തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാംവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് സംവിധായകനെന്ന നിലയില്‍ ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍. കഴിഞ്ഞ വര്‍ഷം ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സനലിന്റെ ഒഴിവു ദിവസത്തെ കളി എന്ന ചിത്രമാണ് ഇത്തവണ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

സിനിമ ഒരു അഭിനിവേശമായിരുന്നു, സിനിമയോടുള്ള താല്‍പര്യമാണ് ഈ മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ അതിനെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. നമ്മളെ ശ്രദ്ധിക്കുന്നവരുണ്ടെന്ന തോന്നല്‍ സന്തോഷവും ഉത്തരവാദിത്തവും ഉണ്ടാക്കുന്നതാണ്- സനല്‍ കുമാര്‍ മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു.

ഷാജി മാത്യുവും അരുണ മാത്യുവുമാണ് ഒഴിവു ദിവസത്തെ കളി നിര്‍മിച്ചത്. സനലിന്റെ ആദ്യ ചിത്രമായ ഒരാള്‍പ്പൊക്കം കാഴ്ച ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ചായിരുന്നു നിര്‍മിച്ചിരുന്നത്.

മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ഒഴിവു ദിവസത്തെ കളി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ ചിത്രം ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.

ചിത്രം മറ്റു രണ്ട് ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് സനല്‍ അറിയിച്ചു. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.