'ബുദ്ധനും ഗാന്ധിയും വിചാരിച്ചിട്ട് നന്നാവാത്തവർ സിനിമ കണ്ട് നന്നാകില്ലെന്ന് എനിക്കുറപ്പുണ്ട്'


സൂരജ് സുകുമാരന്‍

ഞാന്‍ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് ക്ലാസെടുക്കാന്‍ വേണ്ടി ചെയ്ത സിനിമയല്ല രാമലീല

-

കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും സമം ചേര്‍ക്കാനറിയുന്ന നളനായിരുന്നു സച്ചി. സിനിമാ പഠനം സ്വപ്‌ന കണ്ടെങ്കിലും സച്ചിയെ ജീവിതം കറക്കിയെത്തിച്ചത് വക്കീല്‍ കുപ്പായത്തിലേക്കാണ്. നിയമം പഠിച്ച സച്ചി നിയമം വച്ചു തന്നെ സിനിമകളുണ്ടാക്കി. ക്യാമ്പസ്, പ്രണയം, സൗഹൃദം, ബാങ്കിങ്, സിനിമ, മാധ്യമം, രാഷ്ട്രീയം, നിയമം തുടങ്ങി മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളെയും തിരക്കഥകളില്‍ സമം ചേര്‍ത്തുവച്ചു. സച്ചിയുടെ ജീവിതത്തിലെ ചില കൗതുകങ്ങള്‍ പറഞ്ഞു തന്നത് അയ്യപ്പനും കോശിയുടെയും ചര്‍ച്ചകള്‍ക്കിടെ കോഴിക്കോട്ട് എത്തിയപ്പോഴാണ്. സംവിധാനം ചെയ്യാനിരുന്നു ആദ്യ സിനിമ ശ്രമം പരാജയപ്പെട്ടത് മുതല്‍ അനാര്‍ക്കലിയിലേക്കും രാമലീലയിലേക്കുള്ള വഴികളിലെ ഓര്‍മകള്‍ വരെ അതിലുണ്ടായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടുകളും സച്ചി തുറന്നുപറഞ്ഞു. ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

പ്രഖ്യാപനം കഴിഞ്ഞു, സിനിമ നടന്നില്ല

' ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റാണ് എന്റെ ആദ്യ തിരക്കഥ എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഞാനും സേതുവും കൂടി ആദ്യം എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ റോബിന്‍ ഹുഡിന്റേതായിരുന്നു. ഞാനും സേതുവും കൂടി റോബിന്‍ഹുഡ് സംവിധാനം ചെയ്യാനായിരുന്നു പദ്ധതി. അങ്ങനെ പൃഥ്വിരാജ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന താരനിരയില്‍ ചിത്രം കൊച്ചി താജില്‍ വച്ച് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അപ്പോള്‍ സംവിധായകരാകണം എന്നായിരുന്നു രണ്ടുപേരുടെയും മനസിലെ പ്രധാന ലക്ഷ്യം. അതിന് ശേഷം ഞങ്ങളുടെ പുതുമുഖ സംവിധായകരാണെന്ന കാരണം പറഞ്ഞ് വിതരണക്കാര്‍ പിന്മാറുകയും മറ്റ് ചില പ്രതിസന്ധികള്‍ വരികയും ചെയ്തതോടെ ആ ചിത്രം ഷൂട്ട് തുടങ്ങുന്നതിന് മുമ്പേ നിന്നു.

അത് ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയായിരുന്നു. അടുത്ത സുഹൃത്തും എഡിറ്ററുമായ രഞ്ജന്‍ എബ്രഹാമാണ് അന്ന് സഹായത്തിനെത്തിയത്. റോബിന്‍ഹുഡിന്റെ കഥ നമുക്ക് ജോഷി സാറിനെ കാണിക്കാമെന്ന് രഞ്ജന്‍ പറഞ്ഞു. അന്ന് ജന്മം എന്ന സിനിമയുടെ പണിപ്പുരയിലാണ് ജോഷി സാര്‍. ഞങ്ങള്‍ അവിടെ ചെന്ന് ജോഷി സാറിനെ കണ്ട് തിരക്കഥ കാണിച്ചു. ജന്മം കഴിഞ്ഞ ഉടന്‍ നമ്മളിത് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ജന്മം കഴിഞ്ഞ് ജോഷി സാര്‍ എത്താനായി കുറച്ച് താമസമെടുത്തു.

ഈയൊരു കാലഘട്ടത്തിനിടയിലാണ് ഷാഫിയെ ഞങ്ങള്‍ കാണുന്നത്. ഷാഫിയുടെ കസിനായ സാലി എന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണ്. ഞാനും സാലിയുമൊക്കെ ഒരുമിച്ചിരിക്കുന്ന ഒരു വൈകുന്നേര ചര്‍ച്ചക്കിടെയിലേക്ക് ആകസ്മികമായ ഷാഫിയും എത്തി. ചര്‍ച്ചകള്‍ പുരോഗമിച്ചു. 'എനിക്ക് പറ്റിയ വല്ല ത്രെഡുമുണ്ടോ..?' ഷാഫി ചോദിച്ചു. 'നിങ്ങള്‍ക്ക് ഹ്യൂമറല്ലേ താത്പര്യം?' ഞാന്‍ ചോദിച്ചു. കാരണം ജോഷി സാറിന്റെയും ഷാഫിയുടെയും ടേസ്റ്റ് രണ്ടാണ്.

സംവിധായകന്റെ അഭിരുചികള്‍ക്ക് ഇഷ്ടപ്പെടുന്ന തിരക്കഥ ഉണ്ടാക്കുക എന്നതാണല്ലോ തിരക്കഥാകൃത്തിന്റെ വിജയം. അങ്ങനെ ഞങ്ങള്‍ ചോക്ലേറ്റിന്റെ ആശയം ഷാഫിയുമായി പങ്കുവച്ചു. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് പഠിക്കാനായി എത്തുന്ന ഏക ആണ്‍കുട്ടി. അത് ഷാഫിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങള്‍ മൂന്നുമാസമിരുന്ന് ചോക്ലേറ്റിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. ക്ലാസ്‌മേറ്റ്‌സിന്റെ നിര്‍മാതാക്കള്‍ നിര്‍മാണമേറ്റെടുത്തു. ഉടന്‍ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. അതിന് പിന്നാലെ ജോഷി സാര്‍ ജന്മം എന്ന പടം പൂര്‍ത്തിയാക്കി റോബിന്‍ഹുഡ് ആരംഭിച്ചു. അങ്ങനെ ആദ്യ തിരക്കഥ രണ്ടാമത്തെ സിനിമയായി പുറത്തിറങ്ങി.

'ഹ്യൂമര്‍ വേണ്ടാ, സച്ചി പടം മതി'- ദിലീപ്

'എനിക്ക് തീരെ പരിചയമില്ലാത്ത ചെറുപ്പക്കാരനായിരുന്നു അരുണ്‍ഗോപി. അവന്‍ എന്റെ അടുത്ത് വന്ന് എന്റെ ആദ്യ സിനിമയ്ക്ക് ചേട്ടനൊരു തിരക്കഥ എഴുതിതരണമെന്ന് പറഞ്ഞു. അങ്ങനെ ഉള്ള ദുശാഠ്യങ്ങളൊന്നും വേണ്ട നല്ല തിരക്കഥ ആരും തന്നാലും സിനിമ ചെയ്യണം എന്ന് ഞാനവനോട് മറുപടി പറഞ്ഞു. കാരണം അന്നെനിക്ക് പൂര്‍ത്തിയാക്കാന്‍ വേറെ കുറച്ച് പറഞ്ഞുവെച്ച സിനിമകള്‍ ഉണ്ടായിരുന്നു. കൂടാതെ എനിക്ക് തൃപ്തിയാകാതെ ഒരു തിരക്കഥയും ഞാന്‍ ആരോടും പറയാറില്ല. ചിലപ്പോള്‍ അതിന് വര്‍ഷങ്ങളെടുക്കും. പക്ഷേ അവന്‍ എന്റെ തിരക്കഥയ്ക്കായി കാത്തിരുന്നു.

റണ്‍ ബേബി റണ്‍ സൂപ്പര്‍ഹിറ്റായതിന് ശേഷം ഒരു ചടങ്ങില്‍ വച്ച് ഞാന്‍ ദിലീപിനെ കണ്ടു. ' ഭായ് നമുക്ക് ഇതുപോലൊരു പടം ചെയ്യണം' ദിലീപ് അന്ന് എന്നോട് പറഞ്ഞു. ' ഇത് പോലെ ഒരു പടം എന്നു പറഞ്ഞാല്‍ ദിലീപേ, അത് നിങ്ങളുടെ ടേസ്റ്റിന് ഒക്കുമോ എന്നെനിക്കറിയില്ല. സിനിമ സീരിയസായിരിക്കും പതിവ് ദിലീപ് പടങ്ങളിലുള്ളത് പോലെ ഹ്യൂമര്‍ എലമെന്റുകള്‍ കുറവായിരിക്കും. കാരണം ഹാസ്യം എനിക്ക് വഴങ്ങാത്ത കാര്യമാണ്'. ഞാന്‍ മറുപടി നല്‍കി. 'ഹ്യൂമര്‍ വേണ്ടാ, നിങ്ങളുടെ ലൈനിലുള്ള പടം മതി' ദിലീപും വിട്ടില്ല. പുതിയ കഥയുടെ ആശയം വന്നാല്‍ ഞാന്‍ അറിയിക്കാം എന്ന് ദിലീപിനോട് പറഞ്ഞു.

നാലു വര്‍ഷത്തോളം ദിലീപ് എനിക്കായി കാത്തിരുന്നു. അതിന് ശേഷമാണ് രാമലീലയുടെ ആശയം കിട്ടുകയും ദിലീപിനോട് പറയുകയും ചെയ്യുന്നത്. അന്ന് ദിലീപ് മറ്റ് ചില പടങ്ങളുടെ തിരക്കിലാണ്. ' ഞാന്‍ എന്നാല്‍ അനാര്‍ക്കലി തീര്‍ത്തിട്ട് വരാം' എന്നുപറഞ്ഞു. അങ്ങനെ അനാര്‍ക്കലിക്ക് ശേഷമാണ് രാമലീല തുടങ്ങുന്നത്. ഡല്‍ഹി രാഷ്ട്രീയം വച്ചായിരുന്നു ആദ്യ രാമലീല എഴുതിയത്. അതിനായി കുറച്ച് ദിവസം ഡല്‍ഹിയില്‍ താമസിക്കുകയും പാര്‍ലമെന്റും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളും കാണുകയുമൊക്കെ ചെയ്തു. യുവ എംപി പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നത് ഓക്കെയായിരുന്നു ആദ്യ തിരക്കഥയില്‍. അത് കേട്ടപ്പോള്‍ ദിലീപ് ചോദിച്ചു ' അധിക പ്രസംഗമാകുമോ ?'.

