എസ് ജാനകി | ഫോട്ടോ: മാതൃഭൂമി
വായിൽ നിന്ന് പുറപ്പെടുന്നതല്ല ആ "വാ"; തൊണ്ടയിൽ നിന്നുമല്ല. ആത്മാവിന്റെ ആഴങ്ങളിൽ നിന്നാണെന്നു തോന്നും ചിലപ്പോൾ. തോന്നൽ മാത്രം. അത്തരം തോന്നലുകളാണല്ലോ ജീവിതത്തെ മതിമറന്നു സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
"വാസന്തപഞ്ചമിനാളിൽ" എന്ന പാട്ടിലെ ആദ്യാക്ഷരത്തിന് എസ് ജാനകി പകർന്നുനൽകിയ ഭാവസ്പർശം അനുഭവിച്ചു മതിവന്നിട്ടില്ല ഇനിയും. ആറു പതിറ്റാണ്ടുകൾക്കിപ്പുറവും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു സ്വപ്നതുല്യമായ ആ തുടക്കം. എസ് ജാനകി എന്ന സ്വരദേവതക്ക് നന്ദി.
ബാബുരാജുമായി ചേർന്ന് ജാനകിയമ്മ സൃഷ്ടിച്ച അനേകമനേകം അപൂർവ്വസുന്ദര ഭാവഗീതങ്ങളിൽ ഒന്ന്. ഭാസ്കരൻ മാഷിന്റെ വിഷാദമധുരമായ വരികളും അലോഷ്യസ് വിൻസന്റിന്റെ സംവിധാനമികവും ഭാസ്കർ റാവു -- പി എൻ സുന്ദരം സഖ്യത്തിന്റെ ബ്ളാക്ക് ആൻഡ് വൈറ്റ് ക്യാമറ ഫ്രെയിമുകളുടെ ഇന്ദ്രജാലവും കൂടി ചേരുമ്പോൾ കാത്തിരിപ്പിന്റെ അനശ്വര പ്രേമകുടീരമായി മാറുന്നു "ഭാർഗ്ഗവീനിലയ"ത്തിലെ ആ പാട്ട്. ഗാനലോകത്തെ താജ് മഹൽ.
മിക്ക ദിവസങ്ങളിലും കേൾക്കാറും കാണാറുമുണ്ട് ആ ഗാനം. ഇന്നും കേട്ടു. ഓരോ കേൾവിയും മനസ്സിൽ നിറയ്ക്കുക പുതുപുത്തൻ അനുഭൂതികൾ, കൗതുകങ്ങൾ. പല്ലവിയുടെ തുടക്കത്തിലെ വാസന്തപഞ്ചമിനാളിൽ എന്ന വാക്ക് പാട്ടിൽ പല ഘട്ടങ്ങളിലായി ആറു തവണ ആവർത്തിക്കുന്നുണ്ട് ജാനകി; ആറും വ്യത്യസ്ത രീതിയിൽ. ഏതാണ് ഏറ്റവും മനോഹരം എന്ന് നിർവചിക്കാൻ പറ്റില്ല നമുക്ക്. മനോധർമ്മ പ്രയോഗത്തിന്റെ ഒരു മായാലോകം.
കാൽ നൂറ്റാണ്ടു മുൻപത്തെ ആദ്യ കൂടിക്കാഴ്ചയിൽ, ചെന്നൈ നീലാങ്കരിയിലെ വീട്ടിലിരുന്ന് ആദ്യവരിയുടെ ആ "തനിയാവർത്തനങ്ങൾ" പകർന്നുതന്ന അനുഭൂതി പങ്കുവെച്ചപ്പോൾ കണ്ണുകൾ ചിമ്മി തൊഴുകൈയോടെ പ്രിയ സംഗീത സംവിധായകന് പ്രണാമം അർപ്പിച്ചു ജാനകിയമ്മ. "ബാബുരാജ് വിശ്വാസപൂർവ്വം അനുവദിച്ചുതന്ന സ്വാതന്ത്ര്യം ഞാൻ പ്രയോജനപ്പെടുത്തി എന്നേയുള്ളൂ.''-- ജാനകി പറയും. "പാടുമ്പോൾ സ്വാഭാവികമായി വന്നുചേരുന്നവയാണ് അത്തരം ഇംപ്രവൈസേഷനുകൾ. ബോധപൂർവം ചെയ്യുന്നതല്ല. ഭാഗ്യവശാൽ എന്റെ കുസൃതി കലർന്ന പരീക്ഷണങ്ങളൊക്കെ ചിരിച്ചുകൊണ്ട് അനുവദിച്ചുതരും ബാബുരാജ്. അതദ്ദേഹത്തിന്റെ വലിയ മനസ്സ്."
