രോഹിത്ത് എം.ജി. കൃഷ്ണൻ | ഫോട്ടോ: www.instagram.com/rohitmgkrishnan/
യാത്രകൾ ഒരു സംവിധായകനും തിരക്കഥാകൃത്തിനും ജന്മം നൽകുമോ... അതും ഓഫീസിലേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്രകൾ... നൽകുമെന്നാണ് ഒറ്റപ്പാലം മുഖ്യ തപാലോഫീസിലെ പോസ്റ്റൽ അസിസ്റ്റന്റായ രോഹിത്ത് എം.ജി. കൃഷ്ണന്റെ ജീവിതം പറയുന്നത്. പെരിന്തൽമണ്ണയ്‌ക്കടുത്ത് ആലിപ്പറമ്പിലെ വീട്ടിൽനിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രയിലാണ്, ഇപ്പോൾ തീയേറ്ററുകളിൽ മികച്ച പ്രതികരണംനേടി മുന്നേറിക്കൊണ്ടിരിക്കുന്ന 'ഇരട്ട' എന്ന ചലച്ചിത്രം പിറന്നത്.
മൊബൈലോ ചുറ്റും ആളുകളോ ഇല്ലാത്ത സമയമാണ് യാത്രകൾ. ഒരു തടസ്സവുമില്ലാതെ ചിന്തിക്കാനാകുന്ന സമയം. ഇന്ന് തിരക്കഥയെഴുതിയേക്കാം എന്ന് വിചാരിച്ചിരുന്നാൽ ഒന്നും നടക്കില്ല. എന്നാൽ, യാത്രകളിൽ ചിന്തകൾക്ക് ചിറകുവിടരും. അങ്ങനെ ഓഫീസിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രകളിലൂടെയാണ് തിരക്കഥയുടെ ആദ്യരൂപം പൂർത്തിയാക്കിയത് -രോഹിത്ത് പറയുന്നു.

സിനിമയിൽ എല്ലാംകൊണ്ടും പുതിയ ആളാണ് രോഹിത്ത്. സഹസംവിധായകനായോ മറ്റ് മേഖലകളിലോ ഒരിക്കൽപ്പോലും പ്രവർത്തിച്ചിട്ടില്ല. സിനിമയിലേക്ക് കൈപിടിച്ച് കയറ്റാനുള്ള പിൻബലവുമില്ല. ആകെ കൈമുതലായുണ്ടായിരുന്നത് 2010 മുതൽ ചെയ്തുവന്നിരുന്ന ഹ്രസ്വചിത്രങ്ങളാണ്. അതിലെ സംവിധാന പരിചയവും ഇച്ഛാശക്തിയുമാണ് ഇരട്ടയെന്ന ചിത്രത്തിന്റെ സംവിധായകനിലേക്കുള്ള യാത്രയ്ക്ക് സഹായിച്ചത്. ഒരേയൊരു ലൊക്കേഷനിൽവെച്ചെടുക്കാവുന്ന സിനിമ, അതായിരുന്നു ലക്ഷ്യം. അതിനായി ഈ വിഭാഗത്തിൽവന്ന ഭൂരിഭാഗം സിനിമകളും കണ്ടു. കേരളത്തിൽ മുമ്പുണ്ടായ ഒരു സംഭവമെടുത്ത് അതിൽ കഥമെനഞ്ഞാണ് ചലച്ചിത്രം പൂർത്തിയാക്കിയത്.
തിരക്കഥയെഴുതുന്ന സമയത്ത് ജോജു ജോർജാകും നടനെന്ന് കരുതിയിരുന്നില്ല. പക്ഷേ, സിനിമാരൂപത്തിലേക്കെത്തിയപ്പോൾ ജോജുമാത്രമേ ഈ കഥാപത്രത്തിനിണങ്ങൂവെന്ന് തിരിച്ചറിഞ്ഞെന്നും രോഹിത്ത് പറയുന്നു.
എട്ടുവർഷമായി രോഹിത്ത് തപാൽവകുപ്പിൽ ജോലിചെയ്യുന്നു. സിനിമയുടെ റിലീസ് പ്രമാണിച്ച് രണ്ടാഴ്ചയോളമായി അവധിയിലാണ്. സിനിമ ഹിറ്റായതുകൊണ്ട് ജോലി വിടാനൊന്നും ഉദ്ദേശ്യമില്ല. ജോലിയുള്ളത് ഒരു ശക്തിയാണ്, ഇനി സിനിമയെഴുതാനും എഴുതാതിരിക്കാനും. ആലിപ്പറമ്പ് മുണ്ടൻകോടി രോഹിത്ത് നിവാസിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും കുഞ്ഞിമാളു അമ്മയുടെയും മകനാണ്. രോഹിണിയാണ് ഭാര്യ. മകൻ ഇഷാൻ അദ്രി.
Content Highlights: rohith mg krishnan interview, iratta movie director life story


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..