• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

മോഹന്‍ലാല്‍ ശങ്കരാടിയോട് ചോദിച്ചു 'എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം?'

Oct 9, 2020, 05:09 PM IST
A A A

ഒക്ടോബര്‍ 9- അനശ്വരനടന്‍ ശങ്കരാടി ഓര്‍മയായിട്ട് 19 വര്‍ഷം.

Remembering sankaradi death anniversary  Sathyan Anthikkad Ponmuttayidunna Tharavu
X

ശങ്കരാടിയും മോഹൻലാലും, ശങ്കരാടി | Photo: Mathrubhumi Archives

ശങ്കരാടിയുടെ ഓർമദിനം

ഈയിടെ ഒരൊഴിവുദിവസം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു. അതിന്റെ ഒടുവിലത്തെ സീനില്‍ ഒരടിയും ബഹളവുമൊക്കെയായിട്ട് മൂത്ത തട്ടാനെ കസേരയിലിരുത്തി കൊണ്ടുവരുന്ന ഒരു രംഗമുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് സീനാണത്. സാധാരണനിലയില്‍ ആ സീന്‍ കാണുമ്പോള്‍ ചിരി വരേണ്ടതാണ്. പക്ഷേ, എന്റെ കണ്ണു നിറഞ്ഞു. മൂത്ത തട്ടാനായി അഭിനയിച്ച കൃഷ്ണന്‍കുട്ടി നായര്‍, ഹാജ്യാരായി വേഷമിട്ട കരമന ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, ഫിലോമിന... സിനിമയിലെ ഈ ഗ്രാമ്യ മുഖഭാവങ്ങള്‍ ക്ലാപ്പടിയും കട്ടുമില്ലാത്ത മറ്റൊരു ലോകത്തേക്ക് പിന്‍വാങ്ങിയല്ലോ എന്ന ചിന്ത, വലിയൊരു നഷ്ടസ്മൃതിയായി എന്നില്‍ നിറഞ്ഞു. സിനിമയില്‍നിന്ന് എന്നേക്കുമായി നഷ്ടപ്പെട്ട ഒരുകൂട്ടം ഗ്രാമീണര്‍.

വി.കെ.എന്‍-ന്റെ അപ്പുണ്ണി തൊട്ടാണ് സിനിമയില്‍ എന്റെ ഗ്രാമകഥകളാരംഭിക്കുന്നത്. അതിനു മുന്നേയെടുത്ത കുറുക്കന്റെ കല്യാണവും കിന്നാരവും മദിരാശിയുടെ കഥാപശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. മദിരാശിക്ക് അന്ന് അകലം കൂടുതലാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ടെലിഫോണോ വൈദ്യുതിയോ ഇല്ലാത്ത കാലം. ആ കാല ഘട്ടത്തില്‍ മദിരാശിയില്‍ ജീവിച്ചുകൊണ്ട് ഞാന്‍ അന്തിക്കാടിന്റെ ഗ്രാമപ്പച്ച സ്വപ്നംകണ്ടു. ഒരു സിനിമാമോഹത്തിന്റെ തുമ്പു പിടിച്ചിട്ടാണ് ഞാന്‍ മദിരാശിയിലേക്കു പോയത്. വളരെ വിദൂരതയില്‍നിന്നെവിടെയോ വെച്ച് ഉദ്ഭവിക്കുന്ന ഒരു കലാരൂപത്തെ കൈപ്പിടിയിലാക്കുക എന്നൊരാഗ്രഹമായിരുന്നു അത്. സത്യത്തില്‍ ഞാനൊരു സിനിമാഭ്രാന്തനായിരുന്നില്ല. സാഹിത്യമായിരുന്നു ഇഷ്ടപ്പെട്ട വിഷയം. കുഞ്ഞുണ്ണിമാഷുമായുള്ള പരിചയമാണ് എന്നെ സംസ്‌കരിച്ചെടുത്തത്. കവിയാകണം എന്നാഗ്രഹിച്ചുനടന്ന ഒരാളിലേക്ക് എപ്പോഴോ സിനിമാമോഹം അനുവാദം ചോദിക്കാതെ കയറിവന്നു. മാതൃഭൂമി ബാലപംക്തിയില്‍ അക്കാലത്ത് ഞാന്‍ കവിതകളെഴുതിയിരുന്നു. സാഹിത്യപരിചയമാണ് സിനിമാമോഹത്തിന് വളക്കൂറായിത്തീര്‍ ന്നത്. ഡോ. ബാലകൃഷ്ണന്റെ കീഴിലാണ് സിനിമാജീവിത ത്തിന്റെ തുടക്കം. അദ്ദേഹം പറയുന്ന പല സീനുകളുടെയും പകര്‍ത്തിയെഴുത്തുകാരന്‍ ഞാനായിരുന്നു. 'എഴുത്തുപരിചയ'മാണ്, സത്യത്തില്‍ സിനിമാസംവിധാനത്തെ ഏറ്റവും പ്രചോദിപ്പിച്ച ഒരു ഘടകം.

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

അങ്ങനെ, മദിരാശിയില്‍ സിനിമാലോകത്തെ വിസ്മയജീവിതങ്ങളുമായി ചുറ്റിപ്പറ്റി നില്ക്കുമ്പോഴാണ് ഞാനാദ്യമായി ശങ്കരാടിയെ കാണുന്നത്. വാസു സ്റ്റുഡിയോവില്‍ കോളേജ് ഗേളിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഹരിഹരന്റെ രണ്ടാമത്തെ പടം. സംവിധാനസഹായികളായ ആറു പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങളന്ന് പകച്ചുനില്ക്കുന്ന ഒരു സംഘമായിരുന്നു. വലിയവലിയ നടന്മാരെ 'ജീവനോടെ' കാണുന്നതിന്റെ ഒരു ത്രില്ല് ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ലൊക്കേഷനില്‍ വെച്ചാണ് ശങ്കരാടിയെ പരിചയപ്പെടുന്നത്. ബഹദൂറും പറവൂര്‍ ഭരതനുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു.
'തന്റെ പേരെന്താടോ?'
ശങ്കരാടി ചോദിച്ചു.
'സത്യന്‍.'
'എവിടെയാ വീട്?'
'അന്തിക്കാട്.'
'അന്തിക്കാട് എവിടെ?'
ശങ്കരാടിയുടെ ചോദ്യവും എന്റെ ഉത്തരവും തുടര്‍ന്നു. അന്തിക്കാട് കണ്ടശ്ശാന്‍കടവ് സ്‌കൂളിനടുത്താണ് വീട് എന്നു പറഞ്ഞപ്പോള്‍ ശങ്കരാടി സ്വതസ്സിദ്ധമായ ചിരിയോടെ പറഞ്ഞു: 'ഞാനവിടെ പഠിച്ചിട്ടുണ്ട്.'
അതു കേട്ടപ്പോള്‍ ഒരന്തിക്കാട്ടുകാരനായതില്‍ ഞാന്‍ സന്തോഷിച്ചു. ഒരു നാട്ടുകാരനോടുള്ള സ്നേഹം ശങ്കരാടി എന്നോടു പ്രകടിപ്പിച്ചു.
'ചുക്കില്ലാത്ത കഷായമില്ല' എന്നു പറയാറുള്ളതുപോലെ
'ശങ്കരാടിയില്ലാത്ത പടം' ഞാന്‍ സംവിധാനം ചെയ്തതില്‍ തീരെ കുറവ്. മദിരാശിയില്‍ അയ്യപ്പാസ് എന്ന ലോഡ്ജിലായിരുന്നു ശങ്കരാ ടിയുടെ താമസം. ഒരു നാട്ടിന്‍പുറത്തുകാരനെപ്പോലെ ഓരോ കാഴ്ചയിലും ശങ്കരാടി സൗമ്യതയോടെ പെരുമാറി. മരണംവരെ അത് തുടര്‍ന്നു.

ഒരു നാട്യവുമില്ലാത്ത മനുഷ്യനായിരുന്നു ശങ്കരാടി. ഇന്ന് പഴയ സിനിമകള്‍ കാണുമ്പോള്‍ നമുക്കു മനസ്സിലാകും, അന്നത്തെ പ്രസിദ്ധരായ പല നടന്മാരെക്കാളും സ്വാഭാവികമായ രീതിയിലായിരുന്നു ശങ്കരാടിയുടെ അഭിനയം. വിത്തുകള്‍ എന്ന സിനിമ അടുത്തിടെ ഞാന്‍ കണ്ടു. അതില്‍ ഏറ്റവും സ്വാഭാവികമായ ഒരഭിനയശൈലി കാഴ്ചവെച്ചത് ശങ്കരാടിയായിരുന്നു. ക്യാമറ മുന്‍പിലുണ്ടെന്ന തോന്നലുളവാക്കാത്തവിധം പെര്‍ഫോം ചെയ്യുന്ന നടനാണ് ശങ്കരാടി. ആ പെര്‍ഫോമന്‍സ് എത്രത്തോളം ശുദ്ധമാണോ, അത്രയും ശുദ്ധമായ രീതിയിലാണ് ശങ്കരാടിയുടെ നടപ്പും ഇരിപ്പും സംസാരവും ഇടപഴകലുമൊക്കെ. മദ്രാസില്‍, പ്രസിദ്ധനായ ഒരു സിനിമാനടനാണ് എന്ന ഭാവഭേദമൊന്നുമില്ലാതെ ഖദര്‍മുണ്ടും ഖദര്‍ഷര്‍ട്ടുമിട്ട് ബീഡിയും വലിച്ചു നടക്കുന്ന ഒരു വിശുദ്ധനായ ഗ്രാമീണനായിരുന്നു ശങ്കരാടി. ഇതൊക്കെക്കൊണ്ടുതന്നെ പുള്ളിക്ക് ആവശ്യത്തില്‍ കൂടുതല്‍ പിശുക്കന്‍ എന്ന പേരുണ്ടായിരുന്നു. നയാപൈസ ചെലവാക്കാത്ത ഒരാള്‍ എന്ന നിലയിലാണ് സിനിമാസെറ്റില്‍ ശങ്കരാടി അറിയപ്പെട്ടത്. ശങ്കരാടി പ്രായമേറെച്ചെന്നാണ് വിവാഹിതനായത്. സിനിമയില്‍നിന്ന് സമ്പാദിക്കുന്ന കാശ് മുഴുവന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പലരും ശങ്കരാടി കേള്‍ക്കെത്തന്നെ ചോദിക്കുമായിരുന്നു. ഒരു സദസ്സില്‍ വന്നുകഴിഞ്ഞാല്‍, ആ സദസ്സിനെ വളരെ പെട്ടെന്ന് ഉണര്‍ത്തുന്ന ഒരു സിദ്ധി ശങ്കരാടിക്കുണ്ടായിരുന്നു.

