മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കുവേണ്ടി നിർമിച്ച കപ്പലിന്റെ പശ്ചാത്തലത്തിൽ സാബു സിറിൽ | Photo:Shalu Peyad
ദൈവം മാത്രമാണ് സൃഷ്ടി നടത്താൻ കഴിവുള്ളയാൾ എന്നാണ് വിശ്വാസം. എന്നാൽ, സിനിമ കാണുന്ന ഇന്ത്യക്കാർ ദൈവത്തിനൊപ്പം ഒരു പേരുകൂടി സ്രഷ്ടാക്കളുടെ പട്ടികയിൽ ചേർക്കുന്നു: സാബു സിറിൽ. ഹോളിവുഡ് സിനിമകളിൽ കൂറ്റൻ കൊട്ടാരങ്ങൾ തകർന്നു വീഴുന്നതും ഇരമ്പിവരുന്ന കടൽ നഗരങ്ങളെ വിഴുങ്ങുന്നതും മലകൾ തീതുപ്പികൊണ്ട് പൊട്ടിത്തെറിക്കുന്നതും കണ്ട് വിസ്മയിച്ചുപോയവരായിരുന്നു ഒരു കാലത്ത് നമ്മുടെ നിർമാതാക്കളും സംവിധായകരും. സാങ്കേതികവിദ്യയുടെ പിൻബലത്തിൽ അതെല്ലാം ഇവിടെയും സാധിക്കുമെന്ന് തെളിയിച്ച ആർട്ട് ഡയറക്ടറാണ് സാബു. ‘ബാഹുബലി’യും ‘യന്തിരനും’ പോലുള്ള വലിയ സിനിമകളുടെ വിജയത്തിൽ ഈ മലയാളിയുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു. സാബു ഇല്ലെങ്കിൽ കുഞ്ഞാലിമരയ്ക്കാർ പോലൊരു സിനിമയെടുക്കാൻ ധൈര്യം വരില്ലായിരുന്നുവെന്ന, സംവിധായകൻ പ്രിയദർശന്റെ വെളിപ്പെടുത്തൽമാത്രംമതി ഈ കലാസംവിധായകന്റെ വലുപ്പമളക്കാൻ.
മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡത്തിലുമായി നൂറിലധികം സിനിമകൾ, അഞ്ഞൂറോളം പരസ്യചിത്രങ്ങൾ, ടെലിവിഷൻ സീരിയലുകൾ അങ്ങനെ മൂന്നുപതിറ്റാണ്ടായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനിൽക്കുന്ന സാബുതന്നെയാണ് ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ സാങ്കേതികവിദഗ്ധൻ. ഇതിനകം നാലുതവണ ദേശീയ സിനിമാ അവാർഡുകൾ നേടിയ സാബു ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ വാൽപ്പാറയിലാണെങ്കിലും വേരുകൾ കോഴിക്കോട്ടാണ്. അച്ഛൻ സിറിൽ ആർതറും അമ്മ സ്ലാൻസയും കോഴിക്കോട്ടുകാർ.
അമ്മവഴിയിൽ സിനിമാകുടുംബമാണ് സാബുവിന്റേത്. സംവിധായകനായിരുന്ന എ. വിൻസെന്റും ചില്ല്, സാവിത്രി തുടങ്ങിയ സിനിമകളിൽ നായകനായിരുന്ന റോണി വിൻസെന്റും സാബുവിന്റെ അമ്മാവൻമാരാണ്. ക്യാമറാമാൻമാരായ ജയാനൻ വിൻസെന്റും അജയൻ വിൻസെന്റും ശേഖർ വി. ജോസഫും പുതിയ തലമുറയിലെ അഭിനേതാവായ റോൺസൺ വിൻസെന്റുമെല്ലാം അടുത്ത ബന്ധുക്കളും. സിനിമയെയും ജീവിതത്തെയുംകുറിച്ച് സാബു സംസാരിക്കുന്നു.