അതേ ഇരിപ്പിൽ വാസന്തപഞ്ചമിനാളിൽ എന്ന തുടക്കം പിന്നേയും പിന്നേയും പാടിക്കേൾപ്പിച്ചു തന്നു ജാനകിയമ്മ. ഓരോ തവണയും മനോധർമ്മത്തിന്റെ പൊന്നലുക്കുക്കൾ തുന്നിച്ചേർത്തുകൊണ്ട്. ദൈവമേ, ഇത്രയൂം വസന്തവും പഞ്ചമിയുമുണ്ടോ ഈ ലോകത്ത് എന്നോർത്ത് വിസ്മയിച്ചിരുന്നു ഞാനും ഒപ്പമുണ്ടായിരുന്ന ഗായകൻ എം എസ് നസീമും.
ബാബുരാജിന്റെ മിക്ക ഗാനങ്ങളിലുമുണ്ട് ജാനകിയുടെ ഈ സവിശേഷ മനോധർമ്മപ്രകടനം. കവിളത്തെ കണ്ണീർ കണ്ട്, അവിടുന്നെൻ ഗാനം കേൾക്കാൻ, തേടുന്നതാരെയീ ശൂന്യതയിൽ... എത്രയെത്ര ഉദാഹരണങ്ങൾ. "റെക്കോർഡിംഗ് കഴിഞ്ഞാൽ ബാബുരാജ് വോയിസ് ബൂത്തിൽ കടന്നുവരും. എങ്ങനെ ഇത്ര നന്നായി പാടാൻ കഴിയുന്നു എന്ന് ചോദിക്കും. നിങ്ങൾ ഇത്ര സുന്ദരമായ ഈണങ്ങൾ ഉണ്ടാക്കിവെച്ചാൽ ഞാൻ പിന്നെന്തു ചെയ്യും എന്നായിരിക്കും എന്റെ മറുപടി.'' അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിലെ താമരക്കുമ്പിളല്ലോ മമഹൃദയം എന്ന പാട്ട് പാടി റെക്കോർഡ് ചെയ്തതിന് പിന്നാലെ സ്റ്റുഡിയോ മുറിയിൽ ഓടിയെത്തി നിറകണ്ണുകളോടെ തൊഴുതുനിന്ന ബാബുരാജിന്റെ ചിത്രം ഇന്നുമുണ്ട് ജാനകിയുടെ ഓർമ്മയിൽ. "ആ കാലം ഇനി തിരിച്ചുവരില്ല എന്നോർക്കുമ്പോൾ ദുഃഖം. അത്തരം പാട്ടുകളും''-- ശബ്ദത്തിലെ നൊമ്പരം മറയ്ക്കാതെ ജാനകി പറയുന്നു.