sankaradi

മറ്റൊന്ന്, മറ്റെല്ലാറ്റിനുമുപരി, അതിശക്തമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് ശങ്കരാടിക്കുണ്ടായിരുന്നു. ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ നന്മ ശങ്കരാടിയില്‍ ആവോളമുണ്ടായിരുന്നു. മദിരാശിയില്‍ ഒരു മലയാളി കാരണവരെപ്പോലെ ശങ്കരാടി ജീവിച്ചു. സ്വന്തമൊരു അമ്മാവനെപ്പോലെയായിരുന്നു എനിക്ക് ശങ്കരാടി.

സത്യന്‍ അന്തിക്കാടിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബന്ധപ്പെട്ട ആരുമായും അഗാധമായ സൗഹൃദം ശങ്കരാടി സ്ഥാപിക്കുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം പതിവായി കത്തെഴുതി. ടെലിഫോണൊക്കെ സജീവമായിരുന്ന കാലത്തും അദ്ദേഹം കത്തുകളെഴുതിക്കൊണ്ടിരുന്നു. ഒരു സാധാരണ പോസ്റ്റ് കാര്‍ഡിലാണെഴുതുക. നല്ല ഭംഗിയുള്ള കൈപ്പടയാണ്. വീട്ടുവിശേഷമന്വേഷിച്ചുകൊണ്ടാണ് ഓരോ കുറിപ്പുമവസാനിക്കുക.

ബന്ധങ്ങള്‍ ചികയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ശങ്കരാടിക്ക്. ബന്ധങ്ങളുടെ കണ്ണിചേര്‍ത്ത് അതിന്റെ അറ്റംവരെ പോയി, ആ ഊരും പേരുമായി തനിക്കുള്ള ബന്ധംകൂടി ശങ്കരാടി സ്ഥാപിച്ചെടുക്കും. ബന്ധങ്ങളുടെ ഇഴ കോര്‍ത്തിണക്കി പോകുന്ന ആ വിദ്യ നടന്മാരില്‍ ശങ്കരാടിയില്‍ മാത്രമാണ് ഞാന്‍ കണ്ടത്.

ആര്‍ഭാടം തീരെയില്ലായിരുന്നു ശങ്കരാടിയില്‍. ഒരു മുറിയും ഒരു ഫാനും ഒരു ബാത്ത്റൂമുമുണ്ടായാല്‍ പുള്ളി ഹാപ്പിയാണ്. നിര്‍മാതാവിന് അധികഭാരം ചുമത്തുന്ന ഒന്നും ശങ്കരാടിയിലില്ലായിരുന്നു. ജാതിമതമൊന്നും നോക്കാതെ തന്നെക്കാള്‍ ഇളപ്പമുള്ള പ്രിയപ്പെട്ടവരെ 'അവനെന്റെ അനന്തരവനാ'ണ് എന്ന് ശങ്കരാടി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു.

മദ്യപിക്കുന്ന സ്വഭാവം ശങ്കരാടിക്കുമുണ്ട്. രാത്രിയിലാണ് മദ്യപിക്കുന്നതെങ്കില്‍ അന്നു പുലര്‍ച്ചെതന്നെ വെള്ളവും ഗ്ലാസുമൊക്കെ ശരിയാക്കി രാത്രിക്കുവേണ്ടി ശങ്കരാടി കാത്തിരിക്കും. അതുപോലെ ഷൂട്ടിങ്ങിന് പുറപ്പെടുന്നതിന് ഒരാഴ്ച മുന്നേതന്നെ വസ്ത്രം, സോപ്പ്, ചീര്‍പ്പ് തുടങ്ങിയവ പെട്ടിയിലാക്കി യാത്ര പുറപ്പെടുന്ന ദിവസത്തിനുവേണ്ടി ശങ്കരാടി കാത്തിരിപ്പ് തുടങ്ങും.

എന്റെ കല്യാണത്തിനു ശേഷമാണ് ശങ്കരാടിയുടെ കല്യാണം നടന്നത്. തൃപ്രയാര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങ്. പല കല്യാണാലോചനകളും ശങ്കരാടിക്ക് വന്നിരുന്നു. പല കാരണങ്ങള്‍കൊണ്ടും അവയൊന്നും നടന്നില്ല. ഒരിക്കല്‍ ഒരു മോതിരംമാറല്‍ നടന്നതാണ്. എന്നിട്ടും എന്തോ കാരണംകൊണ്ട് അത് തെറ്റിപ്പോയി.

