ചന്ദ്ര പലരിലുമുണ്ട്; അതാണ് വിജയത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു - ആർ.‍ജെ. ഷാൻ


അനുശ്രീ മാധവൻ(anusreemadhavan@mpp.co.in)

ഈ ഹ്രസ്വചിത്രം കാണുമ്പോൾ വിമർശിക്കാൻ തോന്നുന്നത് ഒരുപക്ഷെ ചന്ദ്രമാരെ പരിചയം ഇല്ലാത്തതുകൊണ്ടായിരിക്കാം. അതിനർഥം ചന്ദ്രമാർ ഇല്ല എന്നല്ല..

ആർ.ജെ ഷാൻ, ഫ്രീഡം അറ്റ് മിഡ്‌നൈറ്റിൽ നിന്നും

മൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ച ഹ്രസ്വചിത്രമാണ് ആർ.ജെ. ഷാൻ സംവിധാനം ചെയ്ത 'ഫ്രീഡം അറ്റ് മിഡ്നെെറ്റ്'. അനുപമ പരമേശ്വരനും ഹക്കീം ഷാജഹാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഇന്ന് ഒരു കോടിയോളം പ്രേക്ഷകർ യൂട്യൂബിൽ കണ്ടു കഴിഞ്ഞു. പ്രശംസകളും അതുപോലെ വിമർശനങ്ങളും ചിത്രത്തിന്റെ ജൈത്രയാത്രയ്ക്ക് ഇന്ധനമായി. ഇതേക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് സംവിധായകൻ ആർ.ജെ. ഷാൻ.

'ഫ്രീഡം അറ്റ് മിഡ്നെെറ്റ്' ഒരു കോടിയിൽ എത്തിയിരിക്കുന്നു? എങ്ങിനെയുണ്ട് പ്രതികരണങ്ങൾ?

എന്റെ ആദ്യ സംവിധാന സംരഭമാണ്. ഈ ചെറിയ ചിത്രത്തിന് ലഭിച്ച വലിയ സ്വീകരണം ഞങ്ങളെ സന്തോഷിപ്പിക്കുന്നു. മമ്മൂട്ടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, അന്ന ബെൻ, സിദ്ദിഖ്, ജോഷി, റോഷൻ ആൻഡ്രൂസ്, മാർട്ടിൻ പ്രക്കാട്ട്, സന്തോഷ് ഏച്ചിക്കാനം, ഷാജി കുമാർ, തമിഴിൽ നിന്നും വിഘ്‌നേഷ് ശിവൻ തുടങ്ങി മലയാളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഒട്ടനവധി നടീനടന്മാരും സംവിധായകരും എഴുത്തുകാരും നിർമാതാക്കളും ചിത്രം ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചിരുന്നു.

ചില യുവ അഭിനേതാക്കൾ ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹിച്ചുവെന്ന് പോലും പറഞ്ഞു. സാധാരണക്കാരായ പലരും അവരുടെ ജീവിതവുമായി ഇതിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും സാമ്യം ഉണ്ടെന്ന് പറയുന്നു. ഇതെല്ലാം ഞങ്ങളുടെ ഹ്രസ്വചിത്രത്തിനു ലഭിക്കുന്ന അംഗീകാരമായി കാണുന്നു. ഈ ചിത്രത്തെ പങ്കുവെക്കുകയും, സ്നേഹിക്കുകയും, തല്ലുകയും തലോടുകയും ചെയ്ത എല്ലാ മലയാളികളോടും സ്നേഹം മാത്രം. ഒപ്പം പോരായ്മകൾ തിരുത്തി ഭാവിയിൽ ഇതിലും മികച്ച സൃഷ്ടികൾ ഉണ്ടാക്കാൻ പ്രചോദനവും നൽകുന്നു.

ആരാണ് ചന്ദ്ര? എന്തുകൊണ്ടാണ് ചന്ദ്ര ഇത്രയും വിമർശിക്കപ്പെടുന്നത്?

