Photo | Rj Mathukutty
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മാത്തുക്കുട്ടി അയല്‍പ്പക്കത്തെ താന്തോന്നി പയ്യനാണ്. ഉരുളയ്ക്കുപ്പേരി പോലെ കൗണ്ടറടിച്ച് റിയാലിറ്റി ഷോയുടെ അവതാരകനായി മലയാളിയുടെ സ്വീകരണമുറിയിലേക്കെത്തുന്നതിനും മുന്‍പേ മാത്തു അവരെ ശബ്ദത്തിലൂടെ കയ്യിലെടുത്തിരുന്നു. സംസാരിക്കാനേറെ ഇഷ്ടപ്പെടുന്ന പയ്യന്‍ ആര്‍.ജെ. ആയതില്‍ അതിശയിക്കാനില്ലല്ലോ... ഇപ്പോഴിതാ ഈ രണ്ട് വേഷങ്ങള്‍ക്കും പുറമേ മറ്റൊരു റോളില്‍ തിളങ്ങാനൊരുങ്ങുകയാണ് മാത്തു, കുഞ്ഞെല്‍ദോയുടെ സംവിധായകനായി. ആസിഫലിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞെല്‍ദോയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുമ്പോള്‍ മാത്തുവിന്റെ വാക്കുകളില്‍ ആവേശവും ആഹ്ളാദവും... മാത്തുവിന്റെയും കുഞ്ഞെല്‍ദോയുടെയും വിശേഷങ്ങളിലേക്ക്....
ആര്‍.ജെ, വി.ജെ, ഇപ്പോ സംവിധായകന്‍
മാധ്യമ പ്രവര്‍ത്തനത്തിലാണ് കരിയര്‍ തുടങ്ങിയത്. അക്കാദമിയിലാണ് പഠിച്ചത്. പിന്നെ ഒരു എട്ട് മാസം പ്രിന്റിലും ടിവിയിലുമായി ജോലി ചെയ്തു. ആയിടെയാണ് റേഡിയോയിലേക്ക് ഒരു ഓഫര്‍ വരുന്നതും ട്രൈ ചെയ്യാമെന്ന് കരുതിയതും. വര്‍ത്തമാനം പറയാന്‍ എനിക്ക് ഇഷ്ടമാണ്. അങ്ങനെയാണ് ആ ഫീല്‍ഡ് തിരഞ്ഞെടുക്കുന്നത്. എട്ട് വര്‍ഷം ആര്‍.ജെ. ആയി ജോലി ചെയ്തു. കുറേ നല്ല ബന്ധങ്ങള്‍ കിട്ടിയ കാലമായിരുന്നു അത്. ആ സമയത്താണ് രൂപേഷ് പീതാംബരനെ അഭിമുഖം ചെയ്യുന്നത്. പുള്ളിയുടെ വീട് എന്റെ വീടിന് അടുത്തുമാണ്. ഒരു ദിവസം രൂപേഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു, 'എടാ യൂ ടൂ ബ്രൂട്ടസ് എന്നൊരു ചിത്രം ഞാന്‍ ചെയ്യുന്നുണ്ട്, നിനക്ക് അതിന് സംഭാഷണം എഴുതാമോ' എന്ന്. നമ്മള്‍ പിന്നെ എന്തും ചെയ്യും സുകുമാരന്‍ ആണല്ലോ, ഓ.കെ റെഡി എന്ന് പറഞ്ഞ് രൂപേഷിനൊപ്പം കൂടി. വിനീതേട്ടനുമായും അന്നേരം നല്ല സൗഹൃദമായിരുന്നു.