കലാപാരമ്പര്യമുള്ള പശ്ചാത്തലമാണല്ലേ
=കോഴിക്കോട് വൈ.എം.സി.എ. റോഡിലായിരുന്നു അമ്മയുടെ അച്ഛൻ ജോർജ് വിൻസെന്റിന്റെ വീട്. മലബാറിലെത്തന്നെ ആദ്യത്തെ ഫൊട്ടോ സ്റ്റുഡിയോ ആയ ചിത്ര സ്റ്റുഡിയോ അമ്മച്ഛന്റേതായിരുന്നു. ഇറ്റലിക്കാരനായ ഫാ. വെർഗോട്ടിയുടെ ദത്തുപുത്രനായിരുന്നു അദ്ദേഹം. ഫാദറാണ് ഫൊട്ടോഗ്രഫി പഠിപ്പിച്ചതും സ്റ്റുഡിയോ എടുത്തുകൊടുത്തതുമെല്ലാം. കലാകാരനും ഫൊട്ടോഗ്രാഫറുമായിരുന്ന ജോർജിന്റെ മക്കളും പേരക്കുട്ടികളുമെല്ലാം ആ വഴിയിൽത്തന്നെ നീങ്ങി. എന്റെ അച്ഛന്റെ കുടുംബത്തിലും നിറയെ കലാകാരൻമാരാണ്. ഡാൻസർമാരും പാട്ടുകാരുമാണ് കൂടുതൽ. കസിൻസ് മിക്കവരും ഓർക്കസ്ട്ര, ഇൻസ്ട്രുമെന്റ്സ് ഒക്കെ പ്ലേചെയ്യുന്നവരാണ്. ഏഷ്യാനെറ്റിന്റെ ഡാൻസ് ഷോയിൽ ഒന്നാമതെത്തിയ ജോബിൻ എന്റെ കസിനാണ്. മരത്തിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നതിലും പെയ്ന്റിങ്ങിലുമൊക്കെയായിരുന്നു അച്ഛന്റെ താത്പര്യം. അദ്ദേഹത്തിന്റെ പത്തിലൊന്ന് പ്രതിഭയേ എനിക്കുള്ളൂവെന്ന് തോന്നിയിട്ടുണ്ട്.
ഞാൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും പ്രകൃതി രമണീയമായ വാൽപ്പാറയിലാണ്. അച്ഛൻ അവിടെ ചായ ഫാക്ടറിയിൽ സൂപ്പർവൈസറായിരുന്നു. എട്ടാംക്ലാസുവരെ അവിടത്തെ സ്കൂളിലായിരുന്നു പഠനം. പിന്നീട് കോയമ്പത്തൂരിലെ ലിസിയോ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറി. സ്കൂൾ പഠനശേഷം മെക്കാനിക്കൽ എൻജിനിയറിങ് പഠിക്കാനായിരുന്നു മോഹം. ആ സമയത്ത് കോയമ്പത്തൂരിൽ ടെക്സ്റ്റൈൽ റിസർച്ച് സെന്ററിൽ ഡിസൈൻ വരയ്ക്കാൻ പോവുമായിരുന്നു. ഞാൻ വരയ്ക്കുന്നതുകണ്ട് അവിടെയുള്ള ഒരാൾ മദ്രാസിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് കോളേജിൽ ചേരാൻ ഉപദേശിച്ചു. ഫൈൻ ആർട്സ് പഠന വിഷയമാണെന്നും അതുവഴി ജോലികിട്ടുമെന്നെല്ലാം മനസ്സിലാക്കിയത് അങ്ങനെയാണ്. 180 വർഷം പഴക്കമുള്ള കോളേജായിരുന്നു അത്. അവിടെ ചേരാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ അമ്മാവൻ വിൻസെന്റ് മാഷും പ്രോത്സാഹിപ്പിച്ചു. പക്ഷേ, വീട്ടിൽ അച്ഛൻ എതിർത്തു. കാശുതരില്ലെന്ന് പറഞ്ഞു. ഞാനന്ന് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. കോളേജിൽ ചേർന്ന ശേഷം ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുവേണ്ടി ബ്രോഷറുകളുംമറ്റും ഡിസൈൻ ചെയ്യുന്ന ജോലിയും കിട്ടി. അതുകൊണ്ടുതന്നെ പണത്തിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല.
സിനിമയിലേക്കെത്തിയത് എങ്ങനെയാണ്
=അമ്മാവനും കസിൻസും സിനിമയിലായിരുന്നുവെങ്കിലും എനിക്കതിൽ വലിയ താത്പര്യം തോന്നിയില്ല. കോളേജ് വിട്ടപ്പോൾ പരസ്യ ഏജൻസികളൊക്കെ നല്ല ശമ്പളത്തിൽ ജോലി ഓഫർ ചെയ്തിരുന്നു. എന്നാൽ, പോയില്ല. കാരണം, ആ സമയം ചില ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കുവേണ്ടിയൊക്കെ ഫ്രീലാൻസറായി ജോലിചെയ്ത് നല്ല തുക ലഭിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് 'അയ്യർ ദ ഗ്രേറ്റി'നു വേണ്ടി ജോലിചെയ്യാൻ സംവിധായകൻ ഭദ്രൻ വിളിക്കുന്നത്. അതിന്റെ ആർട്ട് ഡയറക്ടറായിരുന്ന രാജീവ് അഞ്ചൽ മറ്റൊരു പടത്തിന്റെ സംവിധായകനായി പോയതിനാൽ പകരക്കാരനായാണ് വിളിച്ചത്. ഞാൻ ചെന്ന് വർക്ക് പൂർത്തിയാക്കിക്കൊടുത്തു.
ഏഴുദിവസത്തെ ജോലിയാണെന്നു പറഞ്ഞാണ് വിളിച്ചത്. പക്ഷേ, അത് ഏഴുമാസംവരെ നീണ്ടു. പക്ഷേ, ആ ജോലി ഞാൻ ശരിക്കും ആസ്വദിച്ചു. പുലർച്ചെ സെറ്റിൽച്ചെന്ന് അർധരാത്രിവരെയൊക്കെ ജോലിചെയ്തു. അതിനുശേഷം സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ച ആദ്യസിനിമ ഭരതേട്ടന്റെ ‘അമരം’ ആണ്. അത് 27-ാം വയസ്സിലായിരുന്നു. അമരത്തിലേക്ക് ഒരു സ്രാവിനെ ഉണ്ടാക്കാനാണ് ഭരതേട്ടന്റെ മരുമകനായ കലാസംവിധായകൻ അശോക് എന്നെ വിളിച്ചത്. റക്സിനുംമറ്റും ഉപയോഗിച്ച് വായ തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്യാവുന്ന വലിയ സ്രാവിനെ ഉണ്ടാക്കി. അതുകണ്ടപ്പോൾ ഭരതേട്ടൻ പറഞ്ഞു, സിനിമയുടെ ബാക്കി ജോലിയും സാബുതന്നെ ചെയ്താൽമതിയെന്ന്. എനിക്ക് കലാസംവിധാനമൊന്നും അറിയില്ലെന്ന് ഞാനും പറഞ്ഞു. ഇങ്ങനെയൊരു സ്രാവിനെ ഉണ്ടാക്കാമെങ്കിൽ മറ്റുപണിയും നിനക്ക് പറ്റുമെന്നുപറഞ്ഞ് അദ്ദേഹം ധൈര്യംതന്നു. മികച്ച ചിത്രകാരൻകൂടിയായിരുന്ന അദ്ദേഹം മുമ്പ് സിനിമയിൽ കലാസംവിധായനായി പ്രവർത്തിച്ചയാളാണ്. ഭരതേട്ടൻ അന്ന് നൽകിയ പിന്തുണയാണ് എന്നെ ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. എന്റെ മെന്റർ എന്ന് ഭരതേട്ടനെ പറയാം.
സാബു സിനിമയിൽ ജോലിചെയ്തുതുടങ്ങിയകാലത്ത് ആർട്ട് ഡയറക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് പ്രൊഡക്ഷൻ ഡിസൈനർ എന്നായി മാറി. എന്താണ് ഈ മാറ്റത്തിന് കാരണം.
=കേവലം പേരിൽ സംഭവിച്ച ഒരു മാറ്റമല്ല ഇത്. ചെയ്യുന്ന ജോലിയിലും അതിന്റെ ശൈലിയിലും സാങ്കേതികവിദ്യയിലും സംഭവിച്ച മാറ്റമാണ്. ആർട്ട് ഡയറക്ടറുടെ ജോലി സെറ്റുണ്ടാക്കുക മാത്രമാണ്. ബ്രിട്ടീഷ് ശൈലി പിന്തുടർന്നാണ് നമ്മൾ അങ്ങനെയൊരു പേര് നൽകിയിരുന്നത്. പിന്നീട് കൂടുതൽ വലിയ സിനിമകൾ ഇവിടെ നിർമിക്കാൻ തുടങ്ങിയതോടെ ഹോളിവുഡ് സിനിമയുടെ രീതിയിലേക്ക് കാര്യങ്ങൾ മാറി. സെറ്റുണ്ടാക്കുന്ന ആർട്ട് ഡയറക്ടർ സിനിമയുടെ മൊത്തത്തിലുള്ള ഡിസൈൻ ഉണ്ടാക്കുന്ന പ്രൊഡക്ഷൻ ഡിസൈനറായി മാറി. അത് സിനിമയിലെ ദൃശ്യങ്ങളെത്തന്നെ രൂപകൽപ്പനചെയ്തെടുക്കുന്ന ജോലിയാണ്. സെറ്റ് മാത്രമല്ല ഓരോ സീനിലും ഉപയോഗിക്കുന്ന നിറങ്ങൾ, കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ, ഓരോ സീനിലും ഉപയോഗിക്കുന്ന വസ്തുക്കൾ ഇതെല്ലാം രൂപകൽപ്പന ചെയ്തെടുക്കണം. ഓരോ രംഗവും ഏത് ലൊക്കേഷനിൽ, ഏതുസമയത്ത് ഷൂട്ട് ചെയ്യണം എന്നെല്ലാം നിർണയിക്കണം. ബാഹുബലിയും മരയ്ക്കാറും പോലുള്ള വലിയ സിനിമകൾക്കാണ് ഇത്തരത്തിൽ പ്രൊഡക്ഷൻ ഡിസൈനറുടെ ആവശ്യം. പ്രൊഡക്ഷൻ ഡിസൈനറുടെ കീഴിൽ രണ്ടോ മൂന്നോ ആർട്ട് ഡയറക്ടർമാർ വേറെയുണ്ടാവും.
മരയ്ക്കാറും ബാഹുബലിയും പോലെ പഴയകാലത്തിന്റെ കഥപറയുന്ന സിനിമകളിൽ അക്കാലത്തെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവും പുനഃസൃഷ്ടിക്കുക എന്നത് ശ്രമകരമായ ജോലിയാവുമല്ലോ. അതിനുവേണ്ടിവരുന്ന പരിശ്രമങ്ങൾ എന്തൊക്കെയാണ്

=ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതുതൊട്ട് ഏറെ സൂക്ഷ്മതയും പരിശ്രമവുംവേണ്ട ജോലിയാണത്. വിശാലമായ ഏരിയയിൽ സെറ്റിടേണ്ടിവരും. പഴയകാലത്തെ കഥപറയുന്ന സിനിമയാണെങ്കിൽ ആ നൂറ്റാണ്ടിൽ ആ പ്രദേശത്തെ ജീവിതരീതി, മനുഷ്യർ താമസിച്ചിരുന്ന കെട്ടിടങ്ങൾ, അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഉപയോഗിച്ച സാധനങ്ങൾ, അവരുടെ അഭിരുചി ഇതെല്ലാം മനസ്സിലാക്കാൻ വലിയ റിസർച്ച് വേണം. പുതിയ കാലത്തെ ഉപകരണങ്ങളോ മറ്റുകാര്യങ്ങളോ സീനുകളിൽ വരാതെ നോക്കണം. കാറിന്റെ ടയറിന്റെ പാടുപോലെ വല്ലതും ഇത്തരം സിനിമകളുടെ സെറ്റിൽ പെട്ടുപോയാൽ അത് തിരിച്ചറിഞ്ഞെന്നുവരും. അത്രയ്ക്ക് സൂക്ഷ്മമായി സിനിമകാണുന്ന പ്രേക്ഷകരാണ് നമ്മുടേതെന്ന കാര്യം മനസ്സിൽവേണം. സിനിമയിലെ കഥനടക്കുന്ന കാലത്തേക്ക് നമ്മൾ തിരിച്ചുപോവുകതന്നെ വേണ്ടിവരും. ഭാവിയിൽ നടക്കാനിരിക്കുന്ന കഥ സങ്കൽപ്പിച്ചാണ് സിനിമയെടുക്കുന്നതെങ്കിൽ അത്രയ്ക്ക് പേടിക്കാനില്ല. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ചില സാധനങ്ങൾ സീനിൽ പെട്ടുപോയാലും ന്യായീകരിക്കാനാവും.
വലിയ പണംമുടക്കി, ഒരുപാട് പരിശ്രമം കൊണ്ടാണ് ഇത്തരം സിനിമകളുടെ സെറ്റുകൾ പണിതീർക്കുന്നത്. ഷൂട്ട് കഴിഞ്ഞശേഷം അതെല്ലാം പൊളിച്ചുകളയേണ്ടി വരുമ്പോൾ ദുഃഖം തോന്നാറുണ്ടോ. അല്ലെങ്കിൽ കുറച്ചുകൂടി അധ്വാനിക്കേണ്ടിവന്നാലും ദീർഘകാലം നിലനിൽക്കുന്ന രീതിയിൽ സെറ്റ് നിർമിക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ
=സിനിമയ്ക്ക് സെറ്റുണ്ടാക്കുന്നത് ചെലവുകുറഞ്ഞ, അധികം ഈടുനിൽക്കാത്ത വസ്തുക്കൾ ഉപയോഗിച്ചാണ്. അവ പൊളിച്ചുമാറ്റി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ സൂക്ഷിച്ചുവെക്കും. മറിച്ച് ദീർഘകാലം നിലനിൽക്കുന്ന കെട്ടിടങ്ങളുംമറ്റും ഉണ്ടാക്കണമെങ്കിൽ വലിയ ചെലവുവരും. എന്നാൽ, എല്ലാകാലത്തും നിലനിൽക്കുന്ന ചില കൊട്ടാരങ്ങളുംമറ്റും ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. അതൊരു സ്വപ്നമാണ്. കുന്നക്കുടിയെപ്പോലെ ചിലർ നമ്മുടെ സെറ്റിൽ വന്ന് നല്ല വാക്കുകൾ പറയുമ്പോൾ തീർച്ചയായും അങ്ങനെ ചിന്തിച്ചുപോവുമല്ലോ. കോഴിക്കോട് വളയനാട് ക്ഷേത്രത്തിനുമുന്നിലായി ‘അദ്വൈതം’ സിനിമയ്ക്കായി ഒരു ക്ഷേത്രത്തിന്റെതന്നെ സെറ്റിട്ടിരുന്നു. അങ്ങോട്ടുവന്ന വിദ്യാമ്മ (അന്തരിച്ച നടി ശ്രീവിദ്യ) അകത്തേക്ക് കയറുംമുമ്പ് ചെരിപ്പഴിച്ചുവെക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു. സെറ്റല്ലേ, ചെരിപ്പിട്ട് കയറിക്കോളൂയെന്ന്. അപ്പോൾ അവർ പറഞ്ഞു, ഇത് അമ്പലംതന്നെയാണെന്ന്. ഇതുപോലെ ഫീൽനൽകുന്ന ഒരു സെറ്റ് കണ്ടിട്ടില്ല എന്നുപറഞ്ഞ് തിക്കുറിശ്ശിയും എന്നെ വിളിച്ച് അഭിനന്ദിച്ചു.
കര്‍ണാടിക് സംഗീതത്തിലെ ലോകപ്രസിദ്ധനായ വയലിനിസ്റ്റായിരുന്ന കുന്നക്കുടി വൈദ്യനാഥന് ഒരിക്കല്‍ ചെന്നൈ നഗരത്തില്‍ ത്യാഗരാജ സംഗീതോത്സവത്തിന്റെ വേദികണ്ട് തരിച്ചുനിന്നുപോയിട്ടുണ്ട്. തഞ്ചാവൂരിനടുത്ത തിരുവയ്യാറില്‍ നടക്കുന്ന ത്യാഗരാജ ആരാധനയുടെ വേദിയെങ്ങനെ ചെന്നൈയില്‍ കാലംതെറ്റി പ്രത്യക്ഷപ്പെട്ടുവെന്നതായിരുന്നു അദ്ദേഹത്തിന്റെ അദ്ഭുതത്തിന് അടിസ്ഥാനം. അന്വേഷിച്ചപ്പോള്‍ അത് സിനിമയ്ക്കുവേണ്ടി ഒരുക്കിയ സെറ്റാണെന്ന് ആരോ പറഞ്ഞു. അങ്ങനെയാണെങ്കില്‍ അതിന്റെ സ്രഷ്ടാവിനെ കാണണമെന്നായി കുന്നക്കുടി. സെറ്റുണ്ടാക്കിയ ആര്‍ട്ട് ഡയറക്ടറെത്തിയപ്പോള് അദ്ദേഹം ചോദിച്ചു, അവിടെയുണ്ടായിരുന്ന ത്യാഗരാജപ്രതിമയില് ഒരു പൂജനടത്താന്‍ അനുവദിക്കുമോയെന്ന്. സിനിമാസെറ്റാണെന്നും പൂജനടത്താനുള്ള പവിത്രത അതിനില്ലെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം പിന്മാറിയെങ്കിലും താത്പര്യത്തോടെ ആ സെറ്റുമുഴുവന്‍ നടന്നുകണ്ടു. 2004-ല്‍ 'അന്യന്' എന്ന തമിഴ് സിനിമയ്ക്കുവേണ്ടി ഒരുക്കിയ സെറ്റിലായിരുന്നു ഈ സംഭവം നടന്നത്. കുന്നക്കുടിയെ വിസ്മയിപ്പിച്ച ആ സെറ്റ് ഒരുക്കിയതാവട്ടെ ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ പ്രൊഡക്ഷന്‍ ഡിസൈനറായി മാറിയ സാബു സിറിലും.
=അങ്ങനെയാവണം. അതിനായി ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ‘പവിത്രം’ എന്ന സിനിമയ്ക്കായി ആശുപത്രിയുടെ സെറ്റിട്ടിരുന്നത് കല്യാണങ്ങൾ നടത്തുന്ന ഒരു ഹാളിലായിരുന്നു. സിനിമ പൂർത്തിയായശേഷം മോഹൻലാൽ പറഞ്ഞു, കല്യാണമണ്ഡപമാണെങ്കിലും ഇവിടെ മൊത്തത്തിൽ ആശുപത്രിയുടെ ഫീൽ ഉണ്ടായിരുന്നുവെന്ന്. സത്യത്തിൽ അങ്ങനെ അനുഭവപ്പെടാൻവേണ്ടി പലയിടത്തും സ്പിരിറ്റും ഫിനോയിലുമെല്ലാം ഞാൻ ഒഴിച്ചുവെച്ചിരുന്നു. അതിന്റെയൊക്കെ മണമാണ് ആശുപത്രിയുടെ അനുഭവമുണ്ടാക്കിയത്.
ബാഹുബലിയാവുമല്ലേ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ട്
=ബാഹുബലി രണ്ടുഭാഗവുംകൂടി പൂർത്തിയാക്കാൻ അഞ്ചുവർഷം വേണ്ടിവന്നു. മഹിഷ്മതി സാമ്രാജ്യത്തിന്റെ വലിയ സെറ്റിൽ ഷൂട്ട് ചെയ്യേണ്ടിയിരുന്ന രണ്ടുസിനിമയിലെ ഭാഗങ്ങളും ഒരുമിച്ച് എടുക്കുകയായിരുന്നു. പ്രഭാസ് തലവെട്ടുന്ന രംഗമുൾപ്പെടെയുള്ള 75 ശതമാനം രംഗങ്ങളും ആദ്യഘട്ടത്തിൽത്തന്നെ, ഷൂട്ട് ചെയ്തു. പിന്നെ, ആദ്യ സിനിമ റിലീസ് ചെയ്യേണ്ട സമയമായപ്പോൾ ഷൂട്ടിങ് നിർത്തി. അത് റിലീസ്ചെയ്തശേഷം വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു. കംപ്യൂട്ടർ ഗ്രാഫിക്സിന്റെ അനന്തസാധ്യതകൾ പരീക്ഷിച്ച സിനിമയാണത്. ഏറെ ബുദ്ധിമുട്ടിയാണ് ചെയ്തത്. അഞ്ചുവർഷം നീണ്ട ആ കാലയളവ് കുടുംബംപോലെ ഞങ്ങൾ ശരിക്കും ആസ്വദിച്ചു. രാജമൗലിയുടെ അടുത്ത പടമായ ആർ. ആർ. ആറും ഞാൻതന്നെയാണ് ചെയ്യുന്നത്. അതും വലിയ പ്രോജക്ടാണ്. തുടർച്ചയായ വലിയ പ്രോജക്ടുകൾ കാരണം ഞാൻ ഏഴുവർഷമായി ഹൈദരാബാദിൽത്തന്നെയാണ് താമസിക്കുന്നത്.
ഗ്രാഫിക് ഡിസൈനിങ്ങിലും മറ്റും സങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത് അല്ലേ
=ടെക്നോളജി മാറിക്കൊണ്ടേയിരിക്കും. അതുമായി ഇണങ്ങിച്ചേരുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവരേ നിലനില്ക്കുകയുള്ളൂ. നമ്മൾ സ്വയം അഡാപ്റ്റ് ചെയ്തുകൊണ്ടിരിക്കണം. ഇപ്പോൾ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കയാണ്. കൂറ്റൻ സെറ്റുകൾ ഉണ്ടാക്കുന്നതിനുപകരം വലിയ എൽ.ഇ.ഡി. വാളുകൾ ഉപയോഗിച്ച് സീനുകൾക്ക് ആവശ്യമായ പശ്ചാത്തലം പ്രൊജക്ട് ചെയ്ത് ഷൂട്ട് ചെയ്യുന്ന രീതി ഹോളിവുഡിലൊക്കെ തുടങ്ങിക്കഴിഞ്ഞു. എൽ.ഇ.ഡി. വാളിലേക്ക് ആവശ്യമായ രംഗങ്ങൾ പുറത്തൊക്കെ പോയി നാല് ക്യാമറവെച്ച് ഷൂട്ടുചെയ്ത് അതിൽ വർക്ക് ചെയ്ത് കാണിക്കും. ത്രിഡി സ്റ്റൈലിലാണത് ചെയ്യുന്നത്. അതിൽ ലൈറ്റിങ് ഒക്കെ പിന്നെയും കറക്ട് ചെയ്യാനുമാവും. നമ്മൾ ഇപ്പോൾ സ്റ്റേജ് പ്രോഗ്രാമിലൊക്കെ ചെയ്യുന്നതിന്റെ കുറെകൂടി മെച്ചപ്പെട്ട ടെക്നോളജിയാണിത്. ഒരുപാട് ലൊക്കേഷനിലെല്ലാംപോയി ഷൂട്ടുചെയ്യേണ്ടി വരില്ല. പരമാവധി ഫ്ളോറിനുള്ളിൽത്തന്നെ സിനിമ ചെയ്യാം. കൊറോണ ഭീഷണിയൊക്കെ അവസാനിക്കുന്നതോടെ ഇന്ത്യയിലും അങ്ങനെ ഷൂട്ട് ചെയ്തുതുടങ്ങും. ടെക്നോളജിയെ നമ്മൾ പേടിക്കാനേ പാടില്ല. മറിച്ച് സിനിമയുടെ വിജയത്തിന് പരമാവധി ഉപയോഗിക്കാൻ പഠിക്കണം. സിനിമയുടെ ക്വാളിറ്റി മെച്ചപ്പെടുത്താൻ അതുകൊണ്ടുകഴിയും. സിനിമയിലെ ടെക്നീഷ്യൻസ് കാലത്തിനുമുമ്പേ സഞ്ചരിക്കാൻ പഠിക്കണം.
പ്രൊഡക്ഷൻ ഡിസൈനിങ് എന്നത് വലിയൊരു സംഘം ആളുകളുടെ സഹായത്തോടെ ചെയ്യുന്ന ജോലിയാണല്ലേ
=ഓരോയിടത്ത് ജോലിചെയ്യുമ്പോഴും വ്യത്യസ്തമായ ക്രൂവാണ് എനിക്കൊപ്പമുണ്ടാവുക. ഹൈദരാബാദിൽ സിനിമചെയ്യുമ്പോൾ ഒരു ടീം, മുംബൈയിൽ ചെയ്യുമ്പോൾ വേറെ ടീം. മലയാളത്തിൽ വേറൊന്നാവും. ക്രിയേറ്റിവിറ്റിക്കൊപ്പം മാനേജ്മെന്റ് സ്കില്ലും വേണ്ട ജോലിയാണിത്. താഴെത്തലംതൊട്ട് മേൽത്തട്ടുവരെയുള്ള ആളുകളെ മാനേജ്ചെയ്യാൻ കഴിയണം. ആർട്ടിസ്റ്റിനെയും ക്രാഫ്റ്റ്മാനെയും കൈകാര്യംചെയ്യുക എളുപ്പമുള്ള കാര്യമല്ല. പലതരം സ്വഭാവമുള്ള, ക്യാരക്ടറുള്ള ആളുകളുണ്ടാവും. അവരെ ഒരുമിച്ച് നിർത്തിയാലേ നല്ല റിസൽട്ട് ഉണ്ടാക്കാനാവൂ.
- കാലാപാനി (മലയാളം 1996)
- അശോക (ഹിന്ദി 2001)
- ഓം ശാന്തി ഓം (ഹിന്ദി 2007)
- യന്തിരന് (തമിഴ് 2010)
- ബാഹുബലി (തെലുങ്ക് 2015)
- മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം (മലയാളം 2020)
Content Highlights: Sabu Cyril Interview, production designer in Indian film industry, Marakkar: Arabikadalinte Simham, Baahubali, Bharathan Movies, Amaram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..