ കളിയാക്കിയതില്‍ നല്ല വിഷമം തോന്നിയിരുന്നു. ജൂഡ് ചേട്ടന്‍ തന്നെയാണ് ടൊവിനോയെ ഈ പടത്തിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായി വേണമെന്ന് നിശ്ചയിച്ചത്. തിരക്കഥ കേട്ടപ്പോള്‍ ടൊവിനോയ്ക്കും താത്പര്യമായി. എല്ലാവരുടെ കാര്യവും അങ്ങനെ തന്നെ. പക്ഷേ എല്ലാവര്‍ക്കുമുള്ള സംശയം ഇതെങ്ങനെ ചെയ്‌തെടുക്കും എന്നായിരുന്നു. നിങ്ങള്‍ അഭിനയിച്ചുതന്നാല്‍ മതി, ബാക്കി താന്‍ നോക്കിക്കോളാം എന്നായിരുന്നു ജൂഡേട്ടന്റെ മറുപടി.
സിനിമാ സെറ്റിന് പിന്നില്‍ ജൂഡ് ചേട്ടനും മോഹന്‍ദാസ് സാറും
ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ ദാസ് സാറിന്റെയും ജൂഡ് ചേട്ടന്റെയും ചര്‍ച്ചകളാണ് സിനിമയിലെ ആ സെറ്റ് വര്‍ക്കിന് പിന്നില്‍. രാപകലില്ലാതെയുള്ള ജോലികളായിരുന്നു. വൈക്കത്തായിരുന്നു സെറ്റ് ഇട്ടിരുന്നത്. കൂടുതല്‍ പറയാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല.
ജൂഡ് ചേട്ടന്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് വന്ന് ചിത്രീകരിച്ച ദിവസങ്ങള്‍
സത്യത്തില്‍ ഭയങ്കര ഡെഡിക്കേഷനായിരുന്നു ജൂഡ് ചേട്ടന്. പലദിവസങ്ങളിലും ആശുപത്രിക്കിടക്കയില്‍ നിന്ന് വന്ന് പലരംഗങ്ങളും ഷൂട്ട് ചെയ്തത്. ഫുള്‍ ടൈം മഴ നനഞ്ഞ് നില്‍ക്കുകയായിരുന്നു. നടീനടന്മാരാണെങ്കില്‍അവരുടെ ഭാഗമെടുത്തങ്ങ് പോകും. പക്ഷേ സംവിധായകനും ക്യാമറാമാനും അങ്ങനെയല്ലല്ലോ. മുഴുവന്‍ സമയവും ഒരു റെയിന്‍ യൂണിറ്റ് ഒപ്പമുണ്ടായിരുന്നു. ഒരുകാര്യം ഉദ്ദേശിച്ചപോലെ വന്നില്ലെങ്കില്‍ പുള്ളി നീന്തി ചെല്ലും. വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തശേഷം തിരിച്ചുകയറിവരും. ചേട്ടന്‍ ഇനിയൊരു പടം ചെയ്യുന്നില്ല എന്ന തീരുമാനത്തിലാണോ ഈ പടം ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. സുഖമില്ലാതെ വിശ്രമിക്കേണ്ട സമയത്തുപോലും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഉറങ്ങാന്‍ പോലും പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല. സഹതാപം തോന്നി പലപ്പോഴും അദ്ദേഹത്തിന്റെ തലയില്‍ തൊട്ടുനോക്കിയിട്ടുണ്ട്. ചുമച്ചുകൊണ്ടാണ് ആക്ഷന്‍ പറയുന്നത്. ഈ കഷ്ടപ്പാടിനുള്ള ഫലം നല്ലതായിത്തന്നെ വരണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അപകടകരമായ രീതിയിലുള്ള ചിത്രീകരണം നടന്നിട്ടുണ്ട്. അന്നും പുറത്തുനില്‍ക്കാതെ കൂടെ ഇറങ്ങിച്ചെല്ലുകയായിരുന്നു ജൂഡേട്ടന്‍.

