രമേശൻ നായർക്ക് നാലു വയസ്സുള്ളപ്പോഴാണ് സംഭവം... കന്യാകുമാരി ജില്ലയിലെ കൽക്കുളത്താണ് വീട്. കുടുംബത്തിലെ ആദ്യത്തെ ആൺകുട്ടിയാണ്. ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളാണ് വീട്ടിൽ. അതിനിടെ കുഞ്ഞു രമേശനെ ഒരു ഭിക്ഷക്കാരി തട്ടിക്കൊണ്ടുപോയത് ആരും അറിഞ്ഞില്ല. അൽപ്പം കഴിഞ്ഞ് വീട്ടിൽ കൂട്ടനിലവിളിയായി. അപ്പോഴാണ്, ഒരു ഭിക്ഷക്കാരി അതിലേ പോയ കാര്യം ജോലിക്കാരനായ ചെല്ലക്കണ്ണൻ ഓർത്തത്. പിന്നാലെ ഓടി.

ഒരു മൈൽ അകലെ ശരവിളയിലെ ഒരു കപ്പേളയുടെ മുന്നിൽ ഓടിത്തളർന്ന് ബോധമറ്റു കിടക്കുന്ന ഭിക്ഷക്കാരിയെ കണ്ടെത്തി. ഒന്നുമറിയാതെ കുട്ടി അടുത്തുണ്ട്. ഇവരെ കൂട്ടിയാണ് വീട്ടിലേക്ക് എത്തിയത്. അമ്മയാകാൻ സാധിക്കാത്തതിനാലാണ് കുട്ടിയെ കണ്ടപ്പോൾ എടുത്തുകൊണ്ടുപോയതെന്നും ക്ഷമിക്കണമെന്നും അവർ കരഞ്ഞുപറഞ്ഞു. അവർക്ക് ഓണസദ്യയും കൊടുത്താണ് വിട്ടത്... ഈ കഥ പറഞ്ഞ് രമേശൻ നായർ ചിരിക്കുന്നു. ജീവിതം തന്നെ ഈശ്വരന്റെ ഭിക്ഷയല്ലേ...? -അദ്ദേഹത്തിന്റെ ചോദ്യം.

ഉണർന്നിരിക്കുന്ന കവി

വെളുപ്പിനെ ഒരുമണിക്ക് രമേശൻ നായർ ഉണരും. ഉറക്കം രാത്രി ഒമ്പതിന്. കേവലം നാലു മണിക്കൂർ ഉറക്കം മാത്രം. പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ലെങ്കിൽ ഉച്ചയ്ക്ക് രണ്ടു മണിക്കൂർ ഉറങ്ങി കടം തീർക്കും. ഒരുമണിക്ക് എഴുന്നേറ്റ് തുടങ്ങിയത് ആകാശവാണിക്കാലത്താണ്. ‘ ചിലപ്പതികാര’ ത്തിന്റെ വിവർത്തനം നടക്കുന്ന കാലം. ജോലിയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകാൻ സമയം തികയുന്നില്ല. ഇതിന് കണ്ടെത്തിയ മാർഗമാണ് ഉറക്കം കുറയ്ക്കൽ. അത് ശീലമായി. നാൽപ്പത് വർഷത്തോളമായി തുടരുന്നു. സമൂഹം ഉറങ്ങുമ്പോൾ കവി ഉണർന്നിരിക്കണമല്ലോ...

എണീറ്റാൽ ആദ്യം വായനയാണ്. പുലർച്ചെ അഞ്ചുമണിക്ക് കൊച്ചി പുതുക്കലവട്ടത്തുള്ള വീടിന്റെ ബാൽക്കണിയിലെ എഴുത്തുപുരയിൽ അക്ഷരങ്ങളുമായി കൂട്ടുകൂടി എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കും. ‘ എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്രവിളക്കായി ഭാര്യ’ രമയും അടുത്തുണ്ടാകും. മകൻ, സംഗീത സംവിധായകൻ കൂടിയായ മനു രമേശൻ അടുത്തുതന്നെയാണ് താമസം. 12-ാം വയസ്സിൽ ‘ മലയാളരാജ്യ’ ത്തിലാണ് ആദ്യകവിത അച്ചടിച്ചുവന്നത്. ആ എഴുത്ത് അദ്ദേഹം ഇന്നും തുടരുന്നു.

മലയാളം പഠിക്കാൻ നാടുവിടൽ

1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്‌കരിച്ചപ്പോൾ രമേശൻ നായരുടെ നാടുൾപ്പെടുന്ന കന്യാകുമാരി തമിഴ്നാട്ടിലായി. എട്ടുവയസ്സുകാരന് മലയാളം പഠിക്കാനാണ് ഏറെയിഷ്ടം. സ്കൂളിൽ അതു തുടർന്നു. കോളേജിൽ അന്ന് മലയാളം ബി.എ. ഇല്ല. തിരുവനന്തപുരത്ത് അയച്ച് ബി.എ. മലയാളം പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി വീട്ടിലില്ല. നാഗർകോവിൽ എസ്.ടി. ഹിന്ദു കോളേജിൽ ഇക്കണോമിക്സ് മുഖ്യവിഷയമായി എടുത്ത് ബി.എ. പാസായി. രണ്ടാം ഭാഷയായി മലയാളം. കുറച്ചുകാലം പാരലൽ കോളേജിൽ. കുറച്ചുകാലം കല-സാഹിത്യ പ്രവർത്തനങ്ങളുമായി മദിരാശിയിലും ചെലവഴിച്ചു. എം.എ. മലയാളം പഠിക്കാനാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എത്തിയത്. 1972-ൽ പാസാകുമ്പോൾ കോളേജിന്റെ ചരിത്രത്തിലെ ആദ്യ റാങ്കായിരുന്നു അത്. തുടർന്ന് രണ്ടുവർഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. 1975-ൽ ആകാശവാണിയുടെ തൃശ്ശൂർ നിലയത്തിൽ സബ് എഡിറ്ററായി. തൊട്ടടുത്ത കസേരയിൽ സാക്ഷാൽ അക്കിത്തം. ഇതിൽപ്പരം ഭാഗ്യം വേറെയെന്തെന്ന് രമേശൻ നായർ. പത്തു വർഷത്തോളം ഒരുമിച്ചുള്ള ഔദ്യോഗിക ജീവിതത്തിനിടെ, അക്കിത്തം തന്റെ ഗുരുവായി തീർന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ആദ്യത്തെ വലിയ കവിത അച്ചടിച്ചു വന്നത് ‘ മാതൃഭൂമി’ യിലാണ്, ‘ താണിക്കുടത്തമ്മ’ . ആകാശവാണിക്കാലത്ത് നിരവധി കവിതാ സമാഹാരങ്ങൾ പുറത്തിറക്കി.

എം.ടി. ഓർത്തിരുന്നു, ആ പയ്യനെ

പവനൻ സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന കാലം... കൊല്ലങ്കോട് വെച്ച് അദ്ദേഹം ഒരു ക്യാമ്പ് സംഘടിപ്പിച്ചു. ഒരു ക്ലാസെടുക്കാൻ രമേശൻ നായരെയും ക്ഷണിച്ചു. അവിടെച്ചെന്ന അദ്ദേഹം ഞെട്ടി... കേൾക്കാൻ മുൻനിരയിൽ എം.ടി. വാസുദേവൻ നായർ, ജി. കുമാരപിള്ള, എസ്. ഗുപ്തൻ നായർ എന്നിവരൊക്കെയുണ്ട്. എങ്ങനെയൊക്കെയോ കുറേ സംസാരിച്ചു. പക്ഷേ, അതു കഴിഞ്ഞപ്പോൾ എം.ടി. അടുത്തുവന്നു: ‘ നന്നായിരുന്നു.’ മിതഭാഷിയായ എം.ടി.യിൽനിന്ന് കിട്ടിയ ആ അംഗീകാരം ഒരു ചെറുപ്പക്കാരനെ സംബന്ധിച്ച് വലിയ ബഹുമതിയായിരുന്നു.

‘ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടാകും’ എന്നു പറഞ്ഞാണ് എം.ടി. മടങ്ങിയത്. അത് എം.ടി. ഓർത്തിരുന്നു, പത്തു വർഷത്തിന് ശേഷവും. 1985-ൽ ‘ രംഗം’ എന്ന ഐ.വി. ശശിസിനിമയ്ക്ക് പാട്ടെഴുതാൻ എം.ടി. രമേശൻ നായരെ ക്ഷണിച്ചു. ഉടനടി മദ്രാസിൽ എത്തണം. ആദ്യമായി വിമാനം കയറി അവിടെയെത്തി. കെ.വി. മഹാദേവനാണ് സംഗീത സംവിധായകൻ. ‘ വനശ്രീ മുഖംനോക്കി വാൽക്കണ്ണെഴുതുമീ പനിനീർത്തടാകമൊരു പാനപാത്രം...’ എന്നെഴുതിയാണ് രമേശൻ നായർ പാട്ടെഴുത്തിന് ഹരിശ്രീ കുറിച്ചത്. പിന്നീട് എത്രയോ വർഷങ്ങളായി അദ്ദേഹത്തിന്റെ പാട്ടിന്റെ പനിനീർത്തടാകത്തിൽ മലയാളി നീന്തിത്തുടിക്കുന്നു. അറുനൂറിലധികം സിനിമാഗാനങ്ങൾ... മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ... ഗുരുവായൂരപ്പനെ സ്തുതിച്ചുമാത്രം ആയിരത്തിലധികം പാട്ടുകൾ... ഒരേ ബിംബത്തെ മാത്രം അടിസ്ഥാനമാക്കി ഇത്രയധികം പാട്ടെഴുതുന്നത് അപൂർവങ്ങളിൽ അപൂർവമാകും. കാർമുകിൽ നിറം, വെണ്ണ, ഓടക്കുഴൽ, രാധയും ഗോപികമാരും തുടങ്ങി പരിമിതമായ വിഭവങ്ങളുമായി ഇതിനു സാധിച്ചത് ഭഗവാന്റെ അനുഗ്രഹംകൊണ്ടു മാത്രമാണെന്ന് കവി വിശ്വസിക്കുന്നു.

കിണർവെള്ളം പോലെ മധുരം

രമേശൻ നായരെ അറിയാത്തവരും അദ്ദേഹത്തിന്റെ പാട്ട് ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും. അതിൽ ഏറ്റവും ഹിറ്റുകളിലൊന്ന് ‘ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ...’ എന്ന പാട്ടാണ്. നിഴൽപോലെ ഒപ്പമുള്ള ഭാര്യ രമയാണോ ഈ പാട്ടെഴുതിയപ്പോൾ മനസ്സിലുണ്ടായിരുന്നതെന്ന ചോദ്യത്തിന് ‘ ലോകത്തെ എല്ലാ ഭാര്യമാർക്കുമുള്ളതാണ് ആ ഗാനം’ എന്നായിരുന്നു മറുപടി.