തിരക്കഥ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്താണ് അതുവരെയുണ്ടായ ഡല്‍ഹി രാഷ്ട്രീയം മാറുന്നത്. പിന്നെ അത് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നുകയും അത് മാറ്റാനും തീരുമാനിച്ചു. ആ സമയത്താണ് കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. അപ്പോള്‍ അത് എടുത്ത് കേരള രാഷ്ട്രീയത്തെ ആധാരമാക്കി കഥ പറയാം എന്ന് തോന്നി. അല്ലാതെ ഞാന്‍ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് ക്ലാസെടുക്കാന്‍ വേണ്ടി ചെയ്ത സിനിമയല്ല രാമലീല. കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് അനുയോജ്യമായ ഒരു എലമെന്റ് കിട്ടി അത് നന്നായി ഉപയോഗിച്ചു. അത്രമാത്രം. അല്ലാതെ സിനിമയില്‍ കൂടി നല്ല സന്ദേശം നല്‍കുക എന്നതൊന്നും എനിക്ക് താത്പര്യമുള്ള കാര്യമല്ല. ബുദ്ധനും മഹാത്മാഗാന്ധിയും വിചാരിച്ച് നന്നാവാത്ത മനുഷ്യര്‍ നമ്മളുടെ സിനിമയിലെ സന്ദേശം കണ്ട് എന്തായാലും നന്നാകില്ലെന്ന് എനിക്കുറപ്പുണ്ട്. രാമലീല ഇറങ്ങിയപ്പോള്‍ ചിലര്‍ വിശേഷിപ്പിച്ചു രാഷ്ട്രീയ പറഞ്ഞ സിനിമ എന്നൊക്കെ. ഞാന്‍ രാമലീലയില്‍ രാഷ്ട്രയം പറഞ്ഞിട്ടില്ല പകരം രാഷ്ട്രീയം പശ്ചാത്തലമാക്കി എന്ന് മാത്രം.

എന്റെ രാഷ്ട്രീയം എന്താണെന്ന് ചോദിച്ചാല്‍ ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. പക്ഷേ ഒരു പാര്‍ട്ടിയുമായും ഞാന്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. കോളജ് കാലഘട്ടത്തില്‍ എസ് എഫ് ഐയിലും ഡിവൈഎഫ്‌ഐയിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഞാനൊരു നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് തിരിച്ചറിഞ്ഞ് പിന്മാറിയതാണ്. '


ക്ലൈമാക്‌സില്‍ തുടങ്ങിയ അനാര്‍ക്കലി

ചോക്ലേറ്റ് സിനിമ കഴിഞ്ഞിരിക്കുന്ന സമയത്ത് എന്റെ ഒരു സുഹൃത്തുമായി ലക്ഷദ്വീപിലെ കല്‍പേനി ദ്വീപില്‍ പോയി. കപ്പലിലാണ് പോയത്. അവന്‍ നാഷണല്‍ സാംപിള്‍ സര്‍വേയുടെ ജോയിന്റ് ഡയറക്ടറായിരുന്നു. അപ്പോള്‍ ആ സര്‍വേയുടെ ഭാഗമായി ദ്വീപിലേക്ക് പോകുമ്പോള്‍ ഒരാളെ അവന് കൂടെ കൂട്ടാം. അങ്ങനെയാണ് എനിക്ക് നറുക്ക് വീഴുന്നത്. ആറുദിവസം കഴിഞ്ഞ് തിരിച്ചുവരാനായിരുന്നു പദ്ധതി. ഞങ്ങള്‍ അവിടെയെത്തി നാല് ദിവസം കഴിഞ്ഞപ്പോള്‍ കടലിന്റെ സ്വഭാവം മാറി. അതോടെ കൊച്ചിയിലേക്കുള്ള കപ്പലിന്റെ ഷൊഡ്യൂളൊക്കെ മാറി. ഭയങ്കര അനിശ്ചിത്വത്തിലായി. അവിടെ പെട്ട്‌പ്പോയാല്‍ അത് നമ്മളില്‍ ഭയങ്കര ഡിപ്രഷനുണ്ടാകും. കാരണം ചെറിയൊരു ദ്വീപാണ്. ചുറ്റും കടലും. ജയലില്‍ പിടിച്ചിട്ട അവസ്ഥ. ഓരോ ദിവസവും ഞങ്ങള്‍ എപ്പോഴാണ് തിരികെ കപ്പല്‍ എന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല.

അപ്പോഴാണ് ഗവര്‍ണമെന്റ് ഹോസ്പിറ്റലില്‍ പോയി അന്വേഷിക്കാം എന്നവന്‍ പറഞ്ഞത്. കാരണം അടിയന്തര ചികിത്സസഹായം (മെഡിക്കല്‍ ഇവാക്യേഷന്‍ ബൈ എയര്‍) ആവശ്യമായ രോഗികളെ എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ട്. അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ചോദിച്ച് മനസിലാക്കി. മെഡിക്കല്‍ ഓഫീസറുടെ അനുമതി ഉണ്ടെങ്കിലാണ് മെഡിക്കല്‍ ഇവാക്യേഷന്‍ ബൈ എയര്‍ അനുവദിക്കുന്നത്. കവരത്തിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. ഇത് ഒരു സിനിമയുടെ ക്ലൈമാക്‌സ് ആണല്ലേ എന്നെനിക്ക് അപ്പോള്‍ തോന്നി. അങ്ങനെയാണ് ഞാന്‍ അനാര്‍ക്കലി ആലോചിച്ച് തുടങ്ങുന്നത്. ആ ക്ലൈമാക്‌സ് എനിക്ക് ലക്ഷദ്വീപ് പശ്ചാത്തലമാക്കി കഥയെഴുതിയാലേ ചിത്രീകരിക്കാനാകൂ എന്ന ചിന്തയില്‍ നിന്ന് ബാക്കിയെല്ലാം സംഭവിച്ചത്.

ക്ലൈമാക്‌സില്‍ നിന്ന് താഴേക്കാണ് ഞാന്‍ അനാര്‍ക്കലിയുടെ കഥയെഴുതിയത്. രാമു കാര്യാട്ടാന്റെ ദ്വീപ് എന്ന സിനിമയാണ് ഇതിനുമുമ്പ് ലക്ഷദ്വീപ് പശ്ചാത്തലമാക്കിയ സിനിമ. അത് മിനിക്കോയ് എന്ന ദ്വീപില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. മിനിക്കോയി മാലിദ്വീപിലെ ജീവിതവുമായി അടുത്തുകിടക്കുന്ന പ്രദേശമാണ്. അതിനാല്‍ യഥാര്‍ഥ ലക്ഷദ്വീപ് ജീവിതം അവിടെ കാണാനാകില്ല. മലപ്പുറത്തും നിന്നും കോഴിക്കോട്ടുമൊക്കെ യുദ്ധകാലത്ത് പലായനം ചെയ്തവരെ വച്ച് ഞാനൊരു പ്രണയകഥ ആലോചിച്ചിരുന്നു. അതിനെ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടപ്പോഴാണ് അനാര്‍ക്കലി ഒരു പ്രണയകഥയായി മാറിയത്.

ഷൂട്ട് തുടങ്ങാനായി അനുമതി കിട്ടാന്‍ ഏറെ പണിപ്പെട്ടു. അവസാനം അനുമതി കിട്ടിയപ്പോള്‍ ചിലര്‍ വീണ്ടും പ്രശ്‌നമുണ്ടാക്കിയ കാരണം അനുമതി കിട്ടി പിറ്റേ ദിവസം തന്നെ റദ്ദാക്കപ്പെട്ടു. എന്നാല്‍ അനുമതി റെഡിയായ ദിവസം തന്നെ ഞങ്ങള്‍ കപ്പലില്‍ മൊത്തം ക്രൂവുമായി പുറപ്പെട്ടിരുന്നു. യാത്രക്കിടയിലാണ് അനുമതി റദ്ദ് ചെയ്തതറിഞ്ഞത്. അതിവേഗം കേന്ദ്രതലത്തിലടക്കം പലവഴി ഇടപെടലുകള്‍ നടത്തിയാണ് വീണ്ടും അനുമതി നേടിയെടുത്തത്.
....................................................

Content Highlights : Sachy Interview Anarkkali, ramaleela, Ayyappanum koshiyum,chocolates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented