Justin Joseന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ വെള്ളിത്തിരയിലൂടെ നെഞ്ചിലേറ്റിയ ‘ബില്യൻ ഡ്രീംസ്‌’ ചിത്രത്തിൽ തൃശ്ശൂർകാർക്ക്‌ അഭിമാനിക്കാൻ ഒന്നുണ്ട്‌.  ബാഹുബലിയിലൂടെ ശബ്ദമിശ്രണത്തിന്റെ പുതിയ ചരിത്രമെഴുതിയ തൃശ്ശൂർകാരൻ ജസ്റ്റിൻ ജോസിന്റെ കൈയൊപ്പുകൂടിയാണ്‌ ആ ചിത്രം എന്നത്‌. സച്ചിന്റെ ജീവിതം സിനിമയാക്കുമ്പോൾ പ്രേക്ഷകരിൽ അത്‌ എന്തുപ്രതിഫലനമാണ്‌ സൃഷ്ടിക്കുകയെന്ന ആശങ്ക അണിയറ ശില്പികൾക്ക്‌ ഉണ്ടായിരുന്നു.  ചിത്രം കണ്ടുമടങ്ങുമ്പോൾ ജെസ്റ്റിന്റെ ശബ്ദമിശ്രണത്തിന്റെ മികവ്‌ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. രണ്ടര മണിക്കൂർ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ശബ്ദസാന്നിധ്യവും അണിയറയിലെ ശബ്ദമാധുര്യവും വേറിട്ടതായി. തൃശ്ശൂർ അവന്യൂ റോഡിൽ കാഞ്ഞിരപ്പറമ്പിൽ ജോസിന്റെയും ലിസിയുടെയും മകനാണ്‌ ജസ്റ്റിൻ. തൃശ്ശൂർ സെന്റ്‌ തോമസ്‌ കോളേജിൽനിന്ന്‌ ധനതത്ത്വശാസ്ത്രത്തിൽ ബിരുദം നേടി.  ചിയ്യാരം ചേതന സ്റ്റുഡിയോയിൽനിന്ന്‌ റെക്കോഡിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കരസ്ഥമാക്കി. ചേതന സ്റ്റുഡിയോ ഡയറക്ടർ അന്തരിച്ച ഫാ. പോൾ ആലങ്ങാട്ടുകാരന്റെ ശിക്ഷണത്തിൽ ഒരു വർഷം പരിശീലനം നേടി.

ഹാർമണി സംഗീതവിദ്യാലയത്തിൽ ഇലക്‌ട്രോണിക്സ്‌ കീബോർഡ്‌ പഠിച്ച്‌ ലണ്ടനിലെ ട്രിനിറ്റി കോളേജിൽനിന്ന്‌ ഫോർത്ത്‌ ഗ്രേഡ്‌ ലഭിച്ചു.ഗോപീസുന്ദർ, അലി അക്‌ബർ എന്നിവരുടെ കീഴിലും ശബ്ദമിശ്രണത്തിൽ കൂടുതൽ പ്രാവീണ്യംനേടി.  ഹിന്ദി, മറാത്തി, തമിഴ്‌, തെലുങ്ക്‌, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ 250ൽപരം ശബ്ദമിശ്രണ മികവ്‌ തെളിയിച്ചാണ്‌ മുന്നേറിയത്‌. മുംബൈനഗരത്തിൽ രാജ്‌കമൽ സ്റ്റുഡിയോ (ഫ്യൂച്ചർ വർക്ക്‌) യിലെ പ്രവേശനമാണ്‌ ലോകസിനിമയിലേക്കുള്ള പ്രവേശനത്തിന്‌ നിദാനമായത്‌. ദേശീയതലത്തിൽ ശബ്ദറെക്കോഡിങ്‌ നടത്താനും അതിനിടയിൽ സമയം കണ്ടെത്തി.  ബാജിറാവു മസ്താനിയാണ്‌ ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രം. ബോളിവുഡിൽ ഡോൾബി അറ്റ്‌മോസ്‌ ശബ്ദമിശ്രണം ‘മദ്രാസ്‌ കേഫ്‌’ എന്ന സിനിമയിലൂടെ തുടക്കമിട്ടത്‌ ജെസ്റ്റിൻ ജോസാണ്‌.  സ്റ്റാർഗിൽസ്‌ പുരസ്കാരം, തൃശ്ശൂർ അതിരൂപതാ യൂത്ത്‌ അവാർഡ്‌, 2015ൽ മികച്ച റെക്കോഡിസ്റ്റ്‌ പുരസ്കാരം തുടങ്ങി പത്തോളം അംഗീകാരങ്ങൾ സ്വന്തമായി.

ബാഹുബലിയുടെ ഒന്നാംഭാഗത്താണ്‌ ലോകം ജസ്റ്റിന്റെ ശബ്ദപരിചയ മികവ്‌ ശ്രദ്ധിച്ചത്‌. ബ്രിട്ടീഷ്‌കാരനായ ജെയിംസ്‌ എസ്‌കെയിൻ സംവിധാനം ചെയ്ത സച്ചിന്റെ ചിത്രത്തിൽ ഒരേയൊരു മലയാളി സാന്നിധ്യം ജസ്റ്റിന്റേതു മാത്രമാണ്‌. ഭാര്യ: ലിജിൻ. ഒരു വയസ്സ്‌ പ്രായമുള്ള മകനുമൊപ്പം മുംബൈയിലാണ്‌ ഇപ്പോൾ താമസം.  ക്രിക്കറ്റ്‌പ്രേമികളുടെ ഹൃദയത്തുടിപ്പിനെ പിടിച്ചുനിർത്തിയ സച്ചിൻ തെണ്ടുൽക്കർ എന്ന മഹാപ്രതിഭയുടെ ചിത്രത്തിനു ശബ്ദമിശ്രണത്തിൽ പങ്കാളിയായ സന്തോഷത്തിലാണ്‌ 37കാരനായ ജസ്റ്റിൻ ജോസ്‌.