മഴക്കാലത്ത് അന്തിക്കാട് കോള്‍പ്പാടങ്ങളില്‍ വെള്ളം നിറയും. കടവത്തുനിന്ന് നോക്കിയാല്‍ നോക്കെത്താദൂരത്തോളം വെള്ളം മാത്രം. അതിനപ്പുറത്തെ കരയാണ് പുള്ള് എന്ന ഗ്രാമം. സ്‌കൂള്‍ക്കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ മഴക്കാലമാകാന്‍ കാത്തിരിക്കും. എന്റെ വീട്ടില്‍നിന്ന് നിര്‍ത്താതെ ഒരോട്ടമോടിയാല്‍ കോള്‍പ്പടവുകളാരംഭിക്കുന്ന കടവിലെത്തും. മണ്ണുമ്മല്‍ ചന്ദ്രന്‍, മാമ്പുള്ളി ശശി, ഒല്ലേക്കാട്ടെ സഹദേവന്‍ എന്നിങ്ങനെ കുറെ കൂട്ടുകാരുണ്ട്. കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടികള്‍ കടവില്‍ക്കിടക്കുന്ന വഞ്ചിയെടുത്ത് തുഴയാന്‍ തുടങ്ങും. ബാക്കിയുള്ളവര്‍ 'ഐലസ' പാടി പ്രോത്സാഹിപ്പിക്കും.
വഞ്ചികുത്താന്‍ നല്ല പരിചയം വേണം, ഇടയ്ക്ക് ഞാനും ശ്രമിച്ചുനോക്കിയിട്ടുണ്ട്. നീളമുള്ള ഒരു മുളയാണ് കഴുക്കോല്‍. അമരത്തുനിന്ന് ഇടതുവശം കുത്തിയാല്‍ വലത്തോട്ടും വലതുഭാഗത്ത് കുത്തിയാല്‍ ഇടത്തോട്ടും തിരിഞ്ഞ് വട്ടംകറങ്ങുകയല്ലാതെ വഞ്ചി മുന്നോട്ടുപോകില്ല. അറിയാവുന്നവര്‍ക്ക് ആ ജോലി വിട്ടുകൊടുത്താലാണ് വഞ്ചിയാത്ര ആസ്വദിക്കാനാവുക. വേനല്‍ക്കാലത്തെ കൃഷിക്കുള്ള വെള്ളം സംഭരിക്കാന്‍ പുഴപോലെ വീതിയുള്ള നീര്‍ച്ചാലുകളുണ്ട്. അതിന്റെ ഇരുവശത്തും ഉയര്‍ത്തിക്കെട്ടിയ വീതിയുള്ള വരമ്പില്‍ തട്ടാതെവേണം വള്ളം കൊണ്ടുപോകാന്‍. കടലുപോലെ കിടക്കുന്ന പാടശേഖരത്തിലൂടെ വഞ്ചികുത്തി കളിച്ചു ക്ഷീണിക്കുമ്പോള്‍ കാഞ്ഞാണി - തൃശ്ശൂര്‍ റോഡിലുള്ള പെരുമ്പുഴ പാലത്തിനടുത്തേക്ക് ഒതുക്കിനിര്‍ത്തും.
അവിടെ വഴിവാണിഭക്കാര്‍ സര്‍ബത്തും താമരച്ചക്കയും വില്‍ക്കാനിരിക്കുന്നുണ്ടാകും. പോക്കറ്റിലുള്ള ചില്ലറകള്‍ പെറുക്കിയെടുത്ത് എല്ലാവരുംചേര്‍ന്ന് ചക്കപ്പഴവും സര്‍ബത്തും കഴിക്കും. പിന്നെ വഞ്ചിവിടുന്നത് പുള്ളിലേക്കാണ്. ദേവീക്ഷേത്രവും അതിന്റെ തൊട്ടടുത്തുള്ള പുള്ള് വാരിയവും അന്നുമുണ്ട്. അവിടത്തെ മാധവവാരിയര്‍ എന്ന യുവാവ് ഗിരിജ വാരിയര്‍ എന്ന യുവ എഴുത്തുകാരിയെ അന്ന് താലികെട്ടിക്കൊണ്ടുവന്നിട്ടില്ല. പിന്നെയും കുറെക്കാലം കഴിഞ്ഞിട്ടാകണം ഗിരിജ വാരിയര്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അവരെഴുതിയ 'ചെമന്ന നൂലിഴ' കോളേജ് കഥാ വിഭാഗത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ദുഃഖിതയുടെ മുഖം' എന്ന കഥയും ആഴ്ചപ്പതിപ്പില്‍ത്തന്നെയാണ് വന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങളോടെ മാതൃഭൂമിയില്‍ വന്ന ആ കഥകളൊന്നും ഞാന്‍ അന്ന് കണ്ടിട്ടില്ല.
അടുത്തകാലത്താണ് പഴയ വാരികകള്‍ പരിശോധിച്ചപ്പോള്‍ അത് കണ്ണില്‍പ്പെട്ടത്. ഗിരിജ വാരിയര്‍ പുള്ള് വാരിയത്തേക്കെത്തുമെന്നും അവര്‍ക്ക് മഞ്ജു എന്ന ഒരു സുന്ദരിക്കുട്ടി പിറക്കുമെന്നുമറിയാതെ ഞങ്ങള്‍ വീണ്ടും അന്തിക്കാട് കടവിലേക്ക് വഞ്ചിതുഴയും. വേനലും മഴയും പലതവണ മാറിമാറിവന്നു. ഞങ്ങള്‍ കൂട്ടുകാര്‍ പലവഴിക്കായി. ശശി ദുബായില്‍ പോയി, സഹദേവന്‍ പോര്‍ബന്തറില്‍ സ്ഥിരതാമസക്കാരനായി, ചന്ദ്രന്‍ ചെത്തുകാരനും കര്‍ഷകനുമായി, ഞാന്‍ സിനിമയുടെ വഴിയിലും. 'സല്ലാപം' എന്ന സിനിമയുടെ സെറ്റില്‍വെച്ച് കണ്ടപ്പോഴാണ് മാധവവാരിയര്‍ പറഞ്ഞു: ''ഞങ്ങള്‍ സത്യന്റെ അടുത്ത ദേശക്കാരാണ്. ജോലിസംബന്ധമായി നാഗര്‍കോവിലിലും കണ്ണൂരുമൊക്കെയായിരുന്നെങ്കിലും ഇപ്പോള്‍ തിരിച്ചു പുള്ളിലെത്തി.'' പെട്ടെന്ന് ഒരു പ്രാദേശികസ്‌നേഹം എന്നിലുണര്‍ന്നു.

മഞ്ജുവിനെ ആദ്യം കണ്ടപ്പോള്‍ത്തന്നെ എന്റെ നാട്ടുകാരി എന്ന തോന്നലുണ്ടായതങ്ങനെയാണ്. ലോഹിതദാസ് ക്ഷണിച്ചിട്ടാണ് ഞാനന്ന് 'സല്ലാപ'ത്തിന്റെ ലൊക്കേഷനിലെത്തിയത്. ഒന്നു തലകാണിച്ച് പോരണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലോഹി പറഞ്ഞു: ''അവളൊരു മിടുക്കിക്കുട്ടിയാണ്. എന്തു നാച്ചുറലായാണഭിനയിക്കുന്നത്... ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതി.''
ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പകര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു.
മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ 'തൂവല്‍ക്കൊട്ടാര'മായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. 'പാര്‍വതി മനോഹരി' എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട് ആ ചിത്രത്തില്‍. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്‍ഭം. മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയില്‍നിന്ന് സ്വര്‍ണമെഡല്‍ നേടിയ നര്‍ത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫര്‍. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോള്‍ കലാമാസ്റ്റര്‍ പറഞ്ഞു: ''ഒരു ചെറിയ പ്രശ്‌നമുണ്ട് സര്‍.'' ''എന്താണ്'' -ഞാന്‍ ചോദിച്ചു. സുകന്യയുടെമുന്നില്‍ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയില്‍ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം! എത്ര ദൈര്‍ഘ്യമേറിയ ചുവടുകള്‍ കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു. ഒടുവില്‍ ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞു: ''ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ.'' ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി അങ്ങനെ ചെയ്തു.
അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവല്‍ക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു: ''ഈ സിനിമയില്‍ സ്വന്തം ശബ്ദം മതി.'' ''അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്,'' എന്നായി മഞ്ജു. നിര്‍ബന്ധപൂര്‍വം ആദ്യത്തെ ഒന്നുരണ്ടു റീലുകള്‍ ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോള്‍ കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ''ബോറാണ്... അങ്കിള്‍ ശ്രീജച്ചേച്ചിയെ വിളിച്ചോളൂ.'' ''സാരമില്ല, നമുക്ക് നോക്കാം.'' തുടര്‍ച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു. പകുതിയായപ്പോഴേക്കും ആത്മവിശ്വാസമായി. അവസാനരംഗമായപ്പോഴേക്കും ശബ്ദനിയന്ത്രണത്തിലൂടെ സീനിന് കൂടുതല്‍ ജീവന്‍ പകരാന്‍ മഞ്ജു സ്വയം പഠിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്നു റീലുകള്‍ വീണ്ടും ചെയ്തുനോക്കാമെന്ന് ഞാന്‍ പറഞ്ഞു, മഞ്ജു അത് അതിമനോഹരമായി ചെയ്തു. ഇന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവും.

അക്കാലത്ത് നാട്ടിലുള്ളപ്പോള്‍ വേറൊരു രീതിയിലും മഞ്ജു എന്നെ ഞെട്ടിക്കാറുണ്ടായിരുന്നു. ഒരുദിവസം അതിരാവിലേ ഫോണില്‍ വിളിച്ചു:
''അങ്കിളിന്റെ വീട്ടില്‍, ഗേറ്റിനടുത്ത് മൂന്ന് ചെറിയ സൈക്കിളും കാറിന്റെ വലതുഭാഗത്ത് ഒരു വലിയ സൈക്കിളും ഇരിപ്പുണ്ടോ?'' ''ഉണ്ട്'' -ഞാന്‍ പറഞ്ഞു. എന്റെ മൂന്ന് മക്കളും സൈക്കിളിലാണ് സ്‌കൂളില്‍ പോകുന്നത്. വലിയ സൈക്കിള്‍ എന്റെതും. ''എങ്ങനെ മനസ്സിലായി?'' ''അതൊക്കെ മനസ്സിലായി.'' എങ്ങനെയെന്നു പറഞ്ഞില്ല. അടുത്തദിവസം രാവിലെ വീണ്ടും മഞ്ജുവിന്റെ ഫോണ്‍ കോള്‍: ''ആ കിഴക്കേ മതിലിനടുത്ത കിണറിനോടു ചേര്‍ന്നുനില്‍ക്കുന്ന വാഴയില്ലേ... അതിന്റെ കുല നന്നായി മൂത്തു, വവ്വാലുകള്‍ നോട്ടമിട്ടിട്ടുണ്ട്.'' ഞാന്‍ ചെന്നു നോക്കിയപ്പോള്‍ സത്യമാണ്, കായ പഴുത്തുതുടങ്ങിയിരിക്കുന്നു. ഒന്നുരണ്ടെണ്ണം വവ്വാലുകള്‍ കൊണ്ടുപോയിക്കഴിഞ്ഞു. എന്നാലും ഇതെങ്ങനെ മഞ്ജു അറിയുന്നു! വീടിന്റെ മുകളിലെ വരാന്തയിലിരുന്നാണ് ഞാന്‍ വായിക്കാറുള്ളത്. രാത്രി 11 മണി കഴിഞ്ഞിട്ടേ കിടക്കാറുള്ളൂ. ഒരാളും വീട്ടിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ''സത്യം പറ... മഞ്ജുവിനോടാരാണ് ഇതൊക്കെ പറഞ്ഞുതരുന്നത്?'' ''ആരും പറഞ്ഞുതരുന്നതല്ല, എനിക്ക് ജ്ഞാനദൃഷ്ടിയുണ്ടെന്ന് മനസ്സിലാക്കിക്കോളൂ!'' അന്നുതന്നെ ഞാന്‍ ആ വാഴക്കുല വെട്ടി. പിറ്റേന്നു രാവിലെ പതിവുപോലെ മഞ്ജുവിന്റെ വിളി: ''വാഴക്കുല വെട്ടിയല്ലേ... നന്നായി.'' ഇത്തവണ ഞാന്‍ അല്പം സീരിയസായി. അത് മനസ്സിലായപ്പോഴാണ് മഞ്ജു സത്യം പറഞ്ഞത്.

