അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോനോടൊപ്പം സലീഷ്
'അയ്യപ്പനും കോശിയു'മെന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഡിവൈ.എസ്.പി. ചെറിയാന്‍ ജോര്‍ജ്ജിനെന്താ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കാര്യമെന്ന് ആരും ചോദിക്കരുത്. കാരണം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.ഐ. ആയ സലീഷ് എന്‍. ശങ്കരന്റെ ജീവിതത്തിലെ നിരവധി റോളുകള്‍ക്കിടയിലെ ഒരു മുഖം മാത്രമാണ് സിനിമാ താരം എന്നത്. തൊണ്ടിമുതലിനും ദൃക്‌സാക്ഷിക്കും ശേഷം മലയാള സിനിമയ്ക്ക് കേരള പോലീസില്‍ നിന്നു ലഭിച്ച പുതിയ താരമാണ് സലീഷ്.
സിനിമയില്‍ താരമാണെങ്കിലും സിനിമാകഥയെക്കാള്‍ വെല്ലുന്ന കഥയാണ് ജീവിതത്തിലുണ്ടായിട്ടുള്ളത്. ഓരോ റോളും അങ്ങേയറ്റം വ്യത്യസ്തമായ ഒരു സിനിമ. പെരിങ്ങോട്ടുകരക്കാരനായ സലീഷിന്റെ ജീവിതത്തിലെ ഓരോ സംഭവവും അങ്ങേയറ്റം വൈവിധ്യപൂര്‍ണമായിരുന്നു. ചെത്തുകാരനായിരുന്നു സലീഷിന്റെ അച്ഛന്‍ ശങ്കരന്‍. വീട്ടുകാര്യത്തേക്കാള്‍ നാട്ടുകാര്യത്തിന് പ്രാധാന്യം കൊടുത്ത ആള്‍. വളരും തോറും കഷ്ടപ്പാടിന്റെ വില കൂടുതല്‍ തിരിച്ചറിഞ്ഞാണ് സലീഷും സഹോദരങ്ങളും വളര്‍ന്നത്. മരത്തില്‍ നിന്നു വീണ് അച്ഛന്‍ മരിക്കുമ്പോള്‍ പത്താം ക്ലാസിലായിരുന്നു സലീഷ്. ജീവിതത്തില്‍ പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും ദിനങ്ങളായിരുന്നു പിന്നീട് നേരിടേണ്ടി വന്നത്.
ജീവിതത്തില്‍ തോല്‍ക്കാതിരിക്കാനായി ഓട്ടോക്കാരനായും ചെത്തുകാരനായും വാര്‍ക്കപ്പണിക്കാരനായും കിണര്‍ നിര്‍മാണ തൊഴിലാളിയായും സദ്യ ഒരുക്കുന്ന ആളായുമൊക്കെ വേഷങ്ങള്‍ കെട്ടി. ഇതിനിടയിലും പഠനം മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോയി. അധ്യാപകനാവുക എന്നതായിരുന്നു ലക്ഷ്യം. പൊളിറ്റിക്കല്‍ സയന്‍സില് ബിരുദവും ബിരുദാനന്തര ബിരുദവും. അടൂര്‍ ബി.എഡ്. കോളേജില്‍ നിന്ന് ബി.എഡ്. പഠനവും പൂര്‍ത്തിയാക്കി.

കേരളവര്‍മ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന ചങ്ങാതിമാരില്‍ ഒരാള്‍ ഇന്ന് കേരളത്തിന്റെ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, ഒരാള്‍ ചീഫ് വിപ്പ് കെ.രാജന്‍, പിന്നോരാള്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ. വി.ആര്‍. സുനില്‍കുമാര്‍... രാഷ്ട്രീയവും വ്യവസായവും അധ്യാപനവും തുടങ്ങി എല്ലാ മേഖലകളിലും കൂട്ടുകാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ സലീഷിന് അഭിമാനം.
അധ്യാപകനാവാന്‍ ആഗ്രഹിച്ച സലീഷിന്റെ ജീവിതത്തിലെ അടുത്ത വേഷമായിരുന്നു പോലീസിന്റേത്. 1998ലാണ് പോലീസ് ജോലിയില്‍ പ്രവേശിച്ചത്. സുഹൃത്തായ സുദര്‍ശനനാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കുള്ള അപേക്ഷ പോലും വാങ്ങി തയ്യാറാക്കി അയച്ചത്. അവിചാരിതമായാണ് പോലീസ് ജോലി ലഭിച്ചതെങ്കിലും മറ്റൊരു അവസരം ലഭിച്ചപ്പോഴേക്കും പോലീസ് ജോലി ആവേശമായി മാറിയിരുന്നു, അതിനിടയില്‍ സെറ്റ് പരീക്ഷയിലും വിജയിച്ചു. 2003ല്‍ എസ്.ഐ.യായി കൂടുതല്‍ തിരക്കുകളിലേക്ക് തിരിഞ്ഞു.
കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായുള്ള ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ തെളിയിച്ചത് ഇരുന്നൂറിലേറെ കവര്‍ച്ച കേസുകള്‍, നിരവധി കൊലക്കേസുകള്‍. കേരളം ചര്‍ച്ച ചെയ്തതും കേട്ട് പേടിച്ചതുമായ നിരവധി കേസുകളുടെ തുമ്പുണ്ടായത് സലീഷിന്റെ ശ്രദ്ധയില്‍ നിന്നായിരുന്നു.
സച്ചിയെന്ന സുഹൃത്ത്
വേഷങ്ങള്‍ പലതും പകര്‍ന്നാടിയെങ്കിലും ജീവിതത്തില്‍ എപ്പോഴും പ്രിയപ്പെട്ടത് എഴുത്തുകാരന്‍ എന്നതാണ്. ആ പ്രിയം തന്നെയാണ് സച്ചിയിലേക്ക് എത്തിച്ചത്. അട്ടപ്പാടിയില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. എഴുതിയ പാട്ടുകള്‍ സച്ചിയെ കാണിച്ചു കൊടുത്തും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ പങ്കിട്ടും പരിചയം സൗഹൃദമായി മാറി. അങ്ങനെയിരിക്കെയാണ് സിനിമയില്‍ അവസരവുമായി സച്ചിയുടെ വിളി എത്തിയത്. ആദ്യമൊന്ന് സംശയിച്ചുവെങ്കിലും താമസമില്ലാതെ സമ്മതം മൂളി.
സലീഷെന്ന എഴുത്തുകാരന്‍
കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് പുറത്തിറങ്ങിയ 'തുമ്പയും തുമ്പിയും' സലീഷിന്റെ പേനത്തുമ്പില്‍ വിരിഞ്ഞ വരികളാണ്. എത്ര തിരക്കിനിടയിലും എഴുതുന്ന സലീഷ്, പക്ഷേ ഏറ്റവുമാഗ്രഹിക്കുന്നത് ആ വരികള്‍ സിനിമയില്‍ കേള്‍ക്കുക എന്നതാണ്. എഴുതിച്ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങള്‍ സലീഷിന്റെ പക്കല്‍ തയ്യാറായി ഇരിക്കുന്നുണ്ട്. കെ.ജി. ജയന്‍ സംഗീത സംവിധാനം ചെയ്ത് പി. ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്നു.
സിനിമാതാരം എന്ന വേഷമണിയുന്നതിനു മുമ്പ് തന്നെ തിരക്ക് എന്ന ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. സല്യൂട്ട് എന്ന ഷോര്‍ട്ട് ഫിലിമിന്റെ പിന്നിലും സലീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പോലീസും വിജിലന്‍സുമൊക്കെ തയ്യാറാക്കിയ നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ മുന്നിലും പിന്നിലും സലീഷ് ഭാഗമായിട്ടുണ്ട്.

കാടിനെ തേടുന്ന ഫോട്ടോഗ്രാഫര്‍
ഇതിനെല്ലാമിടയില്‍ ക്യാമറയേയും കാടുകളെയും സ്‌നേഹിക്കുന്ന മറ്റൊരു സലീഷുമുണ്ട്. കിലോമീറ്ററുകളോളം കാടിന്റെ കാഴ്ചകള്‍ തേടി നടന്ന് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് സലീഷ്.
സകുടുംബം
അമ്മ നളിനിയും ഭാര്യ നിഷിയും പത്താം ക്ലാസുകാരന്‍ ജിതിനും ആറാം ക്ലാസുകാരി ഇക്‌സോറയുമടങ്ങുന്നതാണ് കുടുംബം. സിനിമ കണ്ട ശേഷം വീട്ടുകാര്‍ പറഞ്ഞത് പ്രതീക്ഷിച്ചതിലും നന്നായി അഭിനയിച്ചു എന്നാണ്. അതു കൊണ്ടു തന്നെ അവസരങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുമെന്ന് സലീഷ് പറയുന്നു. എന്തിരുന്നാലും പോലീസ് ജോലി ഉപേക്ഷിക്കില്ല എന്നാണ് സലീഷിന്റെ തീരുമാനം.
അയ്യപ്പനും കോശിയും
ആക്ഷന്‍ ഹീറോ ബിജുവിനെക്കാള്‍ പോലീസ് ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രമായിരിക്കും അയ്യപ്പനും കോശിയുമെന്നാണ് സലീഷിന്റെ പക്ഷം. പറയുന്നത് സാധാരണ ആളല്ല, പോലീസിനെയും സാധാരണക്കാരനെയും അടുത്തറിയുകയും അവരിലൊരാളാവുകയും ചെയ്ത സാധാരണക്കാരനായ ഒരു പോലീസുകാരനാണ്.
Content Highlights: Saleesh N Shankaran Ayyappanum Koshiyum Sachi Prithviraj Biju Menon Kerala Police Malayalam Actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..