ജോൺപോൾ | ഫോട്ടോ: മാതൃഭൂമി
ചാമരം എന്ന ചലച്ചിത്രത്തിന്റെ അവസാന സീനിലെ വാചകങ്ങൾ ജോൺപോൾ എന്ന ‘അങ്കിൾ’ ഇങ്ങനെയാണ് എഴുതിവെച്ചത് ‘സമീപദൃശ്യത്തിൽനിന്ന് ദൂരദൃശ്യത്തിലേക്ക്... കാമ്പസിലെ സൂചിയിലമരങ്ങൾ സാക്ഷിയായി താഴേക്കുള്ള പടവുകളിലെ അവസാന പടവിൽ ഇന്ദു തളർന്നിരിക്കുന്നു. കാമ്പസിന്റെ പ്രകൃതിയാകെ അവരോടൊപ്പം കേഴുന്നതുപോലെ...’
ചിത്രീകരണസമയത്ത് ഭരതന്റെ സ്കെച്ച്ബുക്കിലെ അവസാന പെയിൻറിങ് കണ്ട് അങ്കിൾ വിസ്മയിച്ചുപോയി. വാക്കുകൾക്കു പകരം, അതേ തീക്ഷ്‌ണതയോടെ ചായങ്ങളിലൂടെ ആ ദൃശ്യം അതേപടി... തനിമയോടെ... അതുകണ്ട് വികാര വൈവശ്യത്തോടെ അങ്കിൾ ഭരതനോട് പറയുന്നു ‘‘ഭരതാ... നമ്മുടെ ഭാവനകൾ ഒന്നാണ്’’
മാതൃഭൂമി ടെലിവിഷനുമായുള്ള ഒരഭിമുഖത്തിൽ അങ്കിൾ ഇതുപറയുമ്പോൾ അവർ ജന്മം നൽകിയ സിനിമകൾ, ഒരുഘോഷയാത്രപോലെ കടന്നുവരുകയായി. മർമരം, ഓർമയ്ക്കായി, പാളങ്ങൾ, കാതോടു കാതോരം, ചമയം, കേളി, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം - മലയാളി മനസ്സിൽ ചേർത്തുവെച്ച വിരുന്നുകളുടെ ഓർമകൾ. സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന ‘അങ്കിൾ’ എന്ന പേരിലുമുണ്ട് ജോൺപോളിന്റെ വലുപ്പം. അങ്കിൾ എഴുതിയതെല്ലാം സംവിധായകർക്കുവേണ്ടിയായിരുന്നു. ഒരു നടന്റെ ഇമേജ് കെട്ടിപ്പൊക്കാനോ, ഒരു താരരാജാവിന്റെ സിംഹാസനം ഉറപ്പിക്കാനോ അങ്കിൾ ഒരുവരിയും എഴുതിയിട്ടില്ല. പ്രതിജനഭിന്നമായ കഥകളായിരുന്നു ആ മനസ്സുനിറയെ.
ഒരനുസ്മരണത്തിൽ സംവിധായകൻ ജോർജ് കിത്തു ഇങ്ങനെ ഓർമിക്കുന്നുണ്ട്. ബാനർജി റോഡിലെ കനറാബാങ്കിൽനിന്നിറങ്ങി വൈകീട്ട് ദ്വാരകാ ഹോട്ടലിൽ അങ്കിൾ എത്തുമ്പോൾ ഭരതനോടൊപ്പം അവിടെ കിത്തുവും ഉണ്ടായിരുന്നു. ഭരതന് ഒരു കാമ്പസ് സ്റ്റോറിവേണം. പ്രണയത്തിന്റെ തീവ്രമനസ്സുള്ള ഒരു കാമ്പസ് കഥ. രാത്രിയും പുലർരാവും കടന്ന് വെളിച്ചം അരിച്ചെത്തുമ്പോൾ അവർ പ്രണയകഥയുടെ അവസാന രംഗങ്ങളിലേക്ക് എത്തിച്ചേർന്നു. അങ്ങനെ, നേരം പുലരുമ്പോൾ ‘ചാമര’ത്തിന്റെ കഥയായി.
ഒരു കഥ പറഞ്ഞുതുടങ്ങുമ്പോൾ ഓർമകളുടെ അറകളിൽനിന്ന് പലവിധമനുഷ്യർ അങ്കിളിന്റെ മുന്നിലെത്തുന്നു. ഇങ്ങനെ തന്റെ ജീവിതയാത്രയിൽ ഉടനീളം കണ്ടുമുട്ടിയ മനുഷ്യരെ അങ്കിൾ ജീവിതകാലം മുഴുവനും കൊണ്ടുനടന്നു. ചാമരത്തിലെ നാണംകുണുങ്ങിയായ കൊച്ചച്ചൻ മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ തന്റെ കൂട്ടുകാരിൽ ഒരാളായിരുന്നു. കഥ എഴുതിത്തീരുമ്പോൾ അങ്കിളിന്റെമനസ്സിലേക്ക് അനുരൂപരായ നടന്മാരും നടിമാരും കടന്നുവരും. യാത്രയിലെ മമ്മൂട്ടിയുടെ കഥാപാത്രം, ചമയത്തിൽ എസ്തപ്പനാശാനെ അവതരിപ്പിച്ച മുരളി, വിടപറയുംമുമ്പേയിലെ വേണു, ഓർമയ്ക്കായിലെ ഭരത്‌ഗോപി എന്നിങ്ങനെ കഥാപാത്രവും നടനും തമ്മിലൊരു പാരസ്പര്യം ജനിക്കുന്നു. അതു സംവിധായകരുമായി പങ്കുവെക്കുന്നു.