sankaradi

കമ്യൂണിസ്റ്റാണെങ്കിലും ഞാന്‍ പരിചയപ്പെടുന്ന കാലംതൊട്ടേ ശങ്കരാടി ഭക്തനായിരുന്നു. ലോഡ്ജ് മുറിയിലാണെങ്കില്‍ത്തന്നെയും പൂജാമുറിയിലുള്ളതുപോലെ ഒരു കോര്‍ണറില്‍ ദൈവചിത്രങ്ങള്‍ക്കു മുന്നില്‍ എപ്പോഴും നിലവിളക്ക് കത്തിച്ചുവെച്ചു. സന്ദേശം എന്ന സിനിമയില്‍ ഒരു കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിട്ടാണ് ശങ്കരാടി അഭിനയിച്ചത്. പരസ്യമായി കമ്യൂണിസ്റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാള്‍. ശങ്കരാടിയില്‍നിന്നാണ് ആ കഥാപാത്രത്തെ ഞാന്‍ കണ്ടെത്തുന്നത്. വലിയ കമ്യൂണിസ്റ്റുകാരൊക്കെ ഈശ്വരവിശ്വാസികളാണെന്നും അവര്‍ രഹസ്യമായി അമ്പലത്തില്‍ പോവാറുണ്ടെന്നും ശങ്കരാടി പലപ്പോഴായി പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ ശങ്കരാടിക്ക് തീരെ ദൈവവിശ്വാസമുണ്ടായിരുന്നില്ല. പ്രായമേറിയപ്പോഴാണ് ഈശ്വരസാന്നിധ്യം ജീവിതത്തിലനുഭവപ്പെട്ടുതുടങ്ങിയതെന്ന് ശങ്കരാടി ഒരിക്കല്‍ പറഞ്ഞു.

അതിമനോഹരമായ ഹ്യൂമര്‍സെന്‍സ് ശങ്കരാടിക്കുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരായിരുന്നു. മോഹന്‍ലാല്‍ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹന്‍ലാല്‍ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോടു ചോദിച്ചു:

'എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം?'
ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടാണ് മോഹന്‍ലാലിന്റെ ചോദ്യം. ശങ്കരാടി ആദ്യമൊന്നും ഇതിന് മറുപടി പറഞ്ഞില്ല. കുറേ ദിവസങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു:
'എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.'
'എന്തുകൊണ്ടാണ് ചേട്ടന്‍ എന്നെക്കാള്‍ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത്?'
'അത്... മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്തു കാണിക്കും. അതു തുറന്നു പറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാല്‍ നീയത് പുറത്തു കാണിക്കില്ല. നീയത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം.'

മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും, അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്നു.

sankaradi

പിന്നീട് ഞങ്ങള്‍ Phrase പോലെ കണക്കാക്കാറുള്ള ഒരു കമന്റ് ശങ്കരാടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു നടിയുടെ ഭര്‍ത്താവ് മരിച്ച സന്ദര്‍ഭത്തിലായിരുന്നു ആ കമന്റ്. നടി എന്റെ പടത്തിന്റെ ഒരു ഷൂട്ടിങ്ങിലായിരുന്നു. നടിയുടെ ഭര്‍ത്താവിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. നടിക്കും പോക്കുവരവിന് മറ്റു ചിലരുണ്ട്. എങ്കിലും നടി കൂടുതല്‍ സ്നേഹിച്ചിരുന്നത് ഇയാളെയായിരുന്നു. പക്ഷേ, അവര്‍ ആചാരപ്രകാരം വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ആയി അറിയപ്പെട്ട ആള്‍ മരിച്ചതറിഞ്ഞിട്ടും നടിക്ക് ഉറക്കെ കരയാനോ ഭര്‍ത്തൃവീട്ടില്‍ പോകാനോ സാധിച്ചില്ല. നടി ഷൂട്ടിങ് സ്ഥലത്തുനിന്ന് അവരുടെ ലോഡ്ജ്മുറിയിലേക്കു പോയി. ആ ലോഡ്ജില്‍ അടുത്ത മുറിയില്‍ ശങ്കരാടിയുണ്ടായിരുന്നു. വൈകുന്നേരം അന്നത്തെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ ശങ്കരാടി എന്റെ മുറിയിലേക്ക് വന്നു. അപ്പോള്‍ ശ്രീനിവാസന്‍ എന്റെ മുറിയിലുണ്ട്.

'ആ സ്ത്രീക്ക് ഭര്‍ത്താവ് മരിച്ചതില്‍ ശരിക്കും സങ്കടമുണ്ടോ?'
ശ്രീനിവാസന്‍ ചോദിച്ചു.
പെട്ടെന്നുതന്നെ ശങ്കരാടിയുടെ മറുപടിയുണ്ടായി.
'ഒരു മീഡിയം സ്ട്രോങ്, ചക്കര കമ്മി.' ഇതായിരുന്നു ശങ്കരാടി പറഞ്ഞത്.

മദിരാശിയില്‍ പണ്ട് ജീവിച്ചിരുന്നവര്‍ക്ക് ഇതിന്റെ അര്‍ഥമറിയാം. മദിരാശിയിലെ പഴയ ചായക്കടകളില്‍ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മലയാളികള്‍ പറഞ്ഞിരുന്ന വാചകമാണിത്. മീഡിയം സ്ട്രോങ്, ചക്കര കമ്മി. ഒരു ഇടത്തരം കരച്ചില്‍ എന്നാണ് ശങ്കരാടി പറഞ്ഞതിന്റെ പൊരുള്‍. ശ്രീനി അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ശ്രീനിവാസന്‍ ഇതുപയോഗിച്ചു. പുതിയ ചില നടന്മാരുടെയോ നടികളുടെയോ അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രീനി പറയും: 'ങ്ഹാ, ഒരു മീഡിയം സ്ട്രോങ്, ചക്കര കമ്മി.'

