സലീം ഖൗസ് താഴ്‌വാരത്തിൽ
രാജുവിന്റെ മുഖം ഒരു വേട്ടക്കാരന്റേതായിരുന്നു. ഇരയെ പിടിക്കാന്‍ അയാള്‍ പതിയിരുന്നു. സാഹചര്യവും സന്ദര്‍ഭവും ഒത്തു വന്നപ്പോള്‍ അയാള്‍ ഇരയ്ക്കരികില്‍ ചീറിയടുത്തു. വേട്ടയില്‍ വിജയശ്രീലാളിതനായി അയാള്‍ എങ്ങോ മാഞ്ഞു പോയി. ആത്മാര്‍ഥ സുഹൃത്തിനെ ചതിക്കുന്നതില്‍ യാതൊരു സങ്കോചവുമില്ലാത്ത, കണക്കുകൂട്ടലുകള്‍ തെറ്റാത്ത, മനസാക്ഷിയില്ലാത്ത ക്രൂരന്‍. അതായിരുന്നു രാജു. ഭരതന്റെ സംവിധാനത്തില്‍ 1990 ല്‍ പുറത്തിറങ്ങിയ താഴ്‌വാരത്തിലെ രാജു എന്ന വില്ലനെ സലീം ഖൗസ് എന്ന അന്യഭാഷ നടനില്‍ ഏല്‍പ്പിച്ചപ്പോള്‍ ഭരതന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ബാലനായുള്ള മോഹന്‍ലാലിന്റെ പ്രകടനത്തോട് കിടിപിടിക്കുന്നതായിരുന്നു സലീമിന്റെ രാജുവും. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലന്‍ വേഷങ്ങളിലും മുന്‍നിരയില്‍ തന്നെയാണ് സലീം ഖൗസിന്റെ സ്ഥാനം. ഹൃദയാഘാതത്തെ തുടര്‍ന്ന് സലീം ഖൗസ് വിടപറഞ്ഞുവെങ്കിലും മലയാളികളുടെ ഓര്‍മയില്‍ രാജുവിന് മരണമില്ല.
ചെന്നൈയില്‍ ജനിച്ച സലീം ഖൗസിന് കൗമാരകാലം മുതലാണ് അഭിനയമോഹം തലയ്ക്ക് പിടിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. ആയോധനകലയില്‍ പരിശീലനം നേടിയതും തന്നിലെ നടനെ പരിപോഷിക്കാന്‍ ഉതകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചതുകൊണ്ടാണ്. കോളേജ് കാലഘട്ടത്തിലാണ് സലീം ഖൗസ് സിനിമയില്‍ ആകൃഷ്ടനാകുന്നത്. ചെന്നൈയിലെ വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. അഭിനയിക്കാന്‍ അവസരങ്ങള്‍ക്കായി അദ്ദേഹം മുംബൈയിലെ സ്റ്റുഡിയോകളില്‍ കയറിയിറങ്ങി. തുടക്കത്തില്‍ നിരാശയായിരുന്നു ഫലമെങ്കിലും 1978-ല്‍ പുറത്തിറങ്ങിയ സ്വര്‍ഗ് നരക് എന്ന ചിത്രം അരങ്ങേറ്റത്തിന് വഴി തുറന്നു.ഒരു വിദ്യാര്‍ഥിയുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്. ചക്രയായിരുന്നു രണ്ടാമത്തെ ചിത്രം.
.jpg?$p=430c1f1&&q=0.8)
കൊയ്ല, ത്രികാല്‍, ദ്രോഹി, സോള്‍ജ്യര്‍, ഇന്ത്യന്‍, ചാണക്യ തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ നാല്‍പ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത 'വെട്രിവിഴ' എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി അദ്ദേഹം അഭിനയിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ടിടി വിക്രം എന്ന വില്ലന്‍ സലീം ഖൗസിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ ആണ് അവസാന മലയാള ചിത്രം. പെരുമാള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. കാ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ചിത്രം പുറത്തിറങ്ങിയിട്ടില്ല. സിനിമയ്ക്ക് പുറമേ സുഭാഹ്, എക്സ് സോണ്‍ തുടങ്ങി സീരിയലുകളിലും വേഷമിട്ടു.
അഭിനയത്തിന് പുറമേ ഡബ്ബിങ്ങിലും മികച്ച് തെളിയിച്ച വ്യക്തിയായിരുന്നു സലീം ഖൗസ്. ഹിന്ദിയിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഹോളിവുഡ് ചിത്രങ്ങളായ 300 ല്‍ കിങ് ലിയോനിഡാസിനും ദ ലയണ്‍ കിങില്‍ സ്‌കാറിനും ശബ്ദം നല്‍കിയത് സലീം ഖൗസായിരുന്നു.
Content Highlights: Salim Ghouse, Thazhvaram, Mohanlal, Bharathan, Thiruda Thiruda, Salim Ghouse films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..