സൗഹൃദം, യാത്ര, ഭക്ഷണം
ഒരിക്കലും അങ്കിൾ തിരക്കഥാകാരൻ മാത്രമായിരുന്നില്ല, സിനിമയുടെതന്നെ ഭാഗമായിരുന്നു. സംവിധായകനുമായൊരു ‘ചേർച്ച’ അദ്ദേഹത്തിന് നിർബന്ധമായിരുന്നു. കെ. മധു (രണ്ടാംവരവ്), ഐ.വി. ശശി (അതിരാത്രം), ജേസി (ഈറൻസന്ധ്യ) സിബി മലയിൽ (അക്ഷരം), കമൽ (ഉണ്ണികളേ ഒരു കഥപറയാം), പി.ജി. വിശ്വംഭരൻ (സാഗരം ശാന്തം) എന്നിങ്ങനെ വ്യത്യസ്തമായ സിനിമകളുടെ തിരക്കഥകൾ രചിക്കുമ്പോൾ നാം കാണുന്നത് ഈ സമീപനമാണ്. എന്നാൽ, അങ്കിളിനു പ്രിയം ഒന്നിച്ചിരുന്ന് കഥമെനഞ്ഞെടുക്കുന്ന സൗഹൃദംമുറ്റിയ കൂട്ടുകെട്ടുകളായിരുന്നു. നല്ല സൗഹൃദങ്ങളും യാത്രയും നല്ല ഭക്ഷണവും അങ്കിളിന്റെ ലഹരിയായിരുന്നു.
ഏറ്റവുമൊടുവിൽ, കമലിന്റെ പ്രണയമീനുകളുടെ കടലിനുശേഷം, തൃശ്ശൂരിലെ രാമുവും എം.കെ. ഹരിദാസും ചേർന്ന് മദർതെരേസയുടെ ഒരു ബയോപിക്ചറിന്റെ ആലോചനയിൽ മുഴുകിയപ്പോൾ അവരുടെ മുമ്പിൽ സംവിധായകനായി പി. ചന്ദ്രകുമാറിന്റെ പേരാണ് ഉയർന്നുവന്നത്. ജോൺപോൾ അല്ലാതെ മറ്റൊരു തിരക്കഥാകാരനും തെരേസയെക്കുറിച്ച് തിരക്കഥ ചെയ്യാനാവില്ലെന്ന് ചന്ദ്രകുമാർ തീർത്തുപറഞ്ഞു. അവർ തമ്മിൽ കണ്ടുമുട്ടിയ വേളയിൽ അങ്കിൾ എന്നോട് ആവശ്യപ്പെട്ടത് തെരേസയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ആക്ഷേപങ്ങളും വിമർശനങ്ങളും ഉൾക്കൊള്ളുന്ന ഫീച്ചറുകളും പുസ്തകങ്ങളുമാണ്. അത് എത്തിച്ചുകൊടുത്തതിനുശേഷം രാത്രി അങ്കിൾ വിളിച്ചു. ‘‘എം.പീ, ഞാനിതാ ഓപ്പണിങ് സീൻ ഇങ്ങനെ തുടങ്ങുന്നു...’’ ആ സീൻ വിവരിച്ചശേഷം അങ്കിൾ കൂട്ടിച്ചേർക്കുന്നു. ഇതുവേഗം തീർക്കണം. ഞാൻ ജീവിതത്തിന്റെ പ്രവാഹങ്ങൾ താണ്ടിക്കഴിഞ്ഞു.
‘ചമയ’ത്തിലെ എസ്തപ്പനാശാനെപ്പോലെ അങ്കിളും ഒരിക്കൽ പറഞ്ഞു. എന്റെ ജന്മം സഫലമായി. അതേ ടോണിൽ ടി.വി. അഭിമുഖത്തിലും അങ്കിൾ പറഞ്ഞു. ഇനിയും സിനിമകൾ വരും. കഥകളുടെ ഉദ്‌ഭവങ്ങളൊന്നും വരണ്ടുപോവുകയില്ല. എങ്കിലും ആകെയൊരു സംതൃപ്തിയുണ്ട്. ഇത്രയൊക്കെ ചെയ്യാനായില്ലേ...’’
അങ്കിൾ സ്വസ്തി...
Content Highlights: John Paul Passed Away, Scripts of John Paul, John Paul's Relationship with Directors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..