പഠാനിൽ ഷാരൂഖ് ഖാൻ, സത്ചിത് പൗലോസ്
ബോളിവുഡ് സിനിമയിലെ മികച്ച ഛായാഗ്രാഹകരുടെ പേരെടുത്താൽ ഒഴിവാക്കാനാവാത്ത ഒട്ടേറെ മലയാളികളുണ്ട്. സന്തോഷ് ശിവൻ, സന്തോഷ് തുണ്ടിയിൽ, കെ.യു. മോഹൻ, സി.കെ. മുരളിധരൻ, ജോമോൻ ടി. ജോൺ, രാജീവ് രവി ഏതാനും തുടങ്ങിയവർ ഉദാഹരണങ്ങൾ. ആ നിരയിലേക്ക് നടന്നെത്തിയിരിക്കുകയാണ് സത്ചിത് പൗലോസ് എന്ന യുവ ഛായാഗ്രാഹകൻ. അദ്ദേഹത്തിന്റെ അരങ്ങേറ്റചിത്രമായ 'പഠാൻ' ആയിരം കോടി നേടി ബോക്സ് ഓഫീസിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാനി'ൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് പ്രധാന താരങ്ങൾ. മൂവാറ്റുപുഴക്കാരായ പൗലോസിന്റെയും ഡാഫ്നിയുടെയും മകനായ സത്ചിത് പരസ്യമേഖലയിൽനിന്ന് അവിചാരിതമായി സിനിമയിലേക്ക് എത്തുകയായിരുന്നു.
ആദ്യ സിനിമയാണ് 'പഠാൻ', തുടക്കത്തിൽ തന്നെ ഇത്രയും ശ്രദ്ധേയമായ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് എങ്ങിനെ?
പരസ്യമേഖലയിലാണ് ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത് അതിന്റെ ജോണര്‍ ആണ്. നേരത്തേ അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും ഞാന്‍ അതെല്ലാം ഒഴിവാക്കുകയായിരുന്നു. എന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമ എന്ന പറയുമ്പോള്‍ എന്തെങ്കിലും പ്രത്യേകത വേണമെന്ന് ആഗ്രഹിച്ചിരുന്നു. പരസ്യമേഖലയില്‍ അത്രയും ആസ്വദിച്ചാണ് ജോലി ചെയ്തിരുന്നത്. നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അവരില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും സാധിച്ചു. കാര്‍ ചേസിങ്, ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. സിനിമയുടെ നിര്‍മാതാവായ യാഷ് രാജ് ആണ് സമീപിച്ചത്. കഥ പറഞ്ഞപ്പോള്‍ ആദ്യ കേള്‍വിയില്‍തന്നെ താല്‍പര്യം തോന്നി. എന്നിരുന്നാലും മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിനോട് സംസാരിച്ചപ്പോള്‍ അതിനെല്ലാം ഉത്തരം ലഭിച്ചു. തിരക്കഥ വായിച്ചപ്പോള്‍ കുറച്ചുകൂടി എക്‌സൈറ്റഡ് ആയി. ക്രിയേറ്റീവായി നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം തോന്നി. അങ്ങനെയാണ് 'പഠാന്‍' ചെയ്യാമെന്ന് ഉറപ്പിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ സ്വപ്നങ്ങളിൽ സിനിമ ഉണ്ടായിരുന്നോ?
അങ്ങനെ പറയാൻ സാധിക്കില്ല. ഞാൻ വളർന്നതും പഠിച്ചതുമെല്ലാം ബെംഗളൂരുവിലാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം ആര്‍ടക്കിടെക്ച്ചറില്‍ ബിരുദം നേടി. കലാരംഗത്തോട് നേരത്തേ തന്നെ അതിയായ താല്‍പര്യമുണ്ടായിരുന്നു. കുറച്ച് കാലം മ്യൂസിക് ബാന്റിന്റെ ഭാഗമായിട്ടുണ്ട്. ബിരുദത്തിന് ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (എന്‍.ഐ.ഡി.) ചേര്‍ന്നു അവിടെ ഫിലിം വിഡിയോ കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. അവിടെവച്ചാണ് എന്റെ താൽപര്യം സിനിമാറ്റോഗ്രഫിയാണെന്ന് ഞാൻ തിരിച്ചറിയുന്നത്.
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥിയായ അച്ഛൻ സി.ജെ. പൗലോസ് ആണോ താങ്കൾക്ക് പ്രചോദനമായത്?
