നേര് പറയുക, നേർവഴി നടക്കുക

‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് എന്റെ ഒരു സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനെ പറ്റി ഓർക്കുമ്പോഴും അതുതന്നെയാണ് മനസ്സിൽ വരിക. കള്ളവും ചതിയും ഒന്നുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ വാഴുന്ന കാലമൊന്നും ഇനി സ്വപ്നം കണ്ടിട്ട് കാര്യമില്ല. എങ്കിലും മിനിമം ചില മോഹങ്ങൾ ഉണ്ടാവുമല്ലോ നമുക്കൊക്കെ. പ്രധാനമായും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരമെന്നത് തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കും പണം ഉണ്ടാക്കാൻ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ വേണം. മരിച്ചാലേ മാറൂ എന്ന് വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപം. കുഞ്ഞുണ്ണിമാഷുടെ ഒരു കവിതയുണ്ട്

‘‘പഞ്ചാര കുന്നിന്റെ ചോട്ടിലിരുന്നൊരു കുഞ്ഞനുറുമ്പ് കരഞ്ഞു

എത്ര ചെറിയതാണ് എന്റെ വായ

എത്ര ചെറുതാണ് എന്റെ വയറ്’’

ആ ഉറുമ്പിന് വയറു നിറഞ്ഞാൽ പോരാ പഞ്ചാരക്കുന്ന് മുഴുവൻ തനിച്ച് തിന്നു തീർക്കണം. വർഷങ്ങളോളം എം.പിയും എം.എൽ.എയും മന്ത്രിയുമൊക്കെയായി കഴിഞ്ഞിട്ട് ഒരു വട്ടം അവരോട് ഒന്ന് മാറി നിൽക്കാൻ പറഞ്ഞാൽ ‘പറ്റില്ല, എനിക്ക് ജനങ്ങളെ സേവിച്ചേ തീരൂ’ എന്ന് വാശിപിടിച്ച് അതിനവസരം കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടി ഇന്നലെവരെ പ്രവർത്തിച്ച പാർട്ടിയെ തെറി വിളിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശ. അത്തരക്കാർ ഇല്ലാത്തൊരു കാലം എന്റെ സ്വപ്നത്തിലുണ്ട്. ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ വളരെ എളുപ്പമാണ്. നേര് പറയുകയും നേർവഴി നടക്കുകയും ചെയ്താൽ മതി. സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കൾക്കും അറിയില്ല. തികഞ്ഞ സൗഹൃദത്തോടെ നമ്മളിൽ ഒരാളായി നടക്കുന്ന മന്ത്രിമാർ ഒരു സ്വപ്നമാണ്. എതിരാളികളെ ഒതുക്കാൻ പോലീസിനെ കരുവാക്കുന്ന സമ്പ്രദായവും പാടില്ല. സാഹിത്യത്തിലും കലയിലും സ്പോർട്സിലുമൊ‌ക്കെ ഒരു ചെറിയ അറിവെങ്കിലും ഭരണാധികാരികൾക്ക് ഉണ്ടായിരിക്കണം. ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഖസാക്കിന്റെ വേറെ എന്തൊക്കെയോ വായിച്ചിട്ടുണ്ട് ഇതിഹാസം വായിക്കാന്‍ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്ന അയ്മനം സിദ്ധാര്‍ഥന്‍മാരെ (ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ഥന്‍) നമുക്കാവശ്യമില്ല.

Content Highlights: Sathyan Anthikkad about Kerala assembly Election