വരവേൽപ്പിലെ രംഗം| Photo: Mathrubhumi Archives
പത്തുപതിനഞ്ചു കൊല്ലം മുമ്പ് തൃശ്ശൂരില്‍ഒരു സാംസ്‌കാരികസമ്മേളനത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പ്രസംഗിക്കുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം കണ്ണിമവെട്ടാതെ സദസ്സുമുഴുവന്‍ കണ്ടു; കേട്ടു! ഗൗരവമേറിയ വിഷയമായിരുന്നെങ്കിലും സരസമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പിന്നീടൊരു സ്വകാര്യ സംഭാഷണത്തില്‍ ഞാന്‍ ചോദിച്ചു-''എങ്ങനെയാണ് സദസ്സിനെ മുഴുവന്‍ പിടിച്ചിരുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞത്''? ''പ്രധാനമായും പറയുന്ന വിഷയത്തില്‍ ഫോക്കസ്സുണ്ടാകണം'' - അദ്ദേഹം പറഞ്ഞു. ''സദസ്സിന്റെ മനസ്സറിഞ്ഞുവേണം സംസാരിക്കാന്‍. അതിനെക്കാളൊക്കെ ശ്രദ്ധിക്കേണ്ട കാര്യം കേട്ടിരിക്കുന്നവരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളോ കഥകളോ ഇടയ്ക്കിടയ്ക്ക് പറയണം''.
ആലോചിച്ചപ്പോള്‍ ശരിയാണ്. നല്ല പ്രഭാഷകരെല്ലാം ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ഗൗരവമേറിയ വിഷയങ്ങള്‍ പറയാറുള്ളത്. അതാണ് നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞതും.
സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗങ്ങള്‍ പലതവണ കേട്ടിട്ടുണ്ട്. പ്രസംഗത്തില്‍ ഉടനീളം കുറിക്കുകൊള്ളുന്ന നര്‍മം വിതറിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുക. 'പൂന്താന'ത്തെക്കുറിച്ച് ടൗണ്‍ഹാളില്‍ പണ്ടുനടത്തിയ പ്രഭാഷണം ഓര്‍മവരുന്നു. മനുഷ്യജീവിതത്തില്‍ 'ജ്ഞാനപ്പാന'യുെട പ്രസക്തിയെപ്പറ്റി പറഞ്ഞ് പൂന്താനം എന്ന വ്യക്തിയെ വാക്കുകള്‍കൊണ്ട് അദ്ദേഹം വരച്ചിട്ടത് ഇങ്ങനെയാണ്...
'ആശ്രിതവത്സലനായ ഗുരുവായൂരപ്പന്റെ പരമഭക്തനായ പൂന്താനം! തന്റെ സര്‍വസങ്കടങ്ങളും ആ തിരുനടയില്‍മാത്രം അര്‍പ്പിക്കുന്ന പൂന്താനം. 'മകനില്ലാത്ത' പൂന്താനം.പെട്ടെന്ന് സദസ്സു മുഴുവന്‍ കൈയടിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ മാസംതോറുമുള്ള ഗുരുവായൂര്‍ സന്ദര്‍ശനങ്ങള്‍ വാര്‍ത്തയായിരുന്ന കാലം. അദ്ദേഹത്തിന്റെ മകന്‍ മുരളീധരന്റെ രാഷ്ട്രീയപ്രവേശം വിവാദമായിരുന്ന കാലം. പൂന്താനത്തില്‍നിന്ന് നിമിഷനേരം കൊണ്ടാണ് വാക്കുകളുടെ മുന അതിലേക്ക് നീണ്ടത്.
എന്നാലോ, പറയാന്‍ പാടില്ലാത്ത ഒന്നും അദ്ദേഹം പറഞ്ഞുമില്ല. അതാണ് ഔചിത്യത്തോടെയുള്ള ഹാസ്യപ്രയോഗം. 'സാക്ഷാല്‍ ശ്രീനാരായണഗുരു നേരിട്ടുവന്ന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃസ്ഥാനത്തേക്ക് മത്സരിച്ചാല്‍ വെള്ളാപ്പള്ളി നടേശനോട് തോറ്റുപോകും' എന്ന പ്രസ്താവം വെള്ളാപ്പള്ളിയെപ്പോലും ചിരിപ്പിച്ചിട്ടുണ്ടാകും.
ഇ.കെ. നായനാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഞാനും ശ്രീനിവാസനും ഒഴിവാക്കാറില്ല. ''ദൈവത്തിനെന്തിനാടോ പാറാവ്'' എന്നൊക്കെ ചോദിക്കാന്‍ നായനാര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും? വിമര്‍ശനമേല്‍ക്കുന്നവര്‍ക്കൊന്നും നായനാരോട് വിരോധം തോന്നാത്തത്, അദ്ദേഹത്തിന് കറകളഞ്ഞ നര്‍മബോധമുണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ്.
ചിരിയാണ് രോമാഞ്ചം
സിനിമയിലും ഇതൊക്കെത്തന്നെയാണ് രീതി. 'സന്ദേശം' എന്ന സിനിമയോട് എതിര്‍പ്പുള്ളവര്‍ വളരെ കുറച്ചേയുള്ളൂ. അതിലെ നര്‍മം ആസ്വദിക്കാന്‍ കൂടുതല്‍പ്പേര്‍ക്കും സാധിച്ചതുകൊണ്ടാണ് പുറത്തിറങ്ങി 32 വര്‍ഷങ്ങള്‍ക്കുശേഷവും ആ ചിത്രം ഓര്‍മിക്കപ്പെടുന്നത്.
'വരവേല്പ്' എന്ന സിനിമകൈകാര്യം ചെയ്തത് നീറുന്ന വിഷയമാണ്. സ്വന്തം അനുഭവത്തില്‍നിന്ന് ശ്രീനിവാസന്‍ മെനഞ്ഞെടുത്തതാണ് അതിന്റെ ഇതിവൃത്തം. വാസ്തവത്തില്‍ ഒരു കഥയായിട്ടല്ല ശ്രീനി അതെന്നോട് പറഞ്ഞത്. ഒരു തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അച്ഛന്‍ കഷ്ടപ്പെട്ടും കടംമേടിച്ചും ഒരു ബസ് വാങ്ങിയപ്പോള്‍ പെട്ടെന്ന്, മുതലാളിയായി മുദ്രകുത്തപ്പെട്ടതും അതിന്റെപേരില്‍ തൊഴിലാളികളും യൂണിയന്‍കാരുമൊക്കെച്ചേര്‍ന്ന് അദ്ദേഹത്തെ കുത്തുപാളയെടുപ്പിച്ചതുമായ യഥാര്‍ഥ സംഭവം. കേട്ടപ്പോള്‍ അതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് തോന്നി. പക്ഷേ, അതൊരു ഗൗരവമേറിയ വിഷയമായി അവതരിപ്പിച്ചാല്‍ ശരിയാവില്ല -ശ്രീനിവാസന്‍ പറഞ്ഞു.
''നമുക്കിതിനെ തമാശകൊണ്ടു പൊതിയാം''. പൊതിഞ്ഞു. മോഹന്‍ലാലിന്റെ മുരളിയെ കണ്ട് ജനം പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിലൂടെ ആ സന്ദേശം പ്രേക്ഷകമനസ്സില്‍ പതിയുകയും ചെയ്തു.
.jpg?$p=9bf13c1&&q=0.8)
തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരുടെ ഗതികേടിന്റെ കഥയായിരുന്നു 'നടോടിക്കാറ്റ്'. സ്വന്തം കാമുകി താമസിക്കുന്ന കോളനിയില്‍ ഒരു ഗൂര്‍ഖയായി വേഷമിടേണ്ടിവന്ന ചെറുപ്പക്കാരന്റെ ധര്‍മസങ്കടമാണ് 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്'. കടംകൊണ്ട് നില്‍ക്കക്കള്ളിയില്ലാതെ വലയുന്ന ഒരു പാവം ഹൗസ് ഓണറുടെ കഥയാണ് 'സന്മസ്സുള്ളവര്‍ക്ക് സമാധാനം'. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യും 'ഞാന്‍ പ്രകാശനും' ഉള്‍പ്പെടെ എന്റെ പല സിനിമകളും പറയുന്നത് ഗൗരവമുള്ള വിഷയങ്ങളാണ്. ഹാസ്യത്തിന്റെ പരിവേഷം നല്‍കി അവതരിപ്പിച്ചതുകൊണ്ടാണ് കാണികള്‍ക്ക് അതൊക്കെ ഇഷ്ടമായത്.
വേദനയുടെ അടിയൊഴുക്കുണ്ടാകുമ്പോഴാണ് ചിരി കൂടുതല്‍ ഓര്‍മിക്കപ്പെടുന്നത് എന്നു തോന്നിയിട്ടുണ്ട്. 'നാടോടിക്കാറ്റി'ല്‍ മോഹന്‍ലാല്‍ ശോഭനയുടെ വീട്ടിലേക്ക് മണ്ണെണ്ണ വങ്ങാന്‍ വരുന്ന സീന്‍ ഓര്‍ത്തുനോക്കൂ. ദാരിദ്ര്യത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടാണ് അയാള്‍ മണ്ണെണ്ണയും അരിയുമൊക്കെ കടം ചോദിക്കുന്നത്. ആ രംഗത്തിലെ സംഭാഷണങ്ങളും മോഹന്‍ലാലിന്റെ ഭാവങ്ങളുമൊക്കെ കണ്ട് നമ്മള്‍ പൊട്ടിച്ചിരിക്കുന്നു.
അതിന്റെയുള്ളില്‍ ഇല്ലായ്മയുടെ സങ്കടമുണ്ട്. ശോഭനയ്ക്ക് ലാലിനോട് അനുഭാവം തോന്നാന്‍ അതും ഒരു കാരണമാകുന്നു.
അല്പം പിന്നോട്ട് സഞ്ചരിച്ചുനോക്കാം. സിനിമയും നാടകവുമൊക്കെ ഉണ്ടായ കാലംമുതല്‍ ആ കലാരൂപങ്ങള്‍ നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. ചാര്‍ളി ചാപ്ലിന്‍തന്നെ ഏറ്റവും വലിയ ഉദാഹരണം. മലയാളത്തില്‍ എന്‍.എന്‍. പിള്ളയുടെ നാടകങ്ങള്‍ ഒരു തലമുറയുടെ ആവേശമായിരുന്നു. മൂര്‍ച്ചയേറിയ ഹാസ്യംകൊണ്ടാണ് അവ ശ്രദ്ധിക്കപ്പെട്ടത്. മുതുകുളം രാഘവന്‍ പിള്ളയും എസ്.പി. പിള്ളയുമൊക്കെ വ്യത്യസ്ത ഹാസ്യപ്രകടനങ്ങളുമായി വന്നു. അടൂര്‍ഭാസിയാകട്ടെ, ഭാവംകൊണ്ടും ശബ്ദംകൊണ്ടും ശരീരംകൊണ്ടും നമ്മെ ചിരിപ്പിച്ചു. ബഹദൂറിന്റേത് വേറൊരു ശൈലിയായിരുന്നു. ആ നിഷ്‌കളങ്കഭാവങ്ങള്‍ ഇപ്പോഴും കൗതുകമുണര്‍ത്തുന്നു. അന്ന് പക്ഷേ, ഹാസ്യരംഗങ്ങള്‍ക്ക് പ്രധാന കഥയുമായി വലിയബന്ധമൊന്നും വേണ്ട. ചില പ്രശസ്ത എഴുത്തുകാര്‍ പോലും തിരക്കഥയില്‍ 'ഇവിടെയൊരു കോമഡി സീന്‍ ആകാം' എന്ന് എഴുതിവെക്കാറുണ്ടത്രേ. പിന്നീട് അടൂര്‍ഭാസിയും ബഹദൂറുമൊക്കെ ചേര്‍ന്ന് കോമഡിരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക.
അതുകൊണ്ടാണ് അന്നത്തെ ചില സിനിമകളില്‍ കോമഡിക്കുവേണ്ടിമാത്രം പോലീസുകാരും ചായപ്പീടികക്കാരുമൊക്കെ ഉണ്ടായത്. മിക്ക പോലീസുകാര്‍ക്കും 'കുട്ടന്‍പിള്ള' എന്നായിരിക്കും പേര്. 'കുട്ടന്‍ പിള്ളേ' 'ഉത്തരവ്' എന്നതൊക്കെ സ്ഥിരം ഡയലോഗ് ആയിരുന്നു. പിന്നെ ചരിത്രം മാറി. പ്രേംനസീറും മോഹന്‍ലാലുംമുതല്‍ ഫഹദ് ഫാസില്‍വരെയുള്ള നായകര്‍ നമ്മളെ ചിരിപ്പിച്ചുതുടങ്ങി.
ഹാസ്യം ഒരിക്കലും കാലഹരണപ്പെടില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. കുഞ്ചന്‍ നമ്പ്യാരെയും സഞ്ജയനെയും പുതിയ തലമുറ വായിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അവരെ അറിയാവുന്നവര്‍ക്ക് ഉറവ വറ്റാത്ത ഹാസ്യത്തിന്റെ അടിത്തറ ഏതെന്ന് മനസ്സിലാകും.
വി.കെ.എന്‍. സാഹിത്യം മറ്റൊരു മാജിക്കാണ്. സിനിമാജോലികളില്‍പ്പെട്ട് മനസ്സ് അസ്വസ്ഥമാവുകയോ വഴിമുട്ടിനില്‍ക്കുകയോ ചെയ്യുമ്പോള്‍ ഞാന്‍ വി.കെ.എന്നില്‍ അഭയംപ്രാപിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കഥകള്‍ വായിച്ചാല്‍ മനസ്സ് ഉണരും. പലതവണ വായിച്ചതാണെങ്കിലും പുതുമയോടെ ഒരു വാക്കോ വാചകമോ നമ്മള്‍ കണ്ടെത്തും.
വി.കെ.എന്നിന്റെ 'പ്രേമവും വിവാഹവും' എന്ന ചെറുകഥ 'അപ്പുണ്ണി' എന്നപേരില്‍ സിനിമയാക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അക്കാലത്ത് ആ കഥ ഞാന്‍ ഒരുപാടുതവണ വായിച്ചിരുന്നു. കുറച്ചുവര്‍ഷംമുമ്പ് വീണ്ടും ആ കഥയൊന്ന് വായിച്ചുനോക്കി. പണ്ട് വായിച്ചതിനെക്കാള്‍ തെളിച്ചത്തോടെ ഒരു വാചകം കണ്ണില്‍പ്പെട്ടു. മുഹൂര്‍ത്തനേരത്ത് മകളുടെ വരനെ കാണാതെ നാടുമുഴുവന്‍ അലഞ്ഞുനടന്ന് ക്ഷീണിച്ച് അയ്യപ്പന്‍ നായര്‍ പന്തലിലേക്കെത്തുമ്പോള്‍ -'പകര്‍ത്തിയെഴുതാത്ത ഒരു പതിനാലുവരി കവിതപോലെ' അമ്മു പുറത്തുവന്നു എന്നാണ് വി.കെ.എന്‍. എഴുതിയിരിക്കുന്നത്. ഒരൊറ്റ വരിയില്‍ ആ പെണ്‍കുട്ടിയുടെ ഒരു സമ്പൂര്‍ണചിത്രം നമുക്ക് കാണാം.
'പകര്‍ത്തിയെഴുതാത്ത പതിനാലുവരി കവിത' കരഞ്ഞുകലങ്ങി കണ്‍മഷി പടര്‍ന്ന കണ്ണുകളും അഴിഞ്ഞുലഞ്ഞ തലമുടിയും കണ്ണീരൊഴുകിയ കവിളുകളും -ശരിക്കും വെട്ടും തിരുത്തും മഷിപടര്‍ന്ന അക്ഷരങ്ങളുമായി പകര്‍ത്തിയെഴുതാത്ത കവിതതന്നെ.
വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രീതി മറ്റൊന്നായിരുന്നു. ഉപമകള്‍കൊണ്ടാണ് അദ്ദേഹം നമ്മളെ ചിരിപ്പിച്ചിരുന്നത്. ബഷീറിന്റേത് മറ്റൊരു മാന്ത്രികലോകമാണ്. ബഷീര്‍ നമ്മെ കണ്ണീരിലൂടെ ചിരിക്കാന്‍ പഠിപ്പിച്ചു. നാളത്തെ ഹാസ്യത്തിനെപ്പറ്റി ഒരു വേവലാതിയും വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങള്‍ക്കൊന്നും വലിയ മാറ്റമുണ്ടാകാറില്ല. രീതികളും മാധ്യമങ്ങളും മാറിയിട്ടുണ്ടാകാം. പ്രണയവും വിരഹവും വൈരാഗ്യവും ത്യാഗവുമൊക്കെ പഴയപോലെത്തന്നെ നിലനില്‍ക്കുന്നുണ്ട്.
ഹാസ്യം മരുന്നാണ്. പ്രതിസന്ധികളെ ലാഘവത്തോടെ നേരിടാന്‍ കഴിയുന്ന മരുന്ന്. ഞാന്‍ സിനിമകളില്‍ വന്ന കാലത്ത് സ്ഥിരമായി കേള്‍ക്കാറുള്ള കമന്റാണ്-
'തിയേറ്ററില്‍ ചിരി ഉയര്‍ന്നാല്‍ പടം ഹിറ്റ്' ഇന്നും ആ അഭിപ്രായത്തിന് മാറ്റമില്ല. അടുത്തകാലത്ത് വലിയ വിജയം നേടിയ സിനിമകള്‍ പരിശോധിച്ചാല്‍ അത് ബോധ്യമാകും. 'ന്നാ താന്‍ കേസ് കൊട്', 'ജയജയ ജയഹേ' തുടങ്ങി ഇപ്പോള്‍ തകര്‍ത്തോടുന്ന 'രോമാഞ്ചം' വരെയുള്ള സിനിമകള്‍ താരബാഹുല്യംകൊണ്ടല്ല ശ്രദ്ധിക്കപ്പെട്ടത്. നാളെ കൂടുതല്‍ അര്‍ഥമുള്ള ചിരികള്‍ ഉണ്ടാകട്ടെ. സിനിമയിലും സാഹിത്യത്തിലും ഒരു പരിധിവരെ രാഷ്ട്രീയത്തിലും. എല്ലാക്കാലത്തും ചിരി തന്നെയായിരുന്നു സിനിമയിലെ താരം. ബഹദൂര്‍ മുതല്‍ പുതിയ തലമുറയിലെ രാജേഷ് മാധവന്‍ വരെ തിയേറ്ററില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. ഡയലോഗുകളില്‍ മാറ്റം വന്നെങ്കിലും ചിരി ഹീറോയായി സിനിമയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.
തിയേറ്ററില്‍ പൊട്ടിച്ചിരി ഉയര്‍ന്ന ചില ഡയലോഗുകളിതാ...
.jpg?$p=2d5da5b&&q=0.8)
ചിരിപ്പിക്കുക എന്ന വെല്ലുവിളി ചിരിച്ചുകൊണ്ടുതന്നെ ഏറ്റെടുക്കാനേ പറ്റൂ. നമ്മുടെ ചുറ്റുപാടിനും കാഴ്ചപ്പാടിനുമനുസരിച്ച് സിനിമയും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ചിരിപ്പിക്കാനുള്ള സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും നാട്ടില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നാളെയും ഉണ്ടാകും. അത് വേറൊരുതരത്തിലായിരിക്കാം. പൊളിറ്റിക്കലി കറക്ടായ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഓഡിയന്‍സുണ്ട്, അതില്‍ താത്പര്യമില്ലാത്തവരുമുണ്ട്. അതിന്റെ അളവ് ഏറുന്നതും കുറയുന്നതുമനുസരിച്ച് അതത് കാലത്തിറങ്ങുന്ന സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ സാന്നിധ്യം മാറും. സിനിമയുടെ വിഷയത്തിനനുസരിച്ച് തമാശയുള്ള സിനിമകള്‍ക്ക് എപ്പോഴും ആസ്വാദകരുണ്ടാകും എന്നാണ് പ്രതീക്ഷ.
-രതീഷ് ബാലകൃഷ്ണ പൊതുവാള്‍,
സംവിധായകന്‍
തിയേറ്ററില്‍ ചിരി ഉയര്‍ന്നാല്‍ പടം ഹിറ്റ്' എന്ന അഭിപ്രായത്തിന് ഇന്നും മാറ്റമില്ല. അടുത്തകാലത്ത് വലിയ വിജയം നേടിയ സിനിമകള്‍ അതിനുദാഹരണമാണ്
Content Highlights: sathyan anthikkad, history of Malayalam cinema Humor, political satire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..