.jpg?$p=2922c1a&&q=0.8)
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കുകയാണെങ്കിൽ നന്നായിരിക്കുമെന്ന് സ്വയം തോന്നുകയായിരുന്നു. അച്ഛൻ ഒരിക്കൽ പോലും അത് ആവശ്യപ്പെട്ടിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്‍ അവിടുത്തെ മുന്‍വിദ്യാര്‍ഥിയാണെന്ന് അറിയാമായിരുന്നു. എന്‍.ഐ.ഡിയില്‍ അഭിമുഖത്തിന് പോയപ്പോള്‍ അവര്‍ ചോദിച്ചു, താങ്കളുടെ പിതാവ് സി.ജെ. പൗലോസ് എ ഡേ വിത്ത് ദ ബില്‍ഡേഴ്‌സ് എന്ന ഒരു ഡോക്യുമെന്ററി ചിത്രം ചെയ്തിട്ടുണ്ടല്ലോ എന്ന്. അതെ, എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു എന്റെ അച്ഛനെന്ന്. അക്കാലത്ത് വിദേശരാജ്യങ്ങളിലടക്കമുള്ള ചലച്ചിത്ര മേളകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. മാത്രവുമല്ല, ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹം നേടിയിരുന്നു. അതെക്കുറിച്ചൊന്നും അച്ഛൻ ഇതൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, ഇതെല്ലാം അറിഞ്ഞപ്പോൾ വലിയ അഭിമാനം തോന്നി. തീർച്ചയായും അദ്ദേഹം പ്രചോദനമാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിന് ശേഷമാണ് ഞാൻ ആ സ്ഥാപനത്തിന്റെ മഹത്വം അറിയുന്നത്. ഒരുപാട് പ്രതിഭകളെ സിനിമയ്ക്ക് സംഭാവന ചെയ്ത ഇടമാണ്. സിനിമാറ്റോഗ്രാഫിയിലാണ് ഞാന്‍ സ്‌പെഷ്യലൈസ് ചെയ്തത്. അവിടെനിന്നാണ് പരസ്യരംഗത്തെത്തുന്നത്.
മനോഹരമായ ലൊക്കേഷനുകളാണ് 'പഠാനി'ലുടനീളം, ഷൂട്ടിങ് അനുഭവങ്ങൾ എങ്ങിനെയായിരുന്നു?
സിനിമ ചിത്രീകരിക്കേണ്ട ലൊക്കേഷനുകൾ പലതും സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്നെ നേരത്തേ നോക്കി വച്ചിരുന്നു. സമയം ഒട്ടും പാഴാക്കാതെ വളരെ ആസൂത്രിതമായാണ് ഷൂട്ടിങ് നടന്നത്. സ്‌പെയ്ന്‍, ഫ്രാന്‍സ്, യു.എ.ഇ., തുര്‍ക്കി, റഷ്യ, ഇറ്റലി, സൈബീരിയ തുടങ്ങി വിവിധ രാജ്യങ്ങളിലായിരുന്നു ചിത്രീകരണം. അതൊരു മനോഹരമായ അനുഭവമായിരുന്നു. ക്ലെെമാക്സ് ചിത്രീകരിച്ച ലൊക്കേഷനുകളിലൊന്ന് സെെബീരിയയിലെ അതിപ്രശസ്തമായ ബെെക്കൽ തടാകത്തിലായിരുന്നു. മഞ്ഞു തണുത്തുറത്ത് കിടക്കുന്ന തടാകമാണിത്. മഞ്ഞുരുകാൻ തുടങ്ങിയാൽ അവിടെ ചിത്രീകരിക്കാനാകില്ല. അതുകൊണ്ടു തന്നെ താപനില ഏറ്റവും കുറവുള്ള സമയത്താണ് ചിത്രീകരിച്ചത്. ബെെക്ക് ചേസിങ് പോലുള്ള സാഹസികമായ രംഗങ്ങൾ അവിടെ ചിത്രീകരിക്കണമായിരുന്നു. മിനുസമുള്ള പ്രതലമായതിനാൽ ഒരുപാട് സുരക്ഷാസംവിധാനങ്ങൾ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോൾ എല്ലാവരും പൂർണമായും അതിലേക്ക് മുഴുകി. കഠിനമായ തണുപ്പോ സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ വെല്ലുവിളിയോ ആരെയും അലട്ടിയില്ല.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം, സിദ്ധാർഥ് ആനന്ദ് മികച്ച ഒരു ടീമിന്റെ ഭാഗമായതിനെക്കുറിച്ച്?
