സിനിമയെ ഗാഢമായി പ്രണയിച്ചിട്ടും താരാരാധന തലയ്ക്ക് പിടിക്കാത്ത ഒരു കാണിയാണ് ഞാന്‍. എങ്കില്‍ക്കൂടിയും ഞാന്‍ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു നടനുണ്ട്. സത്യന്‍! ഒന്നാംവര്‍ഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ നാട്ടിലെ ഒരു തീയേറ്റര്‍ ഉദ്ഘാടനത്തിന് സത്യന്‍ എത്തിച്ചേരുന്നുണ്ടെന്നു കേട്ടത്. അദ്ദേഹത്തെ കാണാനുള്ള തീവ്രമായ ആഗ്രഹം എങ്ങനെ സാധിക്കുമെന്നറിയാതെ ഞാന്‍ ഉഴന്നു. ക്ലാസ് കട്ടുചെയ്ത് പുറത്തിറങ്ങുക എന്നത് തീര്‍ത്തും സാഹസികമായ ഒരു പ്രവൃത്തിയായിരുന്നു. സദാ റോന്തുചുറ്റുന്ന പ്രിന്‍സിപ്പലച്ചന്റെ കണ്‍വെട്ടത്തെങ്ങാനും പെട്ടുപോയാലുള്ള കഥ പിന്നെ പറയാനുമില്ല. എന്നിട്ടും രണ്ടുംകല്പിച്ച് ഞാന്‍ ഒളിച്ചുകടക്കുകതന്നെ ചെയ്തു. ശ്വാസം വിടാതെ ഓടിപ്പിടഞ്ഞെത്തി ഇടിച്ചുതള്ളി തീയേറ്ററിനകത്തെത്തി. സത്യന്‍ കാരെള്ളുപോലെ കറുത്തതാണെന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഞാനതത്ര വിശ്വസിച്ചിരുന്നില്ല. നേരില്‍ കണ്ട് ബോധ്യപ്പെട്ടിട്ടും എന്റെ സ്‌നേഹവും ആരാധനയും തെല്ലും മങ്ങിപ്പോയില്ല. തന്നെയുമല്ല, കറുത്തമുഖത്ത് വെണ്ണിലാവുപോലെ ഇടയ്ക്കിടെ തെളിഞ്ഞ ചിരിയില്‍ ഞാന്‍ മുഗ്ധയായിത്തീരുകയും ചെയ്തു. അതിനുശേഷമാണ് കാര്‍വര്‍ണന്മാരായ ചെറുപ്പക്കാരെ ഞാന്‍ കൗതുകത്തോടെ നോക്കാന്‍ തുടങ്ങിയത്.
എന്റെ ബി.എ. രണ്ടാം വര്‍ഷ പരീക്ഷക്കാലത്താണ് സത്യന്‍ മരിക്കുന്നത്. വാര്‍ത്തകേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ഇന്നും അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഉള്ളിലൊരു മുറിവ് വിങ്ങിത്തുറക്കും. സത്യന്റെ ശവകുടീരം തിരുവനന്തപുരത്തെ ഏതോ പള്ളി സെമിത്തേരിയിലാണെന്ന് അറിയാമായിരുന്നെങ്കിലും അത് കൃത്യമായി പറഞ്ഞുതന്നത് സുസ്മേഷ് ചന്ത്രോത്താണ്. ഫോണില്‍ ആ കുടീരത്തിന്റെ ചിത്രം കാണിച്ചുതരികയും ചെയ്തു.
ഒരു സായാഹ്നത്തിലാണ് ഞാന്‍ തിരുവനന്തപുരത്തുകാരിയായിത്തീര്‍ന്ന മകളോടൊപ്പം പാളയത്തെ എല്‍.എം.എസ്. പള്ളിയിലെത്തിയത്. ഏറെ പഴക്കംചെന്ന ആ പള്ളി പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്തതായിരുന്നു. പഴമയുടെ സൗന്ദര്യത്തിന് ഒരു സവിശേഷതയുണ്ടെന്ന് ആ പള്ളി കാണുന്ന ആര്‍ക്കും ബോധ്യമാകും. ഏകാന്തത ഘനീഭവിച്ചതുപോലെ തോന്നിക്കുന്ന ആ പള്ളിയുടെ മുന്നിലങ്ങനെ നില്‍ക്കുമ്പോള്‍ വിചിത്രമായൊരു വേദനവന്ന് എന്റെ ഹൃദയത്തില്‍ തൊട്ടു.
പള്ളി അടഞ്ഞുകിടക്കുകയായിരുന്നു. നിരാശയോടെ ഞങ്ങള്‍ പിന്‍വശത്തേയ്ക്ക് നടന്നു. അവിടെ ചില വാതിലുകള്‍ ഇരുട്ടുമുറികളിലേക്ക് തുറന്നുകിടന്നിരുന്നു. ഇരുട്ടില്‍ ചില നിഴല്‍രൂപങ്ങളെ കാണുകയും അവയിലൊന്ന് ഞങ്ങള്‍ക്ക് സെമിത്തേരിയിലേക്കുള്ള വഴി പറഞ്ഞുതരികയും ചെയ്തു. പള്ളിയെ വലംവെച്ച് പ്രധാനപാതയുടെ ഓരംചേര്‍ന്ന് ഞങ്ങള്‍ സെമിത്തേരിയിലേക്കുപോയി. മധുരമായൊരു ഭക്തിഗാനത്തിന്റെ അകമ്പടിയോടെ പ്രവേശനകവാടം കടന്നതും ജീവന്റെ ലോകവുമായുള്ള ബന്ധം അറ്റുപോയി. മരിച്ചവരുടെ ലോകത്ത് ഞങ്ങള്‍ക്ക് വല്ലാത്തൊരു അന്യത്വം അനുഭവപ്പെട്ടു. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നിസ്സംഗമായി മുന്നറിയിപ്പുനല്‍കുന്ന നടപ്പാതയുടെ ഇരുവശത്തുമുള്ള മൃതകുടീരങ്ങളിലെഴുതിയ പേരുകള്‍ വായിച്ച് ഞങ്ങള്‍ മുന്നോട്ടുനടന്നു. ചിത്രം നേരത്തെ കണ്ടിട്ടുള്ളതുകൊണ്ട് സത്യന്റെ സ്മൃതികുടീരം ഞാന്‍ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അതില്‍ ആരോ സ്‌നേഹപൂര്‍വം സമര്‍പ്പിച്ച പൂക്കള്‍ വാടിപ്പോയിരുന്നു. ഹൃദയഭാരത്തോടെ ആ കുടീരത്തിലേയ്ക്ക് ഉറ്റുനോക്കി ഞാന്‍ ഏറെനേരം നിന്നു!
കെ.പി. അപ്പന്‍സാര്‍ തനിച്ചിരിക്കുമ്പോള്‍ ഓര്‍ത്തെഴുതിയ ആത്മകഥയില്‍ സത്യനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സത്യന്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന കാലത്ത് ആരെയോ അതിക്രൂരമായി മര്‍ദിക്കുന്നതുകണ്ട അപ്പന്‍സാറിന് അദ്ദേഹത്തെക്കുറിച്ച് തീരെ മതിപ്പില്ലാതെയായി. സത്യന്‍ അഭിനയിക്കുന്ന സിനിമകളൊന്നും കാണണമെന്ന് പിന്നീട് അപ്പന്‍സാറിന് തോന്നിയില്ലത്രെ. അത് വായിച്ചിട്ടും എനിക്ക് സത്യനോടുള്ള സ്‌നേഹബഹുമാനങ്ങള്‍ക്ക് തരിമ്പും ഇടര്‍ച്ച സംഭവിച്ചില്ല. ഏതുജോലി ചെയ്യുമ്പോഴും അത് അങ്ങേയറ്റം ആത്മാര്‍ഥതയോടെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി എന്ന് എന്റെ ഹൃദയം വ്യാഖ്യാനിച്ചു. അതുകൊണ്ടാവുമല്ലോ ബ്ലഡ്കാന്‍സര്‍ മൂര്‍ച്ഛിച്ച് മൂക്കില്‍നിന്ന് ചോര വരുമ്പോള്‍ പഞ്ഞിതിരുകി അദ്ദേഹം അഭിനയം തുടര്‍ന്നത്. ഒറ്റയ്ക്ക് കാറോടിച്ച് ആശുപത്രിയിലെത്തി പുതുരക്തം സ്വീകരിച്ച് സിനിമയുടെ സെറ്റിലേക്കുതന്നെ മടങ്ങിവന്നതും.
സ്വന്തം ജോലിയില്‍ ഇത്രമേല്‍ സ്വയം സമര്‍പ്പിതനായ ഒരു മനുഷ്യന്‍ വേറെ ഉണ്ടാവാനിടയില്ല. ഒരു ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടയില്‍ കാണികളിലാരോ സത്യന്റെകൂടെ അഭിനയിച്ചുകൊണ്ടിരുന്ന നായികനടിയെക്കുറിച്ച് വളരെ മോശമായൊരു കമന്റ് പറഞ്ഞപ്പോള്‍ അദ്ദേഹം അയാളുടെ കുപ്പായത്തിന്റെ കോളര്‍ കൂട്ടിപ്പിടിച്ച് ചെപ്പയ്ക്ക് കൈവീശി ഒരടികൊടുത്ത കഥകേട്ട് ഞാന്‍ രോമാഞ്ചം കൊണ്ടിട്ടുണ്ട്. അങ്ങനെയുള്ള മഹാരഥന്മാര്‍ അരങ്ങുവാണിരുന്ന മലയാളസിനിമയിലാണിപ്പോള്‍ പുതുനായകന്മാര്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്!
മ്ലാനമായ ഹൃദയത്തോടെ പിന്തിരിയുമ്പോള്‍ സെമിത്തേരിയുടെ താഴ്വാരത്ത് ഇരുട്ട് കനത്ത ചിറകുകള്‍ നിവര്‍ത്തുകയായിരുന്നു.