വിദ്യാധരൻ മാഷും രമേശൻ നായരും ഒരു പാട്ടിലേ ഒന്നിച്ചിട്ടുള്ളൂ. ഏതൊരു മലയാളിക്കും ഗൃഹാതുരസ്മരണ ഉണർത്തുന്ന വരികൾ അദ്ദേഹം എഴുതിയപ്പോൾ അതിന് ഈണത്തിന്റെ ചന്ദനം ചാർത്തുകയാണ് വിദ്യാധരൻ മാഷ് ചെയ്തത്. ‘ ചന്ദനം മണക്കുന്ന പൂന്തോട്ടം...’ എന്നാരംഭിക്കുന്ന ഈ പാട്ടിൽ കവി ഇങ്ങനെ എഴുതുന്നു:

‘ മുറ്റത്തു കിണറ്റിൽ കുളിർവെള്ളത്തൊടു-
മുത്തും പളുങ്കും തോൽക്കേണം
കാലികൾ കുടമണിയാട്ടുന്ന തൊഴുത്തിൽ
കാലം വിടുപണി ചെയ്യേണം
സൗന്ദര്യം മേൽക്കൂര മേയുമീ വീട്ടിൽ
സൗഭാഗ്യം പിച്ചവെച്ചു നടക്കേണം...’

ഇളയരാജയ്ക്കു വേണ്ടി ‘ ഗുരു’ എന്ന സിനിമയിൽ എഴുതിയ ‘ ദേവസംഗീതം നീയല്ലേ...’ എന്ന ഗാനമാണ് ഏറ്റവും വെല്ലുവിളി ഉയർത്തിയതെന്ന് അദ്ദേഹം പറയുന്നു. നായകൻ അന്ധനാണ്. അയാൾ കാണാത്ത കാര്യങ്ങളെക്കുറിച്ച് ബിംബകൽപ്പനകൾ പാടില്ലല്ലോ. ശബ്ദം മാത്രം കേന്ദ്രീകരിച്ചാകണം പാട്ട്. രണ്ടുമൂന്നു ദിവസം ഇളയരാജയൊടൊപ്പമായിരുന്നു. മാജിക്കാണ് അങ്ങനെ പിറന്നത്. അനുപല്ലവി തുടങ്ങുന്നത് ഇങ്ങനെ:

‘ ഝിലുഝിലം സ്വരനൂപുരം
ദൂരശിഞ്ജിതം പൊഴിയുമ്പോൾ
ഉതിരുമീ മിഴിനീരിലെൻ
പ്രാണവിരഹവും അലിയുന്നു...’

ആ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും ആസ്വാദക മനസ്സിൽ ഒരു വേദന നിറയും. ‘ അനിയത്തിപ്രാവി’ ൽ അദ്ദേഹം തന്നെ എഴുതിയപോലുള്ള ‘ ചെറുതരി സുഖമുള്ള നോവ്...’ പ്രിയതമയെ തന്റെ ‘ പ്രാണനിലുയരും ഗാന’ മാണെന്നും ‘ ആത്മവിൽ ചിറകുകുടഞ്ഞ അഴകാ’ ണെന്നും ‘ ഓ... പ്രിയേ...’ എന്ന ഗാനത്തിൽ കവി വിശേഷിപ്പിക്കുന്നു.
‘ പ്രണയിനിയുടെ കണ്ണുകൾ ശലഭം വഴിമാറുന്നതാ’ ണെന്നും ‘ ചൊടികൾ ഇളനീർ പകരം തരുന്നതാ’ ണെന്നും മറ്റൊരു പാട്ടിൽ അദ്ദേഹം വാചാലനാകുന്നു.

ഇതേ കവിതന്നെ ആരാധകരെ ഭക്തിയുടെ പാരമ്യത്തിലും എത്തിക്കുന്നുണ്ട്. ഭക്തിഗാനങ്ങൾ പര്യായപദങ്ങളുടെ സമാഹാരമാകരുതെന്ന് രമേശൻ നായർക്ക് എന്നും നിർബന്ധമുണ്ടായിരുന്നു.

ഗണപതിഭഗവാനോട് അരവണപ്പായസം ഇങ്ങോട്ടു ചോദിച്ച കവിയാണ് അദ്ദേഹം. ‘ വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു...’ എന്ന ഗാനത്തിൽ ഇങ്ങനെയൊരു വരിയുണ്ട്. ‘ അരവണപ്പായസം ഉണ്ണുമ്പോൾ അതിൽനിന്നൊരു വറ്റ് നീ തരണേ...’ ഭക്തർക്ക് എന്തും നൽകുന്ന ഭഗവാനല്ലേ. നമുക്ക് ചോദിക്കാമല്ലോ എന്നാണ് രമേശൻ നായരുടെ മറുപടി.

‘ രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ...’ എന്ന പാട്ട് ഭക്തിഗാനം എന്ന അതിർത്തിവിട്ട് എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിച്ചതാണ്. ഈ ഗാനം ആദ്യമായി കേട്ടപ്പോൾ താൻ അനുഭവിച്ച ആനന്ദം ശ്രീകൃഷ്ണനെ പുണർന്ന ഗോപികമാർ പോലും അനുഭവിച്ചിട്ടുണ്ടാകുമോയെന്ന് സംശയമാണെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു.

ആയിരത്തിലധികം കൃഷ്ണഭക്തി ഗാനങ്ങൾ ഉണ്ടെങ്കിലും ആദ്യകാലത്തെഴുതിയ മിക്കതും നഷ്ടപ്പെട്ടുപോയി. പിന്നീട് നാനൂറോളം പാട്ടുകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചു. ‘ വനമാല’ , ‘ പുഷ്പാഞ്ജലി’ , ‘ മയിൽപ്പീലി’ എന്നിവ ആൽബങ്ങളിൽ ചിലതുമാത്രം.

നാടകവും നാടുകടത്തലും

ആദ്യം നാടുകടത്താൻ ശ്രമിച്ചത് ഭിക്ഷക്കാരിയായിരുന്നു. പിന്നീട് സ്വയം നാടുവിട്ട് കേരളത്തിന്റെ വിവിധ നഗരങ്ങളിൽ പാർത്തു. ഒടുവിലാണ് വിവാദ നാടുകടത്തൽ.

നാടകം തന്റെ മേഖലയല്ലാതിരുന്നിട്ടും ആകാശവാണിയിലെ ജോലിയുടെ ഭാഗമായാണ് ‘ ശതാഭിഷേകം’ എന്ന നാടകം എഴുതേണ്ടിവന്നത്. 1994-ലെ അഖില കേരള റേഡിയോ നാടകോത്സവത്തിന് അവതരിപ്പിക്കാനായിരുന്നു നാടകം.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയും മകൻ കെ. മുരളീധരനെയും പരിഹസിക്കുന്ന നാടകം വൻ ചർച്ചകൾക്ക് വഴിവെച്ചു. ‘ കിട്ടുമ്മാൻ’ , ‘ കിങ്ങിണിക്കുട്ടൻ’ എന്നീ കഥാപാത്രങ്ങളാണ് ചർച്ചയായത്. തുടർന്ന് അദ്ദേഹത്തെ ആൻഡമാനിലേക്ക് നാടുകടത്തി. പക്ഷേ, ജോലി രാജിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.

പിന്നീടൊരിക്കൽ ഒരു ഇന്റർവ്യൂവിൽ കരുണാകരനോട് ആരോ ചോദിച്ചു. ‘ താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള കൃഷ്ണഭക്തിഗാനം ഏതാണ്...?’ മറുപടി ഇങ്ങനെയായിരുന്നു: ‘ നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ...’ അത് രമേശൻ നായരുടെ പാട്ടാണ്. മറ്റൊരിക്കൽ ഗുരുവായൂരിൽവെച്ച് അദ്ദേഹത്തിന്റെ ഒരു സംഗീത ആൽബം പുറത്തിറക്കിയതും ലീഡർ തന്നെ. അത് രണ്ടുപേരുടെയും വലിപ്പം.

പുന:പ്രസിദ്ധീകരണം

Content Highlights: S Ramesan Nair Malayalam Lyricist Rememberance Movie Songs Devotional Songs