.
ഇത്രയും വലിയൊരു റോളിൽ ആദ്യമഭിനയിക്കുകയാണത്രെ ചന്ദ്രേട്ടൻ. തോന്നിയില്ല എന്നതാണ് സത്യം. ഇതേ പേരുള്ള, ഇതേ ശീലക്കാരനായ മറ്റൊരാളെ ചെറുപ്പത്തിൽ കണ്ട ഓർമ്മ ഉള്ളിലുള്ളതുകൊണ്ടാവാം.
"എങ്കിലും ചന്ദ്രികേ"യിലെ ചന്ദ്രേട്ടനെ കണ്ടപ്പോൾ ആ പഴയ ചന്ദ്രേട്ടനെ ഓർത്തു. എന്തിനും ഞൊടിയിടയിൽ പോംവഴി കണ്ടെത്തുന്ന, ഉറ്റ ചങ്ങായിമാരുടെ മാനം കാക്കാൻ എന്ത് ത്യാഗവും ചെയ്യാൻ മടിക്കാത്ത ഒരു വയനാടൻ ചന്ദ്രേട്ടൻ. സ്വഭാവവിശേഷങ്ങളിൽ പോലുമുണ്ട് സാമ്യം. ഈ ചന്ദ്രേട്ടനെപ്പോലെ ആ ചന്ദ്രേട്ടനും കാഴ്ചയിൽ തെല്ലുപരുക്കൻ, പക്ഷെ ഉള്ളിന്റെയുള്ളിൽ "കിണ്ണം കാച്ചിയ" റൊമാന്റിക്. ലോലഹൃദയൻ. അതീവ ഗൗരവത്തോടെ കോമഡിയടിക്കുന്ന ആൾ.
വേണമെങ്കിൽ തിയേറ്ററിലിരുന്ന് ചിരിച്ചു മറക്കാവുന്ന ഒരു സിനിമയെ വെറുമൊരു സ്ലാപ്പ്സ്റ്റിക്ക് കോമഡിക്കപ്പുറത്തേക്ക് വളർത്തുന്നത് ചന്ദ്രേട്ടന്റെ കഥാപാത്രമാണ്. സത്യം പറയാലോ, സിനിമ കണ്ടു ഇറങ്ങിപ്പോരുമ്പോൾ കൂടെപ്പോന്നു ടിയാൻ. കണ്ട കഥാപാത്രങ്ങളെ തിയേറ്ററിൽ ഉപേക്ഷിച്ചു തടി കഴിച്ചിലാക്കുന്നതാണല്ലോ ഇപ്പോഴത്തെ രീതി. ഒ ടി ടി വന്ന ശേഷം അതും വേണ്ടെന്നായി. ഓണും ഓഫും ഫാസ്റ്റ് ഫോർവേഡും ഒക്കെ മ്മടെ വിരലിന്മേലാവുമ്പോ എപ്പോ വേണമെങ്കിലും കയറിച്ചെല്ലാം, ഇറങ്ങിപ്പോരാം.
അവിടേയും നമ്മെ വിസ്മയിപ്പിച്ചുകളയുന്നു ചന്ദ്രേട്ടൻ; ഇയാൾ ഇല്ലായിരുന്നെങ്കിൽ എത്ര അപൂർണ്ണമായേനേ ഈ സിനിമ എന്ന് തോന്നിക്കുന്നിടത്തോളം.
നാരായണൻ എന്നാണത്രേ ഈ നടന്റെ പേര്. കാഞ്ഞങ്ങാട്ടുകാരൻ. വേണ്ട നാരായണേട്ടാ, ങ്ങള് ചന്ദ്രേട്ടനാണ്; ഏറ്റവും ചുരുങ്ങിയത് അടുത്ത സിനിമ വെളിച്ചം കാണുന്നതു വരെയെങ്കിലും.
മുൻപൊരു സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട് നാരായണൻ- "തിങ്കളാഴ്‌ച നിശ്ചയ"ത്തിൽ ഒരു കൊച്ചു റോളിൽ. മകൾ അനഘ നാരായണന്റെ ഓഡിഷന് ചെന്നപ്പോൾ യാദൃച്ഛികമായി വന്നുവീണതാണത്രേ ആ വേഷം. അനഘ ആ സിനിമയിൽ സുജ ആയി വരവറിയിച്ചപ്പോൾ അച്ഛന്റെ വേഷം അത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയം.
ശരിക്കും ശ്രദ്ധിക്കപ്പെട്ടത് ഒരു മ്യൂസിക്കൽ ആൽബത്തിലാണ്: "ചന്ദ്രേട്ടായനം." പ്രണയത്തിനൊരു പുതുഭാഷ്യം നൽകി ആദിത്യൻ ചന്ദ്രശേഖരൻ ഒരുക്കിയ വീഡിയോ. പ്രണയവും വിരഹവുമൊക്കെ വിഷയങ്ങളായ ആൽബത്തിൽ കാമുകന്റെ റോളിലായിരുന്നു നാരായണൻ. പ്രണയിനിയായി പയ്യന്നൂർക്കാരി ഭാനുമതി. കരിക്കുപോലത്തെ വെള്ളം എന്ന ആ പാട്ടും (രചന: ഹരീഷ് മോഹനൻ, സംഗീതം, ആലാപനം: പ്രണവ് സി പി) അതിന്റെ ചിത്രീകരണവും സൂപ്പർ ഹിറ്റ്.
രണ്ടു കൊല്ലം കഴിഞ്ഞ് "എങ്കിലും ചന്ദ്രികേ" എടുക്കുമ്പോൾ ഈ ഹിറ്റ് കൂട്ടുകെട്ടിനും അതേ പേരിൽ അതിലൊരു ഇടം കണ്ടെത്തി ആദിത്യൻ. ചന്ദ്രേട്ടൻ-ഭാനുമതി സഖ്യം ബിഗ് സ്ക്രീനിൽ തിളങ്ങിയതങ്ങനെ. ഇനീം തുടരുമോ ഈ പ്രണയം? "പറഞ്ഞൂടാ" എന്ന് ചിരിയോടെ ചന്ദ്രേട്ടൻ.
"എങ്കിലും ചന്ദ്രികേ"യിലെ ബേസിൽ ജോസഫ് കഥാപാത്രത്തെപ്പോലെ ഒടുക്കത്തെ അഭിനയമോഹിയൊന്നുമല്ല ചന്ദ്രേട്ടൻ. ഇടക്ക് അമച്വർ നാടകങ്ങളിലൊക്കെ വേഷമിടുമെങ്കിലും അഭിനയം അസ്ഥിക്ക് പിടിച്ച അവസ്ഥയൊന്നുമില്ല. കാഞ്ഞങ്ങാട്ട് പൂർവികമായി ലഭിച്ച തുണിക്കട വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ടു പോകുന്നുണ്ട് - സി കുഞ്ഞിരാമൻ ആൻഡ് സൺസ്.
സ്ഥിരം കസ്റ്റമേഴ്‌സിൽ ചിലർ കടക്ക് മുന്നിലൂടെ നടന്നുപോകുമ്പോൾ വിളിച്ചു ചോദിക്കും: "അല്ല നാരായണേട്ടാ, ങ്ങളെന്നാ എറണാംകൊളത്തേക്ക് താമസം മാറ്റണ്? അവിടെയല്ലേ സിലിമ?''
നാരായണൻ ചിരിക്കും. എന്നിട്ട് മനസ്സിൽ പറയും. "സമാധാനായിട്ട് ഇങ്ങനെ ജീവിച്ചു പോകുന്നത് സഹിച്ചൂട അല്ലേ. മ്മള് ഇവിടൊക്കെ തന്നെ ഉണ്ടാവും. നല്ല വല്ല റോളും വന്നാൽ അഭിനയിക്കും. കച്ചോടം വിട്ട് തൽക്കാലം ഒരു കളിയും ഇല്ല....
മകൾ അനഘ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു വരുന്നു എന്നത് നാരായണനിലെ അച്ഛന് ആഹ്‌ളാദം പകരുന്ന കാര്യം: തിങ്കളാഴ്ച നിശ്ചയത്തിന് പിന്നാലെ ആനന്ദം പരമാനന്ദം, വാശി, ഡിയർ വാപ്പി എന്നീ സിനിമകൾ.
നല്ലതു തന്നെ. മകൾ ഉയരങ്ങളിലെത്തുന്നത് നമുക്കും സന്തോഷമുള്ള കാര്യം. പക്ഷേ ങ്ങള് ഇനീം അഭിനയിക്കണം ചന്ദ്രേട്ടാ. ജാതീം മതോം കൊലപാതകോം കൊള്ളയടീം മയക്കുമരുന്നും രാഷ്ട്രീയക്കാരും സൈബർ ഗുണ്ടായിസവും അച്ഛനെ കൊല്ലലും അമ്മേനെ തല്ലലും ഒക്കെക്കൂടി കൊഴച്ചു മറിച്ച് ഒരു പരുവമാക്കിയ ഈ കാലത്തെ ഒന്ന് എല്ലാം മറന്ന് ചിരിപ്പിക്കാൻ, സന്തോഷിപ്പിക്കാൻ നിങ്ങളെപ്പോലുള്ള ആളുകൾ അത്യാവശ്യം.
കാത്തിരിക്കുന്നു, അടുത്ത പ്രത്യക്ഷപ്പെടലിനായി...
Content Highlights: Ravi Menon, Actor Narayanan, Enkilum Chandrike, Chandrettayanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..