സുജാതയുടെ കുട്ടിക്കാലത്തെ ചിത്രം, സുജാത | photo: mathrubhumi archive, mathrubhumi
ചുണ്ടിലും കണ്ണിലും നറുചിരിയുടെ തിളക്കമില്ലാതെ സുജാതയില്ല. പാട്ടിലുമുണ്ട് അതേ മന്ദഹാസം. സുജാതയുടെ സംഗീതജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ആ ചിരിയുടെ തുടക്കം ഒരു കരച്ചിലില്‍നിന്നായിരുന്നു എന്നത് കൗതുകമുള്ള ഓര്‍മ.
1970-കളുടെ ആരംഭത്തില്‍ കൊച്ചിന്‍ കലാഭവന്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ലളിതഗാന മത്സരം. പാടാന്‍ പേരു നല്‍കിയവരില്‍ പത്തുവയസ്സുകാരി സുജാതയുമുണ്ട്. കലാഭവന്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ ആ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുള്ള കാര്യം പാവം സുജാതയുണ്ടോ അറിയുന്നു? തന്റെ നമ്പര്‍ വിളിച്ചപ്പോള്‍ ചുറുചുറുക്കോടെ വേദിയില്‍ ഓടിക്കയറിയ ഫ്രോക്കുകാരിക്ക് ചുറ്റും പ്രതിഷേധത്തിന്റെ അലകള്‍ ആര്‍ത്തിരമ്പി. ചോദ്യശരങ്ങള്‍ക്ക് നടുവില്‍ പകച്ചുനിന്ന കൊച്ചു സുജാതയുടെ അമ്പരപ്പ് പൊട്ടിക്കരച്ചിലായി പുറത്തുവരാന്‍ അധികനേരം വേണ്ടിവന്നില്ല.
കണ്ണീരൊഴുക്കിനിന്ന കുട്ടിയെത്തേടി മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാള്‍ എത്തുന്നു. അപ്രതീക്ഷിതമായ ആ കരച്ചില്‍ അദ്ദേഹത്തിന്റെ മനമലിയിച്ചിരിക്കണം. സുജാതയെ വാത്സല്യപൂര്‍വം ചേര്‍ത്തുനിര്‍ത്തി അദ്ദേഹം പറഞ്ഞു: ''സാരമില്ല, കരയരുത്. ഒരുദിവസം ഞാന്‍ നിന്റെ വീട്ടില്‍ വരും; നിന്റെ പാട്ട് കേള്‍ക്കാന്‍.''
കരച്ചില്‍ അതോടെ നില്‍ക്കുന്നു. ദുഃഖവും നഷ്ടബോധവുമെല്ലാം പമ്പകടക്കുന്നു. കാരണം, ആശ്വാസവചനങ്ങളുമായി എത്തിയത് അവളുടെ ആരാധനാപാത്രമായ ഗായകനാണ് - സാക്ഷാല്‍ കെ.ജെ. യേശുദാസ്.
അധികം വൈകാതെ വാക്കുപാലിച്ചു യേശുദാസ്. കലാഭവനിലെ ഗിറ്റാറിസ്റ്റ് എമില്‍ ഐസക്‌സിനൊപ്പം എറണാകുളത്തെ സുജാതയുടെ വീട്ടിലെത്തിയ ദാസ് മണിക്കൂറുകളോളം സുജാതയുടെ പാട്ടുകേട്ടിരുന്നശേഷമാണ് മടങ്ങിയത്. തന്നോടൊപ്പം ഗാനമേളകളില്‍ പാടാന്‍ കൊച്ചുഗായികയെ ക്ഷണിക്കാനും മറന്നില്ല അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമുള്ള എണ്ണമറ്റ വേദികളില്‍ യേശുദാസും ബേബി സുജാതയും ഒരുമിച്ചുപാടിയത് പില്‍ക്കാല ചരിത്രം.
സിനിമയില്‍ അരങ്ങേറുംമുമ്പുതന്നെ ഗാനമേളാ വേദികളിലൂടെയും ആകാശവാണി ലളിതഗാനങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് സുജാത. കാവാലം-എം.ജി. രാധാകൃഷ്ണന്‍ സഖ്യം ഒരുക്കിയ 'ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി വരും' എന്ന ലളിതഗാനം ആദ്യകേള്‍വിയിലെ അതേ അനുഭൂതി പകര്‍ന്നുകൊണ്ട് ഇന്നുമുണ്ട് ഓര്‍മയില്‍. കൊച്ചി സെയ്ന്റ് തെരേസാസ് കോണ്‍വെന്റില്‍ പഠിക്കുകയാണ് അന്ന് സുജാത. ''കലാഭവനിലായിരുന്നു റിഹേഴ്സല്‍. അങ്ങേയറ്റം ഭാവത്തോടെ രാധാകൃഷ്ണന്‍ ചേട്ടന്‍ ചരണത്തിലെ ലജ്ജാവിവശേ എന്ന വാക്ക് ആവര്‍ത്തിച്ചു പാടിത്തരുന്നത് ഓര്‍മയുണ്ട്. ആ പാട്ടില്‍ ചേട്ടന്‍ ഏറ്റവും ആസ്വദിച്ച് കമ്പോസ് ചെയ്തത് ആ വരിയായിരുന്നു എന്നു തോന്നുന്നു. ആവര്‍ത്തിച്ചു പാടിപ്പഠിച്ചതു കൊണ്ടാകും ലജ്ജാവിവശേ എന്ന ഭാഗമാണ് എന്റെ ആലാപനത്തില്‍ ഏറ്റവും നന്നായതെന്ന് പലരും പറഞ്ഞുകേട്ടിരുന്നു അക്കാലത്ത്.'' -സുജാതയുടെ ഓര്‍മ.
കണ്ണെഴുതി പൊട്ടുതൊട്ട്
'ടൂറിസ്റ്റ് ബംഗ്ലാവി'ല്‍ ഒ.എന്‍.വി.-അര്‍ജുനന്‍ മാസ്റ്റര്‍ ടീമിന്റെ 'കണ്ണെഴുതി പൊട്ടുതൊട്ട്' എന്ന ഗാനംപാടി ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുമ്പോള്‍ സുജാതയ്ക്ക് 12 വയസ്സ്. 'ജയഭാരതിയെപ്പോലെ മുതിര്‍ന്ന ഒരു ആര്‍ട്ടിസ്റ്റിനുവേണ്ടി കൊച്ചുകുട്ടി പാടിയാല്‍ ശരിയാകുമോ എന്നൊക്കെ പലരും ആശങ്കപ്പെട്ടിരുന്നു. ഒടുവില്‍ എന്റെ ഉറപ്പിലാണ് പാടിക്കാന്‍ അവര്‍ സമ്മതിച്ചത്. ഭാഗ്യവശാല്‍ സുജു സഭാകമ്പമൊന്നുമില്ലാതെ പാടി.'' -അര്‍ജുനന്‍ മാസ്റ്ററുടെ വാക്കുകള്‍. ആ ഗാനം കേള്‍ക്കുമ്പോള്‍ ഇന്നും തെല്ലൊരു ജാള്യം തോന്നാറുണ്ടെന്ന് സുജാത. ''ഗാനത്തിന്റെ ചരണത്തില്‍ പ്രേമിച്ചത് ഓര്‍ത്തുകൊണ്ടോ എന്നൊരു വരിയുണ്ട്. ഞാന്‍ പാടിയത് പ്രേമിച്ച തോര്‍ത്തുകൊണ്ടോ എന്നാണെന്ന് തിരിച്ചറിഞ്ഞത് മുതിര്‍ന്നശേഷമാണ്. ഭാഗ്യത്തിന് തോര്‍ത്തിന്റെ പ്രേമം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.''
1980-കളുടെ അവസാനം ചിത്രം, വന്ദനം എന്നീ സിനിമകളിലൂടെ സുജാതയുടെ തിരിച്ചുവരവിന് കളമൊരുക്കിയത് സംവിധായകന്‍ പ്രിയദര്‍ശന്‍. 'ദൂരെ കിഴക്കുദിക്കിന്‍' (ചിത്രം), 'അന്തിപ്പൊന്‍വെട്ടം', 'കവിളിണയില്‍' (വന്ദനം) എന്നീ ഗാനങ്ങള്‍ സുജാതയെ യുവതലമുറയുടെ പ്രിയഗായികയാക്കി മാറ്റുന്നു. യുഗ്മഗാനങ്ങളുടെ ഗായിക എന്ന ലേബലില്‍നിന്ന് മോചനം നല്‍കിയത് അഴകിയ രാവണനിലെ 'പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ', പ്രണയവര്‍ണങ്ങളിലെ 'വരമഞ്ഞളാടിയ' എന്നീ പാട്ടുകള്‍. വിദ്യാസാഗര്‍ ചിട്ടപ്പെടുത്തിയ ഈ രണ്ടുപാട്ടും സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു; 1996-ലും '98-ലും.
