തുപോലൊരു ജൂണിലാണ് കഥയും കഥാപാത്രങ്ങളും ബാക്കിവച്ച് ലോഹിതദാസ് വിട്ടുപിരിഞ്ഞത്. വീണ്ടുമൊരു മഴക്കാലത്ത് സച്ചിയും കടന്നുപോകുന്നു. ചെയ്യാതെ ഉപേക്ഷിച്ച സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്ന് ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ എഴുതിയതിനെക്കാള്‍ എഴുതാനിരുന്ന എത്ര ഹിറ്റുകള്‍ ബാക്കിവച്ചാണ് സച്ചി പോകുന്നത്. ബുദ്ധിജീവി ജാഡകളില്ലാതെ സിനിമയുടെ വിജയഫോര്‍മുലയ്ക്ക് ഉതകുന്ന എഴുത്ത് നന്നായി വശമുണ്ടായിരുന്ന അപൂര്‍വ്വം തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു സച്ചി. എന്നും എപ്പോഴും പ്രേക്ഷകന്റെ അഭിരുചിക്കൊത്ത് സഞ്ചരിച്ച എഴുത്തുകാരന്‍. ന്യൂജനറേഷനും ഓള്‍ഡ് ജനറേഷനും ഒരുപോലെ കൈയടിച്ച കഥാമുഹൂര്‍ത്തങ്ങളുടെ അമരക്കാരന്‍. പുതുതലമുറക്കാരില്‍ പ്രണയവും നര്‍മ്മവും ആക്ഷനും എല്ലാം ചേര്‍ന്ന കൃത്യമായ രസക്കൂട്ടുകളുടെ സമ്മേളനമായിരുന്നു സച്ചിയുടെ തിരക്കഥകള്‍.

ഒരേ കഥാതന്തുവില്‍ (ഈഗോ)നിന്ന് ഒരേ സമയത്ത് രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് ഔന്നത്യത്തില്‍ നില്‍ക്കവെയാണ് നിനച്ചിരിക്കാതെയുള്ള മടക്കം. കാമ്പുള്ള എഴുത്തുകാര്‍ക്ക് പഞ്ഞമുള്ള മലയാള സിനിമയില്‍ മലയാളി വിശ്വാസം അര്‍പ്പിച്ച അപൂര്‍വ്വം തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു സച്ചി. ഓരോ സിനിമ കഴിയുമ്പോഴും ആ വിശ്വാസം കുറഞ്ഞില്ല. കൂടുകയായിരുന്നു. റണ്‍ ബേബി റണ്ണില്‍ നിന്ന് രാമലീലയിലേക്കും അവിടെ നിന്ന് ഡ്രൈവിങ് ലൈസന്‍സും കടന്ന് അയ്യപ്പന്റെയും കോശിയുടേയും അടുത്തേക്കുള്ള ദൂരം ആ വിശ്വാസം അരക്കിട്ടുറപ്പിച്ചു. ശ്യാം പുഷ്‌കരനേയും സച്ചിയേയും പോലെ പ്രേക്ഷകര്‍ വിശ്വസിച്ച തിരക്കഥാകൃത്തുക്കള്‍ വേറെയില്ല.

മികച്ച തിരക്കഥാകൃത്തുക്കളില്‍ പലരും നല്ല സംവിധായകരല്ല. തിരിച്ചും അങ്ങനെ തന്നെ. പ്രത്യേകിച്ച് മലയാള സിനിമയില്‍. സച്ചി ഇത് രണ്ടുമായിരുന്നു. ഒരേ സമയം നല്ല തിരക്കഥാകൃത്താകാനും നല്ല സംവിധായകനാകാനും കഴിഞ്ഞ അതുല്യ പ്രതിഭ. ആദ്യ സിനിമ പൂജയ്ക്ക് ശേഷം മുടങ്ങുക. അപ്രതീക്ഷിതമായി മറ്റൊരു സിനിമയിലൂടെ മേല്‍വിലാസം നേടുക. നടക്കാതെ പോയ ആദ്യ സിനിമ രണ്ടാമത്തെ സിനിമയായി സംഭവിക്കുക. ആദ്യമായി സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ പൂര്‍ണ തിരക്കഥ മോഷ്ടിക്കപ്പെടുക. കൊച്ചിയില്‍ നഷ്ടമായ തിരക്കഥ തിരുവനന്തപുരത്ത് നിന്ന് തിരിച്ചുകിട്ടുക. അത് സിനിമയാകുക വിജയം നേടുക. അങ്ങനെ സസ്‌പെന്‍സും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു സച്ചിയുടെ ഹ്രസ്വമായി സിനിമാ ജീവതവും.  വാണിജ്യസിനിമയുടെ അഭിവാജ്യഘടകമായ പേരായിരുന്നു സച്ചി. സേതുവിനൊപ്പം ആദ്യ സിനിമയായ ചോക്ലേറ്റായാലും തമാശയും പ്രണയവും നന്നായി ഇഴചേര്‍ത്ത മേയ്ക്ക്മാനും ചിരിയും ആകാംക്ഷയും നിറച്ച സീനിയേഴ്‌സ് എന്ന ത്രില്ലറായാലും തിരക്കഥയുടെ ബലമുള്ള വിജയങ്ങളായിരുന്നു. ഒറ്റയ്ക്ക് ഏഴ് ചിത്രങ്ങള്‍. സേതുവിനൊപ്പം അഞ്ച്. ആകെ ചെയ്ത 12 സിനിമകളില്‍ അതില്‍ എട്ടും ഹിറ്റുകള്‍. തഴക്കവും പഴക്കവും അനുഭവസമ്പത്തുമുള്ള പലര്‍ക്കും പിഴക്കുമ്പോഴാണ് സച്ചിയുടെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടേയിരുന്നത്.

ആഗ്രഹിച്ചത് സിനിമാപഠനമായിരുന്നു. പക്ഷേ നിയോഗം അഭിഭാഷകവൃത്തിയായിരുന്നു. എന്നിട്ടും വക്കീല്‍ കുപ്പായത്തില്‍ നിന്നും സച്ചി സേതുവിനെ കൂട്ടി സിനിമയുടെ വഴിയിലേക്ക് തന്നെ തിരിച്ചെത്തി. സേതുവിനൊപ്പമുള്ള ആദ്യ പകുതിയും സ്വതന്ത്രമായി എഴുതിത്തുടങ്ങിയ ശേഷമുള്ള രണ്ടാം പകുതിയും. സംവിധായകനായുള്ള ഇടവേളകളും നഷ്ടബോധമില്ലാത്ത സിനിമക്കാലമായിരുന്നു. ഓരോ സിനിമ കഴിയും തോറും മാറ്റുകൂടുന്ന സച്ചിയുടെ എഴുത്ത്. ഒരുപക്ഷേ അയ്യപ്പനും കോശിയും വിജയാരവം തീര്‍ക്കുമ്പോള്‍ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് സച്ചിയും മാറിത്തുടങ്ങുകയായിരുന്നു. തമിഴിലും തെലുങ്കിലും അടക്കം മറ്റ് ഭാഷകളിലേക്ക് ചിത്രത്തിന്റെ അവകാശത്തിനായി ചര്‍ച്ചനടക്കവേയാണ് കൊറോണയുടെ വരവും ടൈറ്റില്‍ മാത്രമാക്കി സച്ചിയും വിടപറയുന്നത്.

സിനിമയുടെ കൂടപ്പിറപ്പാണ് ഈഗോ. പക്ഷേ അത് തീരെയില്ലാത്ത തിരക്കഥാകൃത്തായിരുന്നു സച്ചി എന്ന് സിനിമക്കാര്‍ പറയുന്നു. പക്ഷേ ഈഗോ വിഷയമാക്കി ഒന്നല്ല രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം ഒരുക്കി. ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും. ഈ രണ്ട് ചിത്രങ്ങളുടേയും കഥാതന്തു ഈഗോയാണ്. കഥ വികസിച്ചപ്പോള്‍ രണ്ട് വ്യത്യസ്ത തലങ്ങളിലൂടെ രണ്ട് സിനിമയ്ക്കുള്ള കഥയും കഥാപാത്രങ്ങളും പിറന്നു. സ്വയം എഴുതി സംവിധാനം ചെയ്യുമ്പോഴും മറ്റ് സംവിധായകര്‍ക്കായി തിരക്കഥ എഴുതുന്നതിലും സച്ചിക്ക് ഈഗോ തടസ്സമായില്ല. സൗഹൃദങ്ങള്‍ക്ക് അധികം വേരോട്ടമില്ലാത്ത സിനിമാരംഗത്ത് സച്ചിയും ബിജുമേനോനും സുരേഷ് കൃഷ്ണയും അടങ്ങുന്ന സൗഹൃദസംഘം സജീവമായത്. കുറച്ചു ദിവസങ്ങള്‍ ഒന്നിച്ച് ചിലവഴിക്കാം ഒപ്പം ഒരു സിനിമയും ചേട്ടായീസ് എന്ന സിനിമയുണ്ടായത് ഇങ്ങനെയല്ലേ എന്ന് തോന്നും. തമാശയും ത്രില്ലറും ഒരുപോലെ വഴങ്ങുമായിരുന്നു സച്ചിക്ക്. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ് റണ്‍ ബേബി റണ്ണും രാമലീലയും ഷെര്‍ലക് ടോംസും ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രങ്ങളാണ്. രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും സമാസമം ചേര്‍ത്തവയായിരുന്നു റണ്‍ ബേബി റണ്ണും രാമലീലയിലും.

ഗുരുതരമായ ആരോപണത്തിലൂടെ നായകന്‍ പൊതുസമൂഹത്തില്‍ വില്ലനായി നില്‍ക്കുമ്പോളാണ് രാമലീല എന്ന സിനിമയുടെ വരവ്. എല്ലാ അര്‍ഥത്തിലും പരാജയസാധ്യത കൂടുതലുണ്ടായിട്ടും രാമലീല വന്‍വിജയമായത് തിരക്കഥയുടെ സൗന്ദര്യം കൊണ്ടായിരുന്നു. അനാര്‍ക്കലി യുവാക്കളെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരുടെയും മനംകവര്‍ന്ന പ്രണയ ചിത്രമായിരുന്നു. പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും കരിയറില്‍ പ്രധാന ചുവടുകളായി സച്ചിയുടെ സിനിമകള്‍. മഹേഷിന്റെ പ്രതികാരം പോലെ അടുക്കും ചിട്ടയുമുള്ള തിരക്കഥയും ഉജ്ജ്വലമായ സിനിമയുമായി അയ്യപ്പനും കോശിയും ആഘോഷിക്കപ്പെടുമ്പോള്‍, സച്ചിയുടെ സിനിമകള്‍ പോലെ ആ ജീവിതവും വല്ലാത്തൊരു ട്വിസ്റ്റില്‍ കര്‍ട്ടന്‍ വീഴുന്നു. സച്ചി സമ്മാനിച്ചതിനേക്കാള്‍ ഏറെ സമ്മാനിക്കാനിരുന്ന സിനിമകളാണ് മലയാളിയുടെ നഷ്ടം. പ്രേക്ഷകന്റെ സങ്കടം. ട്വിസ്റ്റുകളില്ലാത്ത വിരാമം.

Content Highlights: Sachy KR Sachidanandan, Director, Script writer, Movies, Malayalam Cinema