സംഗീതാ സചിത് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയോടും സംവിധായകൻ ഹരിഹരനോടുമൊപ്പം റെക്കോഡിങ് വേളയിൽ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
നാൽപ്പത്തഞ്ചാം വയസ്സിൽ യാത്രയാകുമ്പോൾ സംഗീത ബാക്കിയാക്കുന്നത് ഒരുപാട് നല്ല പാട്ടുകളും കുറെ സ്വപ്നങ്ങളും. എ.ആർ. റഹ്മാനെപ്പോലും കീഴടക്കിയ, ജയലളിതയെ അമ്പരപ്പിച്ച മലയാളിഗായിക ജന്മനാട്ടിൽ വേണ്ടവിധം അംഗീകരിക്കപ്പെട്ടില്ലെന്നതിന്റെ വേദന ബാക്കി.
മൂന്നുപതിറ്റാണ്ടുമുമ്പ് സ്വന്തം ജോലിപോലും ഉപേക്ഷിച്ച് കോട്ടയം സ്വദേശിയായ വി.ജി. സചിത് ചെന്നൈയിലേക്ക് വണ്ടികയറിയത് മൂന്നുമക്കളിൽ ഇളയവളായ സംഗീതയുടെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞാണ്. മകളുടെ പാട്ടുകൾ റെേക്കാഡുചെയ്ത കാസറ്റുകളുമായി അദ്ദേഹം സംഗീതസംവിധായകരുടെ വീടുകൾ കയറിയിറങ്ങി. പലരും മുഖംതിരിച്ചപ്പോൾ സംഗീതയുടെ കഴിവ് തിരിച്ചറിഞ്ഞ എസ്.എ. ചന്ദ്രശേഖർ (നടൻ വിജയിന്റെ അച്ഛൻ) ‘നാളൈ തീർപ്പ്’ എന്ന ചിത്രത്തിൽ ബിറ്റ്സോങ് പാടാൻ അവസരംനൽകി.
തുടർന്ന് സംഗീതസംവിധായകൻ ദേവ ‘മധുമതി’യിലെ സോളോ പാടാൻ സംഗീതയെ ക്ഷണിച്ചു. ഇത് ഹിറ്റായതോടെ സംഗീത തമിഴിലെ മുൻനിര ഗായികമാരുടെ നിലയിലേക്ക് വളർന്നു. അസുരൻ, മാമൻ മകൾ, സ്മൈൽ പ്ലീസ്, സരിഗമപധനി, ലക്കിമാൻ തുടങ്ങി എ.ആർ. റഹ്മാന്റെ മിസ്റ്റർ റോമിയോയും ജീൻസും ബിഗിലും വരെയുള്ള ഒട്ടേറെ ചിത്രങ്ങളിൽ സംഗീത പാടി. കോട്ടിയാണ് തെലുങ്കിൽ അവതരിപ്പിച്ചതെങ്കിലും കീരവാണിയുടെ ഗാനങ്ങളിലൂടെയാണ് സംഗീത പ്രശസ്തയായത്. എണ്ണത്തിൽ കൂടുതലും തമിഴ്ഗാനങ്ങളാണെങ്കിലും സംഗീതയുടെ ഹിറ്റുകളധികവും തെലുങ്കിലായിരുന്നു. ‘നഗുവ നഗുവ മല്ലിഗൈ...’ തുടങ്ങിയ ഗാനങ്ങളിലൂടെ കന്നഡയിലും സംഗീത ഇമ്പമാർന്ന സാന്നിധ്യമായി.
1992 ഫെബ്രുവരി 14-ലെ സായാഹ്നം ഈ ഗായികയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ചെന്നൈയിലെ കാമരാജ്സ്മാരക ഹാളിൽ തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിന്റെ ഭാഗമായി ദേവയുടെ നേതൃത്വത്തിൽനടന്ന ഗാനമേള. മുഖ്യാതിഥി മുഖ്യമന്ത്രി ജയലളിത. സംഗീത തന്റെ ഹിറ്റ് നമ്പറായ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്...’ പാടിത്തീർന്നയുടൻ ജയലളിത വേദിയിലേക്ക് കടന്നുവന്നു. തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സംഗീതയുടെ കഴുത്തിലണിയിക്കുമ്പോൾ ജയ പറഞ്ഞത് സംഗീതയും കെ.ബി. സുന്ദരാംബാളും തമ്മിലുള്ള സ്വരബന്ധത്തെക്കുറിച്ചാണ്. ഇത്രയൊക്കെ നേട്ടങ്ങളുണ്ടായിട്ടും മലയാളത്തിൽ സംഗീതയ്ക്ക് ലഭിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾമാത്രം. സംഗീതയുടെ മലയാളത്തിലെ പല ഹിറ്റുകളും ഇന്റർനെറ്റിൽ മറ്റുപല സംഗീതമാരുടെയും പേരിലാണുള്ളത്. എന്നാൽ, സംഗീത ആൽബങ്ങളിൽ അവർ നിറഞ്ഞുനിന്നു. യേശുദാസിനൊപ്പം പാടിയ ‘ആവണിപൊൻപുലരി’, ‘ഓണം പൊന്നോണം’, ഉണ്ണി മേനോനൊപ്പമുള്ള ‘പൊൻചിങ്ങം’ തുടങ്ങിയ കാസറ്റുകൾ ഹിറ്റ്ചാർട്ടുകളിൽ നിറഞ്ഞുനിന്നവയാണ്.
കോട്ടയത്ത് മാതംഗി സത്യമൂർത്തി, ചെന്നൈയിൽ ബാലമുരളീകൃഷ്ണ എന്നിവർക്കുകീഴിലായിരുന്നു സംഗീത കർണാടകസംഗീതം അഭ്യസിച്ചത്. കർണാടകസംഗീതത്തിലുള്ള ജ്ഞാനം ശരത് ഉൾപ്പെടെയുള്ള സംഗീതസംവിധായകരുടെ പ്രശംസ നേടിക്കൊടുത്തു. സംഗീതസംവിധാനം നിർവഹിച്ച ആദ്യമലയാളചിത്രം ‘കയ്പയ്ക്ക’ പുറത്തിറങ്ങുന്നത് കാണാതെയാണ് സംഗീതയുടെ വിടവാങ്ങൽ. അയ്യപ്പനും കോശിയും, കുരുതി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് വൃക്കരോഗം വില്ലനായെത്തിയത്. അയ്യപ്പനും കോശിയിലെയും പാട്ടിന് സൈമ അവാർഡ് നോമിനേഷൻ ലഭിച്ചിരുന്നു.
സംഗീത അതിഗുരുതരാവസ്ഥയിലായ വിവരം പലർക്കും അറിയില്ലായിരുന്നു. മരണത്തിന്റെ തൊട്ടുതലേന്ന് സംഗീതയെത്തേടി ജെറി അമൽദേവിന്റെ വിളിയെത്തി. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയ്ക്കായി സംഗീത പാടിയ കർണാടകസംഗീത കീർത്തനത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..