തുടര്‍ന്ന്, 'എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ' (ദേശാടനം), 'മഞ്ഞു പെയ്യണ്' (ചന്ദ്രനുദിക്കുന്ന ദിക്കില്‍), 'പ്രണയിക്കുകയായിരുന്നു' (മനസ്സില്‍ ഒരു മഞ്ഞുതുള്ളി), 'കുടമുല്ലക്കടവില്‍' (വെള്ളിത്തിര), 'കണ്ടു കണ്ടു' (മാമ്പഴക്കാലം), 'തട്ടം പിടിച്ചു വലിക്കല്ലേ' (പരദേശി), 'നീലാമ്പലേ' (ദി പ്രീസ്റ്റ്) തുടങ്ങി ഒട്ടേറെ ഹിറ്റ് സോളോകള്‍. വിവിധ തലമുറകളില്‍പ്പെട്ട ഗായകര്‍ക്കൊപ്പം ആലപിച്ച ജനപ്രിയ യുഗ്മഗാനങ്ങള്‍ വേറെ: 'എത്രയോ ജന്മമായ്' (സമ്മര്‍ ഇന്‍ ബത്ലഹേം), 'ആരൊരാള്‍ പുലര്‍മഴയില്‍' (പട്ടാളം), 'ആരും ആരും' (നന്ദനം), 'കരിമിഴിക്കുരുവിയെ' (മീശമാധവന്‍), 'മറന്നിട്ടുമെന്തിനോ' (രണ്ടാം ഭാവം), 'സ്വയംവര ചന്ദ്രികേ' (ക്രോണിക് ബാച്ച്ലര്‍), 'സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും' (മാളൂട്ടി), 'പള്ളിത്തേരുണ്ടോ' (മഴവില്‍ക്കാവടി), 'ജൂണിലെ നിലാമഴയില്‍' (നമ്മള്‍ തമ്മില്‍), 'ബാംസുരീ ബാംസുരീ' (രാത്രിമഴ), 'ആരാരും കാണാതെ' (ചന്ദ്രോത്സവം), 'കസവിന്റെ തട്ടമിട്ട്' (കിളിച്ചുണ്ടന്‍ മാമ്പഴം), 'മണിക്കുയിലേ' (വാല്‍ക്കണ്ണാടി), 'കല്ലായി കടവത്ത്' (പെരുമഴക്കാലം)...
ഇളയരാജയും റഹ്മാനും
'കവിക്കുയില്‍' (1977) ആണ് തമിഴിലെ ആദ്യ ചിത്രം. ഇളയരാജയുടെ ഈണത്തില്‍ പാടിയ 'കാതല്‍ ഓവിയം കണ്ടേ'നും തുടര്‍ന്നുവന്ന പാട്ടുകളും ശ്രദ്ധിക്കപ്പെട്ടെങ്കിലും 'റോജ'യില്‍ എ.ആര്‍. റഹ്മാനുവേണ്ടി പാടിയതായിരുന്നു യഥാര്‍ഥ വഴിത്തിരിവ്. നിവിയയുടെ പരസ്യഗീതത്തില്‍ തുടങ്ങിയ സംഗീതബന്ധം. -റഹ്മാനുവേണ്ടി പാടിയ പാട്ടുകളില്‍ 'പുതുവെള്ളൈ മഴൈ' (റോജ), 'നേറ്റ്റ് ഇല്ലാത മാട്രം' (പുതിയ മുഖം), 'എന്‍ വീട്ടു തോട്ടത്തില്‍' (ജെന്റില്‍മാന്‍), 'പൂ പൂക്കും ഓസൈ' (മിന്‍സാരക്കനവ്), 'പൂവുക്കള്‍ ഒളിന്തിരിക്കും' (ജീന്‍സ്) എന്നീ ഗാനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു സുജാത.
പ്രണയഗാനങ്ങളിലാണ് സുജാതയുടെ പ്രതിഭ പൂത്തുലഞ്ഞത്. നഷ്ടപ്പെട്ടുവെന്നുകരുതിയ പ്രണയം 'എത്രയോ ജന്മമായ്' എന്ന പാട്ടിലൂടെ വീണ്ടെടുത്ത കഥ കത്തുകളിലൂടെയും ഫോണിലൂടെയും പങ്കുവെക്കുന്നു ഇന്നും ഒട്ടേറെപ്പേര്‍. പ്രിയമാനതോഴി എന്ന ചിത്രത്തിലെ 'മാന്‍കുട്ടിയേ' എന്ന പാട്ട് ആറുതവണ ആവര്‍ത്തിച്ച് പാടേണ്ടിവന്നിട്ടുണ്ട് ദക്ഷിണാഫ്രിക്കയിലെ ഒരു വേദിയില്‍. 'ജൂണിലെ നിലാമഴ'നനഞ്ഞു കോരിത്തരിക്കുന്നവര്‍ പുതിയ തലമുറയില്‍പ്പോലും സുലഭം.
''മനുഷ്യമനസ്സില്‍ പ്രണയത്തിന് ജരാനരകള്‍ ബാധിക്കുന്നേയില്ല. ഏതു വ്യക്തിയുടെ ഉള്ളിലും ഒരു കാമുകനോ കാമുകിയോ ഉള്ളതുകൊണ്ടാവാം.'' -സുജാതയുടെ വാക്കുകള്‍. ആ കാമുകീകാമുകന്മാരെ ഇന്നും മോഹിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ സുജാതയുടെ ശബ്ദം, ഈ അറുപതാം വയസ്സിലും.
Content Highlights: ravi menon writes about singer sujatha on her 60th birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..