-
രാജ് കപൂറും നര്‍ഗീസ് ദത്തും തമ്മിലുള്ള പ്രണയം കൊടുമ്പിരികൊള്ളുന്ന കാലം. രാജ് കപൂറിന്റെ ശ്രീ 420യിലെ ഹിറ്റ് ഗാനമായ 'പ്യാര്‍ ഹുവാ ഇഖ്‌രാര്‍ ഹുവാ'യുടെ ചിത്രീകരണം നടക്കുകയാണ് മുംബൈയിലെ ഫിലിം സിറ്റിയില്‍. പില്‍ക്കാലത്ത് ആര്‍.കെ. ഫിലിംസിന്റെ ചിഹ്‌നത്തിന്റെ പിറവിക്കുതന്നെ വഴിവച്ച രംഗം. മഴ നനഞ്ഞ് അഭിനയിച്ചു തകര്‍ക്കുകയാണ് നായകന്‍ കൂടിയായ രാജ് കപൂറും നായിക നര്‍ഗീസ് ദത്തും.
പാട്ടിനിടയ്ക്ക് മൂന്ന് കുട്ടികള്‍ മഴയക്ക് മഴക്കോട്ടും ധരിച്ച് നടന്നുപോകുന്നൊരു രംഗമുണ്ട്. അതില്‍ ഏറ്റവും ഇളയവന് അന്ന് പ്രായം വെറും മൂന്ന്. നായകനും സംവിധായകനും കൂടിയായ രാജ്കപൂറിന്റെ മൂന്ന് മക്കളില്‍ രണ്ടാമന്‍. അച്ഛനൊപ്പം ഗാനചിത്രീകരണം കാണാന്‍ വന്നതാണ്. അച്ഛന്‍ ആവശ്യപ്പെട്ടിട്ടും അവന് മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം മഴയത്തിറങ്ങി നടക്കാന്‍ മടി. പലരും പലതും പറഞ്ഞുനോക്കിയിട്ടും അവന്റെ മനസ്സ് മാറിയില്ല. ഒടുവില്‍ അച്ഛന്റെ കാമുകി കൂടിയായ നായിക നര്‍ഗീസ് തന്നെ രംഗത്തുവന്നു. കൈയിലുണ്ടായിരുന്ന ഒരു ചോക്ലേറ്റെടുത്തു കൊടുത്ത് അവന്റെ മനസ്സ് മാറ്റി. ചോക്ലേറ്റിന്റെ മാത്രം പ്രലോഭനത്തില്‍ അവന്‍ മനസ്സില്ലാമനസ്സനോടെ കൂട്ടുകാര്‍ക്കൊപ്പം വെറുതെ അലസമായി നടന്നഭിനയിച്ചു തീര്‍ത്തു.
നര്‍ഗീസ് അന്നോര്‍ത്തിരിക്കില്ല, താന്‍ മഴയത്ത് ക്യാമറയ്ക്ക് മുന്നിലേയ്ക്ക് ചോക്ലേറ്റ് കൊടുത്ത് പ്രലോഭിപ്പിച്ച് കൊണ്ടുവന്നത് പില്‍ക്കാലത്ത് ബോളിവുഡിന്റെ ആദ്യ ചോക്ലേറ്റ് ബോയെ ആണെന്ന്. അത് വെള്ളിത്തിരയ്ക്ക് കാലം കാത്തുവച്ച അനേകം കൗതുകങ്ങളിൽ ഒന്ന്.
പിന്നെയും അച്ഛന്റെ പല ഷൂട്ടിങ്ങുകള്‍ക്കും പോയെങ്കിലും അവന്‍ ക്യാമറയക്ക് മുന്നില്‍ വന്നില്ല. പതിമൂന്ന് കൊല്ലം വേണ്ടിവന്നു അച്ഛന് അവനെ ഒരിക്കല്‍ക്കൂടി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്താന്‍. മേരാ നാം ജോക്കറിലെ തന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ രാജ് കപൂറിന് മറ്റൊരാളെ തിരയേണ്ടിവന്നില്ല. സിമി ഗ്രേവാൾ അവതരിപ്പിച്ച മേരി എന്ന അധ്യാപികയോട് ഭ്രമം തോന്നുന്ന രാജു പണ്ട് ക്യാമറയ്ക്ക് മുന്നിൽ വരാൻ മടിച്ചിരുന്ന ഋഷിയിൽ ഭദ്രമായിരുന്നു.
എന്നാൽ, പിന്നെയും മൂന്ന് കൊല്ലം വേണ്ടിവന്നു രാജ്കപൂറിന് നായകനായി മകനെ രംഗത്ത് അവതരിപ്പിക്കാൻ. അന്ന് ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിക്കാന്‍ നര്‍ഗീസ് ഉണ്ടായിരുന്നില്ല സെറ്റില്‍. രാജ്കപൂറുമായി തെറ്റിപ്പിരിഞ്ഞുകഴിഞ്ഞ നര്‍ഗീസ് അപ്പൊഴേയ്ക്കും സുനില്‍ ദത്തിനെ വിവാഹം കഴിച്ച് സഞ്ജയ് ദത്തിന്റെ അമ്മയായി കഴിഞ്ഞിരുന്നു.
അഭിനയിക്കാന്‍ ഇക്കുറി ചോക്ലേറ്റൊന്നും കിട്ടിയില്ലെങ്കിലും ആ ഒരൊറ്റ ചിത്രം കൊണ്ട് ബോളിവുഡിന്റെ ആദ്യ ചോക്ലേറ്റ് നായകന്‍ എന്ന ഇമേജ് ഋഷി സ്വന്തമാക്കി.
ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നിത്യഹരിത കാമുകനായിരുന്ന അച്ഛനെ കടത്തിവെട്ടിക്കളഞ്ഞു ഋഷി. 1973ല്‍ അച്ഛന്റെ ചിത്രം ബോബിയിലൂടെ അരങ്ങേറ്റം കുറിക്കുമ്പോള്‍ വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രമാണ് ഋഷിക്ക് പ്രായം. അന്നത്തെ കത്തുന്ന സൗന്ദര്യബിംബം ഡിംപിൾ കപാഡിയയുടെ നായകനായി മീശമുളയ്ക്കാത്ത ചോക്ലേറ്റ് പയ്യന്റെ വരവ് അത്ര സുഖിച്ചിരുന്നില്ല തുടക്കത്തില്‍. ചിത്രത്തിന്റെ റിലീസ് വരെ മാത്രമേ ഈ സംശയങ്ങള്‍ക്ക് ആയുസ്സുണ്ടായുള്ളൂ. പണക്കാരന്‍ പയ്യന്‍ രാജ് നാഥിന്റെയും പാവപ്പെട്ട വീട്ടിലെ ബോബി ബ്രഗാന്‍സയുടെയും പ്രണയം വെള്ളിത്തിരയെ മാത്രമല്ല, ശരാശരി ഇന്ത്യന്‍ യുവത്വത്തെ തന്നെ തീപിടിപ്പിക്കാന്‍ ഏറെ കാക്കേണ്ടിവന്നില്ല. ലോകമെമ്പാടുമുള്ള ബോക്‌സോഫീസുകളില്‍ മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്രഗാനശാഖയ്ക്കും അതൊരു പുതു വിപ്ലവമായി. ഹം തും ഏക് കമ്‌റേ മേയും മെയ്ന്‍ ശായര്‍ തൊ നഹീയും പ്രണയിനികള്‍ പാടിപ്പാടി തരംഗമായി.

