അപ്‌സരയിലെ സ്‌ക്രീനിൽ നിന്ന് ഒരു മാരക ബൗൺസർ;ഓർമ്മകളുടെ തിരശ്ശീലയിൽ നിന്ന് മായ്ച്ചു കളയാനാകാത്ത കാഴ്ച


രവി മേനോൻ

4 min read
Read later
Print
Share

ഒട്ടേറെ മെഗാഹിറ്റ് സിനിമകളടക്കം പ്രദർശിപ്പിച്ച അപ്സര തിയേറ്റർ പൂട്ടുമ്പോൾ ഒരുകാലഘട്ടത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്. അപ്സര തിയേറ്ററിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് രവി മേനോൻ. 

അപ്സര തിയേറ്റർ | Photo: Abhilash 4K Cinemas Mukkam

കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് ക്ഷണിച്ച അപ്സര തിയേറ്ററിന് താഴുവീഴുകയാണ്. ഒട്ടേറെ മെഗാഹിറ്റ് സിനിമകളടക്കം പ്രദർശിപ്പിച്ച അപ്സര തിയേറ്റർ പൂട്ടുമ്പോൾ ഒരുകാലഘട്ടത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്. 1971-ൽ പ്രേംനസീറും ശാരദയും ചേർന്നാണ് അപ്സര തിയേറ്റർ ഉദ്ഘാടനം ചെയ്തത്‌. അപ്സര തിയേറ്ററിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് രവി മേനോൻ.

പേസ് ബൗളിംഗിലെ കരീബിയൻ പുലി ആൻഡി റോബർട്ട്സിന്റെ ആറടി രണ്ടിഞ്ച് ഉയരമുള്ള കൂറ്റൻ രൂപമാണ് ഓർമ്മയിൽ. എങ്ങനെ മറക്കാനാകും വെള്ളിത്തിരയിൽ നിന്ന് റോബർട്ട്സ് തൊടുത്ത ആ മാരകമായ ബൗൺസർ? ചീറിപ്പാഞ്ഞുവന്ന പന്തിന്റെ മാർഗ്ഗത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുന്നിലെ സീറ്റിലിരുന്ന് അറിയാതെ തല വെട്ടിത്തിരിച്ചുപോയ ആ പന്ത്രണ്ടുകാരൻ പയ്യൻ ഇപ്പോഴുമുണ്ടല്ലോ ഉള്ളിൽ.

എന്റെ ആദ്യത്തെ അപ്‌സര അനുഭവം. റോബർട്ട്സ് മാത്രമല്ല ഹോൾഡിംഗും റിച്ചാർഡ്‌സും ഗാവസ്കറും സോൾക്കറും കമലഹാസനും സുജാതയും ഫടാഫട് ജയലക്ഷ്മിയും പിന്നെ യേശുദാസിന്റെ "ദൈവം തന്ന വീടും" ജയചന്ദ്രന്റെ "കളഭച്ചുമരു വെച്ച മേട"യും കൂടി ചേർന്നാലേ ആ അനുഭവം പൂർണ്ണമാകൂ. ഒരിക്കൽ കോഴിക്കോടിന്റെ വിസ്മയക്കാഴ്ചകളിൽ ഒന്നായിരുന്ന അപ്സര തിയേറ്റർ കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറയുമ്പോൾ എങ്ങനെ നൊമ്പരപ്പെടാതിരിക്കും ഉള്ളിലെ ആ സ്കൂൾ കുട്ടി?

സ്കൂളിൽ നിന്നുള്ള ആദ്യ പഠനയാത്ര. വയനാടൻ ചുരമിറങ്ങി കോഴിക്കോട് നഗരത്തിൽ വന്നെത്തിയ കുട്ടിപ്പടയ്ക്ക് എല്ലാം വിസ്മയമായിരുന്നു; കടലും കടപ്പുറവും ചീറിപ്പായുന്ന കാറുകളും ഓട്ടോറിക്ഷകളും കൂറ്റൻ കെട്ടിടങ്ങളുമെല്ലാം. മെഡിക്കൽ കോളേജിൽ നടക്കുന്ന എക്സ്പോമെഡ് എന്ന ആരോഗ്യ പ്രദർശനം കാണുകയാണ് പ്രധാന ലക്ഷ്യം. പിന്നെ ആകാശവാണി നിലയം, വെസ്റ്റ് ഹില്ലിലെ കേരള സോപ്സ് ആൻഡ് ഓയിൽസ്, കടപ്പുറം, മാതൃഭൂമി ഓഫീസ്.

എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ജോർജ്ജ് സാർ ചോദിച്ചു: "ഇനി ഒരു സിനിമ കണ്ടാലോ?"

"കാണണം സാറേ കാണണം."-- കോറസ് പോലെ ഞങ്ങളുടെ മറുപടി. ഷോ തുടങ്ങാൻ സമയമായിരുന്നതു കൊണ്ട്, അധികം കാണികളുണ്ടാകാനിടയില്ലാത്ത ഒരു തിയേറ്റർ തിരഞ്ഞെടുക്കുന്നു സാർ -- അപ്‌സര. അവിടെ കളിക്കുന്നത് തമിഴ് ഡബ്ബിംഗ് പടമാണ്. അടിയും ഇടിയും വെടിയും കുതിരകളും പ്രേംനസീറും എം ജി ആറും ഒന്നുമില്ലാത്ത ഒരു പാവം പടം: "അവൾ ഒരു തുടർക്കഥ."

പേര് കേട്ട് ഒന്നും പിടികിട്ടിയില്ലെങ്കിലും എയർ കണ്ടീഷൻഡ് (അതോ എയർ കൂൾഡോ?) തിയേറ്ററിൽ ഇരുന്ന് സിനിമ കാണാമല്ലോ എന്ന ത്രില്ലിലായിരുന്നു ഞങ്ങൾ. ജീവിതത്തിൽ ആദ്യമായിട്ടാണ് കൃത്രിമ ശീതളാന്തരീക്ഷത്തിൽ കാലു കുത്തുന്നത്. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ ശരീരത്തെ വന്നു തഴുകിയ ഈർപ്പമാർന്ന കാറ്റിന്റെ കുളിർമ്മ ഇതാ ഇപ്പോഴുമുണ്ട് ഓർമ്മയിൽ.

ആദ്യമായി കാണുകയാണ് അത്രയും വിശാലമായ ഒരു സിനിമാശാല. മുൻപ് കണ്ടിട്ടുള്ളത് ചുണ്ടേൽ രോഷൻ ടോക്കീസും കൽപ്പറ്റ അനന്തപദ്‌മയും വിജയയുമാണല്ലോ. രോഷനും വിജയയും ഓലക്കൊട്ടകകൾ. അനന്തപദ്‌മയാണ് അൽപ്പം ഭേദമെങ്കിലും അപ്‌സരയുടെ പാതി പോലുമില്ല വലുപ്പം. ഇവിടെ കടൽ പോലെ അങ്ങനെ പരന്നു കിടക്കുകയല്ലേ പതുപതുപ്പാർന്ന സീറ്റുകൾ. ഏതോ സ്വപ്നലോകത്തെത്തിയ പ്രതീതിയായിരുന്നു ഞങ്ങൾക്ക്.

ഇരുന്നത് ഏറ്റവും മുന്നിലെ ഇരിപ്പിടങ്ങളിൽ തന്നെ. അവിടുന്നങ്ങോട്ട് അധികദൂരമില്ല സ്ക്രീനിലേക്ക്. ഇരുന്ന് കഴിഞ്ഞു മുന്നിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച ശരിക്കും അമ്പരപ്പിച്ചു, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുകയാണ് തിരശ്ശീല. രോഷനിലെ പോലെ അങ്ങിങ്ങായി കറയുടെ പാടുകളും തുന്നിക്കെട്ടുമില്ല. പശ്ചാത്തല ശബ്ദസംവിധാനം അതിലും കേമം. നാട്ടിലെ കൊട്ടകയിൽ ഇരുന്ന് പാട്ടു കേൾക്കുമ്പോഴത്തെ കടുക് വറക്കുന്ന ശബ്ദമില്ല. വല്ലാത്തൊരു മുഴക്കം. സ്റ്റീരിയോ എഫക്ട് ആദ്യമായി അനുഭവിക്കുകയായിരുന്നുവല്ലോ ഞങ്ങൾ.

ന്യൂസ് റീലിലാണ് തുടക്കം. ചട്ടപ്പടി സർക്കാർ പരിപാടികൾക്കും ഉൽഘാടനങ്ങൾക്കും വെള്ളപ്പൊക്ക റിപ്പോർട്ടുകൾക്കും പിന്നാലെ അതാ വരുന്നു "കായിക രംഗം." വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിൽ കുറച്ചു കാലം മുൻപ് നടന്ന ഏതോ മത്സരത്തിന്റെ പ്രസക്തഭാഗങ്ങളാണ് സ്‌ക്രീനിൽ. റേഡിയോയിൽ ആനന്ദ് സെത്തൽവാദിന്റെയും സുരേഷ് സരയ്യയുടേയും കമന്ററിയിലൂടെയും മാതൃഭൂമിയിൽ വിംസിയുടെ എഴുത്തിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന ആൻഡി റോബർട്ട്സും ഹോൾഡിംഗും ഗാവസ്കറും ചന്ദ്രശേഖറും ഒക്കെയിതാ കണ്മുന്നിൽ, കയ്യെത്തും ദൂരെ. ഇവരുടെയൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങൾ ആരാധനാപൂർവം വെട്ടിയെടുത്തു നോട്ട് ബുക്കിൽ ഒട്ടിച്ചുവെച്ചിരുന്ന കുട്ടിയെ സംബന്ധിച്ച് ശരിക്കും ഒരു മില്യൺ ഡോളർ ദൃശ്യാനുഭവമായിരുന്നു അത്.

ന്യൂസ് റീലിന് പിന്നാലെ അസ്സൽ സിനിമ. ബാലചന്ദർ സംവിധാനം ചെയ്ത തമിഴിലെ ന്യൂവേവ് ചിത്രമാണ് "അവൾ ഒരു തുടർക്കഥ" എന്നൊക്കെ മനസ്സിലാക്കിയത് ഏറെക്കാലം കഴിഞ്ഞാണ്. ആ പ്രായത്തിൽ ഞങ്ങളെ ഏറെ മുഷിപ്പിച്ച അനുഭവമായിരുന്നു ആ പടം. സി ഐ ഡിമാരില്ല; കൊള്ളസെറ്റില്ല; മുട്ടിന് മുട്ടിന് കോമഡിയില്ല. ത്രില്ലടിപ്പിക്കുന്ന സ്റ്റണ്ടില്ല. സെക്സ് തീരെയില്ല. ആകെയുള്ളത് കരച്ചിലും പിഴിച്ചിലുമാണ്. കഥാപാത്രങ്ങൾ പരസ്പരം എന്തൊക്കെയോ അർത്ഥം വെച്ച് പറയുന്നൊക്കെയുണ്ട്. പക്ഷേ ഏഴാം ക്ലാസുകാർക്ക് മനുഷ്യ മനസ്സുകളുടെ നിഗൂഢതലങ്ങൾ എങ്ങനെ പിടികിട്ടാൻ? ആകെയുള്ള ആശ്വാസം കമലഹാസൻ മിമിക്രിയൊക്കെ ചെയ്ത് നൃത്തം ചെയ്ത് അഭിനയിച്ചു പാടിയ പാട്ടായിരുന്നു: കളഭച്ചുമരു വെച്ച മേട. യേശുദാസിന്റെ ദൈവം തന്ന വീടും കൊള്ളാം.

സിനിമ കഴിഞ്ഞു പുറത്തെ ചൂടിലേക്കിറങ്ങിയപ്പോൾ ചെറിയൊരു സങ്കടം തോന്നി. ഇനിയൊരിക്കലും ഈ അനുഭവം ആവർത്തിക്കപ്പെടില്ലല്ലോ. തിരികെ വയനാട്ടിലേക്ക് ബസ് കയറുകയല്ലേ ഞങ്ങൾ? "നിനക്ക് പറഞ്ഞിട്ടുള്ളത് രോഷൻ ടോക്കീസ് തന്നെ" എന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിച്ച പോലെ.

പക്ഷേ തിരികെ വരാൻ വേണ്ടിയുള്ള യാത്രാമൊഴിയായിരുന്നു അത്. മൂന്ന് വർഷത്തിന് ശേഷം ദേവഗിരി കോളേജിൽ വിദ്യാർത്ഥിയായി, ന്യൂമാൻ ഹോസ്റ്റലിലെ അന്തേവാസിയായി ഞാൻ എന്റെ കോഴിക്കോടൻ പർവ്വം ആരംഭിക്കുന്നു. അപ്‌സരയും ഡേവിസണും സംഗവും ക്രൗണും പുഷ്പയും രാധയും കോറണേഷനും മാത്രമല്ല ചേവായൂർ ചന്ദ്രയും വെസ്റ്റ് ഹിൽ ഗീതയും വെള്ളിമാടുകുന്ന് ലീലയുമൊക്കെ ജീവിതത്തിന്റെ ഭാഗമാകുന്നു.

അക്കൂട്ടത്തിൽ അപ്‌സര വേറിട്ടു നിന്നത് മികച്ച സീറ്റിങ് അറേഞ്ച്മെന്റ് കൊണ്ടും ശബ്ദ സംവിധാനം കൊണ്ടുമാകണം. ഇന്ത്യയിലെ ആദ്യത്തെ സെവന്റി എം എം ചിത്രമായ ഷോലെയും മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് അനുഭവമായ തച്ചോളി അമ്പുവും ഹം കിസി സേ കം നഹിയും കുർബാനിയും ഡോണും ഉൾപ്പെടെ എണ്ണമറ്റ പടങ്ങൾ കണ്ടത് അപ്‌സരയുടെ സ്‌ക്രീനിലാണ്; ഒരു ഫർലോംഗ് നീളമുള്ള ക്യൂവിൽ നിന്ന് ടിക്കറ്റെടുത്ത് വരെ.

ആ അപ്‌സര ഇനിയില്ല. പക്ഷേ ഓർമ്മകളുടെ തിരശ്ശീലയിൽ നിന്ന് മായ്ച്ചു കളയാനാവില്ലല്ലോ അന്ന് കണ്ട കാഴ്ചകൾ.

Content Highlights: ravimenon about kozhikode apsara theatre

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ramla beegum

1 min

കൊടുവള്ളിയുടെ ഓർമകളിൽ നൊമ്പരമായി പാതിമുറിഞ്ഞ ആ കഥപറച്ചിൽ

Sep 29, 2023


KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Saran Venugopal Oru Pathira Swapnam Pole Nadhiya Moidu

2 min

സിനിമയെടുത്തത് ഡിപ്ലോമയ്ക്കായി; ചെന്നെത്തിയത് ദേശീയ അവാർഡിലേക്ക്

Nov 9, 2021


Most Commented