ദേഹം പൊട്ടി ചോരവന്നിട്ടും കൂസലില്ലാതെ നരേന്‍, നനഞ്ഞുവിറച്ച് ഇന്ദ്രന്‍സേട്ടന്‍
ചിത്രീകരണസമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. അതൊരു പോസിറ്റീവായിരുന്നു. ജൂണിലാണ് ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്തത്. ആഗസ്റ്റ് വരെയുള്ള സമയത്ത് മഴ നന്നായി കിട്ടി. എങ്കിലും മഴ അതിന്റേതായ രീതിയില്‍ മുഴുവനായി ഉപയോഗിക്കാന്‍ പറ്റിയില്ല. വെയിലൊന്നും ഇല്ലാതെ, അത്യാവശ്യം മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ പ്രകൃതിയിലെ ഭീകരത കൊണ്ടുവരാന്‍പറ്റി. കടലില്‍ വെച്ചുള്ള ഒരു രംഗമുണ്ടായിരുന്നു. അവിടെയൊന്നും ഗ്രാഫിക്‌സ് അങ്ങനെ ഉപയോഗിച്ചിട്ടില്ല. നരേന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു ആ സീനിലഭിനയിച്ചിട്ട് കൈയിലുണ്ടായ വേദന ഇതുവരെ മാറിയിട്ടില്ലെന്ന്. ബോട്ടിനകത്ത് അടിച്ച് വീഴുന്നുണ്ടായിരുന്നു അവര്‍. ലാല്‍ സാര്‍ എന്ന അത്രയും സീനിയറായ നടന്‍ ഒരു മുഷിപ്പും കാണിക്കാതെ വെള്ളത്തില്‍ കിടക്കുകയാണ്. മൂക്കിലും വായിലും കണ്ണിലുമെല്ലാം വെള്ളം അടിച്ചുകയറിയാലും ഒരു മടിയുമില്ലാതെ റീ ടേക്കിന് സമ്മതിച്ചു. ഡോക്ടര്‍മാര്‍ വന്ന് നരേന്റെ ദേഹമൊക്കെ തിരുമ്മിക്കൊടുത്തിരുന്നു. എങ്കിലും ഷോട്ട് റെഡിയാവുമ്പോള്‍ ആള്‍ വരും. വീണിട്ട് ചോരയൊക്കെ ഒലിപ്പിച്ചായിരിക്കും വരുന്നത്. അണ്ടര്‍ വാട്ടര്‍ സീനെടുത്തിട്ട് ഇന്ദ്രന്‍സേട്ടന്‍ നനഞ്ഞ് കുതിര്‍ന്ന് വിറയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാലും ടേക്കിന്റെ സമയത്ത് ക്യാമറയ്ക്ക് മുന്നിലുണ്ടാവും.
യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറിനില്‍ക്കാത്ത വി.എഫ്.എക്‌സ്
മൈന്‍ഡ്‌സ്റ്റീന്‍ സ്റ്റുഡിയോസ് ആണ് വി.എഫ്.എക്‌സ് ചെയ്തത്. മിന്നല്‍ മുരളിയൊക്കെ ചെയ്തത് അവരാണ്. 2018-ന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് അവര്‍ക്ക് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ വിവരം അറിയുന്നത്. വി.എഫ്.എക്‌സ് ഒരിക്കലും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പാടില്ലെന്ന് ജൂഡ് ചേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഗ്രാഫിക്‌സ് ചെയ്യാന്‍ ഒരുപാട് സമയമെടുത്തു. ഈ സിനിമ ഇത്രയും നന്നായി വന്നത് സംവിധായകന്റേയും ഗ്രാഫിക്‌സ് ടീമിന്റേയും കഴിവുകൊണ്ടുതന്നെയാണ്.
