മ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രമായ ഭരത് ചന്ദ്രന്‍ ഐ.പി.എസ്., അച്ചാമ്മ വര്‍ഗീസ് എന്ന മന്ത്രി ഭാര്യയോട് ചോദിക്കുന്നുണ്ട്, 'ഓര്‍മയുണ്ടോ ഈ മുഖം.' ആ തീപ്പൊരി ഡയലോഗ് പറയുന്ന സീനില്‍ അതിന് ദൃക്സാക്ഷിയായി രവി വള്ളത്തോളുമുണ്ട്. അച്ചാമ്മ വര്‍ഗീസ് എന്ന കൊച്ചമ്മയുടെ ഭര്‍ത്താവായ മന്ത്രി കെ.എം. വര്‍ഗീസായിട്ട്. അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും ഇതുപോലെ ദൃക്സാക്ഷിയാവാനായിരുന്നു രവി വള്ളത്തോളിന്റെ നിയോഗം.

മിനി സ്‌ക്രീനില്‍ സുന്ദരനും സുമുഖനുമായി സീരിയലുകളിലെ നായക വേഷം കെട്ടി ആടുമ്പോഴും സിനിമയില്‍ മന്ത്രിയും അച്ഛനും ഭര്‍ത്താവും കാമുകനും ജഡ്ജിയുമെല്ലാമായി ഒതുങ്ങിപ്പോയി അദ്ദേഹം. മിക്കതും അദ്ദേഹത്തെപ്പോലെതന്നെ സൗമ്യസ്വഭാവമുള്ള കഥാപാത്രങ്ങളും. 1976ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് 'താഴ്വരയില്‍ മഞ്ഞുപെയ്തു' എന്ന ഗാനം എഴുതിക്കൊണ്ട് സിനിമയുമായി കൂട്ടുകുടാന്‍ വന്നെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിക്കാന്‍ രവിക്ക് പിന്നെയും പതിനൊന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

1987ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ ആയിരുന്നു ആദ്യസിനിമ. അതിലെ ഗായകന്റെ വേഷം രവി ഭംഗിയാക്കി. ഇതിനിടയില്‍ ജോണ്‍പോളിനൊപ്പം 'രേവതിക്കൊരു പാവക്കുട്ടി'യുടെ തിരക്കഥയും രചിച്ചു. അമ്പതിനടുത്ത് സിനിമകളിലാണ് രവി വള്ളത്തോള്‍ മുഖംകാണിച്ചത്. പക്ഷേ സിബി മലയിലിന്റെ സാഗരം സാക്ഷിയിലെ അഡ്വ. രാധാകൃഷ്ണന്‍ നായരെപ്പോലുള്ള ചില കഥാപാത്രങ്ങള്‍ക്കേ സ്‌ക്രീനില്‍ കുറച്ചുനേരമെങ്കിലും ആയുസ്സ് കിട്ടിയുള്ളൂ. മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഒറ്റയാള്‍ പട്ടാളം, സര്‍ഗം, ധ്രുവം, ഗോഡ് ഫാദര്‍, വിഷ്ണുലോകം, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലും രവി തന്റെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
 
ഇടുക്കി ഗോള്‍ഡിലെ സദാനന്ദനും ഗോഡ് ഫാദറില്‍ കനകയെ വിവാഹം ചെയ്യാന്‍ വരുന്ന ബാലകൃഷ്ണനും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങളായിരുന്നു. അടൂരിന്റെ മിക്ക സിനിമകളിലും രവി വള്ളത്തോള്‍ പതിവുകാരനായിരുന്നു. അവര്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് രവി വള്ളത്തോളിന്റെ കൂടെ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി കാലടി ഓമന ഓര്‍ക്കുന്നു.'അടൂര്‍ സാര്‍ നിഴല്‍ക്കുത്ത് എന്ന സിനിമയെടുക്കുമ്പോള്‍ അതില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ പറഞ്ഞത് രവിയാണ്. ഒരു സീനെങ്കിലുമുണ്ടെങ്കില്‍ രവി എന്റെ പേരും പറയുമായിരുന്നു.' 1980-90കളില്‍ മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്നുവിളിക്കപ്പെട്ട സൗന്ദര്യത്തിന് ഉടമയായിരുന്നു രവി വള്ളത്തോള്‍. അതേ രവിക്ക് സിനിമയില്‍ ഏറ്റവും ആരാധനയുണ്ടായിരുന്നതും മമ്മൂട്ടിയോടായിരുന്നു.

'എന്ത് പറഞ്ഞാലും എനിക്ക് മമ്മൂട്ടിയെപ്പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് പറയും. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുപാട് ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്. അതില്‍ രവി മീശ പിരിച്ചും അല്ലാതെയുമൊക്കെ നില്‍ക്കുന്നത് കാണാം. എപ്പോഴും മമ്മൂട്ടിയുടെ രൂപവും പൗരുഷവുമൊക്കെയായിരുന്നു രവിയുടെ മനസ്സിനകത്ത്'.കാലടി ഓമന ഓര്‍ക്കുന്നു. സിനിമയില്‍ പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങള്‍ അഭിനയിക്കാന്‍ മോഹിച്ചെങ്കിലും വേണ്ടത്ര അവസരം കിട്ടാത്തതിന് ആരോടും പരിഭവിക്കാതെ ആ നടന്‍ വേഷം അഴിച്ചുവെക്കുന്നു. പക്ഷേ അപ്പോഴും പ്രേക്ഷകര്‍ പറയുന്നുണ്ട്, 'ഉവ്വ്, ഓര്‍മയുണ്ട് ഈ മുഖം.'

Content Highlights: Ravi Vallathol, Mammootty, Movies