ഇത്രയും മികച്ച ഒരു ക്രൂവിനൊപ്പം ആദ്യത്തെ സിനിമ ചെയ്യാൻ സാധിച്ചതിൽ അതിയായ അഭിമാനവും സന്തോഷവും തോന്നുന്നു. ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പദുക്കോൺ, സിദ്ധാർഥ് ആനന്ദ് ഇവരെല്ലാം സൂപ്പർ കൂളായിരുന്നു. എന്ത് നിർദ്ദേശം വച്ചാലും അത് ചർച്ച ചെയ്യാനും സ്വാഗതം ചെയ്യാനും യാതൊരു മടിയുമില്ലാത്ത സംവിധായകനാണ് സിദ്ധാർഥ്. ഷാരൂഖ് ഖാനെക്കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക വളരെ എളുപ്പമാണ്. പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള നടനാണ് അദ്ദേഹം. ക്യാമറ വയ്ക്കുമ്പോൾ എവിടെ നിൽക്കണമെന്ന് അദ്ദേഹത്തിന് നിർദ്ദേശം നൽകേണ്ട ആവശ്യമില്ല. വളരെ അനായാസമായാണ് അദ്ദേഹം അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങളാകട്ടെ, നൃത്തരംഗങ്ങളാകട്ടെ ക്യാമറ വച്ചിരിക്കുമ്പോൾ നമ്മളും അതിൽ പൂർണമായി മുഴുകിപ്പോകും. ഷാരൂഖ് ഖാൻ സെറ്റിലേക്ക് വരുമ്പോൾ അവിടെ നിറയുന്ന ഒരു പോസിറ്റീവ് എനർജിയുണ്ട്. അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. അതുപോലെ ദീപികയും ജോൺ എബ്രഹാമുമെല്ലാം മികച്ച സഹപ്രവർത്തകരാണ്.
'പഠാനു'മായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളുണ്ടായി, പക്ഷേ റിലീസിന് ശേഷം അതെല്ലാം കാറ്റിൽ പറന്നു, ഇതെല്ലാം താങ്കൾ എങ്ങിനെയാണ് നോക്കിക്കണ്ടത്?
സിനിമയില്‍ ഞാനൊരു പുതുമുഖമാണ്. യാതൊരു മുൻധാരണകളും പുലർത്താതെ സിനിമയെ സമീപിച്ചത് എനിക്കിന്ന് ഗുണമായി തോന്നുന്നു. കാരണം. സിനിമ വിജയകരമായി പ്രദർശനം തുടരുന്നതും ആയിരം കോടി കടന്നതുമെല്ലാം വളരെ സന്തോഷകരമായ കാര്യങ്ങളാണ്. വിവാദങ്ങളും മറ്റു പ്രശ്നങ്ങളുമൊന്നും എന്നെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, സിനിമ പുറത്ത് വരുമ്പോൾ ഒരു പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. അത് മികച്ചതായി വന്നു. എന്റെ വർക്കിനെക്കുറിച്ച് എനിക്കൊരിക്കലും നൂറ് ശതമാനം സംതൃപ്തി തോന്നാറില്ല. നൂറ് ശതമാനത്തിൽ എത്തിയെന്ന തോന്നലുണ്ടായാൽ കൂടുതൽ മെച്ചപ്പെടാനോ പുതിയ കാര്യങ്ങൾ പഠിക്കാനോ ശ്രമിക്കാതെ അവിടെ നിന്നുപോകും.
മലയാള സിനിമയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടോ?
കേരളത്തിലാണ് എന്റെ വേരുകൾ. അതുകൊണ്ടു തന്നെ തീർച്ചയായും ഇവിടെ അവസരം നൽകിയാൽ പ്രവർത്തിക്കാൻ താൽപര്യമുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നതുവരെ ഞാൻ അധികം മലയാള സിനിമകൾ കണ്ടിട്ടില്ല. എന്നാൽ, അവിടെ വച്ച് ഒരുപാട് ക്ലാസിക് മലയാള ചിത്രങ്ങൾ കാണാൻ അവസരം ലഭിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, ജി. അരവിന്ദന്‍, കെ.ജി. ജോർജ്ജ് തുടങ്ങിയവരുടെ ചിത്രങ്ങൾ. അവയെല്ലാം തീർച്ചയായും എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പുതിയ ചിത്രം?
സിദ്ധാർഥ് ആനന്ദിന്റെ 'ഫെെറ്റർ' ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Content Highlights: satchith paulose from Kerala muvattupuzha, Pathan Cinematographer, fighter film hrithik roshan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..