ഹരിഹരന്റെ സെറ്റില്‍വെച്ചു പരിചയപ്പെട്ടെങ്കിലും എന്റെ ആദ്യത്തെ സിനിമാലോചനയില്‍ ശങ്കരാടിയുടെ മുഖമില്ലായിരുന്നു. എന്റെ ആദ്യപടം കുറുക്കന്റെ കല്യാണം മദിരാശിയിലെ വിജയാ ഗാര്‍ഡന്‍ എന്ന സ്ഥലത്തുവെച്ചാണ് ആദ്യദിവസം ചിത്രീകരിച്ചത്. സുകുമാരനും മാധവിയും അഭിനയിക്കുന്ന രംഗമാണ്. ഡോ. ബാലകൃഷ്ണന്‍േറതാണ് സ്‌ക്രിപ്റ്റ്. സ്‌ക്രിപ്റ്റ് മുഴുവനെഴുതിയിട്ടില്ല. ചില സീനുകള്‍ മാത്രം. സുകുമാരന്റെയും മാധവിയുടെയും ഡേറ്റ് കിട്ടിയപ്പോള്‍ ഒരു ദിവസം പൂജ നിശ്ചയിച്ചു. അന്നുതന്നെ ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ആരെയും പുതിയ ചിത്രത്തിന്റെ പൂജ നടക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ആരില്‍നിന്നോ വിവരം കേട്ടറിഞ്ഞ് ശങ്കരാടി ഒരു കാറില്‍ വിജയാ ഗാര്‍ഡനിലെത്തി. തികച്ചും യാദൃച്ഛികമായ ആ സന്ദര്‍ശനം കണ്ട് ഞാന്‍ അല്പനേരം പകച്ചുനിന്നു. പൂജ അറിയിക്കാത്തതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

കുറുക്കന്റെ കല്യാണത്തില്‍ ഒരു അമ്മാവന്റെ വേഷമുണ്ടായിരുന്നു. ആ വേഷം ശങ്കരാടിയെക്കൊണ്ട് അപ്പോള്‍ അവിടെവെച്ചുതന്നെ ചിത്രീകരിച്ചു. സത്യത്തില്‍ അത് നേരത്തേ നിശ്ചയിച്ചതായിരുന്നില്ല. തികച്ചും യാദൃച്ഛികമായ ഒരു സന്ദര്‍ഭത്തില്‍ തീര്‍ത്തും സ്വാഭാവികമായിത്തന്നെ ശങ്കരാടി അഭിനയിച്ചു.

അവസാനകാലമാവുമ്പോഴേക്കും ഒരു വിഗ്ഗ് വേണമെന്ന കലശലായ മോഹം ശങ്കരാടി മനസ്സില്‍ കൊണ്ടുനടന്നു. ഞങ്ങളുടെ സ്ഥിരം മേയ്ക്കപ്പുമേന്‍ പാണ്ഡ്യനാണ്. പാണ്ഡ്യനെ വിളിച്ച് ശങ്കരാടി പറയും:
'അടുത്ത സിനിമയില് എനിക്ക് വിഗ്ഗ് വേണം. ഈ കഷണ്ടിയും കാണിച്ച് അഭിനയിക്കാന്‍ വയ്യ!'

നാടോടിക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. മദിരാശി ഹോട്ടല്‍ വുഡ്ലാന്‍ഡ്സില്‍ ശ്രീനിയും ഞാനുമിരുന്ന് തിരക്കഥ പൂര്‍ത്തിയാക്കുകയാണ്. അപ്പോള്‍ ശങ്കരാടി മുറിയിലേക്കു
കയറിവന്നു.
'എപ്പോഴാ ഞാന്‍ വരണ്ടത്?'
ശങ്കരാടിയുടെ ചോദ്യത്തിന് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. എഴുതിക്കൊണ്ടിരിക്കുന്ന കഥയില്‍ പുള്ളിക്കു പറ്റിയ റോളുണ്ടോ എന്നുപോലും തീരുമാനിച്ചിരുന്നില്ല.
'സമയമാകുമ്പോള്‍ ചേട്ടനോട് പറയാം.' -പരിഭവമുണ്ടാകാതിരിക്കാന്‍ ഞാന്‍ പറഞ്ഞു.
'ശരി. പിന്നെ ആ പാണ്ഡ്യനെ വിളിച്ച് ഒരു വിഗ്ഗുണ്ടാക്കാന്‍ പറയണം. അവന്‍ എത്രപേര്‍ക്ക് വിഗ്ഗ് വെച്ചുകൊടുക്കുന്നു! എനിക്കും
ഒരു വിഗ്ഗാവാം. എഴുതുമ്പോള്‍ എനിക്ക് ധാരാളം മുടിയുള്ള കഥാ
പാത്രമാക്കി എഴുതണം' - ഇത്രയും പറഞ്ഞ്, കഷണ്ടി ഒന്നു തടവി തികച്ചും സ്വകാര്യമായ ഒരു സങ്കടംപോലെ പറഞ്ഞു: 'ഈ കഷണ്ടിയുമായി എത്ര കാലമായി... എനിക്കിനി വിഗ്ഗ് വേണം സത്യാ.'

കഷണ്ടി ശങ്കരാടിക്ക് വ്യക്തിപരമായ ഒരു ദുഃഖമായിരുന്നു. പ്രേക്ഷകനാവട്ടെ, കഷണ്ടിയില്ലാത്ത ഒരു ശങ്കരാടിയെ സങ്കല്പിക്കാനേ വയ്യ. 'ചേട്ടന്റെ കഷണ്ടി കാണാന്‍ എന്തൊരു ഐശ്വര്യമാണ്.' ശ്രീനിവാസന്‍ ശങ്കരാടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു: 'കഷണ്ടി വിഗ്ഗ് വെച്ചു മറയ്ക്കാം. മുഖമോ? അതും എത്രയോ കാലമായി പ്രേക്ഷകര്‍ കാണുന്നതല്ലേ?' കൂടുതല്‍ വാദിച്ചുനില്ക്കാതെ, ഒന്നു വിടര്‍ന്നു ചിരിച്ച് ശങ്കരാടി മുറിവിട്ടുപോയി.

എന്റെ വീടിനു മുന്നിലുള്ള റോഡ് വിശാലമായ കോള്‍നിലങ്ങള്‍ക്കു മുന്നിലാണവസാനിക്കുന്നത്. എത്രയോ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. വലിയ പാടങ്ങളുടെ അക്കരയുമിക്കരെയുമാണ് എന്റെയും മഞ്ജുവാര്യരുടെയും വീട്. എപ്പോഴും രാവിലെ ഞാന്‍ നടക്കാന്‍ പോകുന്നത് ഈ പാടത്തേക്കാണ്. ഗ്രാമ്യമായ സ്വച്ഛതയിലൂടെ ഒരു പ്രഭാതസവാരി. ഈ യാത്രയ്ക്കിടയില്‍, വയലിന്റെ നടവരമ്പിലൂടെ മുണ്ടിന്റെ അറ്റം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈയില്‍ കുടയുമായി ഒരു കാരണവര്‍ നടന്നുവരുന്നത് ഞാന്‍ കാണാറുണ്ട്. ആ കാരണവര്‍ ശങ്കരാടിയാണ്. മരിച്ചിട്ടും എല്ലാ പ്രഭാതത്തിലും അന്തിക്കാട്ടെ പാടവരമ്പില്‍ ഞാന്‍ ഈ കാരണവരെ ദിവസവും കണ്ടുമുട്ടുന്നു. ഒരുപാടു സമ്പാദിച്ചിട്ടും സ്വന്തമായി ഒരു വിഗ്ഗില്ലാതെ പോയ, ഏതോ നാടോടിക്കഥയിലെ കാരണവര്‍.

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഒരുപാട് പേരുടെ ഛായയുണ്ട് ശങ്കരാടി പകര്‍ന്ന വേഷങ്ങള്‍ക്ക്. എന്റെ അമ്മാവന്റെ പല സ്വഭാവവിശേഷങ്ങളും ഞാന്‍ ശങ്കരാടിയിലേക്കു പകര്‍ന്നിട്ടുണ്ട്. എന്റെ അമ്മാവന്‍ ഒരു മാഷായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അധ്യാപകസംഘടനയുടെയൊക്കെ തലപ്പത്തിരുന്നിട്ടുണ്ട്. മദിരാശിയില്‍ സിനിമ പഠിക്കാന്‍പോയ കാലത്ത് നാട്ടിലേക്കു തിരിച്ചുവന്നാല്‍ അമ്മാവന്‍ ചോദിക്കും:

'നിനക്കെന്താ അവിടെ ജോലി?'
'അസിസ്റ്റന്റ് ഡയറക്ടറാണ്.'
'അതു മനസ്സിലായി. നിനക്കെന്താ അവിടെ ജോലി?'
'സംവിധാന സഹായിയാണ്.'
'അതു മനസ്സിലായി. പക്ഷേ, നിനക്കെന്താ അവിടെ ജോലി?'

ഇങ്ങനെ ചോദിച്ച് ഉത്തരം മുട്ടിക്കുന്ന ഒരമ്മാവന്‍. 'നീ സംവിധായകനെ സഹായിക്കുന്നു എന്നു പറയുന്നു. എങ്ങനെ സഹായിക്കുന്നു? സംവിധായകന്റെ പെട്ടി ചുമന്നുനടക്കുകയാണോ? സംവിധായകന് ചോറുണ്ടാക്കിക്കൊടുക്കുകയാണോ?...' ശുദ്ധഗതിക്കാരനായ എന്റെ ഈ അമ്മാവനില്‍ ശങ്കരാടിയുടെ അംശമുണ്ട്. അതുപോലെ എന്റെ ഗ്രാമത്തിലെ പഴയ പല കാരണവന്മാരിലും ഒരു ശങ്കരാടിയെ കാണാം.

sankaradi

മരിക്കുന്നതിനു കുറച്ചുകാലം മുന്നേ ശങ്കരാടിയെ കണ്ടപ്പോള്‍ അദ്ദേഹം വല്ലാതെ അന്തര്‍മുഖനായതുപോലെ എനിക്കു തോന്നി. അവസാനകാലമാവുമ്പോഴേക്കും അദ്ദേഹത്തിന് മറവി ബാധിച്ചുതുടങ്ങി. സിനിമയില്‍ ഡയലോഗുകള്‍ ബോധപൂര്‍വമല്ലാതെ തെറ്റിച്ചു. അപ്പോള്‍ തിരുത്താനാവശ്യപ്പെടുമ്പോള്‍ പുള്ളി സ്വകാര്യമായി പറയും: 'മുന്‍പ് ചില കുരുത്തക്കേടുകള്‍ കാണിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ടാവാം വൃദ്ധനായപ്പോള്‍ വാക്കുകള്‍ വേണ്ടതുപോലെ വരുന്നില്ല.'

ശങ്കരാടി പതുക്കെപ്പതുക്കെ എല്ലാറ്റില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പിന്മാറ്റമായിരുന്നോ അത്? രോഗം മനസ്സിനെ തീരെ തളര്‍ത്തിത്തുടങ്ങിയപ്പോള്‍ ശങ്കരാടി ചെറായിയിലേക്കു മടങ്ങി. എന്റെയും ശങ്കരാടിയുടെയും പൊതുസുഹൃത്തായ ഒരാള്‍ എനിക്കൊരു കത്തയച്ചു -'ശങ്കരാടിയുടെ സ്ഥിതി അല്പം മോശമാണ്.'
ഞാനും നിമ്മിയും മക്കളുംകൂടി ശങ്കരാടിയെ കാണാന്‍ പോയി. ചെറായിയില്‍ വീടിനു പുറത്ത് ഔട്ട്ഹൗസ് പോലെ ഒരു കൊച്ചുമുറിയുണ്ട്. മൂപ്പരവിടെ കട്ടിലില്‍ കിടക്കുകയാണ്. ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്കു തോന്നി. രൂപം ഒരുപാട് മാറിയിട്ടുണ്ട്. ആ വലിയ കണ്ണുകള്‍ പക്ഷേ, അങ്ങനെത്തന്നെയുണ്ട്. മറ്റെല്ലാം ശോഷിച്ചിരുന്നു. ശങ്കരാടിയെ ശുശ്രൂഷിച്ചുകൊണ്ട് ഭാര്യ ശാരദേച്ചി അടുത്തിരിപ്പുണ്ട്. ശങ്കരാടിച്ചേട്ടന്‍ ആരെയും തിരിച്ചറിയുന്നില്ല എന്നു ശാരദേച്ചി പറഞ്ഞു.

'ആരാണ്?'
തുറിച്ചുനോക്കിക്കൊണ്ട് ശങ്കരാടി ചോദിച്ചു. ഭാഷയ്ക്ക് ഒരു മാറ്റവുമില്ല. ചെറിയൊരു ഇടര്‍ച്ച മാത്രം.
'ഞാന്‍ സത്യന്‍ അന്തിക്കാടാണ്.'
'സത്യന്‍ അന്തിക്കാട്? ഏതു സത്യന്‍?'
ശങ്കരാടി അതൊന്നാവര്‍ത്തിച്ചു. പിന്നെ ഒന്നും ചോദിച്ചില്ല. ആളെ മനസ്സിലായില്ല എന്നു തീര്‍ച്ചയായി.
തെല്ലുനേരം എന്നെത്തന്നെ നോക്കി. പിന്നെ പിച്ചും പേയും പറയുന്നതുപോലെ എന്തൊക്കെയോ മൊഴിഞ്ഞു:
'എന്റെ പാസ്ബുക്ക് കാണുന്നില്ല. ട്രെയിനിലെവിടെയോ വെച്ച് മിസ്സായി. അതുകൊണ്ട് വലിയ ബുദ്ധിമുട്ടായി.'
ശങ്കരാടി തനിക്കു നഷ്ടപ്പെട്ട ഏതോ പാസ്ബുക്ക് ഓര്‍മയില്‍ തിരയുകയാണെന്ന് മനസ്സിലായി.
'പേടിക്കേണ്ട സാര്‍. ഞാന്‍ ബാങ്ക് മാനേജരോടു പറയാം.'
'പ്ലീസ് ഡു ഇറ്റ്.' ശങ്കരാടി ഏതോ ഒരോര്‍മയില്‍ അത്രമാത്രം പറഞ്ഞു.

അപ്പോള്‍ ശാരദേച്ചി പറഞ്ഞു. ഏതോ നാട്ടില്‍ ഷൂട്ടിങ്ങിനു വന്ന് ഒരു ലോഡ്ജ്മുറിയില്‍ താമസിക്കുകയാണെന്നാണ് ശങ്കരാടിച്ചേട്ടന്‍ വിശ്വസിച്ചിരിക്കുന്നത്! ഈ മുറി എപ്പോഴാണ് ഒഴിഞ്ഞുകൊടുക്കേണ്ടത് എന്ന് അദ്ദേഹം ഭാര്യയോട് അന്വേഷിച്ചുകൊണ്ടിരുന്നു. തിരിച്ചുവരുമ്പോള്‍ ഞാന്‍ നിമ്മിയോട് പറഞ്ഞു: 'എല്ലാവരും വാടകമുറിയിലാണ് നിമ്മീ. ചെക്കൗട്ടിനു സമയം കാത്തിരിക്കുന്നവര്‍.'
ഞങ്ങള്‍ സന്ദര്‍ശിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും ശങ്കരാടി മരിച്ചു. ഒരുമാസം പിന്നിട്ടപ്പോള്‍ ശാരദേച്ചിയും ശങ്കരാടി പോയ വരമ്പിലൂടെത്തന്നെ പോയി.

സ്വന്തം വീട്ടില്‍ ഏതോ വാടകമുറിയുടെ ഓര്‍മ മനസ്സില്‍ പേറി ജീവിച്ച ഒരു മഹാനടന്‍. സ്വാഭാവികമായ ഒരഭിനയംപോലെയായിരുന്നു മരണാസന്നനാളുകള്‍. ദൈവം 'കട്ട്' പറഞ്ഞ സീന്‍. കേരളത്തില്‍ തെങ്ങും കവുങ്ങും വാഴകളുമൊക്കെയുള്ള ഗ്രാമാന്തരീക്ഷത്തില്‍ ക്യാമറ വെച്ചാല്‍ അവിടെ ശങ്കരാടിയുടെ ശൂന്യത അനുഭവപ്പെടുന്നുണ്ട്. ശങ്കരാടിയുമായി ബന്ധപ്പെട്ട് ഏറ്റവും തമാശ ജനിപ്പിക്കുന്ന ഒരോര്‍മയുണ്ട്. ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ അദ്ദേഹം സ്ഥിരം താമസിക്കാറുള്ള ഒരു മുറിയുണ്ട്. ഒരു ദിവസം മുറി പൂട്ടി ശങ്കരാടി ഗസ്റ്റ്ഹൗസ് മാനേജരോടു പറഞ്ഞു: 'ആരു വന്നാലും ആ മുറി കൊടുക്കരുത്. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ മുറിയില്‍ വെച്ചിട്ടാണ് ഞാന്‍ പോകുന്നത്.'രണ്ടു ദിവസം കഴിഞ്ഞിട്ടും ശങ്കരാടി വന്നില്ല. ഗസ്റ്റ്ഹൗസിലെമുറി അതിഥികള്‍ വന്നിട്ടും തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍, മുറി തുറക്കാന്‍തന്നെ ഗസ്റ്റ്ഹൗസ് മാനേജര്‍ തീരുമാനിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചു മുറി തുറന്നപ്പോള്‍കണ്ടത്, മുറിയുടെ ഒരു കോര്‍ണറില്‍ അലക്കിപ്പിഴിഞ്ഞ് ഉണക്കാനിട്ട കോണകം മാത്രം! ശങ്കരാടി പറഞ്ഞ അത്യാവശ്യമുള്ള സാധനം!

കൊച്ചുകൊച്ചു നര്‍മങ്ങള്‍ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ നിക്ഷേപിച്ച് ശങ്കരാടി മണ്‍മറഞ്ഞപ്പോള്‍, മണ്ണില്‍ കാലുറപ്പിച്ചു നടന്ന ഒരാളെയാണ് സിനിമയ്ക്കു നഷ്ടമായത്. മുണ്ടിന്റെ തലപ്പും പിടിച്ച് ബീഡിയും വലിച്ചു നടക്കുന്ന ഒരു ഗ്രാമീണ കാരണവര്‍. മറ്റൊരു ലോകത്ത്, ഏതോ ഒരു ചായക്കടയിലിരുന്ന് ശങ്കരാടി ദൈവത്തോട് പറയുന്നുണ്ടാവാം:'ഒരു മീഡിയം സ്ട്രോങ്, ചക്കര കമ്മി.'

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' വാങ്ങാം

 

 

 

 

PRINT
EMAIL
COMMENT
Next Story

ജയകൃഷ്ണന്റെ ക്ലാരയല്ല; ഇത് ഉമ്മച്ചന്റെ ക്ലാര

മലയാള സിനിമയില്‍ രണ്ട് ക്ലാരമാരുണ്ട്. ആദ്യത്തെ ക്ലാര മലയാളി പുരുഷന്‍മാരുടെ .. 

Read More
 

Related Articles

ആ പ്രൊജക്ട് മാറ്റിവെക്കാമെന്ന് ഞാനും മമ്മൂട്ടിയും ഒരുമിച്ചെടുത്ത തീരുമാനം - സത്യന്‍ അന്തിക്കാട്
Videos |
Movies |
ദൃശ്യം 2 വിന്റെ നിര്‍മാതാവിന് ഇനിയും പുനര്‍ചിന്തനത്തിന് സമയമുണ്ട്- സത്യന്‍ അന്തിക്കാട്
Videos |
തിയേറ്ററുകള്‍ തുറക്കണം എന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു - സത്യന്‍ അന്തിക്കാട്
Movies |
'അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല'
 
More from this section
Kalpana actor Death Anniversary Movies Comedy Legacy
ജയകൃഷ്ണന്റെ ക്ലാരയല്ല; ഇത് ഉമ്മച്ചന്റെ ക്ലാര
Kalpana death anniversary remembering Kalpana actress Kalpana Comedy
'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ?' ഓര്‍മയില്‍ ആ ചിരി
vkn thikkurussi
'അറിയുമോ? മലയാളത്തിലെ ആദ്യ അശ്‌ളീല രംഗം അഭിനയിച്ചത് ഞാനാ'
Aswin script writer Anugraheethan Antony is working in Kerala feeds sunny wayne movie
അശ്വിൻ കാലിത്തീറ്റ അടുക്കിവെക്കും; സിനിമയ്ക്ക്‌ കഥയെഴുതും
padmarajan
ആ വാര്‍ത്ത കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ടു കയറുന്നപോലെ തോന്നി, ഞാന്‍ നിന്നു വിയര്‍ത്തു- മോഹന്‍ലാല്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.