പഴയ ഭാർഗ്ഗവിക്കുട്ടിക്ക് ലഭിച്ചത് ആയിരം രൂപ; ചെന്നൈയിലേക്കുള്ള കാർ യാത്രയിൽ പിറന്ന ക്ലാസിക്


രവിമേനോൻ

4 min read
Read later
Print
Share

ചെന്നൈയിലേക്കുള്ള ഒരു കാർ യാത്രയിൽ നിന്ന് തുടങ്ങുന്നു മലയാള സിനിമാചരിത്രത്തിലെ കാലാതിവർത്തിയായ ഒരു ക്ലാസിക്കിന്റെ കഥ

വിജയനിർമ്മല, ഭാർ​ഗവീനിലയത്തിൽ നിന്നും | PHOTO: ARCHIVE

പടത്തിന്റെ പേര് 'ഭാർഗവീനിലയം'. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന കഥയിൽ നിന്ന് അലോഷ്യസ് വിൻസന്റ് വാർത്തെടുത്ത അപൂർവസുന്ദര ചലച്ചിത്ര ശിൽപ്പം. ആറ് പതിറ്റാണ്ടിന് ശേഷം അതേ കഥക്ക് 'നീലവെളിച്ചം' എന്ന പേരിൽ ആഷിക് അബു നൽകിയ ദൃശ്യഭാഷ്യം ചർച്ചകളിൽ നിറയുമ്പോൾ ആ പഴങ്കഥ ഓർക്കാതിരിക്കുന്നതെങ്ങനെ?

പഴയ ഭാർഗ്ഗവീനിലയത്തിന്റെ അണിയറ പ്രവർത്തകരിൽ ഇന്ന് നമുക്കിടയിൽ അവശേഷിക്കുന്ന അപൂർവം പേരിൽ ഒരാളായ 93 വയസ്സുകാരൻ രാമചന്ദ്ര ശ്രീനിവാസ പ്രഭുവിന്റെ ഓർമ്മയിൽ നീലവെളിച്ചത്തിന്റെ ചലച്ചിത്രരൂപം ഒരാശയമായി പിറന്നുവീണ സന്ധ്യ ഇന്നുമുണ്ട്; പ്രായത്തിന് മങ്ങലേൽപ്പിക്കാൻ കഴിയാത്ത ചിത്രമായി.

1964 ലാവണം. നാട്ടിൽ നിന്ന് കാറിൽ ചെന്നൈയിലേക്ക് വരികയാണ് ചിത്രസാഗർ ഫിലിംസിന്റെ അബ്ദുള്ളയും ശോഭന പരമേശ്വരൻ നായരും. വഴിക്കുവെച്ച് ബഷീർ കാറിന് കൈകാണിക്കുന്നു. കോഴിക്കോട്ട് എത്തിച്ചു തരണം; അതാണാവശ്യം. അതിനെന്താ കേറിക്കോളൂ എന്ന് അബ്ദുള്ളയും പരമേശ്വരൻ നായരും. എന്നാൽ ബഷീറിനെ കയറ്റി അബ്ദുള്ള കാർ നേരെ വിട്ടത് ചെന്നൈയിലേക്ക്. കഥാലോകത്തെ സൂപ്പർതാരത്തെ കൊണ്ട് ഒരു സിനിമക്ക് തിരക്കഥയെഴുതിക്കുകയാണ് ഗൂഢോദ്ദേശ്യം.

ചെന്നൈ ടി നഗർ വെങ്കട്ടനാരായണ തെരുവിലെ ചന്ദ്രതാരാ ഓഫീസിന് മുന്നിലെത്തിയ ശേഷമേ കാർ നിന്നുള്ളൂ. അവിടെ ആർ.എസ്. പ്രഭുവുണ്ട്- ചന്ദ്രതാരയുടെ സ്ഥിരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രഭു താമസിക്കുന്നതും അതേ കെട്ടിടത്തിൽ തന്നെ. ഉടമസ്ഥൻ പരീക്കുട്ടി സാഹിബ് സ്ഥിരമായി കൊച്ചിയിലായതിനാൽ സിനിമാനിർമ്മാണത്തിന്റെ മുഴുവൻ ചുമതലയും നിർവഹിച്ചിരുന്നത് പ്രഭുവാണ്‌.

'ബഷീറിന്റെ ഒരു കഥ സിനിമയാക്കണം എന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു ഞങ്ങൾ' -പ്രഭുവിന്റെ ഓർമ്മ. 'പ്രശസ്തമായ ബാല്യകാലസഖിയിലാണ് ആദ്യം കണ്ണു വെച്ചതെങ്കിലും അത് നടന്നില്ല'.

ചന്ദ്രതാര ഓഫീസിലെ കൂടിക്കാഴ്ചക്കിടയിൽ 'നീലവെളിച്ചം' എന്ന കഥ സിനിമയാക്കിയാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടത് സാഹിത്യരസികനായ അബ്ദുള്ളയാണ്. പരമേശ്വരൻ നായർക്കും എനിക്കും ആ നിർദ്ദേശം ബോധിച്ചു. ബഷീറിന്റെ എതിർപ്പുകളൊന്നും പിന്നെ വിലപ്പോയില്ല. എനിക്ക് ചില വ്യവസ്ഥകളുണ്ട്, അവ സമ്മതിച്ചാൽ തിരക്കഥ എഴുതുന്നതിനെ കുറിച്ചാലോചിക്കാം എന്നായി ബഷീർ.

സംവിധായകനായി എ. വിൻസന്റ് വേണം എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ആർക്കുമില്ല അതിൽ വിരോധം. നായകനായ എഴുത്തുകാരന്റെ റോൾ മധുവിന് നൽകണമെന്നതാണ് അടുത്ത ഉപാധി. അവിടെ ചെറിയൊരു പ്രശ്നമുണ്ട്. പ്രേംനസീർ ആണ് അക്കാലത്തെ മിനിമം ഗ്യാരണ്ടിയുള്ള നടൻ. നസീർ കൂടി ഉണ്ടെങ്കിൽ പടത്തിന്റെ ബോക്സോഫീസ് വിജയസാധ്യത മെച്ചപ്പെടും. എങ്കിൽ പിന്നെ ഫ്ലാഷ്ബാക്കിൽ വരുന്ന കാമുകന്റെ വേഷം നസീറിന് ഇരിക്കട്ടെ എന്ന് ബഷീർ. ആൾ പരമ സുന്ദരനാണല്ലോ.

ചന്ദ്രതാരാ ഓഫീസിൽ താമസിച്ചുകൊണ്ടാണ് ഭാർഗ്ഗവീനിലയത്തിന്റെ തിരക്കഥയും സംഭാഷണവും ബഷീർ എഴുതിത്തീർത്തതെന്ന് പ്രഭു. തിങ്കൾ മുതൽ ശനി വരെ എഴുത്ത്; ഞായർ അവധി. അതായിരുന്നു ബഷീറിന്റെ വ്യവസ്ഥ. നാലാഴ്ച കൊണ്ട് സ്ക്രിപ്റ്റ് തീർത്തു അദ്ദേഹം. ചെന്നൈയിലെ സ്റ്റുഡിയോ സെറ്റിൽ വെച്ചുള്ള ആദ്യ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. തലശ്ശേരിയിലെ തലായി കടപ്പുറത്തും പരിസരത്തെ ചില വീടുകളിലും വെച്ചായിരുന്നു വാതിൽപ്പുറ ചിത്രീകരണം.

നായികയായ ഭാർഗ്ഗവിക്കുട്ടിയെ കണ്ടെത്തിയത് മറ്റൊരു രസകരമായ ഓർമ്മ. സംഗീത സംവിധായകൻ ബാബുരാജാണ് ആ കണ്ടെത്തലിന് നിമിത്തമായതെന്ന് പ്രഭു. 'ബാബുരാജിന് അന്ന് ചെന്നൈയിൽ ഒരു ഉറ്റ സുഹൃത്തുണ്ട്. എൻ സി സിയിൽ ജൂനിയർ കമാൻഡന്റ് ആയിരുന്ന ആന്ധ്രക്കാരൻ കൃഷ്ണമൂർത്തി എന്ന ബാബു. ഇരുവരും ഇടയ്ക്കിടെ ഒത്തുകൂടും. അത്തരമൊരു സൗഹൃദ കൂട്ടായ്മയിൽ വെച്ചാണ് സ്വന്തം ഭാര്യയുടെ അഭിനയമോഹത്തെ കുറിച്ച് കൃഷ്ണമൂർത്തി കൂട്ടുകാരനോട് പറഞ്ഞത്. പ്രേമിച്ചു വിവാഹിതരായവരാണ് മൂർത്തിയും നിർമ്മലയും. ഒരു കുഞ്ഞുമുണ്ട് അവർക്ക്. തെലുങ്കിൽ അതിനകം ഒന്ന് രണ്ടു പടങ്ങളിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന നിർമ്മലയ്ക്ക് മലയാളസിനിമയിൽ അവസരം നേടിക്കൊടുക്കാൻ ബാബുരാജിന്റെ ശുപാർശ ഉപകരിക്കുമെന്ന് കൃഷ്ണമൂർത്തി വിശ്വസിച്ചു'- പ്രഭുവിന്റെ വാക്കുകൾ.

'ഭാർഗ്ഗവീനിലയ'ത്തിൽ പുതിയൊരു നായികയെ തേടുകയാണ് സംവിധായകൻ വിൻസന്റ്. മൂന്ന് പുതുമുഖങ്ങളുടെ മേക്കപ്പ് ടെസ്റ്റ് നടന്നുകഴിഞ്ഞു. റിസൾട്ടിൽ തൃപ്തി പോരാ വിൻസന്റ് മാഷിനും പ്രഭുവിനും. ആ സമയത്താണ് ബാബുരാജ് നിർമ്മലയുടെ കാര്യം ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തുന്നത്. എങ്കിൽ പിന്നെ ആ കുട്ടിയെ ഒന്ന് പരീക്ഷിച്ചുനോക്കാം എന്നായി വിൻസന്റ്.

'കുട്ടി'യെ കാണാൻ പ്രഭുവിനൊപ്പം കൃഷ്ണമൂർത്തിയുടെ വീട്ടിലെത്തുന്നു വിൻസന്റ്. ഭാര്യയും ഭർത്താവും സ്ഥലത്തില്ല. പൂട്ടിയിട്ടിരുന്ന വീടിന് മുന്നിൽ ഗൃഹനാഥനെ കാത്തുനിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ണിൽ പെട്ടത്. ഒരു യുവതി ബസ്സിറങ്ങി കൊച്ചു കുഞ്ഞുമായി റോഡ് മുറിച്ചുകടക്കുന്നു. കഥപറയുന്ന കണ്ണുകളുള്ള ഒരു സുന്ദരി. വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു അത്.

ഇനിയുള്ള കഥ വിൻസന്റ് മാഷിന്റെ വാക്കുകളിൽ: 'എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചുവെച്ച തീക്ഷ്ണമായ ആ കണ്ണുകളാണ് എന്നെ ആദ്യം ആകർഷിച്ചത്. പാതി സത്യവും പാതി മിഥ്യയുമായ എന്റെ ഭാർഗ്ഗവിക്കുട്ടിയുടെ കണ്ണുകളായിരുന്നു അവ. ക്യാമറയിലൂടെ ഒറ്റ തവണയേ നോക്കേണ്ടിവന്നുള്ളു - ഇതാണ്, ഇതുതന്നെയാണ് ഭാർഗ്ഗവിക്കുട്ടി എന്ന് എന്റെ മനസ്സ് പറഞ്ഞു'. മേക്കപ്പ് ടെസ്റ്റിൽ വിജയിച്ച് അങ്ങനെ വിജയനിർമ്മല 'ഭാർഗ്ഗവീനിലയ'ത്തിലെ നായികയാകുന്നു. അറിയപ്പെടുന്ന അഭിനേത്രിയും സംവിധായികയും ഒക്കെയായി നിർമ്മല വളർന്നതും ഏറ്റവും കൂടുതൽ സിനിമകളൊരുക്കിയ (44) സംവിധായികയായി ഗിന്നസ് ബുക്കിൽ ഇടം നേടിയതും പിൽക്കാല ചരിത്രം. 2019 ലായിരുന്നു വിജയനിർമ്മലയുടെ വിയോഗം.

ആയിരം രൂപയാണ് പടത്തിൽ അഭിനയിച്ചതിന് വിജയനിർമ്മലക്ക് പ്രതിഫലമായി നൽകിയതെന്ന് ഓർക്കുന്നു ആർ.എസ്. പ്രഭു. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് അത്ര മോശമല്ലാത്ത തുക. സിനിമയിൽ ഭാർഗ്ഗവിക്കുട്ടിക്ക് വേണ്ടി ഡബ് ചെയ്തത് തിരുവനന്തപുരം സ്വദേശിനി കണ്ണമ്മ - പ്രശസ്ത ഗായികയും റേഡിയോ ആർട്ടിസ്റ്റുമായ സി.എസ്. രാധാദേവിയുടെ ഇളയ സഹോദരി. 1960 കളിലും 70 കളിലുമായി നിരവധി മലയാളം - തമിഴ് ചിത്രങ്ങളിൽ ശബ്ദം നൽകിയിട്ടുള്ള കണ്ണമ്മ പിൽക്കാലത്ത് പ്രശസ്ത പത്രപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായരുടെ ജീവിതസഖിയായി. (കെ.ജിയും കണ്ണമ്മയും ക്രിസ്മസ് രാത്രി എന്നൊരു പടത്തിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് എന്നത് മറ്റൊരു കൗതുകം).

'ഭാർഗവീനിലയ'ത്തിന് ശേഷം വേറെയും മലയാളസിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു വിജയനിർമ്മല- റോസി, ഉദ്യോഗസ്ഥ, കറുത്ത പൗർണ്ണമി, പൂച്ചക്കണ്ണി, പൂജ എന്നിങ്ങനെ. 'കവിത' എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിൽ സംവിധായികയായി അരങ്ങേറ്റം. മലയാളത്തിലും തെലു​ഗുവിലും തമിഴിലുമായി 42 സിനിമകൾ ഒരുക്കിക്കൊണ്ട്, ഏറ്റവുമധികം പടങ്ങൾ സംവിധാനം ചെയ്ത വനിതയായി ഗിന്നസ് ബുക്കിലും ഇടം നേടി അവർ. 'സാക്ഷി' എന്ന തെലു​ഗു ചിത്രത്തിന്റെ സെറ്റിൽ വെച്ച് പരിചയപ്പെട്ട നടൻ കൃഷ്ണ വിജയനിർമ്മലയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 1967-ൽ. അതോടെ കൃഷ്ണമൂർത്തിയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ച നിർമ്മല പിന്നീട് നാൽപ്പതിലേറെ സിനിമകളിൽ കൃഷ്ണയുടെ നായികയായി; ജീവിതത്തിലും.

എറണാകുളം സ്വദേശിയായ പ്രഭു 1950 ലാണ് സിനിമയിലെത്തുന്നത് - 'രക്തബന്ധം' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായി. മലയാള സിനിമയുടെ തലക്കുറി തിരുത്തിയ നീലക്കുയിലിന്റെ (1954) പ്രൊഡക്ഷൻ ഇൻ ചാർജ്ജ് ആയിരുന്നു. രാജമല്ലി (1965) എന്ന ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്ത ശേഷം പൂർണ്ണമായി നിർമ്മാണരംഗത്ത് ചുവടുറപ്പിച്ച പ്രഭുവിന്റെ ഹിറ്റ് ചിത്രങ്ങളിൽ ആഭിജാത്യം, തീർത്ഥയാത്ര, ആരണ്യകാണ്ഡം, അഭിമാനം, അടവുകൾ പതിനെട്ട് എന്നിവ ഉൾപ്പെടുന്നു. ആയുധം (1982) എന്ന ചിത്രത്തോടെ നിർമ്മാണ രംഗം വിട്ട പ്രഭു ഇപ്പോൾ താമസം ചെന്നൈയിൽ.

Content Highlights: ravimenon writes about bhargavi nilayam movie

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
2018 Movie
Premium

4 min

'2018' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി നേടിയതെങ്ങനെ? മാനദണ്ഡങ്ങൾ എന്തെല്ലാം?

Oct 3, 2023


KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


shajon, mani

4 min

മണിച്ചേട്ടന്‍ മുറിയിലിരുന്ന് കരയുകയായിരുന്നു; ഞങ്ങളുമായി എന്താ പ്രശ്‌നമെന്ന് സുബി ചോദിച്ചു -ഷാജോണ്‍

Mar 6, 2023


Most Commented