മഞ്ജു ഡ്രൈവിങ് പഠിക്കുന്ന കാലമായിരുന്നു. രാത്രി 12 മണിയോടടുപ്പിച്ചാണ് കാര്‍ പുറത്തേക്കെടുക്കുന്നത്. ആനേരത്ത് റോഡില്‍ തിരക്കുണ്ടാവില്ലല്ലോ. അച്ഛനോ ചേട്ടനോ അടുത്ത കൂട്ടുകാരോ ഒക്കെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത്. പുള്ള് കഴിഞ്ഞ് ചാഴൂര്‍ പെരിങ്ങോട്ടുകരവഴി അന്തിക്കാട്ടെത്തുമ്പോള്‍ മഞ്ജു പറയുമത്രേ, സത്യനങ്കിളിന്റെ വീടിന്റെ മുന്നിലൂടെ പോയിവരാമെന്ന്. പാതിരാത്രി എന്റെ വീടിനുമുന്നിലൂടെയുള്ള ഡ്രൈവിങ് പഠനത്തിനിടയിലാണ് പിറ്റേന്നെന്നെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടുവെക്കുന്നത്.
വലിയൊരിടവേളയ്ക്കുശേഷം മഞ്ജുവിന്റെ രണ്ടാം വരവിലെ രണ്ടാമത്തെ പടവും എന്റേതുതന്നെയായിരുന്നു, 'എന്നും എപ്പോഴും'. അതിലും മഞ്ജുവിന്റെ ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട്. കലാമാസ്റ്ററുടെ സഹോദരി വൃന്ദയായിരുന്നു നൃത്തസംവിധായക. ഓരോ ഷോട്ട് കഴിയുമ്പോഴും വൃന്ദമാസ്റ്റര്‍ വന്ന് പറയും: ''എന്തൊരു ടാലന്റാണീ ഈ കുട്ടിക്ക്!'' ''ടാലന്റ് മാത്രമല്ല, ധൈര്യവും കുറുമ്പും,'' എന്ന് ഞാന്‍ തിരുത്തും.

ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനുമുമ്പുള്ള ദിവസം ഗേറ്റുകടന്ന്, വലിയൊരു കാര്‍ വരുന്നു, പുതിയ റേഞ്ച് റോവര്‍. ഇതാരപ്പാ എന്ന് സംശയിച്ചുനിന്ന എന്റെ മുന്നില്‍, കാര്‍ സഡന്‍ ബ്രേക്കിട്ടു. ഡ്രൈവിങ് സീറ്റില്‍നിന്ന് ചിരിച്ചുകൊണ്ടിറങ്ങിവരുന്നു മഞ്ജു വാരിയര്‍: ''പുതിയൊരു വണ്ടി വാങ്ങിയപ്പോള്‍ അങ്കിളിനെ കാണിക്കാമെന്നുവെച്ചു, ഒരു സര്‍പ്രൈസ്...'' ''ഇത്തരം കാറൊക്കെ ഓടിച്ചുതുടങ്ങിയോ!'' അഭിമാനത്തോടെയുള്ള മറുപടി: ''പിന്നേ...'' അതിശയിക്കാനില്ല, 'ദയ'യുടെ ഷൂട്ടിങ് സമയത്ത് അധികമാര്‍ക്കും മെരുങ്ങാത്ത കുതിരപ്പുറത്തുകയറി സുഖമായി ഓടിച്ചുവന്ന പാര്‍ട്ടിയാണ്, കുതിരസവാരി ഒരു മുന്‍പരിചയവുമില്ലാതെതന്നെ. മലയാളസിനിമ ഇനിയും കാത്തിരിക്കുകയാണ്, മഞ്ജുവിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാണാന്‍.
(സ്റ്റാർ ആന്‍ഡ് സ്റ്റൈല്‍ 2020 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights : Sathyan Anthikkad About Manju Warrier Thoovalkottaram, Irattakuttikalude Achan, Ennum Eppozhum Movies