പ്രണയത്തിന് അത് പുതിയ സമവാക്യങ്ങളെഴുതി. പുതിയ ചേരുകള്‍ ഒരുക്കി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയില്‍ ബോളിവുഡ് മാത്രമല്ല, ഭാഷാഭേദമന്യോ ഇന്ത്യന്‍ സിനിമ ബോബിയെ പലരൂപത്തില്‍ പല നിറത്തില്‍ ചര്‍വ്വിതചര്‍വണമാക്കി വിറ്റുകാശാക്കി. ബോബിയും അതിലെ മീശ മുളയ്ക്കാത്ത പയ്യനും പുതിയ ഐക്കണുകളായി. പലതരം പ്രണയങ്ങളും പ്രണയിനികളെയും കണ്ടു ശീലിച്ച ബോളിവുഡിന് ആദ്യമായി പകരം വയ്ക്കാനൊരു മുഖം ലഭിച്ചു. അന്നേവരെ കണ്ടുശീലിക്കാത്തൊരു ചോക്ലേറ്റ് മുഖം. രാജ് കപൂറിന്റെ മകന്‍ എന്ന വിലാസത്തിന് പകരം ബോളിവുഡിന്റെ ആദ്യ ചോക്ലേറ്റ് നായകന്‍ എന്നൊരു കരുത്തുറ്റ മേല്‍വിലാസം ചാര്‍ത്തിക്കിട്ടി ഒരൊറ്റ ചിത്രത്തിലൂടെ ഋഷിക്ക്.
ബോബിക്കുശേഷം സ്വാഭാവികമായും ഋഷിയുടെ ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ ഇന്‍സ്റ്റന്റ് ഹിറ്റുകളായി. ഖേല്‍ ഖേല്‍ മെയ്‌നും കഭി കഭിയും അമര്‍ അക്ബര്‍ ആന്തണിയും സാഗറും നാഗിനയും ചാന്ദിനിയും ബോല്‍ രാധ ബോലും ദീവാനയുമെല്ലാം തകര്‍ത്തോടി തിയ്യറ്ററുകളില്‍. ഇന്നും ബോളിവുഡ് അക്ഷരംപ്രതി അനുകരിച്ച് ആവര്‍ത്തിക്കുന്ന ചോക്ലേറ്റ് ബോയ് ഇമേജ് തന്നെയായിരുന്നു ഈ വിജയങ്ങളുടെയും രസക്കൂട്ട്. പ്രണയമായിരുന്നു അക്കാലത്ത് ബോളിവുഡിന്റെ ഒഴിച്ചുകൂടാനാവാത്ത ചേരുവ. അതിന് ഏറ്റവും അനുയോജ്യമായ മുഖമായിരുന്നു ഋഷിയുടേത്.
ബച്ചന്റെ ക്ഷുഭിതയൗവ്വനം ചുവടുറപ്പിക്കുന്ന എണ്‍പതുകള്‍ക്കുശേഷം മാത്രമാണ് ആ ചോക്ലേറ്റ് ബോയ് മുഖത്തിന് ആവശ്യക്കാര്‍ കുറഞ്ഞത്. ഋഷി കപൂറിന് കരിയറില്‍ കരിമേഘം പടര്‍ന്നു തുടങ്ങിയതും അതിനുശേഷമാണ്. ഇവിടം മുതലാണ് ഋഷി മെല്ലെ സ്വഭാവവേഷങ്ങളിലേയ്ക്ക് ചുവടുമാറ്റിത്തുടങ്ങിയത്. ഹം തും, ഫന, നമസ്‌തെ ലണ്ടന്‍, ലയ് ആജ് കല്‍, പാട്യാല ഹൗസ്. അഗ്‌നിപഥ് തുടങ്ങിയവയില്‍ മികവുറ്റ വേഷങ്ങളാണ് ഋഷിക്ക് ലഭിച്ചത്. അക്കാലത്ത് കത്തിജ്വലിച്ചുനില്‍ക്കുന്ന ബച്ചനൊപ്പം സ്‌ക്രീനില്‍ മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനും ഋഷിക്ക് കഴിഞ്ഞു.
അച്ഛനെ പോലെയായിരുന്നില്ല ഋഷി. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം പ്രണയത്തിലായിരുന്ന നായിക നര്‍ഗീസിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് അവസാനവട്ടം രാജ്കപൂര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. രാജ് അനാഥമാക്കിയശേഷം മാത്രമാണ് നര്‍ഗീസ് മദര്‍ ഇന്ത്യയുടെ സെറ്റിലെ അഗ്‌നിബാധയില്‍ നിന്ന് തന്നെ രക്ഷിച്ച സുനില്‍ ദത്തുമായി അടുക്കുന്നത്. എന്നാല്‍, മകന്‍ ഋഷി തിരഞ്ഞെടുത്തത് അച്ഛന്റെ പാതയല്ല. തന്റെയൊക്കെ പതിനഞ്ച് ചിത്രങ്ങളില്‍ സ്‌ക്രീന്‍ പങ്കിട്ടം നീതുസിങ്ങിനെ തന്നെ ജീവിതപങ്കാളിയായും ഋഷി കപൂര്‍ സ്വീകരിച്ചു. ബോളിവുഡിന്റെ ഫ്രെഡ് ആസ്‌റ്റെയറും ജിഞ്ചര്‍ റോജേഴ്‌സും എന്നായിരുന്നു അവരുടെ വിശേഷണം. രസകരമായിരുന്നു ഋഷിയുടെ ജീവിതത്തിലേയ്ക്കുള്ള എഴുപതുകളില്‍ യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു നീതുവിന്റെ വരവ്. ബോബിക്കുശേഷം ഋഷി കപൂര്‍ പറന്നുനടക്കുന്ന കാലം. എന്നാല്‍, ബോബിയോടെ സെന്‍സേഷനായിരുന്ന ഡിംപിൾ കപാഡിയ രാജേഷ് ഖന്നയെ വിവാഹം കഴിച്ചുപോയതോടെ ഋഷിക്ക് ഭാഗ്യജോഡിയെ നഷ്ടപ്പെട്ടു. അങ്ങനെ പുതിയൊരു ഭാഗ്യനായികയെ തേടുന്ന കാലത്താണ് നീതു സിങ്ങിന്റെ വരവ്.
ആദ്യ റിലീസിന് ഏറെ കാത്തുനില്‍ക്കേണ്ടിവന്നെങ്കിലും ക്ഷണത്തില്‍ അവര്‍ രാശിയുള്ള നായികാനായകര്‍ എന്ന വിശേഷണം സ്വന്തമാക്കാന്‍ വൈകിയില്ല. റാഫൂ ചക്കര്‍, കഭി കഭി, അമര്‍ അക്ബര്‍ ആന്തണി തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ പുതിയ ചരിത്രം രചിക്കുമ്പോള്‍ ഇവരുടെ ആത്മബന്ധവും കൂടുതല്‍ ഊഷ്മളമായി. രാജേഷ് ഖന്നയ്ക്കും അമിതാഭ് ബച്ചനും വിനോദ് ഖന്നയ്ക്കും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും ജിതേന്ദ്രയ്ക്കുമെല്ലാമൊപ്പം ജോഡിയായെങ്കിലും നീതുവിന് ചേര്‍ന്ന ഏറ്റവും നല്ല ജോഡി ഋഷി തന്നെയാണെന്ന് കാലം തെളിയിച്ചു.
1977ല്‍ പുറത്തിറങ്ങിയ രമേഷ് തല്‍വാറിന്റെ ദൂസര ആദ്മിയില്‍ സംശയരോഗിയായ ഒരു ഭാര്യയുടെ വേഷത്തിലായിരുന്നു നീത്തു. ഭര്‍ത്താവിന്റെ വേഷത്തില്‍ ഋഷിയും. കിടപ്പുമുറിയില്‍ ഭാര്യയും ഭര്‍ത്താവും ശണ്ഠകൂടുന്ന അതിലെ രംഗം വലിയ കൈയടിയാണ് അക്കാലത്ത് നേടിയത്. എന്നാല്‍, ജീവിതത്തില്‍ ഇതിന് നേര്‍വിപരീതമായി ഊഷമളമായ ബന്ധം വച്ചുപുലര്‍ത്തിയവരായിരുന്നു ഇരുവരും. 2011ല്‍ സിനിമയിലെ ഏറ്റവും മികച്ച ജോഡിക്കുള്ള സീ സിനി അവാര്‍ഡ് ഇവരെ തേടിയെത്തിയിരുന്നു.
Content Highlights: Rishi Kapoor Raj Kapoor Nargis Dutt Neetu Singh Bollywood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..