അതിലധികം സ്വീകരിക്കപ്പെടുന്നുമുണ്ട്. വിമർശനങ്ങളെ ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നു, സ്‌നേഹത്തോടെ സ്വീകരിക്കുന്നു. ചന്ദ്ര ഒരു വിദ്യാസമ്പന്നയായ, കുടുംബത്തിന് വേണ്ടി ജീവിച്ചു, സ്വയം ജീവിക്കാൻ മറന്നു പോയ, സ്വന്തം ഇഷ്ടങ്ങൾക്കു മുൻതൂക്കം കൊടുക്കാതെ പോയ ഒരു സ്ത്രീയാണ്. അങ്ങനെ ഉള്ള ചിലർ എങ്കിലും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ചന്ദ്ര കടന്നു പോകുന്ന ട്രോമയിലൂടെ, ജീവിത സാഹചര്യത്തിലൂടെ ചിലരെങ്കിലും കടന്നു പോയിട്ടുണ്ടാകാം. ആ സാദൃശ്യം ആണ് ചന്ദ്രയെ പലർക്കും സുപരിചിതയാക്കുന്നതും.

ഇനി ആരാണ് ചന്ദ്ര എന്ന ചോദ്യത്തിലേക്ക് വരാം. ചന്ദ്രയെ ഞാൻ കണ്ടെത്തുന്നത് ഒരാളിൽ നിന്നല്ല. ഞാൻ പരിചയപ്പെട്ടിട്ടുള്ള അല്ലെങ്കിൽ എന്റെ സുഹൃത്തുക്കളായ പല സ്ത്രീകളുടെയും ജീവിതത്തിൽ നിന്നാണ് ചന്ദ്രയെ രൂപപ്പെടുത്തുന്നത്. പലപ്പോഴും ചന്ദ്രയെപ്പോലുള്ളവർ അവർ അനുഭവിക്കുന്ന അസമത്വം അന്യായമാണെന്ന് തിരിച്ചറിയാൻ വൈകുന്നു അല്ലെങ്കിൽ മറക്കുന്നു. പക്ഷെ, ചന്ദ്ര ഇതിനു വിപരീതമായി പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ്.

ഈ ഹ്രസ്വചിത്രം കണ്ട് എനിക്ക് വ്യക്തിപരമായി ധാരാളം മെസേജുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ചന്ദ്ര ഞാനാണെന്ന് അവർ പറയുന്നു. എന്റെ കഥയാണെന്ന് പറയുന്നു. എന്നെ സംബന്ധിച്ച് അത്തരം അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ്. ഒരു കോടിയോളം ആളുകൾ ഈ ഹ്രസ്വചിത്രം കണ്ടിട്ടുണ്ടെങ്കിൽ അത് ചന്ദ്രയെ എവിടെയോ അവർ തിരിച്ചറിയുന്നതുകൊണ്ടാണ്. അവർ ന്യൂനപക്ഷമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ്.

വിക്ടിമെെസ് ചെയ്യപ്പെടുന്ന പ്രതികരിക്കാൻ കഴിയാത്ത സ്ത്രീകളെക്കുറിച്ചും അല്ലെങ്കിൽ എല്ലാം പൊട്ടിച്ചെറിഞ്ഞ് ശക്തമായി തിരിച്ചടിക്കുന്ന സ്ത്രീകളെക്കുറിച്ചും കഥകളിലും സിനിമകളിലുമെല്ലാം ധാരാളം കണ്ടിട്ടുണ്ട്. അതിനിടയിൽ നിൽക്കുന്നവരാണ് ചന്ദ്രമാർ. ആ 'ഗ്രേ'യിൽ നിന്ന് കൊണ്ടാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വലിയ വിഭാഗം ഇപ്പോളും അവരുടെ ജീവിതത്തിൽ ശബ്ദം ഉയർത്തി പ്രതികരിച്ചിട്ടില്ല. ഈ ചിത്രം അതിനു പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് എനിക്ക് കിട്ടുന്ന സന്ദേശങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. ചന്ദ്ര ഒരാളല്ല, ചന്ദ്രയുടെ എലമെന്റുകൾ പലരുടെയും ജീവിതത്തിലുണ്ട്. ഈ ഹ്രസ്വചിത്രം കാണുമ്പോൾ വിമർശിക്കാൻ തോന്നുന്നത് ഒരുപക്ഷെ ചന്ദ്രമാരെ പരിചയം ഇല്ലാത്തതുകൊണ്ടായിരിക്കാം. അതിനർഥം ചന്ദ്രമാർ ഇല്ല എന്നല്ല.

ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് ഭർത്താവിനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണെന്ന് ചന്ദ്ര പറയുന്നു? ആ ഡയലോഗ് തെറ്റായ ഒരു സന്ദേശമല്ലേ നൽകുന്നത്?

"താൻ വേണ്ടാ എന്ന് പറയുമ്പോൾ ഞാൻ അത് വേണ്ടെന്ന് വയ്ക്കുന്നതേ, ഇറ്റ് ഈസ് ബികോസ് ഐ ലവ് യൂ, ഇറ്റ് ഈസ് ബികോസ് ഐ റെസ്‌പെക്ട് യൂ. അല്ലാതെ എനിക്ക് വേണ്ടാഞ്ഞിട്ടല്ല"- ഇതായിരുന്നു ആ ഡയലോഗ്. സ്‌നേഹത്തിന്റെ പേരിൽ നിലപാടുകൾ ഒതുക്കി വയ്ക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അങ്ങനെ ചെയ്താൽ സ്‌നേഹിക്കപ്പെടുമെന്നത് അവരുടെ തെറ്റിദ്ധാരണയാണ്. ചന്ദ്ര അവരിൽ ഒരാളായതിനാൽ അവളും അങ്ങനെ കരുതുന്നു. ചന്ദ്ര അങ്ങനെയേ ചിന്തിക്കൂ. അതാണ് അവൾ ആ ഡയലോഗിലൂടെ പ്രകടിപ്പിക്കുന്നതും.

ഇത്രയൊക്കെ ചെയ്തിട്ടും അവൾ എന്തുനേടി എന്ന് ചിന്തിച്ചു നോക്കുക. ഒന്നും നേടാതെ നിരാശയുടെയും അമർഷത്തിന്റെയും പടുകുഴിയിലാണ് അവൾ നിൽക്കുന്നത്. അവൾ ഫ്രസ്‌ട്രേറ്റഡാണ്. ചന്ദ്ര ചെയ്തത് തെറ്റാണെന്ന് പറയാനുള്ള സ്‌പേസ് അവിടെ പ്രേക്ഷകർക്കുണ്ട്. അവളുടെ ത്യാഗത്തെ ഞാൻ മഹത്വവൽക്കരിച്ചിട്ടില്ല. ഒടുവിൽ മഴയിൽ നിൽക്കുന്ന ചന്ദ്രയോട് നിങ്ങൾക്ക് സഹതാമല്ലേ തോന്നുന്നത്. ആരാധയല്ലല്ലോ. ആരാധന തോന്നുന്നിടത്താണ് പ്രശ്‌നം. ചന്ദ്രയെ ചിത്രം ഗ്ലോറിഫൈ ചെയ്തിട്ടില്ല , അവളുടെ ഒരു അവസ്ഥയിലൂടെ മാത്രമാണ് ചിത്രം സഞ്ചരിക്കുന്നത്.

ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ രണ്ടു പേർ സ്ത്രീകളാണ്, അഭിനയിച്ചതും ഒരു സ്ത്രീ ആണ് , അണിയറപ്രവർത്തകരിൽ ഡയറക്ഷൻ ഡിപ്പാർട്മെന്റിലും വസ്ത്രാലങ്കാരത്തിലും പ്രവർത്തിച്ചത് സ്ത്രീകളാണ്. ഈ ചിത്രത്തിന്റെ തിരക്കഥയുടെ തുടക്കം മുതൽ അഖില, പാർവതി എന്നിവർ എനിക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. അതുപോലെ, പല തുറകളിൽ ഉള്ള സ്ത്രീകളുമായി ഞാൻ ഈ തിരക്കഥ വായിച്ചു അഭിപ്രായം ചോദിച്ച ശേഷമാണിതിന്റെ ചിത്രീകരണം ആരംഭിച്ചത്. റിലീസിന് മുമ്പ് തന്നെ പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകളെ ഇത് കാണിച്ചു കൊടുത്തതിനു ശേഷമാണ്, ചിത്രം പുറത്തിറക്കിയത്. അവരിൽ പലരും ചന്ദ്ര അല്ല, പക്ഷെ ചന്ദ്ര ഇല്ല എന്ന് അവർ ആരും പറഞ്ഞിട്ടുമില്ല.

ദാസ് ചന്ദ്രയോട് ചെയ്യുന്നത് ഒരു തരത്തിൽ സയലന്റ് വയലൻസ് അല്ലേ? ചന്ദ്രയെപ്പോലുള്ള സ്ത്രീകൾ പ്രതികരിക്കുമെന്ന് തോന്നുന്നുണ്ടോ?

എനിക്കുണ്ടായ ഒരനുഭവം പറയാം. എന്റെ സ്കൂളിലെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയിൽ ഈ ഹ്രസ്വചിത്രം പോസ്റ്റ് ചെയ്തപ്പോൾ പെൺകുട്ടികൾ പലരും പ്രതികരിക്കുന്നില്ല. അതിനുള്ള കാരണം എനിക്കാദ്യം മനസ്സിലായില്ല. അതിൽ ചിലർ പിന്നീട് പേഴ്‌സണലായി മെസേജ് അയച്ചു പറഞ്ഞത് ഞങ്ങളും ചന്ദ്രയെപ്പോലെയാണെന്നാണ്. എന്നാൽ അവർക്ക് ചന്ദ്രയെപ്പോലെ ബ്രേക്ക് ചെയ്യാനുള്ള ധൈര്യമില്ല. അവർക്ക് പുറത്ത് വരാനുള്ള ധൈര്യമില്ല. അവർക്ക് മറ്റുള്ളവർ ഐഡന്റിഫൈ ചെയ്യുന്നത് ഇഷ്ടമല്ല.

ചന്ദ്രയെപ്പോലെ തന്നെ ദാസും ന്യൂനപക്ഷമല്ല. ഭാര്യയെ ഫിസിക്കലായി അബ്യൂസ് ചെയ്യാത്ത ദാസുമാർ ധാരാളമുണ്ട്. എന്നാൽ അവർ ചെയ്യുന്നത് സൈലന്റ് വയലൻസ് ആണെന്ന് അവർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഭാര്യയെ ജോലിക്കു വിടുന്നു, വീട് നോക്കുന്നു, എന്റെ ഭാര്യയ്ക്ക് ഞാൻ നന്നായി ഫ്രീഡം നൽകുന്നു എന്നൊക്കെ ചിന്തിക്കുന്നവരാണ്. അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് അവർ അറിയുന്നില്ല. ചന്ദ്രമാർക്ക് വേണ്ടി മാത്രമല്ല ദാസുമാർക്ക് കൂടിയാണ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്.

സിനിമയിലെ ക്ലെെമാക്സിലെ ചിരി പ്രേക്ഷകർ പലതരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്? സംവിധായകന് എന്താണ് അതെക്കുറിച്ച് പറയാനുള്ളത്?

ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉയരുന്ന എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ചിത്രത്തിൽ തന്നെ ഉണ്ട്, ഒരു ചോദ്യം ഒഴിച്ച് . ‘ചന്ദ്ര എന്ത് തീരുമാനിച്ചു ?’ അത് പ്രേക്ഷകന് വിട്ടു കൊടുക്കുകയാണ്. ഇതൊരു ചെറു കഥയായി കാണുക. അത് കൊണ്ടാണ് ഷോര്‍ട്ട് ഫിക്ഷൻ എന്ന് ഇതിനെ അഭിസംബോധന ചെയ്തതും. ഇത് കഥ മാത്രമാണ്. ഈ ചിത്രത്തിന്റെ തിരക്കഥ വികസിക്കുന്നത്, കേന്ദ്ര കഥാപാത്രത്തിന്റെ ചിന്തകളിലൂടെ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ചന്ദ്ര ഇതുപോലെയാകും ആ വിഷയം അവതരിപ്പിക്കുക എന്നതിൽ ഉറപ്പില്ല.

ഒരു ഓപ്പൺ എൻഡിങ് നരേറ്റീവ്‌ ആയി അവതരിപ്പിച്ച കഥയാണ് ഇത്, ചിന്തയിലെ ചന്ദ്രയും ജീവിതത്തിലെ ചന്ദ്രയും വന്നു ചേർന്ന് നിൽക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ചന്ദ്ര ചിന്തിച്ചത് പോലെ ചെയ്യുമെന്നോ അതിനപ്പുറം ചെയ്യുമെന്നോ ഇനി ചന്ദ്ര പ്രതികരിക്കില്ല എന്നോ സിനിമ പറയുന്നില്ല. ചന്ദ്ര നിശബ്ദയായി ഇരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുമില്ല. പക്ഷെ ചന്ദ്രയുടെ തീരുമാനം എന്താകും എന്ന ചോദ്യം അവശേഷിപ്പിച്ചു തന്നെ ആണ് ചിത്രം അവസാനിക്കുന്നത്. ചന്ദ്രയുടെ തീരുമാനം ചന്ദ്രയെ ഏല്പിച്ചു കൊണ്ടാണ് സിനിമ നിർത്തുന്നത്. കാരണം, തീരുമാനം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ചന്ദ്രയുടെ തീരുമാനം എന്താകാം എന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട് .

ചന്ദ്ര ഒരു സാങ്കല്പിക കഥാപാത്രമാണ്, ആ ചന്ദ്രക്കു വേണ്ടി ഒരു പ്രേക്ഷകന് വേദനിച്ചാൽ, വാദിച്ചാൽ, ക്ഷോഭിച്ചാൽ, വിമർശിച്ചാൽ അത് സ്നേഹത്തോടെ ഉള്‍ക്കൊള്ളുന്നു. ആരും ചന്ദ്രയാകണം എന്ന് പറയുന്നില്ല, ചന്ദ്രമാർ വേണം എന്നും ചിത്രം പറയുന്നില്ല. ഒരു ഫിലിം മേക്കറിന്റെ സങ്കല്പത്തിന് അപ്പുറത്തേക്ക് ഒരു കഥയും കഥാപാത്രവും വളരുമ്പോൾ, അത് നോക്കി കാണാനും സന്തോഷിക്കാനും മാത്രമേ ഞങ്ങൾ തയ്യാറാവുന്നുള്ളു. വിമർശകരെ പോലെതന്നെ, ചന്ദ്രയെയും ചിത്രത്തെയും സ്നേഹിക്കുന്ന ഒരു വലിയ ജനതയും ഉണ്ട്. ഇവർക്ക് മുൻപിൽ നിസ്സംഗമായ ഒരു ചിരി മാത്രമാണ് ചന്ദ്ര സമ്മാനിക്കുന്നത്. ആ ചിരിയുടെ അർഥം ചന്ദ്രക്കു മാത്രമേ അറിയൂ.

യൂട്യൂബ് ഇന്ത്യ ചിത്രത്തെ മാസ്റ്റർ പീസ് എന്നാണല്ലോ വിശേഷിപ്പിച്ചത്? ഇതൊരു ഫീച്ചർ സിനിമയ്ക്ക് പറ്റിയ വിഷയമാണെന്ന് തോന്നിയിരുന്നോ?

ഇതൊരു ഹ്രസ്വചിത്രം ചെയ്യുന്നതുപോലെയല്ല ഞങ്ങൾ ചെയ്തത്. ഒരു ഫീച്ചർ സിനിമ ചെയ്യുന്ന അതേ ജാഗ്രതയോടെ ചെയ്ത ചിത്രമാണ്. 30 മിനിറ്റ് ദൈർഘ്യം മാത്രമേയുള്ളൂ എന്ന് മാത്രം. ചിത്രത്തിന്റെ കാസ്റ്റിങ് ആകട്ടെ ക്യാമറയാകട്ടെ സംഗീതമാകട്ടെ മറ്റെന്തുമാകട്ടെ വളരെ ഡീറ്റയിൽ ആയി ചെയ്തതാണ്. അതിന് ഞങ്ങൾക്ക് ലഭിച്ച പ്രോത്സാഹനം ആണ് ഒരു കോടി വ്യൂവിൽ എത്തി നിൽക്കുന്നത്.

എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ്. യൂട്യൂബ് ഇതിനെ മാസ്റ്റർ പീസ് എന്ന് വിളിച്ചതും വലിയ അംഗീകാരമാണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ അതീവ സന്തുഷ്ടനാണ്. സിനിമയിൽ എന്റെ രാഷ്ട്രീയത്തിനല്ല, കഥാപാത്രങ്ങളുടെ ചിന്തകൾക്കും ചെയ്തികൾക്കും രാഷ്ട്രീയത്തിനുമാണ് മുൻഗണന. കഥാപാത്രത്തിന് പറയാൻ ഉള്ളതാണ് അവർ സംസാരിക്കുന്നത്. എനിക്ക് പറയാനുള്ളതല്ലല്ലോ .

ഇന്ത്യൻ ഗ്രേറ്റ് കിച്ചൺ പുറത്തിറങ്ങിയപ്പോൾ ഈ ചിത്രവുമായി താരതമ്യപഠനങ്ങൾ ഉണ്ടായിരുന്നു. അതെക്കുറിച്ച് എന്താണ് പറയാനുള്ളത്?

രണ്ടും രണ്ടു ചിത്രങ്ങളാണ്, ആകസ്മികമായ ചില സാമ്യതകൾ ഉണ്ട് എന്ന് ചിലർ ചൂണ്ടി കാട്ടിയിരുന്നു. രണ്ടു ചിത്രത്തിലെയും കഥാപാത്രങ്ങൾ ഭാരതത്തിലെ ഏതൊക്കെയോ വീടുകളിൽ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നു. അര മണിക്കൂർ മാത്രം ആയുസ്സുള്ള രണ്ടു ‘കഥാപാത്രങ്ങൾ’ ആണ് ചന്ദ്രയും ദാസും, അവർ ഇത്രയധികം ദിവസം പ്രേക്ഷകന്റെ മനസ്സിൽ ഒരു ചിന്തയായി അവശേഷിക്കുന്നു എന്നത് തന്നെ ആണ് ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. ഒരു ഷോര്‍ട്ട് ഫിലിം ഒരു ഫീച്ചർ ഫിലിമുമായി ആശയ പരമായി ചർച്ച ആകുന്നതു വളരെ പോസിറ്റീവ് ആയി കാണുന്നു. സിനിമകൾ സംസാരിക്കട്ടെ.

Content Highlights: RJ Shaan Interview Freedom at Midnight, Malayalam, trending Short Film Anupama Parameswaran Hakkim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented