വെള്ളയില്‍ മങ്ങിയ വയലറ്റ് പൂക്കളുള്ള നരച്ച സാരിയും അതിന് ഒട്ടും ചേര്‍ച്ചയില്ലാത്ത മറൂണ്‍ ബ്ലൗസുമായി സലീമ നടന്നു വരുമ്പോള്‍ ദേവന്റെ മനസ്സില്‍ മിന്നിമാഞ്ഞത് മുപ്പത് കൊല്ലം മുന്‍പത്തെ ഒരു ചിത്രമാണ്. കൊടുംകാട്ടില്‍ തന്റെ നിഴല്‍പറ്റി, പൂക്കളെയും കിളികളെയും പുസ്തകങ്ങളെയും പ്രണയിച്ച് സ്വപ്‌നം കണ്ടുനടന്നൊരു വായാടി പെണ്ണിന്റെ ചിത്രം. കണ്ട മാത്രയില്‍ ഓര്‍മയില്‍ നിന്ന് പഴയൊരു രംഗം പൊടിതട്ടിയെടുത്ത് ചിരിച്ചുകൊണ്ട് ദേവന്‍ പറഞ്ഞു: 'യെസ് സര്‍.....' മുഖത്ത് ചായം തേച്ച്, അടിമുടി മാറിയാണ് വരവെങ്കിലും സലീമയ്ക്ക് ചിരിയും സന്തോഷവും അടക്കാനായില്ല സിനിമയെ വെല്ലുന്ന വികാരനിര്‍ഭരമായ ആ പുനസമാഗമത്തില്‍.

ആരണ്യകത്തിനുശേഷം ഇതാദ്യമായാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു എം.ടി.യുടെ തൂലികയില്‍ ഹരിഹരന്‍ ഒരുക്കി 1988ല്‍ പുറത്തിറങ്ങിയ ആരണ്യകം. താരതമ്യേന പുതുക്കക്കാരനായ ദേവന്‍ പോലീസിനെ വെട്ടിച്ച് കാട്ടില്‍ കഴിയുന്ന ഒരു നക്‌സലേറ്റും നഖക്ഷതങ്ങള്‍ക്കുശേഷം ശ്രദ്ധേയമായ വേഷം ചെയ്യുന്ന സലീമ അമ്മിണിയുമായിരുന്നു ചിത്രത്തില്‍.

സലീമ പിന്നെ ഒന്നു രണ്ട് ചിത്രങ്ങളില്‍ കൂടി മുഖം കാണിച്ച് പാടെ അപ്രത്യക്ഷ്യയായി. ദേവന്‍ നായകവേഷം അഴിച്ച് സുന്ദരവില്ലനിലേയ്ക്ക് കൂടുമാറി. ആരണ്യകവും അതിലെ ഇവരുടെ പൊരുളറിയാത്ത സൗഹൃദവും അതിന് അകമ്പടിയായ പാട്ടുകളും പ്രേക്ഷകരുടെ മനസ്സില്‍ ഒരു നേര്‍ത്ത നോവായി തുടര്‍ന്നു.

നവാഗതനായ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളെ വച്ചു ചെയ്യുന്ന മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ ഇത്രയും വലിയൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്നു, മൂന്ന് പതിറ്റാണ്ട് കാലത്തെ ചെന്നൈയിലെ അജ്ഞാതവാസത്തിനുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സലീമ.   'ദേവേട്ടന്റെ ഭാര്യയുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. വല്ലാത്തൊരു ആവേശമായി പിന്നെ. ആരണ്യകത്തിനുശേഷം ഒരിക്കല്‍ മാത്രമാണ് ദേവേട്ടനെ കണ്ടത്. കോഴിക്കോട്ട് സംവിധായകന്‍ ഹരിഹരന്‍ സാറിനെ ആദരിക്കുന്ന ചടങ്ങില്‍. അന്ന് കാര്യമായി സംസാരിക്കാനൊന്നും കഴിഞ്ഞിരുന്നില്ല. പരിചയം പുതുക്കല്‍ ഒന്നോ രണ്ടോ ഹലോയില്‍ ഒതുങ്ങി. ഒന്നിച്ച് ഇനിയും അഭിനയിക്കാന്‍ കഴിയട്ടെ എന്ന് ദേവേട്ടന്‍ ആശംസിച്ചത് ഓര്‍ക്കുന്നു.

aranyakam
ആരണ്യകത്തിൽ സലീമയും ദേവനും

മുന്തിരി മൊഞ്ചനില്‍  ഒരൊറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ശ്രദ്ധേയമായിരുന്നു ആ വേഷവും അഭിനയിച്ച രംഗവും. ഒരുപാട് സ്വപ്‌നങ്ങളുള്ള പരമ ദരിദ്രരായ ദമ്പതികളായിരുന്നു ഞങ്ങള്‍ ചിത്രത്തില്‍. ലോട്ടറിയെടുത്ത് കരപറ്റാന്‍ ശ്രമിക്കുന്ന ആളാണ് ദേവേട്ടന്‍ ജീവന്‍ പകര്‍ന്ന കഥാപാത്രം. ഒടുവില്‍ വാര്‍ധക്യകാലത്ത് ഒരു ലോട്ടറി അടിക്കുന്നു. അയ്യായിരം രൂപയാണ് സമ്മാനം. അതും കൊണ്ട് ഭാര്യയുടെ ആഗ്രഹം സഫലമാക്കാന്‍ പോവുകയാണ് ഞങ്ങള്‍. ട്രെയിനില്‍ വീഗാലാന്‍ഡിലേയ്ക്കാണ് യാത്ര. ഇതിനിടയില്‍ സിനിമയില്‍ നിര്‍ണായകമായ വഴിത്തിരിവാകുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകുന്നു. ഈ യാത്രയ്ക്കിടെയാണ് നായകനും നായികയും കണ്ടുമുട്ടുന്നത്. അതിനൊക്കെ ഞങ്ങള്‍ ഒരു നിമിത്തമാവുകയാണ്.

ഒരുപാട് കഷ്ടപ്പെട്ടാണ് ആ വേഷം ചെയ്തത്. പുലര്‍ച്ചെ രണ്ടര മണിക്കാണ് ഷൊര്‍ണൂരിലെത്തുന്നത്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടിലായിരുന്നു ചിത്രീകരണം. എത്തിയ ഉടനെ വിശ്രമിക്കുക പോലും ചെയ്യാതെ ഉറക്കച്ചടവില്‍ തന്നെ മേക്കപ്പ് ചെയ്തു. അഞ്ചരയ്ക്ക് സെറ്റിലെത്തി. രാത്രിയാകുമ്പൊഴേയ്ക്കും ചിത്രീകരണം അവസാനിച്ചു. വല്ലാത്ത സന്തോഷം തോന്നി വീണ്ടും മലയാളത്തില്‍ മുഖം കാണിക്കാന്‍ കഴിഞ്ഞതില്‍.

എന്നാല്‍, അതിലും വലിയ സന്തോഷം മുപ്പത് കൊല്ലത്തിനുശേഷം ദേവേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ്. ആരണ്യകത്തിന്റെ കാലത്തെ കാര്യങ്ങളൊക്കെ ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ നിറഞ്ഞുനില്‍പ്പുണ്ടായിരുന്നു. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയാണ് എനിക്ക് തോന്നുന്നത്. മറക്കാനാവാത്ത ദിവസങ്ങളായിരുന്നു. അന്ന് ഷൂട്ടിങ് ദിവസങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍. പുതുക്കക്കാരിയായ എന്നെ അന്ന് ഒരുപാട് കളിയാക്കാറുണ്ടായിരുന്നു ദേവേട്ടന്‍. ചിത്രീകരണ സമയത്ത് എന്ത് സാഹസത്തിനും തയ്യാറായിരുന്നു ഞാന്‍. സംവിധായകന്റെ ഏത് നിര്‍ദേശവും മടി കൂടാതെ അനുസരിക്കും. വയനാട്ടിലെ ഒരു കാട്ടിലായിരുന്നു ഷൂട്ടിങ്. നിറയെ അപകടകാരികളായ പാമ്പുകളുള്ള കാട്. ചിത്രീകരണത്തിനിടെ എന്നും കാണാം പാമ്പുകളെ. ഇടയ്ക്ക് സംവിധായകന്‍ ഹരന്‍ സര്‍ പറയും വെള്ളച്ചാട്ടത്തിലേയ്ക്ക് ചാടാന്‍. വഴുവഴുപ്പുള്ള പാറയിലൂടെ നടക്കാന്‍. ചിലപ്പോള്‍ പൂപ്പല്‍ പിടിച്ച മരപ്പാലത്തിലൂടെ ഓടണം.... എന്തിനും തയ്യാറായിരുന്നു ഞാന്‍. മലമുകളില്‍ നിന്ന് എടുത്തു ചാടാന്‍ പറഞ്ഞാലും റെഡി. ഒന്നിനും മടി കാണിച്ചില്ല. ഒരു എതിര്‍പ്പും പറയില്ല. ഇത് കണ്ട് ദേവേട്ടന്‍ കളിയാക്കും.

ഒരിക്കല്‍ ഹരന്‍ സര്‍ ഷൂട്ടിങ്ങിനിടെ സലീമാ... എന്ന് നീട്ടി വിളിച്ചു. ഉടനെ വന്നു ദേവേട്ടന്റെ മറുപടി. യെസ് സര്‍..... ഞാന്‍ സലീമയെ അല്ലെ വിളിച്ചത് എന്നായി ഹരന്‍ സര്‍. സര്‍ എന്തു പറഞ്ഞാലും സലീമ റെഡിയാണല്ലോ എന്ന് ദേവേട്ടന്‍. പൊട്ടിച്ചിരിയില്‍ മുങ്ങിപ്പോയി കാട്ടിലെ സെറ്റ് ഒന്നടങ്കം. പിന്നെ യെസ് സര്‍ എന്നു പറഞ്ഞ് കളിയാക്കിക്കൊണ്ടേയിരുന്നു ദേവേട്ടന്‍. സെറ്റില്‍ ഈ യെസ് സര്‍ എന്റെ പേരു തന്നെയായി മാറി പിന്നെ. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് മടങ്ങുമ്പോള്‍ വലിയ സങ്കടമായിരുന്നു ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും'-സലീമ പറഞ്ഞു.

munthiri monju
മുന്തിരി മൊഞ്ചനിൽ നിന്നുള്ള രംഗം

ദേവന്റെ മനസ്സിലും ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട് അന്നത്തെ ആ കാലം. നല്ല ചുറുചുറുക്കുളള ഒരു കുട്ടിയായിരുന്നു അന്ന് സലീമയെന്ന് ഓര്‍ക്കുന്നു ദേവന്‍. 'സെറ്റില്‍ വളരെ ഊര്‍ജസ്വലയായിരുന്നു. നല്ലവണ്ണം ആസ്വദിച്ചാണ് ഞങ്ങള്‍ കോമ്പിനേഷന്‍ സീനുകളെല്ലാം ചെയ്തത്. ഹൃദയസ്പര്‍ശിയായിരുന്നു ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച രംഗങ്ങള്‍.

പിന്നെ സലീമയെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. പലരോടും അന്വേഷിച്ചിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്ന് പാട്ടൊക്കെ ചാനലുകളില്‍ കാണുമ്പോള്‍ സലീമയെയായിരുന്നു ഓര്‍മ വരിക. വര്‍ഷങ്ങള്‍ക്കുശേഷമാണ് കോഴിക്കോട്ടുവച്ചു കണ്ടത്. അന്നാണ് പരിചയം പതുക്കാനായത്. എന്നാല്‍, അതിനുശേഷം ഒന്നിച്ചൊരു സിനിമ ചെയ്യാനാവുമെന്ന് കരുതിയതേ ഇല്ല. വല്ലാത്തൊരു ത്രില്ലായിരുന്നു. സന്തോഷം തോന്നി അഭിനയിച്ചുകഴിഞ്ഞപ്പോള്‍. ആരണ്യകത്തില്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് ഇപ്പോഴും എനിക്കറിയില്ല. ഒരിക്കല്‍ ഹരിഹരന്‍ സര്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ഒരു രംഗമുണ്ട്. പോലീസ് വളഞ്ഞിരിക്കുകയാണ്, ഓടി രക്ഷപ്പെട്ടോളു എന്നു പറയുന്ന രംഗം. അപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ മനസ്സിലുള്ളത് എന്ത് വികാരമാണെന്ന് തനിക്കോ ആ കഥാപാത്രത്തെ യാഥാര്‍ഥ്യമാക്കിയ എം.ടി.ക്കോ അറിയില്ലെന്നായിരുന്നു ഹരന്‍ സര്‍ അന്ന് പറഞ്ഞത്. അത് സഹോദരസ്‌നേഹമാണോ, പ്രേമമാണോ, വെറും സൗഹൃദമാണോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് ഹരന്‍ സര്‍ പറഞ്ഞു. ഇന്നും അതാര്‍ക്കും അറിയില്ല. ഇതുകൊണ്ടാവാം മുന്തിരിമൊഞ്ചന്റെ അണിയറ പ്രവര്‍ത്തകര്‍ ഞങ്ങളെ തിരഞ്ഞുപിടിച്ച് വീണ്ടും ഭാര്യയും ഭര്‍ത്താവുമായി ഒന്നിപ്പിച്ചത്'-ദേവന്‍ പറഞ്ഞു.

പി.കെ.അശോകന്‍ നിര്‍മിക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രത്തില്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ താരമാണ് മനേഷ് കൃഷ്ണന്‍. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്നാണ്. 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത് ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരാണ്. സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

മാര്‍ച്ചില്‍ ചിത്രം തിയ്യറ്ററുകളില്‍ എത്തും. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, ദേവന്‍, സലീമാ, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlights: Saleema Devan Aranyakam MunthiriMonjan Hariharan MT Malayalam Movie Olichirikan Athmaavil