മുപ്പതു വര്‍ഷത്തെ കാലയളവില്‍ കൊച്ചിയ്ക്കു സംഭവിച്ച മാറ്റങ്ങള്‍ വിപ്ലവകരമായിരുന്നു. മെട്രോ വന്നു, സ്മാര്‍ട്ട് സിറ്റി വന്നു എല്ലാത്തിനുമപ്പുറം കൊച്ചി കേരളത്തിലെ ന്യൂ ജെന്‍ സിറ്റിയായി.
എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോപാലകൃഷ്ണ പണിക്കര്‍ ഒഴിപ്പിക്കാനെത്തിയ തന്റെ വാടക വീടിന് യാതൊരു മാറ്റവുമില്ല. നഗരത്തിന്റെ മുഖച്ഛായ മാറിയെങ്കിലും എംജി റോഡിനടുത്ത് ഈ കൊച്ചുവീട് ഇപ്പോഴും അതേപടിയുണ്ട്.
നായികയുടെ ജീവിത ചുറ്റുപാടുകള്‍ അറിഞ്ഞ ഗോപാലകൃഷ്ണന് വീട് ഒഴിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും സെന്റിമെന്റ്‌സ് ഒന്നുമില്ലാത്ത കാലം ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ചാക്യാത്ത് വീട് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍മയായി തീരും. ഗോപാലകൃഷ്ണ പണിക്കര്‍ ഒഴിപ്പിക്കാനെത്തിയ ഈ വീടിന്റെ സ്ഥാനത്ത് വലിയൊരു ഫ്‌ളാറ്റ് സമുച്ചയം ഉയരാന്‍ പോവുകയാണ്.
'സന്‍മസസ്സുള്ളവര്‍ക്ക് സമാധാനം' എന്ന ചിത്രം കാണാത്ത മലയാളികള്‍ വിരളമായിരിക്കും. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, കാര്‍ത്തിക, കെ.പി.എസ്.സി ലളിത, ശ്രീനിവാസന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.
കടക്കെണിയിലാഴ്ന്നു പോയ സ്വന്തം കുടുംബത്തെ കരക്കേറ്റാന്‍ ടൗണില്‍ വാടകയ്ക്കു കൊടുത്തിരിക്കുന്ന സ്വന്തം വീടു വല്‍ക്കാന്‍ കഷ്ടപ്പെടുന്ന ഗോപാലകൃഷ്ണ പണിക്കരുടെ കഥ നര്‍മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ വീട് ഒരുമാറ്റവുമില്ലതെ കൊച്ചിയിലുണ്ടെന്നത് വളരെ കൗതുകരമായ സംഗതിയാണ്. ഗോപാലകൃഷ്ണ പണിക്കരുടെ വീടു മാത്രമല്ല അയല്‍ക്കാരന്‍ ഉമ്മറിന്റെ (മാമുക്കോയ) വീടും അവിടെ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
സിനിമയുടെ ചിത്രീകരണ സമയത്തെ ഓരോരോ സംഭവങ്ങള്‍ വീടിന്റെ ഉടമസ്ഥയായ രാധാ എസ് മേനോനും മകള്‍ ഗീതയും വ്യക്തമായി ഓര്‍ക്കുന്നുണ്ട്.
തിലകന്‍ അവതരിപ്പിച്ച ദാമോദര്‍ജി എന്ന 'അധോലോക തലവന്‍' പെട്ടിയെടുത്ത് ഓടിരക്ഷപ്പെടുന്ന രംഗം പ്രായമേറെയായിട്ടും രാധാമ്മയുടെ മനസില്‍ മായാതെ അവശേഷിക്കുന്നുണ്ട്.
ഗീത ഓര്‍ക്കുന്നത് ചിത്രത്തിലെ മറ്റൊരു നര്‍മ രംഗമാണ്. ശ്രീനിവാസന്റെ സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്ന കാഥാപാത്രം വീടൊഴിപ്പിക്കാന്‍ എത്തുന്നതും കെ.പി.എസ്.സി ലളിതയുടെ കഥാപാത്രത്തെ വിരട്ടുന്നതുമായ രംഗം.
വീട് മാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാലിനെ തട്ടിയിട്ട കസേര ഇന്നും ആ വീട്ടില്‍ ഭദ്രമായുണ്ട്.
ചിത്രത്തെക്കുറിച്ച് ശ്രീനിവാസനും ഒരുപാട് ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ട്. സിനിമ ചിത്രീകരിച്ച വീട് രണ്ട് വര്‍ഷം മുന്‍പ് താന്‍ വീണ്ടും കാണുകയുണ്ടായെന്നു ശ്രീനിവാസന്‍ പറയുന്നു.
വീട് ഒഴിപ്പിക്കാന്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങുന്ന രംഗത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ തെന്നിപ്പോയതാണ്. എന്നാല്‍ അത് വളരെ രസകരമായി തോന്നിയതുകൊണ്ട് കട്ട് പറയാതെ ഷൂട്ടിങ് തുടര്‍ന്നു. താന്‍ തെന്നിപ്പോയത് കണ്ട് മോഹന്‍ലാലിന് ചിരിയടക്കാന്‍ സാധിച്ചിരുന്നില്ല- ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
എന്തായാലും ഒരുകാലത്ത് മലയാളികളെ ഏറെ ചിരിപ്പിക്കുന്നതിന് കാരണമായ ഈ വീട് അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചുമാറ്റുകയാണ്. 'നാടോടുമ്പോള്‍ നടുവേ ഓടണം' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍.