ഓമ്പെച്ചിന് ഓമ്പെച്ചിന്.. കാസര്‍കോടന്‍ സ്ലാങ്ങില്‍ ഹിറ്റായി രോമാഞ്ചത്തിലെ കരിക്കുട്ടന്‍


അശ്വതി അനില്‍ | aswathyanil@mpp.co.in

സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ ഹിറ്റായതിന്റെ ആവേശത്തിനിടെ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് അഫ്‌സല്‍. 

രോമാഞ്ചം സിനിമയിൽ അഫ്സൽ

'ഡാ.. നീ ഹാന്‍സ് വെച്ചിട്ടുണ്ടോ? ഇല്ല !.. 'ഓമ്പെച്ചിന് ഓമ്പെച്ചിന്.. ഓമ്പെച്ചിന് നിരൂപാട്ടാ നോക്ക്..' തീയേറ്ററില്‍ കൂട്ടച്ചിരി പടര്‍ത്തിയ കാസര്‍കോടന്‍ സ്ലാങ്ങുമായി കരിക്കുട്ടന്‍ എന്ന കഥാപാത്രം രോമഞ്ചം സിനിമയില്‍ അഭിനയിച്ചു തകര്‍ക്കുകയാണ്. സ്വന്തം ഭാഷാശൈലി തന്നെ സിനിമയിലും കിട്ടിയ സന്തോഷം മറച്ചുവെക്കാതെ തുറന്നുപറയുകയാണ് കരിക്കുട്ടനെ സൂപ്പര്‍ ഹിറ്റാക്കിയ അഫ്‌സല്‍ പി.എച്ച് എന്ന കാസര്‍കോടുകാരന്‍. ജോലിക്കായി പ്രവാസലോകത്തെത്തിയിട്ടും സിനിമ തലയ്ക്ക് പിടിച്ച് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചതാണ് രോമാഞ്ചത്തിന് പിന്നിലെ അഫ്‌സലിന്റെ കഥ. സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ ഹിറ്റായതിന്റെ ആവേശത്തിനിടെ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് അഫ്‌സല്‍.

'നാട്ടിലെ ടെക്‌സ്‌റ്റൈല്‍സ്, ഗള്‍ഫിലെ ട്രാവല്‍സ്.. ഭാഗ്യം രോമാഞ്ചത്തില്‍'

നാട്ടില്‍ അല്ലറ ചില്ലറ ജോലികള്‍ക്കൊപ്പം സിനിമാപ്രാന്തുമായി നടന്നിരുന്ന ഒരാളായിരുന്നു ഞാന്‍. അഭിനയം തലയ്ക്ക് പിടിച്ച എല്ലാവരും ചെയ്യുന്ന പോലെ റീല്‍സില്‍ വീഡിയോസുമൊക്കെ ഇട്ട് എണ്ണം പറഞ്ഞ ലൈക്കുമൊക്കെ വാങ്ങി നടന്ന കാലം. ഏത് കാസ്റ്റിങ് കോള്‍ കണ്ടാലും അതിനൊക്കെ അപേക്ഷിച്ച് ചാന്‍സ് ചോദിച്ച് മെസേജ് അയച്ച് നടക്കലായിരുന്നു പ്രധാനപണി.സിനിമയ്ക്ക് പിന്നാലെ നടക്കുന്നതില്‍ വീട്ടില്‍ ആദ്യമൊക്കെ പ്രശ്‌നമായിരുന്നു. ഉപ്പയും ഉമ്മയും ഇക്കയുമെല്ലാം പൊതുവേ എതിര്‍പ്പ് പറഞ്ഞവരാണ്. പക്ഷെ സിനിമ ഇറങ്ങി എല്ലാവരും നല്ലത് പറയാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ക്കും സന്തോഷമായി. രാത്രി പത്ത് മണിയുടെ ഷോയ്ക്കാണ് വീട്ടുകാര്‍ പടം കാണാന്‍ പോയത്. സിനിമ കഴിഞ്ഞപ്പോഴേക്കും കൂട്ടുകാരെല്ലാം ചേര്‍ന്ന് പടക്കമൊക്കെ പൊട്ടിച്ച് കേക്ക് ഒക്കെ മുറിച്ച് വന്‍ ആഘോഷമാക്കി. അതൊക്കെ കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും സന്തോഷം. ഇനി അടുത്ത പടം ഏതാണ് എന്നൊക്കെ വീട്ടുകാര്‍ തന്നെ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.

റീല്‍സ് വഴി വന്ന ബമ്പര്‍

സിനിമയ്ക്ക് പിന്നാലെ നടന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ നില്‍ക്കുമ്പോഴാണ് വീട്ടുകാര്‍ എന്നെ ഗള്‍ഫിലേക്ക് പറഞ്ഞയക്കുന്നത്. നാട്ടിലൊരു മെന്‍സ്‌വെയര്‍ കടയും ഉണ്ടായിരുന്നു. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് നാടുവിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഗള്‍ഫില്‍ പോയി ഒരു ട്രാവല്‍സില്‍ ജോലിക്ക് കയറി. രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഇന്‍സ്റ്റഗ്രമില്‍ മെസേജ് വന്നത്. ഫേക്ക് ആണോ എന്നൊക്കെയായിരുന്നു ആദ്യം സംശയം. പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു നമ്പര്‍ വാങ്ങി സംവിധായകന്‍ വിളിച്ചുസംസാരിച്ചു. സ്‌ക്രിപ്റ്റും അയച്ചുതന്നു. സൗബിനിക്കയും അര്‍ജുന്‍ അശോകനുമൊക്കെ ഉള്ള പടമാണെന്നൊക്കെ കേട്ടപ്പോള്‍ ഫുള്‍ ത്രില്ലിലായി. സിനിമയില്‍ ഏഴ് നായകന്മാരാണ് ഉള്ളത് എന്നാണ് അന്ന് ജിത്തു ഏട്ടന്‍ പറഞ്ഞത്. എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ളതുകൊണ്ടാണ് ഏഴ് നായകന്മാര്‍ എന്ന് പറഞ്ഞത്. ഓഡിഷന്‍ എന്ന പോലെ ഒരു വീഡിയോ അയച്ചുകൊടുക്കാന്‍ പറഞ്ഞതുകൊണ്ട് അതും ചെയ്തു. അടിപൊളി എന്നായിരുന്നു അതിന് കിട്ടിയ മറുപടി. മുടി മുറിക്കേണ്ടെന്നും ബാക്കി കാര്യങ്ങള്‍ പിന്നെ അറിയിക്കാമെന്നും പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും വന്നില്ല. അപ്പോഴേക്കും എന്റെ വിസിറ്റിങ് വിസ കഴിയാറായിരുന്നു. കമ്പനി ബോസ് വിസ അടിക്കാനായി ഡോക്യുമെന്റ്‌സ് ഒക്കെ കൊടുക്കാന്‍ പറഞ്ഞതും അപ്പോഴായിരുന്നു. വിസ കിട്ടിയാല്‍ പിന്നെ രണ്ട് വര്‍ഷത്തേക്ക് നാട്ടിലേക്ക് ഒരു വരവുണ്ടാവില്ല. പെട്ടുപോയെന്ന് വിചാരിച്ചിരുന്നു, ഇക്കാര്യം പറഞ്ഞ് ജിത്തു ഏട്ടനെ വിളിച്ചപ്പോഴാണ് ഒന്നും നോക്കണ്ട, അഫ്‌സല്‍ സെലക്ടഡ് ആണ് ജോലി വിട്ടോ എന്നിട്ട് നാട്ടിലേക്ക് കയറിക്കോ എന്ന് പറഞ്ഞത്. കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നെങ്കിലും ഏട്ടനോട് ഇക്കാര്യം അവതരിപ്പിക്കലായിരുന്നു ടാസ്‌ക്. പക്ഷെ കാര്യം പറഞ്ഞപ്പോള്‍ എന്നെപ്പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇക്കാന്റെ പ്രതികരണം. ഈ ജോലി പോയാല്‍ വേറെയും ജോലി കിട്ടും എന്തായാലും സിനിമ ചെയ്യൂ എന്നാണ് ഇക്ക പറഞ്ഞത്. പിന്നെ ഒന്നും നോക്കീല, ബോസിനോട് പറഞ്ഞ് നേരെ നാട്ടിലേക്ക്.

കാസര്‍കോടന്‍ സ്ലാങ്ങില്‍ കോംപ്രമൈസില്ല

കാസര്‍കോട് മൊഗ്രാല്‍ പുത്തൂരാണ് എന്റെ നാട്. സിനിമയിലേക്ക് വിളിക്കുമ്പോള്‍ തന്നെ അവര്‍ പറഞ്ഞിരുന്നു കാസര്‍കോട്/ കണ്ണൂര്‍ സ്ലാങ്ങിലാണ് സംസാരിക്കേണ്ടതെന്ന്. ഭാഷ എനിക്കൊരു പ്രശ്‌നമല്ല, എന്റെ സ്വന്തം ശൈലിയല്ലേ, പക്ഷെ അവര്‍ ഉദ്ദേശിക്കണ പോലെ ചെയ്യാന്‍ എനിക്ക് കഴിയുമോ എന്നായിരുന്നു പേടി. ആ സ്ലാങ്ങില്‍ പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍ പിന്നെ ആ കാസര്‍കോട് ശൈലി തന്നെ മതിയെന്ന് സംവിധായകന്‍ പറഞ്ഞു. ചിലതൊന്നും മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല, ആ സ്ലാങ്ങിനൊരു ചിരി കിട്ടുമല്ലോ എന്നായിരുന്നു പറഞ്ഞത്.

മലയാള സിനിമയില്‍ പലതിലും കണ്ണൂര്‍-പയ്യന്നൂര്‍-കാഞ്ഞങ്ങാട് ശൈലിയൊക്കെ വന്നിട്ടുണ്ടെങ്കിലും പ്രോപ്പര്‍ കാസര്‍കോടന്‍ സ്ലാങ്ങ് അധികമില്ലല്ലോ. പല ഡയലോഗും ആദ്യം നല്ല മലയാളത്തില്‍ പറഞ്ഞുതരും, ഞാനത് എന്റെ സ്ലാങ്ങിലേക്കാക്കി പറയും. ഷൂട്ടിന്റെ ഇടയ്ക്ക് സൗബിന്‍ ഇക്കായും അര്‍ജുന്‍ അശോകന്‍ ചേട്ടനുമെല്ലാം നിന്റെ സ്ലാങ്ങ് കേള്‍ക്കാന്‍ നല്ല രസമുണ്ടല്ലോ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ കേള്‍ക്കുമ്പോഴുള്ള സന്തോഷമുണ്ടല്ലോ.. ! പിന്നെ നമ്മുടെ ഭാഷ സ്വന്തം നാട്ടിലെ തീയേറ്ററില്‍ ചങ്ങായിമാരൊപ്പം ഇരുന്ന കേള്‍ക്കുമ്പോഴുള്ള സുഖം.. അതൊന്നും പറഞ്ഞറിയിക്കാന്‍ കഴിയില്ല.

സൂപ്പര്‍ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ല

ഹൊറര്‍ കോമഡി മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഏരിയ ആയതുകൊണ്ട് അത് ക്ലിക്കാവുമോ എന്നൊക്കെയായിരുന്നു പലരുടേയും പേടി. പക്ഷെ സത്യത്തില്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ഇത് കുഴപ്പമില്ലാത്ത രീതിയില്‍ പോകും എന്ന് തോന്നിയിരുന്നു. പക്ഷെ സിനിമ ഇത്രയ്ക്ക് സൂപ്പര്‍ ഹിറ്റാവുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. പലരും വിളിച്ച് കുറേ ചിരിച്ചു എന്നൊക്കെ പറയുമ്പോഴൊക്കെ തോന്നുന്ന സന്തോഷത്തിനൊന്നും പകരം വെയ്ക്കാനില്ല. മിക്കയിടത്തും ഹൗസ് ഫുള്ളായി പടം ഓടുന്നു, സിനിമ കണ്ടവര്‍ തന്നെ രണ്ടാമതും കാണാന്‍ കേറി എന്നൊക്കെ പറയുമ്പോള്‍ അവാര്‍ഡ് കിട്ടിയ ഫീലാണ്.

സിനിമയില്‍ പലയിടത്തും ഞങ്ങള്‍ പേടിക്കുന്നത് കണ്ടാണ് പ്രേക്ഷകര്‍ ചിരിക്കുന്നത്. പേടിക്കുന്ന പോലെയാണ് അഭിനയിക്കുന്നതെങ്കിലും അതിന് മുന്‍പ് ഞങ്ങള്‍ ഒരു സെറ്റ് ചിരി കഴിഞ്ഞിട്ടുണ്ടാവും. പല സീനും ചെയ്യുന്നതിനിടെ ഞങ്ങള്‍ കണ്‍ട്രോള്‍ ഇല്ലാതെ ചിരിച്ചിട്ടുണ്ട്. പല തമാശകളും ആ സന്ദര്‍ഭത്തില്‍ ആരേലും കൈയില്‍ നിന്ന് ഇടുന്നതായിരിക്കും. ഓമ്പെച്ചിന് ഓമ്പെച്ചിന് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിരൂപ് തരുന്ന റിയാക്ഷനൊക്കെ അങ്ങനെ ഉണ്ടായത്. അത്രയും രസമായിരുന്നു ഷൂട്ടും സെറ്റുമൊക്കെ. സംവിധായകനായാലും പ്രൊഡ്യൂസറായാലും ബാക്കി ക്രൂ ആയാലുമെല്ലാം എല്ലാവരും ഒരേ വൈബിലുള്ളവരായിരുന്നു. അതുകൊണ്ട് വളരെ രസായിട്ടാണ് ഷൂട്ട് ഒക്കെ കഴിഞ്ഞത്. 43 ദിവസമായിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്. നാല് തവണയാണ് ഞങ്ങള്‍ പ്രിവ്യൂ കണ്ടത്. ഓരോ തവണയും ചിരിക്ക് ഒരു കുറവും ഉണ്ടായിട്ടില്ല.

നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചവരുണ്ട്

സ്ഥിരമായി റീല്‍സ് ചെയ്യുമ്പോള്‍ നീ ഇത് ആര്‍ക്ക് കാണാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും വേറെ പണിയില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. റീലോളി, വെറുപ്പിക്കല്‍ എന്നൊക്കെ സ്ഥിരം കേട്ട പഴിയാണ്. രോമാഞ്ചമാണ് അവര്‍ക്കുള്ള മറുപടി. റീലുകള്‍ കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് വിളിച്ചത്. കുറേയധികം വീഡിയോ ചെയ്യുന്ന ആളോ കുറേ ഫോളോവേഴ്‌സ് ഉള്ള, മികച്ച വീഡിയോകള്‍ ഉള്ള അക്കൗണ്ട് ഒന്നും ആയിരുന്നില്ല എന്റേത്. പക്ഷെ ചെയ്യുന്നത് നന്നായി തന്നെ ചെയ്തു, എങ്ങനെയോ അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടതാണ്. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അതിന് ഫലമുണ്ടാകുമെന്നതിന് ഞാന്‍ തന്നെയാണ് ഉദാഹരണം. സിനിമ ഇറങ്ങിക്കഴിഞ്ഞതില്‍ പിന്നെ അടുത്ത സിനിമ ഏതാണെന്നൊക്കെയാണ് ഇപ്പോല്‍ എല്ലാവരും ചോദിക്കുന്നത്. അങ്ങനത്തെ പ്ലാന്‍ ഒന്നും ആയിട്ടില്ല. അന്വേഷണങ്ങള്‍ വരുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാവണമെന്നാണ് ആഗ്രഹം.

രോമാഞ്ചം യഥാര്‍ഥ സംഭവം

രോമാഞ്ചത്തിന്റെ കഥ യഥാര്‍ഥത്തില്‍ നടന്നതാണ്. സൗബിന്‍ ഇക്ക ചെയ്യുന്ന കഥാപാത്രം ചിത്രത്തിന്റെ സംവിധായകനാണ്. സ്‌ക്രിപ്റ്റ് പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇത് ശരിക്കും നടന്നതാണ് എന്നൊക്കെ അറിയുന്നത്. അത് കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ആദ്യ ദിവസം തന്നെ യഥാര്‍ഥ കഥാപാത്രങ്ങളെല്ലാം സിനിമ കാണാന്‍ വേണ്ടി വന്നിരുന്നു. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിക്കൊണ്ടാണല്ലോ ഫസ്റ്റ് പാര്‍ട്ടി അവസാനിക്കുന്നത്. സംവിധായകന്റെ കൈയില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉണ്ട്. ബാക്കി കൂടി കിട്ടിയാല്‍ സെക്കന്റ് പാര്‍ട്ട് ഉണ്ടാകും. രണ്ടാം ഭാഗത്തില്‍ ഇതിലും മികച്ചൊരു കഥയ്ക്ക് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്തിരിക്കുന്നത്.

Content Highlights: romancham movie actor afzal karikkuttan interview malayalam horror comedy movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented