വെയിലിലെ രംഗം, ശരത് മേനോൻ
വെയില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ശരത് എന്ന സംവിധായകന്‍. ഷെയ്ന്‍ നിഗം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഖത്തറില്‍ എഞ്ചിനീയറിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ശരത് അതെല്ലാം ഉപേക്ഷിച്ചാണ് സിനിമയ്ക്ക് പിറകെ യാത്ര തിരിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചായിരുന്നു തുടക്കം. 2014 മുതല്‍ വെയിലിന്റെ പണിപ്പുരയിലായിരുന്നു. എട്ടോളം വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വെയില്‍ വെള്ളിയാഴ്ച റിലീസിനെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഈ യുവസംവിധായകന്‍
എഞ്ചിനീയറിങ്ങില്‍ നിന്ന് സിനിമയിലേക്ക്....
എഞ്ചിനീയറിങ് കഴിഞ്ഞ് ഖത്തറില്‍ കുറച്ച് കാലം ജോലി ചെയ്തതിന് ശേഷമാണ് സിനിമയിലെത്തിയത്. സിനിമ പണ്ടേ പാഷനായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന കാലത്ത് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചിരുന്ന ഓണ്‍ലൈന്‍ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. തിരക്കഥ എഴുതി അവര്‍ക്ക് അയച്ചുകൊടുക്കുകയൊക്കെ ചെയ്യും. അങ്ങനെ ഒരു ഹ്രസ്വചിത്രമത്സരത്തില്‍ എന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഖത്തറിനെ പ്രതിനിധീകരിച്ച് ഉഗാണ്ടയിലെ മൈഷ ഫിലിം ലാബ് സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചു. പന്ത്രണ്ട് ആളുകളാണ് ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സിനിമാപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു എന്‍.ജി.ഒ ആണ് മൈഷ ഫിലിം ലാബ്. കാമസൂത്ര, മണ്‍സൂണ്‍ വെഡ്ഡിങ്, വാട്ടര്‍, ഫയര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയായ മീര നായരാണ് എന്‍.ജി.ഒയുടെ സ്ഥാപക. മണ്‍സൂണ്‍ വെഡിങ്, ഇഷ്‌കിയ, കമിനേ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സബ്രിന ധവാന്‍, ചക്തേ ഇന്ത്യയുടെ സംവിധായകന്‍ ഷിമിത് അമിന്‍ എന്നിവരായിരുന്നു പരിശീലകര്‍. ഞാനെഴുതിയ റഫ് സ്‌ക്രിപ്റ്റിനെ ഒരു വര്‍ക്കബിള്‍ സ്‌ക്രിപ്റ്റാക്കുന്നത് അവര്‍ നല്‍കിയ പരിശീലനത്തിലൂടെയായിരുന്നു. അവിടെ നിന്ന് തിരഞ്ഞെടുത്ത നാല് തിരക്കഥകള്‍ അവര്‍ പ്രൊഡ്യൂസ് ചെയ്തു. എന്നിലെ ഫിലിംമേക്കറെ വളര്‍ത്തിയെടുക്കാന്‍ ആ ഒരു മാസത്തെ പരിശീലനം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. അതിന് ശേഷം ഖത്തറില്‍ ഏതാനും പരസ്യചിത്രങ്ങള്‍ ഒരുക്കി. അവിടെ വച്ചു തന്നെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ബ്ലാക്ക് ഗോള്‍ഡ് എന്ന സിനിമയുടെ ഖത്തിര്‍ ഷെഡ്യൂളിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. എനിമി അറ്റ് ദ ഗേറ്റ് സംവിധായകന്‍ ജീന്‍ ജാക്വസ് അന്നാര്‍ഡായിരുന്നു ബ്ലാക്ക് ഗോള്‍ഡിന്റെ സംവിധായകന്‍. അതിന് ശേഷമാണ് നാട്ടിലേക്ക് വരുന്നത്.
അങ്കമാലി ഡയറീസ്, ഈ.മ.യൗ
ഞാനും ചെമ്പന്‍ വിനോദും ഫ്‌ലാറ്റ്‌മേറ്റ്‌സ് ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പന്‍ വിനോദിന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇടയ്ക്കിടെ അങ്ങോട്ട് വരാറുണ്ട്. അങ്ങനെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് അദ്ദേഹം അങ്കമാലി ഡയറീസ് ചെയ്തപ്പോള്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു. അതിന് ശേഷം ഈ.മ.യൗ ചെയ്തു. അതിന് ശേഷമാണ് വെയില്‍ ചെയ്യുന്നത്.
അഭിനേതാക്കളിലേക്ക്...
2014 ല്‍ വെയിലിന്റെ തിരക്കഥ പകുതിയോളം എഴുതിയിരുന്നു. പിന്നീടത് പൂര്‍ത്തിയാക്കി ഒരുപാട് സമയമെടുത്താണ് കാസ്റ്റിങ്ങിലേക്ക് എത്തുന്നത്. വിനയ് ഫോര്‍ട്ട് എന്റെ സുഹൃത്താണ്. അദ്ദേഹമാണ് ഷെയിന്റെ പേര് നിര്‍ദ്ദേശിച്ചത്. കിസ്മത്ത് പുറത്തിറങ്ങി ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ട സമയമായിരുന്നു. അങ്ങനെയാണ് ഷെയിനിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജെയിംസ് ഏലിയാസ് എന്നിവരെയൊഴിച്ചു നിര്‍ത്തിയാല്‍ ഈ സിനിമയിലെ മറ്റു അഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്. അഭിനേതാക്കളുടെ വിപണമൂല്യം നോക്കിയല്ല അവരെ തിരഞ്ഞെടുത്തത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന അഭിനേതാക്കാളാണോ എന്നത് മാത്രമായിരുന്നു മാനദണ്ഡം.
വെയില്‍ സംസാരിക്കുന്നത്
അമ്മയും അവരുടെ രണ്ട് ആണ്‍മക്കളുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഈ രണ്ടു കൂടപ്പിറപ്പുകള്‍ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥാതന്തു. സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ദേഷ്യംവച്ചു പുലര്‍ത്തുന്നതുമെല്ലാം ചില കുടുംബങ്ങളില്‍ സംഭവിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് തന്നെക്കാള്‍ ഇഷ്ടം മറ്റേയാളോടാണ് എന്നതോന്നലില്‍ അല്ലെങ്കില്‍ പഠനത്തില്‍ തന്നേക്കാള്‍ മികവ് പുലര്‍ത്തുന്നത് കാണുമ്പോഴെല്ലാം പലരിലും ഈഗോ ഉണ്ടാകും. തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം സംസാരിക്കാന്‍ ഈഗോയില്‍ വീര്‍പ്പുമുട്ടി അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വെയിലില്‍ ഒരു മകന്‍ വൈകിയാണെങ്കിലും അത് തുറന്ന് സംസാരിക്കുന്നു. എന്നാല്‍ അപ്പോഴേക്കും ആ കുടുംബത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനിടയില്‍ പ്രണയമുണ്ട്, അമ്മയും മക്കളും തമ്മിലുള്ള രസകരമായ മുഹൂര്‍ത്തങ്ങളുണ്ട്. ആദ്യഭാഗം നായകന്റെ പ്ലസ്ടു കാലഘട്ടവും പിന്നീടുള്ള ഭാഗം കോളേജും ഭാവി ജീവിതവുമൊക്കെയാണ്. പുതിയ ആളുകള്‍ ജീവിതത്തിലേക്ക് വരുമ്പോള്‍ അയാളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളൊക്കെ കാണിക്കുന്നു.
വെല്ലുവിളികളേറെയുണ്ടായിരുന്നു, എന്നാല്‍ വെയിലില്‍ സംതൃപ്തനാണ്.
ചിത്രീകരണത്തിനിടെ ധാരാളം വെല്ലുവിളികളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും എന്‍ഡ് പ്രൊഡക്ടിനെ ബാധിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ഒരാള്‍ കാണുമ്പോള്‍, ഷൂട്ടിങ്ങിനിടെ അത് സംഭവിച്ചു ഇത് സംഭവിച്ചു എന്ന് പറഞ്ഞ് എനിക്ക് ന്യായീകരിക്കാനാകില്ലല്ലോ. കഥപറയലിലും സാങ്കേതിപരമായ കാര്യങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. സംതൃപ്തിയുമുണ്ട്. ബാക്കിയുള്ളതെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.
Content Highlights: Veyil Movie Director, Sarath Menon Interview, Veyil Release, Shane Nigam, Shine Tom Chacko,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..