ജാനകിയുടെ ആലാപന ശൈലിയുടെ ഈ മാന്ത്രികവശം ബുദ്ധിപൂർവം പ്രയോജനപ്പെടുത്തിയ വേറെയും സംഗീത ശില്പികളുണ്ട്. "സംഗീത സംവിധായകന്റെ സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് ഗാനത്തെ ഉയർത്താൻ കഴിവുള്ള ഗായികയാണ് ജാനകി'' എന്ന് പുകഴേന്തി. കൊച്ചനിയത്തി എന്ന സിനിമയിലെ സുന്ദരരാവിൽ ചന്ദനമുകിലിൽ എന്ന ഗാനത്തിന്റെ പല്ലവിയിലെ "അനുരാഗത്തിൻ ആദ്യ നൊമ്പരം" എന്ന വരിയ്ക്ക് ജാനകി പകർന്നു നൽകിയ ഭാവസ്പർശം അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്. "ആദ്യ" എന്ന രണ്ടക്ഷരങ്ങളിൽ അത്രയും പ്രണയം നിറച്ചുവെച്ച മറ്റൊരു ഗായികയുമുണ്ടാവില്ല.
സമാനമായ ഒരനുഭവം എ ടി ഉമ്മറും വിവരിച്ചു കേട്ടിട്ടുണ്ട് . സൂത്രക്കാരിയിലെ "എകാന്തതയിൽ ഒരാത്മാവ് മാത്രം'' എന്ന പാട്ടിന്റെ റെക്കോർഡിംഗ്. പാട്ടിന്റെ അവസാനം പല്ലവി ആവർത്തിക്കപ്പെടുന്ന ഭാഗത്ത് ഏകാന്തത എന്ന വാക്ക് കുറച്ചു കൂടി ഫീൽ കൊടുത്ത് അവതരിപ്പിക്കട്ടെ എന്നേ ജാനകി ചോദിച്ചുള്ളൂ . ഉമ്മറിന് പൂർണ്ണ സമ്മതം. "ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ ആ വാക്ക് അവർ ഉച്ചരിച്ചു കേട്ടപ്പോൾ കൺസോളിൽ ഇരുന്നു ശരിക്കും കരഞ്ഞുപോയി ഞാൻ.''
മാന്ത്രികമായ ഈ പകർന്നാട്ടത്തിന്റെ പൊരുളെന്തെന്ന് ചോദിച്ചുനോക്കിയിട്ടുണ്ട് പ്രിയഗായികയോട്. വരികൾക്കും വാക്കുകൾക്കും മാത്രമല്ല അക്ഷരങ്ങൾക്ക് പോലും അനുയോജ്യമായ ഭാവം ഞൊടിയിടയിൽ പകർന്നുനൽകാൻ എങ്ങനെ കഴിയുന്നു -- പാടുന്നത് മാതൃഭാഷയിൽ അല്ലാതിരുന്നിട്ടു പോലും?: "അറിയില്ല. എല്ലാം ഭഗവാൻ കൃഷ്ണന്റെ കൃപ.''-- തെന്നിന്ത്യയുടെ വാനമ്പാടി പറയും. "വരികൾ വായിച്ചുകേൾക്കുമ്പോഴേ പാട്ടിന് ഇണങ്ങുന്ന മൂഡ് മനസ്സിൽ വന്നു നിറഞ്ഞിരിക്കും. പിന്നീടു നടക്കുന്നതൊന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. പൊതുവെ ഇമോഷണൽ ആണ് ഞാൻ. ചിരിയും കരച്ചിലുമൊക്കെ പെട്ടെന്നാണ് പൊട്ടിപ്പുറപ്പെടുക; മായുന്നതും അതേ വേഗത്തിൽ തന്നെ. പാട്ടിനോട് നമ്മൾ ആത്മബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നീടെല്ലാം തനിയെ വന്നുകൊള്ളും. ധാരാളം സ്വാതന്ത്ര്യം അനുവദിക്കുന്ന സംഗീതസംവിധായകർ ആണെങ്കിൽ ആ ദൗത്യം കൂടുതൽ എളുപ്പമാകുമെന്നു മാത്രം....ബാബുരാജ്, പുകഴേന്തി, എ ടി ഉമ്മർ, ജോൺസൺ ഒക്കെ സ്നേഹപൂർവ്വം ആ സ്വാതന്ത്ര്യം അനുവദിച്ചവരാണ്..''
Content Highlights: s janaki's birthday special, songs of s janaki, vasantha panchami nalil song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..