''രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്? ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു, പ്രിൻസ്...രാജകുമാരൻ...രാജാവിന്റെ മകൻ. യെസ് ഐ ആം എ പ്രിൻസ്, അണ്ടർവേൾഡ് പ്രിൻസ്... അധോലോകങ്ങളുടെ രാജകുമാരൻ''. വിൻെസന്റ് ഗോമസിന്റെ ഡയലോഗ് തിയേറ്ററിലെ ഇരുട്ടിൽ മുഴങ്ങുമ്പോൾ രോമാഞ്ചത്തോടെ കൈയടിച്ച ആ കാലം പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല. 'രാജാവിന്റെ മകനി'ലെ വിൻസെന്റ് ഗോമസിലൂടെ മോഹൻലാലിനെയും 'ന്യൂഡൽഹി'യിലെ ജി.കെ.യിലൂടെ മമ്മൂട്ടിയെയുമൊക്കെ മലയാള സിനിമയുടെ രാജാക്കൻമാരാക്കിയ രാജശില്പി. ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് വിടപറയുമ്പോഴും അദ്ദേഹം സൃഷ്ടിച്ച സൂപ്പർ കഥാപാത്രങ്ങളും അവരുടെ തട്ടുതകർപ്പൻ ഡയലോഗുകളുമൊക്കെ മായാതെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയുണ്ടാകും.

'ഈറൻ സന്ധ്യ' എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് ഡെന്നീസ് ജോസഫ് മലയാള സിനിമയിൽ അവതരിക്കുന്നത്. അതിനു പിന്നാലെ മലയാള സിനിമയുടെ ജാതകംതന്നെ തിരുത്തിയ നിരവധി സിനിമകൾ വരവായി.

മമ്മൂട്ടിയെ നായകനാക്കി എഴുതിയ 'നിറക്കൂട്ടും' 'ന്യൂഡൽഹി'യും 'നായർസാബും' 'സംഘ'വും 'കോട്ടയം കുഞ്ഞച്ചനു'മൊക്കെ പ്രേക്ഷകർ എങ്ങനെയാണ് ഏറ്റെടുത്തതെന്നത് ചരിത്രമാണ്. മോഹൻലാലിനെ നായകനാക്കി എഴുതിയ 'രാജാവിന്റെ മകനും' 'ഭൂമിയിലെ രാജാക്കൻമാരും' 'വഴിയോരക്കാഴ്ചകളും' 'ഇന്ദ്രജാല'വുമൊക്കെ അതേ വഴിയിൽ തന്നെയായിരുന്നു സഞ്ചാരം.

ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'നിറക്കൂട്ട്' ഡെന്നീസ് ജോസഫിനെ മലയാള സിനിമയിൽ സൂപ്പർ തിരക്കഥാകൃത്തായി അടയാളപ്പെടുത്തുമ്പോൾ അതൊരു നിയോഗം തന്നെയായിരുന്നു. ജോഷിയെ ആ സിനിമയുടെ തിരക്കഥ വായിച്ചു കേൾപ്പിക്കാൻ പോയ കഥ ഡെന്നീസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സെറ്റിൽ കഥ പറയാൻ കുറേ ദിവസം കാത്തുനിന്ന ഡെന്നീസ് ഒടുവിൽ മടങ്ങാനൊരുങ്ങുമ്പോഴാണ് ജോഷി തിരക്കുകൾക്കിടയിൽ തിരക്കഥ കേൾക്കാൻ വരുന്നത്. അര മണിക്കൂർകൊണ്ട് തിരക്കഥ വായിക്കാൻ വന്ന ജോഷി പക്ഷേ വായിച്ചു തുടങ്ങിയതോടെ വലിയ ആവേശത്തിലായി. ഉച്ചയാകുമ്പോഴേക്കും തിരക്കഥ വായിച്ചുതീർത്ത് ജോഷി പറഞ്ഞ ഡയലോഗ് മലയാള സിനിമയുടെ ചരിത്രം തിരുത്തുന്ന കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു.

''മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്നു ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്കു ചെയ്യാൻ കിട്ടിയ ഏറ്റവും മികച്ച സ്ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു'' - ജോഷിയുടെ ഡയലോഗിനൊടുവിൽ പിറന്ന ആ കൂട്ടുകെട്ടിൽ നിറക്കൂട്ട് ഉൾപ്പെടെ എത്രയോ സൂപ്പർ ചിത്രങ്ങളാണ് മലയാള സിനിമയ്ക്കു ലഭിച്ചത്.

ആകാംക്ഷയും നടുക്കവും അപ്രതീക്ഷിത ട്വിസ്റ്റുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു ഡെന്നീസിന്റെ എഴുത്ത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ 'ന്യൂഡൽഹി'യിലെ ജി. കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ സൃഷ്ടി ഇതിനു പൂർണമായ അടിവരയിടുന്നുണ്ട്. 'ന്യൂഡൽഹി'യിലെ ജി.കെ.യായി മമ്മൂട്ടിക്കും 'രാജാവിന്റെ മകനി'ലെ വിൻെസന്റ് ഗോമസായി മോഹൻലാലിനും പകർന്നാടാൻ സാധിച്ചത് ആ തിരക്കഥയുടെ അതിശക്തി കൊണ്ടുതന്നെയായിരുന്നു. ഡെന്നീസ് സിനിമയ്ക്കു വേണ്ടി പറഞ്ഞ കഥകളിലെല്ലാം അപരിചിതമായ എന്തൊക്കെയോ പുതുമകളുണ്ടായിരുന്നു. സാഹസികതയും ആണത്തവും പോരാട്ടവുമൊക്കെ സമാസമം കഥാപാത്രങ്ങളിലേക്കു സന്നിവേശിപ്പിക്കാൻ ഡെന്നീസിനുള്ള അപാരമായ രചനാ ചാതുരിയായിരുന്നു സൂപ്പർ താരങ്ങളുടെ പിറവിയുടെ അടിസ്ഥാനം.

'നിറക്കൂട്ടി'ലെ രവിവർമയും 'കോട്ടയം കുഞ്ഞച്ചനി'ലെ കുഞ്ഞച്ചനും 'സംഘ'ത്തിലെ കുട്ടപ്പായിയും 'ന്യൂഡൽഹി'യിലെ ജി.കെ.യുമൊക്കെ മമ്മൂട്ടി എന്ന നടനെ അതനുഭവിപ്പിക്കുമ്പോൾ 'രാജാവിന്റെ മകനി'ലെ വിൻെസന്റ് ഗോമസും 'ഇന്ദ്രജാല'ത്തിലെ കണ്ണൻ നായരും 'നമ്പർ ട്വന്റി മദ്രാസ് മെയിലി'ലെ ടോണി കുരിശിങ്കലും 'ഭൂമിയിലെ രാജാക്കൻമാരി'ലെ മഹേന്ദ്ര വർമയുമൊക്കെ മോഹൻലാലിനെയും അതേ വഴിയിലൂടെ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മലയാള സിനിമയ്ക്ക് എന്നും പറയാവുന്ന ഒരു തലക്കെട്ടായി അതവശേഷിക്കും, ഡെന്നീസ് ജോസഫ്... നക്ഷത്രങ്ങളുടെ രാജശില്പി.

Content hilights :script writer and director dennis joseph blockbuster movies and dialouges