തിരുവനന്തപുരം: ഉള്ളുലയ്ക്കുന്ന ഒരു കഥ മികച്ചൊരു ചെറുസിനിമയായി മാറിയത് ‘കരിക്കുല’ത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അതു പാഠ്യപദ്ധതിയിലൊതുങ്ങാതെ അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന സിനിമയായി പല വേദികളിലെ തിരശ്ശീലകളിൽ നിറഞ്ഞു. കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സംവിധായക വിദ്യാർഥി ശരൺ വേണുഗോപാൽ പഠനത്തിന്റെ ഭാഗമായി ഒരുക്കിയ ഡിപ്ലോമ ചിത്രം ‘ഒരു പാതിരാസ്വപ്നം പോലെ’യാണ് കാമ്പസ് കടന്ന് കൈയടി നേടുന്നത്. പ്രശസ്ത എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘വൈഭവം’ എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കിയ ചിത്രം മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഉൾപ്പെടെയാണ് നേടിയത്.

കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയും തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ഥിരതാമസവുമാക്കിയ ശരൺ ഒരു ഡിപ്ലോമ സിനിമയ്ക്കായാണ് ഇറങ്ങിത്തിരിച്ചതെങ്കിലും തിരക്കഥ പൂർത്തിയായതോടെ സിനിമ പുതിയ തലത്തിലേക്കു കടക്കുകയായിരുന്നു. 37 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ പ്രധാനകഥാപാത്രമായി പ്രമുഖ നടി നദിയാ മൊയ്തു എത്തിയതും സിനിമ സംവദിക്കുന്ന വിഷയത്തിന്റെ വ്യാപ്തിയറിഞ്ഞായിരുന്നു. വ്യക്തികളുടെ സ്വകാര്യയിടങ്ങളും ബന്ധങ്ങളുടെ നോവുകളും ചർച്ചയാകുന്ന ചിത്രം 51-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(ഐ.എഫ്.എഫ്.ഐ.)യിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് ഐ.ഡി.എഫ്.എഫ്.കെ.യിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു. പ്രശസ്തമായ തസ്‌വീർ സൗത്ത്് ഏഷ്യൻ ചലച്ചിത്രമേളയിലും ചിത്രം മത്സരിച്ചു. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശരണിന്റെ സഹപാഠികൾതന്നെയായിരുന്നു ചിത്രത്തിന്റെ പിന്നണിയിലും.

വ്യക്തികളുടെ സ്വകാര്യ ഇടങ്ങൾ എന്ന വിഷയം എന്നും തന്റെ ചിന്തയിൽ നിറഞ്ഞിരുന്നുവെന്നും അതിനെ സൂഷ്മമായി കൈകാര്യം ചെയ്യുന്ന സിനിമയായിരുന്നു തന്റെ ആഗ്രഹമെന്നും എന്ന 28-കാരനായ ശരൺ പറഞ്ഞു. സുസ്മേഷിന്റെ ‘വൈഭവം’ ഈ വിഷയത്തിൽ കൂടുതൽ ചിന്തകൾക്കു വഴിവച്ചു. തിരക്കഥാരചനാ സമയത്തുതന്നെ പ്രധാന കഥാപാത്രമായ സുധയായി നദിയാ മൊയ്തുവിന്റെ മുഖമായിരുന്നു. പക്ഷേ, ഒരു സിനിമാവിദ്യാർഥിയുടെ ചെറു ചിത്രത്തിൽ അഭിനയിക്കാൻ നദിയാ മൊയ്്തു തയ്യാറാകുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്തായാലും ഉള്ളിൽത്തൊടുന്ന രചനയിൽ ആകൃഷ്ടയായി നദിയാമൊയ്തു ‘ഒരു പാതിരാ സ്വപ്നം പോലെ’യുടെ ഭാഗമായി. കൊച്ചിയിൽ ചിത്രീകരിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗാർഗി ആനന്ദ് ആയിരുന്നു. കുടുംബബന്ധങ്ങളെ മുൻനിർത്തിയുള്ള ഫീച്ചർ ഫിലിം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശരൺ.

Content Highlights: Saran Venugopal Oru Pathira Swapnam Pole Nadhiya Moidu