വിനീതേട്ടന്റെ പിന്തുണ, കുഞ്ഞെല്‍ദോയുടെ സംവിധാനതൊപ്പി
വിനീതേട്ടനാണ് എന്നോട് ചോദിക്കുന്നത് സംഭാഷണം മാത്രം എഴുതാതെ നിനക്ക് സ്വന്തമായി ഒരു കഥ എഴുതിക്കൂടെ എന്ന്. മനസിലൊരു കഥയുള്ള കാര്യം വിനീതേട്ടനോട് പറഞ്ഞപ്പോള്‍ പുള്ളി കഥ കേള്‍ക്കാമെന്നായി. എനിക്ക് നല്ല ഓര്‍മ്മയുണ്ട് വിനീതേട്ടന്റെ ഹണിമൂണ്‍ ടൈമിലാണ് ഈ കഥ പറച്ചിലൊക്കെ നടക്കുന്നത്. പാതിരാത്രി വരെ ഫോണില്‍ വിനീതേട്ടനോട് കഥ പറയാനിരിക്കുമ്പോള്‍ ഞാന്‍ മറക്കൂല നിന്നെ എന്ന് പറഞ്ഞ് ദിവ്യേച്ചി തമാശയ്ക്ക് ചൂടാവും. അന്ന് പുള്ളി എന്നോട് പറഞ്ഞു, 'മാത്തൂ നീ എഴുതെടാ, കഥ നല്ല രസമുണ്ടെന്ന്'. ആ പിന്തുണയ്ക്ക് പുറത്താണ് എഴുത്തിന് കുറച്ച് സമയം മാറ്റിവയ്ക്കണമെന്ന ചിന്തയില്‍ റേഡിയോയില്‍ നിന്നിറങ്ങി ടി.വിയിലേക്ക് കയറുന്നത്. അതാവുമ്പോള്‍ മാസത്തില്‍ കുറച്ച് ദിവസമേ ഷൂട്ട് ഉണ്ടാവൂ. ബാക്കി സമയം എഴുത്തിന് മാറ്റിവയ്ക്കാനും സാധിക്കും.
എന്നിട്ടാണ് വിനീതേട്ടന്റെ അടുത്ത് മുഴുവന്‍ തിരക്കഥയുമായി ചെല്ലുന്നത്. കഥ കേട്ട് വിനീതേട്ടന്‍ എന്നോട് ചോദിച്ചു.. മാത്തൂ ഈ സിനിമ ഞാന്‍ ചെയ്യട്ടേ എന്ന്. അന്നത്തെ രാത്രിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി. പക്ഷേ ആ സമയത്ത് വിനീതേട്ടന് വേറെ കുറേ കമ്മിറ്റ്‌മെന്റ്‌സ് ബാക്കി കിടക്കുന്നുണ്ടായിരുന്നു. ഈ സിനിമയ്ക്കായി നീ ഇത്രേം കാത്തിരുന്നതല്ലേ അതുകൊണ്ട് ഇനിയും കാത്തിരിക്കേണ്ട ഈ സിനിമ നീ ചെയ്യേണ്ടതാണ് എന്ന് എന്നോട് പറഞ്ഞു. ഞാനിത് വരെ ഒരു ഷോര്‍ട് ഫിലിം പോലും ചെയ്തിട്ടില്ല. ആ ആശങ്ക പങ്കുവച്ചപ്പോള്‍ എല്ലാ പിന്തുണയും ഞാന്‍ നല്‍കാമെന്ന് വിനീതേട്ടന്‍ ഉറപ്പ് നല്‍കി. അങ്ങനെയാണ് കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എന്ന പേര് വരുന്നത്. സിനിമയിലെ നായകനായി ആസിഫ് അലിയെ മനസിലുദ്ദേശിച്ചപ്പോഴും ആദ്യം പറഞ്ഞത് വിനീതേട്ടനോട് ആണ്. ആസിയോട് ഈ സിനിമയെക്കുറിച്ച് ആദ്യം പറഞ്ഞതും വിനീതേട്ടനാണ്.

കുഞ്ഞെല്‍ദോ അവന്റെ കഥയാണ്
ഓര്‍മവച്ച നാള്‍ മുതലുള്ള എന്റെ സുഹൃത്താണ് കുഞ്ഞെല്‍ദോ. എന്റെ കസിനാണ്. അവന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം നമ്മളെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. കൂടെ നടന്ന നമ്മളെ ആ സംഭവം ഇത്രമാത്രം ഉലച്ചിട്ടുണ്ടെങ്കില്‍ അവനെ അത് എത്രമാത്രം ബാധിച്ചു കാണും എന്ന തോന്നല്‍ എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ആ ഒരു പ്രായത്തില്‍ ഞാനൊന്നും യാതൊരു കാരണവശാലും എടുക്കാന്‍ സാധ്യതയില്ലാത്ത തീരുമാനമാണ് അന്ന് അവന്‍ എടുത്തത്. അതിലൊരു ഹീറോയിസം ഉണ്ടായിരുന്നു. അതാണ് കുഞ്ഞെല്‍ദോയുടെ പിറവിക്ക് പിന്നിലെ കാരണം. എന്റെ സുഹൃത്തുക്കളും ഞാനുമെല്ലാം അതില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്. നൂറ്റിപതിനാറോളം ആളുകള്‍ അഭിനയിച്ചിട്ടുണ്ട്, അതില്‍ നൂറ് പേരും എനിക്ക് അറിയാവുന്ന ആള്‍ക്കാരാണ്. ബാക്കിയുള്ളവരെ മാത്രമേ നമ്മള്‍ സൃഷ്ടിച്ചിട്ടുള്ളൂ.
ആസിയുടെ യെസ് എന്റെ ജീവിതത്തിലെ ചരിത്രം
ആദ്യം പുതിയ പിള്ളേരെ വച്ച് ചെയ്താലോ എന്നാണ് ആലോചിച്ചത്, പക്ഷേ അവസാനം ചെന്നെത്തിയത് ആസിയിലാണ് (ആസിഫലി). എടാ, നമുക്ക് പെട്ടെന്ന് ചെയ്യാം എന്ന് ആസി പറഞ്ഞു. അവന്‍ സമീപകാലത്ത് ചെയ്ത സിനിമകളെല്ലാം നമ്മുടെ ഉള്ളില്‍ കൊത്തിവച്ച ചിത്രങ്ങളാണ്. ഞാന്‍ കഥ പറഞ്ഞ സമയത്ത് അവന്‍ നോമ്പോക്കെ എടുത്ത് നല്ല നീറ്റ് ആയി, ക്ലീന്‍ ആയി ഇരിക്കണ സമയത്താണ്. എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല, എനിക്കുറപ്പായിരുന്നു അവന് ഈസിയായി കുഞ്ഞെല്‍ദോ ആവാന്‍ കഴിയുമെന്ന്.
പക്ഷേ, പിന്നീട് ഞാന്‍ അവനെ കാണുന്നത് കെട്ട്യോളാണെന്റെ മാലാഖയുടെ ലൊക്കേഷനിലാണ്. ആ സമയത്ത് ഞാന്‍ കാണുമ്പോള്‍ കവിളൊക്കെ തുടുത്ത്, പറ്റെ മുടിയൊക്കെ വെട്ടി, കൊമ്പന്‍ മീശയും കുടവയറുമായി നില്‍ക്കുന്ന ഒരാള്‍. ഞാന്‍ പേടിച്ചു പോയി. ഇതാണോ എന്റെ കുഞ്ഞെല്‍ദോ എന്ന അമ്പരപ്പായിരുന്നു. ഇതെന്താ അളിയാ എന്ന് ചോദിച്ചപ്പോള്‍ 'നീ പേടിക്കാതെ ഇരിക്ക് ഇതൊക്കെ ഞാന്‍ കുറച്ചോളാം' എന്ന് ആസി ഉറപ്പ് നല്‍കി. എന്റെ കുഞ്ഞെല്‍ദോ ആകാന്‍ അവന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.
നമ്മള്‍ ജീവിച്ചിരുന്ന പോലെ ജീവിച്ച ആളായത് കൊണ്ട് നമ്മള്‍ കാണിച്ച എല്ലാ കുരുത്തക്കേടുകളും സാഹചര്യങ്ങളും എല്ലാം അവനറിയാം. അതുകൊണ്ട് പലതും അവന് എളുപ്പത്തില്‍ കണക്ട് ചെയ്യാനായി. ആദ്യദിവസം വൈകുന്നേരം വിനീതേട്ടന്‍ എന്നോട് പറഞ്ഞു, ഡാ ഇവന്‍ സെറ്റ് ആയെന്ന്. അത് സത്യമാണ്, എനിക്ക് ഏറ്റവും കുറച്ച് അഭിപ്രായം പറയേണ്ടി വന്നത് ആസിയുടെ കാര്യത്തിലാണ്. അവന്‍ ശരിക്കും ഒരു പത്തൊമ്പതുകാരനായി തന്നെയാണ് പെരുമാറിയത്. അവന്റെ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. നമ്മള്‍ എന്താണോ ആഗ്രഹിച്ചത് അത് നൂറു ശതമാനവും അവന്‍ തന്നിട്ടുണ്ട്.
ആസി അന്ന് നോ പറഞ്ഞിരുന്നു എങ്കില്‍ ഇപ്പോഴും ഞാന്‍ സിനിമ എടുക്കാന്‍ നടക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നേനെ. കാരണം അന്ന് അവന് പകരം മറ്റൊരു അഭിനേതാവിനെ കണ്ടെത്തി വരുമ്പോഴേക്കും കോവിഡ് വന്നേനെ. ആസി പക്ഷേ യെസ് പറഞ്ഞു. ആ യെസ് എന്റെ ജീവിതത്തിലെ ചരിത്രമായി.
സംവിധാനക്കുപ്പായം ഒരു ആവേശമാണ്
പ്രതീക്ഷിക്കാതെ അണിഞ്ഞ സംവിധായകക്കുപ്പായമാണിത്. എന്നെക്കൊണ്ട് ആകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ നമുക്ക് കിട്ടിയ ടീം അടിപൊളിയായിരുന്നു. ലൈഫില്‍ ഞാന്‍ ഇത് വരെ ചെയ്ത ജോലികളില്‍ വച്ച് എനിക്ക് ഏറ്റവുമധികം സന്തോഷവും സംതൃപ്തിയും ആകാംക്ഷയും തന്നത് സംവിധായകന്റെ റോളാണ്. എന്തുകൊണ്ടാണ് ആളുകള്‍ക്ക് സിനിമയോട് ഇത്ര ആവേശമെന്നും ഒരു സിനിമ ചെയ്താല്‍ പിന്നെയും ഒരു ലഹരിയായി മാറുന്നത് എന്തുകൊണ്ടെന്നും ഇപ്പോള്‍ മനസിലായി. അത് വല്ലാത്തൊരു അനുഭവമാണ്. നമ്മള്‍ പറയുന്നിടത്ത് മഴ പെയ്യുന്നു, നമ്മള്‍ കാണിച്ചുകൊടുക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് നടീനടന്മാര്‍ എത്തുന്നു, അവര്‍ ഉപയോഗിക്കുന്ന വണ്ടി എവിടെ നിര്‍ത്തണമെന്ന് നമ്മള്‍ തീരുമാനിക്കുന്നു. അതെല്ലാം വളരെ എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യങ്ങളാണ്. ഭയങ്കര രസമുള്ള പരിപാടിയാണ്. എത്ര വലിയ ടെന്‍ഷനും സമ്മര്‍ദ്ദവും നല്‍കിയാലും എല്ലാം കഴിയുമ്പോള്‍ ഭയങ്കര സംതൃപ്തിയാണ്.
ഒന്നൊന്നര സെറ്റ്
ഭയങ്കര ഓളമായിരുന്നു സെറ്റില്‍. എല്ലാം പിള്ളേര്‍ ടീമുകളാണല്ലോ. വിനീതേട്ടന്‍ ഇടയ്ക്കിടെ വിളിച്ചു ചോദിക്കും, മാത്തൂ അവിടെ ഷൂട്ടൊക്കെ നടക്കുന്നുണ്ടോ, അവിടുന്നുള്ള വീഡിയോകളും മറ്റും കാണുമ്പോള്‍ അങ്ങനെ തോന്നുന്നില്ലല്ലോ എന്ന്. വിനീതേട്ടന്റെ പിറന്നാള്‍ പടക്കമൊക്കെ പൊട്ടിച്ച് തമിഴ് സ്‌റ്റൈലില്‍ പൂമാലയൊക്കെ ഇടീപ്പിച്ചാണ് സെറ്റില്‍ ആഘോഷിച്ചത്. മൊത്തം പാട്ടും മേളവുമായിരുന്നു. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ അവിടെ വരുന്ന ഡ്രൈവേഴ്‌സ് അസിസ്റ്റന്റിനോട് പറയാറുണ്ടായിരുന്നു, 'ഇങ്ങനൊന്നുമല്ല സിനിമ എടുക്കേണ്ടത്. ഇത് കളിയല്ല, സീരിയസ് ആയ കാര്യമാണ്' എന്നൊക്കെ. പിന്നെ ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ തുള്ളുന്നവരുടെ മുന്നില്‍ ഇവരായിരുന്നു ഉണ്ടായിരുന്നത്. അത്ര ഓളമായിരുന്നു സെറ്റില്‍.
സിദ്ധിഖ് ഇക്ക, സുധീഷേട്ടന്‍, രൂപേഷ് പീതാംബരന്‍, കോട്ടയം പ്രദീപേട്ടന്‍, നടി അനന്യയുടെ അനിയന്‍ അര്‍ജുന്‍, ഒപ്പം കുറേ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഗോപിക ഉദയനാണ് നായിക. ഏറ്റവും അവസാനം സിനിമയില്‍ ജോയില്‍ ചെയ്ത ആളാണ് ഗോപിക. ആദ്യം നായികയായി ഒരു കുട്ടിയെ തീരുമാനിച്ചിരുന്നു. പക്ഷേ, ആ കുട്ടി നായികയായിരുന്നുവെങ്കില്‍ നമ്മള്‍ കുറച്ച് മാറ്റങ്ങള്‍ ബാക്കി കഥാപാത്രങ്ങളില്‍ വരുത്തണമായിരുന്നു. പിന്നീടാണ് നമ്മുടെ ചീഫ് അസോസിയേറ്റ് ആയ രാജേഷ് അടൂരാണ് ഗോപികയുടെ ഒരു ഫോട്ടോയും വീഡിയോയും കാണിച്ചു തരുന്നത്. അതായിരുന്നു നമ്മുടെ നായിക. അതോടെ ഫ്‌ളൈറ്റ് പിടിച്ച് ഇങ്ങ് പോന്നാളാന്‍ പറഞ്ഞു.
യു.സി കോളേജിന്റെ മുക്കും മൂലയും മനപ്പാഠം
പഠിച്ചിറങ്ങിയ കോളേജില്‍ സ്വന്തം സിനിമ ചിത്രീകരിക്കാനായത് ഒരു സംഭവമാണ്. യു.സി കോളേജിന്റെ കാര്യത്തില്‍ ലൊക്കേഷന്‍ ഹണ്ട് പോലും നടത്തിയിട്ടില്ല. അത്രയ്ക്ക് നന്നായിട്ട് ആ കോളേജിന്റെ മുക്കും മൂലയും എനിക്കറിയാം. അവിടുത്തെ ലേഡീസ് ഹോസ്റ്റല്‍ മാത്രമാകും എനിക്കപരിചിതമായ ഇടം. അതും വിസിറ്റിങ്ങ് റൂം വരെ ഞാനെത്തിയിട്ടുണ്ട്. സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഓരോ ഇടവും മുന്നില്‍ കണ്ടാണ് എഴുതിത്തീര്‍ത്തത്.
നിനക്ക് മൂന്ന് വര്‍ഷം ഇവിടെ കിടന്ന് അടിച്ച് പൊളിച്ച് പഠിച്ച് ഇറങ്ങിയത് പോരാഞ്ഞിട്ടാണോ പതിനഞ്ച് ദിവസം വാടകയ്ക്ക് ഇവിടെ ഷൂട്ടിങ്ങിനായി വന്നതെന്നാണ് കോളേജില്‍ അറിയുന്ന പലരും ചോദിച്ചത്. പണ്ടത്തെ ആ ബന്ധങ്ങളൊന്നും ഇന്നേവരെ അറ്റുപോയിട്ടില്ല എന്നതാണ് ഏറ്റവും വലിയ സന്തോഷം. കോളേജില്‍ അത്യാവശ്യം തല്ലിപ്പൊളിത്തരം ഒക്കെയുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പാള്‍ എന്റെ അച്ഛന് മകന്റെ പാഠ്യേതര വിഷയങ്ങളെക്കുറിച്ച് വ്യക്തമാക്കി അയച്ച കത്തൊക്കെ ഞാനിന്നും സൂക്ഷിച്ച് വച്ചിട്ടുണ്ട്.

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പ് നാളെ തീയേറ്ററില്‍
2019 നവംബറില്‍ കുഞ്ഞെല്‍ദോയുടെ ചിത്രീകരണം കഴിഞ്ഞതാണ്. എല്ലാം സെറ്റായി റിലീസിനൊക്കെ തയ്യാറെടുക്കുന്ന സമയത്താണ് കോവിഡിന്റെ വരവ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനസിലായി അടുത്തൊന്നും നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ ചിത്രം പുറത്തിറക്കാനാവില്ല എന്ന്. ഒന്നും നമ്മുടെ കയ്യിലല്ല. അപ്പോള്‍ പിന്നെ റിലാക്‌സ് ചെയ്യുക എന്നത് മാത്രമാണ് ഏക വഴി. അങ്ങനെ ലോക്ക്ഡൗണ്‍ സമയത്ത് മറ്റെല്ലാവരെയും പോലെ സിനിമകള്‍ കണ്ടു, സീരീസുകള്‍ കണ്ടു, പുസ്തകങ്ങള്‍ വായിച്ചു. റിലാക്‌സ് ചെയ്തിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് കോവിഡ് വല്ലതും വന്ന് മരിച്ചു പോകുമോ എന്ന് ആലോചിച്ച സമയമുണ്ട്. അങ്ങനത്തെ അവസ്ഥയായിരുന്നു.
ആദ്യമേ തന്നെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു ഇത് ഒ.ടി.ടി. ചിത്രമല്ല എന്ന്. ആ വാക്ക് പാലിച്ച് അവര്‍ നമ്മളുടെ കൂടെ തന്നെ നിന്നു. കുഞ്ഞെല്‍ദോ സൗഹൃദത്തിന്റെ കഥയാണ്, അത് തീയേറ്ററില്‍ കൂട്ടുകാര്‍ക്കൊപ്പം ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രം തന്നെയാണ് എന്നായിരുന്നു അവരുടെ നിലപാട്. നിറഞ്ഞ സദസിന്റെ കൂട്ടത്തിലിരുന്ന് ആദ്യ സിനിമ കാണാനാവാത്തതിന്റെ സങ്കടമുണ്ട് എങ്കിലും രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് പൂര്‍ണതയിലെത്തുന്നതിന്റെ സന്തോഷം അതിലേറെയുണ്ട്.
സന്തോഷം ഉള്ള സിനിമയായിരിക്കും കുഞ്ഞെല്‍ദോ. നിങ്ങളെ സ്പര്‍ശിക്കുന്ന ചില നല്ല മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടാവും. ഇതില്‍ കൂടുതല്‍ ഒന്നും ഞാനിപ്പോള്‍ പറയുന്നില്ല. കാരണം അവതാരകനായിരുന്ന സമയത്ത് ഞാന്‍ വിചാരിച്ചിട്ടുണ്ട്, ഞാനൊരു സിനിമ എടുക്കുന്ന സമയത്ത് ഒരുപാട് തള്ളി മറിക്കില്ല എന്ന്. നിങ്ങള്‍ക്ക് ചിത്രം ഇഷ്ടപ്പെടും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
Content Highlights : Kunjeldho Movie Mathukutty Interview Asif Ali Vineeth Sreenivasan
Content Highlights : RJ Mathukutty Interview On Debut Kunjeldho Starring Asif Ali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..