കോവിഡ് വന്ന് ഷൂട്ടിങ് മുടങ്ങിയത് തിരക്കഥയ്ക്ക് ഗുണകരമായി
രക്ഷാപ്രവര്‍ത്തനരംഗങ്ങള്‍ ഞാനും സംവിധായകനും ഒരുമിച്ചിരുന്നാണ് തിരക്കഥയില്‍ ചേര്‍ത്തത്. ഒരോ സീനും ആലോചിച്ച് അതിന്റെ സാധ്യതകള്‍ എത്രമാത്രമുണ്ടെന്ന് ചര്‍ച്ച ചെയ്തിരുന്നു. ഹെലികോപ്റ്റര്‍ റെസ്‌ക്യൂ സീന്‍വേണമെന്നത് ജൂഡേട്ടന്റെ നിര്‍ബന്ധമായിരുന്നു. ഓരോ സീനും എഴുതിയിട്ട് പുള്ളി ഇരുന്ന് റിസര്‍ച്ച് ചെയ്യും. എത്ര സ്‌പേസ് വേണ്ടിവരും? എവിടെവെച്ച് ഷൂട്ട് ചെയ്യാം, ഏത് ക്യാമറ ഏത് ആംഗിളില്‍ ഉപയോഗിക്കാം എന്നൊക്കെയായിരിക്കും നോക്കുന്നത്. കോവിഡ് കാരണം ഷൂട്ട് മുടങ്ങിപ്പോയ രണ്ടുവര്‍ഷവും അദ്ദേഹം നന്നായി അധ്വാനിച്ചിട്ടുണ്ട്. സത്യത്തില്‍ കോവിഡ് വന്നത് സിനിമയ്ക്ക് ഗുണമായെന്നുപറയാം. തിരക്കഥ കുറച്ചുകൂടി രാകി മിനുക്കാന്‍ പറ്റി.
സംഗീത സംവിധായകന് ഉറക്കം കൊടുത്തിട്ടില്ല ജൂഡ്
സംഗീതസംവിധായകന്‍ നോബിന്‍ പോളിനെ തിരഞ്ഞെടുത്തത് സംവിധായകന്‍ ജൂഡ് ആണ്. നോബിന്‍ രാത്രി ഒരു സംഗതി ചെയ്ത് അയച്ചുകൊടുക്കും. കേട്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജൂഡേട്ടന്‍ രാവിലെ നോബിന്റെ വീട്ടിലുണ്ടാവും. ഉറക്കം കൊടുത്തിട്ടില്ല. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനേക്കുറിച്ച് ഇപ്പോള്‍ പലരും പറയുന്നുണ്ട്. ജൂഡേട്ടന്റെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയാണ് നോബിന്‍ പോള്‍.

മഴയുടെ പല അവസ്ഥകളായിരുന്നു മനസില്‍
തിരക്കഥയെഴുതി തുടങ്ങിയപ്പോള്‍ത്തന്നെ മഴയുടെ പല ഭാവങ്ങള്‍ മനസിലുണ്ടായിരുന്നു. മഴയേ ഇല്ലാത്ത ഒരിടം സിനിമയില്‍ കാണിക്കുന്നുണ്ട്. കേരളത്തില്‍ മഴ തുടങ്ങിയ സമയത്ത് ആളുകള്‍ മഴയേ പുകഴ്ത്തി പാട്ടിടുന്നു, മീന്‍ പിടിക്കുന്നു. ആളുകള്‍ക്ക് അപ്പോഴെല്ലാം തമാശയായിരുന്നു. അതില്‍ നിന്ന് ഭീകരതയിലേക്ക് ഒരു മാറ്റം നടക്കണം എന്ന് ഉറപ്പിച്ചിരുന്നു. ആദ്യപകുതി വരെ മഴയുടെ മനോഹാരിത കാണിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മഴയുടെ പല അവസ്ഥകളായിരുന്നു മനസില്‍. അതിനകത്തേക്കാണ് കഥാപാത്രങ്ങളെ ചേര്‍ത്തത്.
പ്രളയം കാണിച്ചിട്ട് തുടങ്ങിയിരുന്നെങ്കില്‍ ശരിക്കും ഡോക്യുമെന്ററിയായിപ്പോയേനേ
തിരക്കഥയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ശേഖരിച്ചെങ്കിലും കുറേ കഥാപാത്രങ്ങളുള്ള സിനിമ എന്നായിരുന്നു മനസിലുണ്ടായിരുന്നത്. ആ കഥാപാത്രങ്ങളുടെ ജീവിതത്തിനിടയ്ക്ക് ഒരു പ്രളയം വന്നാല്‍ എങ്ങനെയായിരിക്കും അതവരുടെ ജീവിതത്തെ ബാധിക്കുക എന്നാണ് ചിന്തിച്ചത്. അതിനാല്‍ യഥാര്‍ത്ഥ സംഭവം എന്നതില്‍ക്കവിഞ്ഞ് സിനിമയായിത്തന്നെ എഴുതാന്‍പറ്റി. പ്രളയം കാണിച്ചിട്ട് തുടങ്ങിയിരുന്നെങ്കില്‍ ശരിക്കും ഡോക്യുമെന്ററിയായിപ്പോയേനേ. കഥാപാത്രങ്ങളുടെ സാധാരണ ജീവിതത്തില്‍ നിന്ന് തുടങ്ങണമെന്നൊരു തീരുമാനമുണ്ടായിരുന്നു. അതുകൊണ്ട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തലാണ് ആദ്യപകുതിയില്‍ ചെയ്തത്. വെള്ളപ്പൊക്കത്തേക്കുറിച്ചുള്ള ഡാറ്റ മുഴുവന്‍ ശേഖരിച്ച് അതിന് സിനിമാറ്റിക്കായി ഒരു സ്വഭാവം നല്‍കാനാണ് ശ്രമിച്ചത്.

ഒന്നര മാസത്തിനുള്ളില്‍ അടുത്ത പുസ്തകം
അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരന്‍ തന്നെയാണ്. ഇടയ്ക്ക് ഒരു പുസ്തകം എഴുതിയില്ലെങ്കില്‍ ശരിയാവില്ല. സിനിമ അതിന്റെ കൂടെ പോവുന്ന സംഭവമാണ്. സിനിമയെ അപേക്ഷിച്ച് നോക്കിയാല്‍ നമ്മള്‍ മരിച്ചാലും പുതിയ ഒരാള്‍ വായിക്കുമ്പോള്‍ അതൊരു ഫ്രഷ് കണ്ടന്റാണ്. അതങ്ങനെ നിലനില്‍ക്കും. പുസ്തകങ്ങളിലൂടെ സിനിമയിലേക്കെത്തിയ ആളായതുകൊണ്ടുതന്നെ പുസ്തകങ്ങള്‍ ഒഴിവാക്കിയുള്ള ഒരു പരിപാടിയും ഇല്ല. ഒന്നര മാസത്തിനുള്ളില്‍ അടുത്ത പുസ്തകം ഇറങ്ങും. 2018-ന്റെ തിരക്ക് ഒന്നടങ്ങിയാല്‍ അതിന്റെ ക്ലൈമാക്‌സ് എഴുതാനിരിക്കും. എവിടെയെങ്കിലും എത്തിച്ചേരണം എന്നൊരു ആത്മവിശ്വാസം നേരത്തേ തന്നെ തോന്നിയിട്ടുണ്ട്. എന്റെ എഴുത്തുകള്‍ പലരും നിരസിച്ചിട്ടുണ്ടെങ്കിലും ഫെയ്‌സ്ബുക്കില്‍ എഴുതിയത് ആ ആത്മവിശ്വാസമുള്ളതുകൊണ്ടാണ്. 2010-ലാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിത്തുടങ്ങുന്നത്. അന്നും ഇന്നും ഒരുപാടുപേര്‍ പിന്തുണയ്ക്കുന്നുണ്ട്. ഇതേ ആളുകളുടെ റിവ്യൂ കേള്‍ക്കാനാണ് ഞാന്‍ കാത്തിരുന്നത്. എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ ഞാനൊന്ന് നന്നായിക്കണ്ടാല്‍ മതി എന്നാണവര്‍ കരുതുന്നത്. ഒരാളെപ്പോലും ഞാന്‍ മറന്നിട്ടില്ല.
Content Highlights: scriptwriter akhil p dharmajan interview, akhil p dharmajan about 2018 movie and jude anthany joseph
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..