നടൻ അബി വിടവാങ്ങി മൂന്ന് വർഷങ്ങൾ ...

ബിയെ നേരില്‍ കണ്ടിട്ടില്ല. സംസാരിച്ചത് ഒരേയൊരിക്കല്‍ മാത്രം, അതും ഫോണില്‍. പക്ഷേ ആ ദീര്‍ഘ സംഭാഷണം അവശേഷിപ്പിച്ച ചില ചോദ്യങ്ങള്‍ അതേ തീവ്രതയോടെ ഇന്നുമുണ്ട് മനസ്സില്‍...

സുഹൃത്തും തിരക്കഥാകൃത്തും ക്ലബ് എഫ് എമ്മിലെ പഴയ സഹപ്രവര്‍ത്തകനുമായ സുനീഷ് വാരനാടില്‍ നിന്ന് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ് അബി വിളിച്ചത്; സിനിമാ സംഗീതത്തിലെ ഈണമോഷണങ്ങളെ കുറിച്ച് ആയിടെ എഴുതിയ ലേഖനം വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാന്‍. മിമിക്രി വേദികളിലും സുഹൃദ് സദസ്സുകളിലും അബിയുടെ പ്രിയ വിഷയങ്ങളില്‍ ഒന്നായിരുന്നു സംഗീത ലോകത്തെ മോഷണകഥകള്‍. അടിയുറച്ച പാട്ടുകമ്പക്കാരനും മുഹമ്മദ് റഫിയുടെയും യേശുദാസിന്റെയും ബാബുരാജിന്റെയും ദേവരാജന്റെയും കടുത്ത ആരാധകനുമായ ഒരാള്‍ക്ക്, പാടിപ്പതിഞ്ഞ പഴയ മനോഹരമായ ഈണങ്ങള്‍ വികലമായി പുനരാവിഷ്‌കരിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. ഈ അടിച്ചുമാറ്റല്‍ കഥകളൊക്കെ ഞാന്‍ എന്റെ അടുത്ത പ്രോഗ്രാമില്‍ അവതരിപ്പിക്കും. ഇവന്മാരെയൊന്നും വെറുതെ വിട്ടുകൂടാ. വല്ലവന്റെയും ചെലവില്‍ ആളാകാന്‍ നോക്കുന്നവരാണ്....'' ധാര്‍മ്മികരോഷം മറച്ചുവെക്കാതെ അബി പറഞ്ഞു. ഒപ്പം ആത്മഗതമായി ഇത്രകൂടി. മോഷണങ്ങളാണ് എങ്ങും. അത്തരക്കാര്‍ക്കേ ഇവിടെ നിലനില്‍പ്പുള്ളൂ; മിമിക്രിയില്‍ പോലും...''

നിര്‍ദോഷവും നിഷ്‌കളങ്കവുമായ ചിരിയുടെ വഴിയിലൂടെ കാല്‍ നൂറ്റാണ്ടിലേറെ കാലം മലയാളികളെ കൈപിടിച്ച് നടത്തിയ അബിയുടെ വാക്കുകള്‍ അത്ഭുതത്തോടെയാണ് കേട്ടത്. പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവ. നിര്‍ബന്ധിച്ചപ്പോള്‍ അബി പറഞ്ഞു: മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യവുമില്ല. നമ്മള്‍ അസൂയ കൊണ്ട് പറയുന്നതാണെന്നേ ആളുകള്‍ പറയൂ..'' മിമിക്രി വേദികളില്‍ അബിയുടെ വളര്‍ച്ച കൗതുകത്തോടെ, ആരാധനയോടെ നോക്കിക്കണ്ട അനേകമനേകം മലയാളികളില്‍ ഒരാള്‍ എന്ന നിലക്ക് അര്‍ത്ഥഗര്‍ഭമായ ആ മൗനത്തിന്റെ പൊരുളറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അബി പറഞ്ഞു: പാട്ടിലെ പോലെത്തന്നെയാണ് മിമിക്രിയിലും കാര്യങ്ങള്‍. ഒറിജിനല്‍ ഉണ്ടാക്കുന്നവന് എന്നും പഴങ്കഞ്ഞി മാത്രം. ബിരിയാണിയും ചിക്കന്‍ ഫ്രൈയും ഡ്യൂപ്ലിക്കേറ്റുകള്‍ക്കും. കഷ്ടപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയ കഥാപാത്രങ്ങളെ വല്ലവനും തട്ടിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം മക്കളെ കൈവിട്ടുപോകുന്ന അമ്മയുടെ വേദനയാണ് തോന്നുക. എന്റെ ടിന്റുമോനും ആമിനത്താത്തയുമൊന്നും ഇന്നെനിക്ക് സ്വന്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മിമിക്രി വേദികള്‍ക്ക് വേണ്ടി ചോരയും നീരും കൊടുത്ത് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഞാന്‍ സൃഷ്ടിച്ചവര്‍. അവരൊക്കെ ആരുടെയൊക്കെയോ സ്വന്തമായിക്കഴിഞ്ഞു... ആയിക്കോട്ടെ. സന്തോഷം. എങ്കിലും ആ കഥാപാത്രങ്ങളുടെയൊക്കെ പിതൃത്വം അവകാശപ്പെട്ട് മറ്റു പലരും ടെലിവിഷന്‍ ഷോകളില്‍ വിളങ്ങിനില്‍ക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥ വാപ്പക്ക് സങ്കടം തോന്നില്ലേ?''

താന്‍ എഴുതിയുണ്ടാക്കി മലയാളികളെ വര്‍ഷങ്ങളോളം ചിരിപ്പിച്ച പ്രശസ്ത സ്‌കിറ്റുകള്‍ പോലും ചില്ലറ മാറ്റങ്ങളോടെ പലരും വേദിയില്‍ അവതരിപ്പിച്ചു കയ്യടി നേടുന്നതിന് അബി തന്നെ സാക്ഷി. അത്തരം അവതാരകരില്‍ ചിലര്‍ മുന്നില്‍ വന്ന് എങ്ങനെയുണ്ടായിരുന്നു ചേട്ടാ എന്റെ വര്‍ക്ക് എന്ന് നിര്‍ലജ്ജം ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയണം എന്നറിയാതെ തരിച്ചുനിന്നു പോയിട്ടുണ്ട് അബി. ''കൊള്ളാം മോനേ'' എന്ന് അവരെ ആശംസിച്ചു പറഞ്ഞു വിടുമ്പോള്‍ അബിയുടെ ഉള്ളില്‍ തിളച്ചുമറിഞ്ഞിരിക്കാവുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നും പല മിമിക്രിക്കാരും സിനിമാ നടന്മാരെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന, നൂറ്റൊന്നാവര്‍ത്തിച്ചു പതം വന്ന ഡയലോഗുകള്‍ പലതും അബി പതിറ്റാണ്ടുകള്‍ക്ക് മുന്നേ സൃഷ്ടിച്ചതാണെന്ന് എത്രപേര്‍ക്കറിയാം?

പകര്‍പ്പവകാശ നിയമം ബാധകമല്ലേ ഇതിനൊന്നും? കോപ്പിറൈറ്റ് കര്‍ശനമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമല്ലേ ?'' -എന്റെ ചോദ്യം. സുഹൃത്തേ, നാട്ടുകാരെ എങ്ങനേലും ഒന്ന് ചിരിപ്പിക്കാനുള്ള ബേജാറില്‍ അതൊക്കെ ആരോര്‍ക്കുന്നു? പണ്ട് അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. അന്നന്നത്തെ വയറ്റുപ്പിഴപ്പായിരുന്നല്ലോ മുഖ്യം. ഇപ്പൊ അത് മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആ ചിന്തയൊക്കെ വരുന്നത്. എന്റെയും കൊഴപ്പമാണെന്ന് കൂട്ടിക്കോളൂ..'' തന്നിലേക്ക് തന്നെ നോക്കി ചിരിച്ചുകൊണ്ട് അബിയുടെ മറുപടി. ഇടക്ക് തോന്നും വല്ല സര്‍ക്കാര്‍ ജോലിയും ചെയ്ത് ജീവിച്ചാല്‍ പോരായിരുന്നോ എന്ന്. പെന്‍ഷനും കിട്ടുമല്ലോ...''

വേദന തോന്നിയെന്നത് സത്യം. എന്റെ തലമുറയുടെ കൗമാര, യൗവന സ്മരണകളിലെ ദീപ്ത സാന്നിധ്യമായിരുന്നു സ്വയം ചിരിക്കാതെ തന്നെ നാട്ടുകാരെ ചിരിപ്പിച്ച ഈ സകലകലാവല്ലഭന്‍. വെറും കോമഡി ഷോ ആയിരുന്നില്ല അബിയുടെ മിമിക്രി അവതരണം; സമൂഹത്തിലെ നെറികേടുകളോടുള്ള കലഹങ്ങള്‍ കൂടിയായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും സംഗീതവുമെല്ലാം ആഴത്തില്‍ പഠിച്ച ഒരാള്‍ക്കേ ആ മേഖലകളിലെ നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയൂ. അക്കാര്യത്തില്‍ അദ്വിതീയനായിരുന്നു അബി. ഏതു മാധ്യമപ്രവര്‍ത്തകനെക്കാള്‍ അപ് ടു ഡേറ്റ്.' ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചില്ല അബിയുടെ മിമിക്രി അവതരണങ്ങള്‍. വ്യക്തി വിമര്‍ശനങ്ങള്‍ വിഷലിപ്തമായ ആക്രമണങ്ങളുമായില്ല. ഇന്ന് ടെലിവിഷനിലും മെഗാ ഇവന്റ് വേദികളിലും എന്ത് വിലകൊടുത്തും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി തരം താണ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നാണമില്ലാതെ എടുത്ത് അലക്കേണ്ടിവരുന്ന ചില മിമിക്രി കലാകാരന്മാരുടെ ഗതികേട് കാണുമ്പോള്‍ അറിയാതെ അബിയെ ഓര്‍ത്തുപോകുന്നു വീണ്ടും.

മകനെ മിമിക്രിക്കാരനാക്കാന്‍ പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം മനസ്സിലായി..'' -സംഭാഷണം അവസാനിക്കും മുന്‍പ് ഞാന്‍ പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കല്‍ വീണ്ടും പൊട്ടിച്ചിരി. അയാള്‍ക്ക് സിനിമയാണ് താല്‍പ്പര്യമെന്ന് പറയുന്നു. അതൊക്കെ അയാളുടെ ഇഷ്ടം. ഏതു മേഖല തിരഞ്ഞടുത്താലും അവിടെ നമ്മള്‍ അനിവാര്യര്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കണം. നമുക്ക് പകരം നമ്മളേ ഉള്ളൂ എന്ന് തെളിയിക്കാന്‍ കഴിയണം. അല്ലാതെ വെറുതെ ജീവിതം ജീവിച്ചു തീര്‍ത്തിട്ട് എന്തു കാര്യം?'' ചിരിയുടെ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ ഗൗരവം വന്നു നിറയുന്നു...

സിനിമയില്‍ അനിവാര്യനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അബിയുടെ പ്രതിഭാശാലിയായ മകന്‍ ഷെയ്ന്‍ നിഗം. ഇഷ്‌ക്'' എന്ന സിനിമ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഏതോ വിദൂര ലോകത്തിരുന്ന് മകന്റെ വളര്‍ച്ച കണ്ട് നിര്‍വൃതിയടയുന്നുണ്ടാവണം പ്രിയപ്പെട്ട അബി.

(പുന:പ്രസിദ്ധീകരണം)

Content Highlights: Remembering actor Kalabhavan Abi, mimicry artist son shane nigam