ആ കടം ഒരിക്കലും വീടരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു, ഇനിയത് അങ്ങനെത്തന്നെ അവശേഷിക്കും,അനുഗ്രഹമായിട്ട് !


സത്യൻ അന്തിക്കാട്

എപ്പോഴും താഴേക്കു മാത്രം നോക്കിനടന്ന മനുഷ്യനാണ് സേതുമാധവൻ സാർ. അതുകൊണ്ടാണ് ഞങ്ങളെയൊക്കെ കാണാനും ഞങ്ങളുടെ ആത്മവിശ്വാസത്തെ ഉണർത്താനും അദ്ദേഹത്തിന് കഴിഞ്ഞത്

കെ.എസ്‌.​ സേതുമാധവൻ, ജോൺപോൾ, രാമചന്ദ്രൻ, സത്യൻ അന്തിക്കാട്‌, നടൻ നൂഹു |ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

നമുക്കിടയിലൂടെ നിലാവ് പോലെ നടന്നു പോയൊരാൾ

വി.ജെ. ജെയിംസിന്റെ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചദിവസം പെട്ടെന്നെനിക്ക് സേതുമാധവൻ സാറിനെയൊന്ന് വിളിക്കണമെന്നു തോന്നി. വല്ലപ്പോഴും ആ ശബ്ദം ഫോണിലൂടെ കേൾക്കുന്നത് ഒരു ഊർജമാണ്. മദിരാശിയിൽ ആഴ്ചപ്പതിപ്പ് കിട്ടിയിരിക്കില്ലെന്നും സേതുമാധവൻ സാർ ആ കഥ കാണാനിടയില്ലെന്നും എനിക്കറിയാമായിരുന്നു.
രണ്ടാമത്തെ ബെല്ലിന് ഫോണെടുത്തു:
''സാറ് തിരക്കിലൊന്നുമല്ലല്ലോ?'' ഞാൻ ചോദിച്ചു:
''ഞാൻ ടിപ്പുസുൽത്താനെ വായിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുദിവസമായി തുടങ്ങിയിട്ട്. നമ്മളൊന്നും മനസ്സിലാക്കിയപോലെയല്ല അയാള്.''
എനിക്കതിശയം തോന്നി. ടിപ്പു സുൽത്താനെപ്പറ്റി കേട്ടിട്ടല്ല. വയസ്സ് തൊണ്ണൂറ് കഴിഞ്ഞിട്ടും വായനയിൽ ഹരം പിടിച്ചിരിക്കുന്ന ഒരാൾ. ക്യാമറാമാൻ വേണു പറയാറുണ്ട് 'മരണത്തെ നമ്മൾ പേടിക്കേണ്ടതില്ല. സമയമാകുമ്പോൾ അതങ്ങ് സംഭവിച്ചോളും. പേടിക്കേണ്ടത് വാർധക്യത്തെയാണ്' എന്ന്.

സേതുമാധവൻ സാറിനെപ്പോലെ വായിക്കാനുള്ള മനസ്സും കുറെ പുസ്തകങ്ങളും ഉണ്ടെങ്കിൽ വാർധക്യത്തെ മറികടക്കാമെന്ന് എനിക്കും തോന്നി. ഞാൻ കഥയെപ്പറ്റി പറഞ്ഞു. സേതുമാധവൻ സാറിന്റെ സിനിമയായിരുന്നു ആ കഥയുടെ പശ്ചാത്തലം.''ആളുകളൊക്കെ ഇപ്പോഴും അതോർക്കുന്നുണ്ടോ?''

സ്വന്തം സൃഷ്ടികളിൽ അഭിരമിക്കാത്ത ഒരാളുടെ വാക്കുകളായിരുന്നു അത്. രണ്ടുമൂന്നുവർഷംമുമ്പ് തൃശ്ശൂരിൽ നടന്ന ഒരു അവാർഡ്ദാനച്ചടങ്ങിന് ഞാനും സാക്ഷിയായിരുന്നു. അന്ന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സേതുസാറിനായിരുന്നു. കെ.എസ്. സേതുമാധവൻ എന്ന പേര് അനൗൺസ് ചെയ്തപ്പോൾ അദ്ദേഹത്തെ അറിയാവുന്നവർ മാത്രമാണ് കൈയടിച്ചത്. തുടർന്ന് സേതുമാധവൻ സംവിധാനം ചെയ്ത ചില ചിത്രങ്ങളിലെ ദൃശ്യങ്ങൾ എന്ന അറിയിപ്പോടുകൂടി സ്റ്റേജിലെ തിരശ്ശീലയിൽ അവ പ്രദർശിപ്പിക്കപ്പെട്ടു. 'അനുഭവങ്ങൾ പാളിച്ചകൾ', 'വാഴ്വേ മായം, 'ഓടയിൽനിന്ന്', 'കരകാണാക്കടൽ', 'യക്ഷി', 'കടൽപ്പാലം', 'ചട്ടക്കാരി', 'ഓപ്പോൾ'....ഒരു തലമുറയെ മുഴുവൻ ആവേശം കൊള്ളിച്ച സിനിമകളുടെ പ്രസക്തഭാഗങ്ങൾ. അതുകണ്ടതോടുകൂടി കാതടപ്പിക്കുന്ന ഹർഷാരവമായിരുന്നു. ആ ശബ്ദഘോഷങ്ങൾക്കിടയിലൂടെ നിലാവുപോലെ ഒരു മനുഷ്യൻ വേദിയലേക്കു കയറിവന്നു. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് സേതുസാറിന് ആ പുരസ്കാരം സമർപ്പിച്ചത്. സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരോടും സൗമ്യമായി നന്ദി പറഞ്ഞ് സേതുസാർ ഇറങ്ങിപ്പോകുമ്പോൾ കാണികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ വലുപ്പം ആകാശത്തോളം ഉയരുന്നുണ്ടായിരുന്നു.

എപ്പോഴും താഴേക്കു മാത്രം നോക്കിനടന്ന മനുഷ്യനാണ് സേതുമാധവൻ സാർ. അതുകൊണ്ടാണ് ഞങ്ങളെയൊക്കെ കാണാനും ഞങ്ങളുടെ ആത്മവിശ്വാസത്തെ ഉണർത്താനും അദ്ദേഹത്തിന് കഴിഞ്ഞത്. രണ്ടു മാസത്തിനുമുമ്പ് പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് പുറപ്പെടുന്ന ദിവസം രാവിലെ എന്റെ മൊബൈലിലേക്ക് സേതുസാറിന്റെ ഫോൺകോൾ:

''ഇന്നലെ രാത്രിതന്നെ സത്യനെ വിളിക്കണമെന്നു വിചാരിച്ചതാണ്. പക്ഷേ, പതിനൊന്നുമണി കഴിഞ്ഞിരുന്നു. വത്സല പറഞ്ഞു, സത്യൻ ഉറങ്ങിക്കാണും. നാളെ വിളിച്ചാൽ മതിയെന്ന്.''
കാരണം കേട്ടപ്പോൾ എന്റെ മനസ്സിലൊരു പൂമരം പൂത്തു!
'വരവേൽപ്പ്' ടി.വി.യിൽ വീണ്ടും കണ്ടുവത്രേ.
''സത്യനും ശ്രീനിവാസനും എത്ര മികവോടെയാണ് ആ ആശയം അവതരിപ്പിച്ചത്.''
വരവേൽപ്പി'നെക്കാൾ നൂറിരട്ടി മികവുള്ള സിനിമകൾ ഒരുക്കിയ വ്യക്തിയാണ്. മറ്റുള്ളവരിലെ ചെറിയ നന്മകൾപോലും കണ്ടെത്താൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല.
പറഞ്ഞുകേട്ട കഥയാണ്.

കഥയല്ല, സത്യം തന്നെയാണെന്ന് തിരക്കഥാകൃത്ത് ജോൺപോൾ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
'കുങ്കുമം' വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ സിനിമയാക്കണമെന്ന് സേതുമാധവൻസാറിന് തോന്നി. അന്നത്തെ പ്രസിദ്ധ നിർമാതാവായ സുപ്രിയ ഫിലിംസിന്റെ ഹരിപോത്തനോട് അക്കാര്യം പറഞ്ഞു. നല്ല സിനിമകൾ മാത്രം നിർമിച്ചിട്ടുള്ള ഹരിപോത്തൻ അതിനു തയ്യാറായി. പക്ഷേ, പടം സാമ്പത്തികമായി പരാജയപ്പെട്ടു. മുടക്കുമുതൽ തിരിച്ചുകിട്ടില്ലെന്നുറപ്പായപ്പോൾ മദിരാശിയിലെ സുപ്രിയയുടെ ഓഫീസിലേക്ക് സേതുമാധവൻസാർ കടന്നുചെന്നു. ആ ചിത്രത്തിന് തനിക്കുകിട്ടിയ പ്രതിഫലം മുഴുവൻ തിരിച്ചേൽപ്പിച്ചിട്ട് സേതുമാധവൻസാർ പറഞ്ഞു:

''ഈ പടംകൊണ്ടുണ്ടായ നഷ്ടം നികത്താൻ ഇതുപോരെന്ന് എനിക്കറിയാം. എങ്കിലും ഹരി ഇതു വാങ്ങണം. എന്റെയൊരു മനസ്സമാധാനത്തിന്.''
മാന്യനായ ഹരിപോത്തൻ അത് സേതു സാറിന്റെ കൈയിൽത്തന്നെ നിർബന്ധപൂർവം തിരിച്ചുകൊടുത്തു:
''സാറെനിക്ക് വേറൊരു പടം ചെയ്തുതന്നാൽ മതി''.
രണ്ടുപേരും രണ്ടുവിധത്തിൽ മഹാന്മാരാണ്. കോടികൾക്കു പിന്നാലെ പരക്കം പായുന്ന ഇന്നത്തെ സിനിമക്കാർക്ക് അതു മനസ്സിലാകണമെന്നില്ല.
ഒരു സ്വകാര്യ സന്തോഷംകൂടി പറയാം. കുറെ വർഷങ്ങൾക്കുമുമ്പാണ്. ഞാൻ സംവിധായകനായിട്ട് രണ്ടുമൂന്നു കൊല്ലങ്ങൾ കഴിഞ്ഞു. 'കിന്നാര'വും 'അപ്പുണ്ണി'യുമൊക്കെ ഇറങ്ങിക്കഴിഞ്ഞ കാലം. 'അടുത്തടുത്ത്' എന്ന സിനിമയുടെ ചർച്ചകൾക്കായി ഞാനും ജോൺപോളും തിരുവനന്തപുരത്ത് താമസിക്കുന്നു. മുരളീ മൂവീസ് രാമചന്ദ്രൻ തന്നെയാണ് നിർമാതാവ്. ഭരത് ഗോപിയെ നായകനാക്കി കെ. സുരേന്ദ്രന്റെ 'ശക്തി' എന്ന നോവൽ സിനിമയാക്കാനുള്ള ശ്രമങ്ങളിലാണ് അന്ന് രാമചന്ദ്രേട്ടൻ. സേതുമാധവൻ സാറാണ് സംവിധായകൻ. അദ്ദേഹവും തിരുവനന്തപുരത്തുണ്ട്. ജോത്സ്യൻ പറഞ്ഞ നല്ല മുഹൂർത്തമനുസരിച്ച് ഒരു ദിവസത്തെ ഷൂട്ടിങ് നടത്തി പടമൊന്നു തുടങ്ങിവെക്കണം. (തുടങ്ങിവെക്കലേ ഉണ്ടായുള്ളൂ. ആ സിനിമ പൂർത്തിയായില്ല.) ഭരത് ഗോപിയടക്കമുള്ള നടീനടന്മാരൊക്കെ റെഡി. ജോൺപോൾതന്നെയാണ് തിരക്കഥയെഴുതിയത്. പക്ഷേ, സേതുസാറിന്റെ അസിസ്റ്റന്റ്സൊന്നും സ്ഥലത്തില്ല. ഒരുദിവസത്തേക്കു മാത്രമായി അവരെയൊക്കെ വിളിച്ചുവരുത്താനും ബുദ്ധിമുട്ട്. ജോൺ പോളിനോട് ഞാൻ പറഞ്ഞു:

''ഞാൻ റെഡിയാണ്. ഒരുപാട് വർഷം സഹസംവിധായകനായി ജോലിചെയ്ത പരിചയവുമുണ്ട്.''
കേട്ടപ്പോൾ സേതുസാറിനും സന്തോഷം. ഷൂട്ടിങ് തുടങ്ങി സേതുസാർ ക്ലാപ്പ് ബോർഡെടുത്ത് എന്റെ കൈയിൽ തന്നു. ഒറ്റദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടായിരുന്നുള്ളൂവെങ്കിലും എനിക്കതൊരു നല്ലപാഠമായിരുന്നു. ഒരു സീൻ എടുത്തുകൊണ്ടിരിക്കേ സേതുസാർ ഗോപിച്ചേട്ടനോടു പറഞ്ഞു:
''നമുക്ക് ഈ ക്യാരക്ടറിനൊരു മാനറിസം കൊടുത്താലോ ഗോപി..''

ചില സ്വയം പൊങ്ങച്ചക്കാർ സംസാരത്തിനിടയിൽ ആളാവാൻവേണ്ടി കാലിന്റെ ഉപ്പൂറ്റികൾ ഇടയ്ക്ക് ഉയർത്താറുണ്ട്. സേതുസാർ അതുകാണിച്ചുകൊടുത്തു. നിമിഷനേരംകൊണ്ട് ഗോപിച്ചേട്ടൻ ആ സ്റ്റൈൽ പിടിച്ചെടുത്തു. സിനിമയുടെ ഓരോ ഘട്ടത്തിലും ഇത്തരം ചെറിയ ചെറിയ ശ്രമങ്ങൾ എത്രത്തോളം വിലപിടിച്ചതാണെന്ന് മനസ്സിലാക്കാൻ എനിക്കതു സഹായമായി. തിരക്കഥയിലെ ഷോട്ടുകൾ വിഭജിച്ച് ക്യാമറയിൽ പകർത്തുന്നതു മാത്രമല്ല സംവിധാനം. നമ്മുടെ മനസ്സാണ് അതിൽ അർപ്പിക്കേണ്ടത്.
വൈകുന്നേരം പാക്കപ്പ് പറഞ്ഞിട്ട് എന്നെ ചേർത്തുപിടിച്ച് സേതുസാർ പറഞ്ഞു:
''ഈ കടം വീട്ടാൻ എനിക്ക് ഒരുദിവസം സത്യന്റെ കൂടെ വർക്ക് ചെയ്യണം.''
ആ കടം ഒരിക്കലും വീടരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഇനിയത് അങ്ങനെത്തന്നെ അവശേഷിക്കും.
കടമായിട്ടല്ല; അനുഗ്രഹമായിട്ട്.

Content Highlights : Sathyan Anthikkad About KS Sethumadhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented