'രണ്ടി'ലെ മുക്രി, കലാഭവൻ റഹ്‌മാന് ഒരു തൂവൽ 


രവിമേനോൻ

2 min read
Read later
Print
Share

കലാഭവൻ റഹ്മാൻ

സുന്ദരനും സുജായിയുമായ സുധീറാണ് ഞങ്ങളെ കൂട്ടിയിണക്കിയത്; കലാഭവൻ റഹ്‌മാനെയും എന്നെയും.
മല്ലികാബാണൻ തന്റെ വില്ലെടുത്തു, മന്ദാരമലർ കൊണ്ട് ശരം തൊടുത്തു എന്ന് പാടി സുന്ദരിയായ സുജാതയെ പിന്തുടർന്ന് പാട്ടിലാക്കുന്ന ``അച്ചാണി''യിലെ സുധീർ; മാരിവില്ല് പന്തലിട്ട ദൂരചക്രവാളത്തെ നോക്കിച്ചിരിച്ചുകൊണ്ട് കുന്നിൻ ചരിവിലൂടെ ഫടാഫട് ജയലക്ഷ്മിയ്ക്ക് പിന്നാലെ പായുന്ന ``തീർത്ഥയാത്ര''യിലെ സുധീർ. നന്ദിതാബോസിന്റെ ഓർമ്മയിൽ മുഴുകി വിഷാദകാമുകനായി നീ വരൂ കാവ്യദേവതേ എന്ന് മനമുരുകി പാടിവിളിക്കുന്ന ``സ്വപ്ന''ത്തിലെ സുധീർ. വ്രീളാവതിയായ ശ്രീദേവിയുടെ വിടർന്ന കണ്ണുകളിൽ ഉറ്റുനോക്കി, മയങ്ങും മനസ്സിൻ സരസ്സിൽ ഉണരുമോ എന്ന് യേശുദാസിന്റെ സ്വരത്തിൽ, സലിൽ ചൗധരിയുടെ മോഹിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ പ്രണയപൂർവം ചോദിക്കുന്ന ``തുലാവർഷ''ത്തിലെ സുധീർ.

1970 കളിൽ സുധീർ അവതരിപ്പിച്ച സ്റ്റൈൽ മന്നന്മാരായ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കാമുകരെ എല്ലാം ഇഷ്ടമായിരുന്നു എനിക്കും റഹ്‌മാൻക്കയ്ക്കും -- പെരുത്തിഷ്ടം. മുന്തിയ അഭിനയം കൊണ്ടല്ല; ഒടുക്കത്തെ ഗ്ലാമർ കൊണ്ട്. സുധീറിന്റെ സൂപ്പർഹിറ്റ് പാട്ടുകൾ വെച്ചൊരു ചക്കരപ്പന്തൽ പ്രോഗ്രാം പ്ലാൻ ചെയ്തൂടെ എന്ന് ആദ്യ കൂടിക്കാഴ്ച്ചയിൽ റഹ്‌മാൻക്ക ചോദിച്ചപ്പോൾ രണ്ടുവട്ടം ചിന്തിക്കാതെ സന്തോഷപൂർവം തലകുലുക്കിയതും അതുകൊണ്ടുതന്നെ.

മാതൃഭൂമി ന്യൂസ് ചാനലിൽ ആ പരിപാടി അവതരിപ്പിക്കേണ്ടത് ആരെന്ന കാര്യത്തിലും ഉണ്ടായിരുന്നില്ല എനിക്ക് സംശയം -- സാക്ഷാൽ കലാഭവൻ റഹ്‌മാൻ തന്നെ. സുധീറിന്റെ നമ്പർ വൺ ഫാൻ.

ചിത്രീകരണവേളയിൽ, മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റിന്റെ സഹായമൊന്നും കൂടാതെ ഉള്ളിന്റെയുള്ളിൽ നിന്ന് സുധീറിന്റെ ചിത്രം റഹ്‌മാൻക്ക വാക്കുകളാൽ വരച്ചിടുന്നത് അത്ഭുതത്തോടെ കണ്ടിരിക്കേ, വേദികളെ പതിറ്റാണ്ടിലേറെക്കാലം ഇളക്കിമറിച്ച ആ പഴയ മിമിക്രി കലാകാരനായിരുന്നു ഓർമ്മയിൽ. സിദ്ദിക്ക്, ലാൽ, അൻസാർ, പ്രസാദ്, വർക്കിച്ചൻ പേട്ട എന്നിവർക്കൊപ്പം കലാഭവന്റെ ആദ്യത്തെ മിമിക്സ് പരേഡിന്റെ ഭാഗമായിരുന്ന ആ യുവ റഹ്‌മാൻ.

കഴിഞ്ഞ ദിവസം സുജിത് ലാൽ സംവിധാനം ചെയ്ത ``രണ്ട്‌'' എന്ന സിനിമയിലെ മുക്രിയുടെ വേഷത്തിൽ റഹ്‌മാൻക്കയെ കണ്ടപ്പോഴും അതേ ചിത്രം മനസ്സിൽ തെളിഞ്ഞു. നാല് പതിറ്റാണ്ടു മുൻപ് 1981 സെപ്റ്റംബർ 21 ന് എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ കലാഭവൻ മിമിക്സ് പരേഡിന്റെ ഉദ്‌ഘാടന ദിവസം ആരംഭിച്ച ജൈത്രയാത്ര ഇതാ ``രണ്ടി''ലെ വേറിട്ട വേഷത്തിൽ എത്തിനിൽക്കുന്നു.
സന്തോഷം തോന്നി. പതിവ് വേഷങ്ങളിൽ നിന്ന് എല്ലാം കൊണ്ടും മാറിനിൽക്കുന്ന നെഗറ്റിവ് ഷേഡുള്ള കഥാപാത്രം. ``ലുക്ക്'' പോലും തകർപ്പൻ. മുൻപ് ``തുരീയം'' എന്ന പടത്തിലാണ് ഇതുപോലൊരു വേറിട്ട ഗെറ്റപ്പിൽ റഹ്‌മാൻക്കയെ കണ്ടത്. നിർഭാഗ്യവശാൽ പ്രതീക്ഷിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല ആ പടം.

ഒപ്പമുള്ളവരും പിന്തുടർന്നുവന്നവരുമായ പലരും സിനിമയിൽ സ്വന്തം ഇടങ്ങൾ വെട്ടിപ്പിടിച്ചിട്ടും റഹ്‌മാൻക്ക എന്തുകൊണ്ട് ഇപ്പോഴും മുഖ്യധാരയിൽ നിന്നകന്നു നിൽക്കുന്നു എന്ന് ചോദിച്ചിട്ടുണ്ട്. അർത്ഥഗർഭമായ ഒരു ചിരിയായിരുന്നു മറുപടി; പിന്നെ തെല്ലുറക്കെയുള്ള ഒരു ആത്മഗതവും: ``ഇടിച്ചുകയറാൻ മടിയാണ്. അവസരങ്ങൾ ചോദിച്ചുചെല്ലുന്നവർക്കേ സിനിമയിൽ പിടിച്ചുകയറാനാകൂ. അക്കാര്യത്തിൽ സ്വൽപ്പം പിന്നിലാണ് നമ്മൾ. എങ്കിലും കിട്ടിയ റോളുകളോട്, അവ എത്ര ചെറുതാണെങ്കിലും, പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.''

അപൂർവമായി വീണുകിട്ടിയ സൗഭാഗ്യങ്ങളാണ് ഡഫേദാർ, റേഡിയോ, തുരീയം, രണ്ട്‌ എന്നിവ പോലുള്ള സിനിമകൾ. സ്നേഹിക്കപ്പെട്ട കഥാപാത്രങ്ങൾ വേറെയുമുണ്ട് -- ഉള്ളടക്കം, നയം വ്യക്തമാക്കുന്നു, മംഗല്യപ്പല്ലക്ക്.... ചിലത് ശ്രദ്ധിക്കപ്പെടുന്നു ; മറ്റു ചിലവ വിസ്മൃതിയിൽ ഒടുങ്ങുന്നു. എങ്കിലും നിരാശയില്ല. ഭാഗ്യനിർഭാഗ്യങ്ങളുടെ പ്രവചനാതീത ലോകമല്ലേ വെള്ളിത്തിര?

ശരിയാണ്. പ്രശസ്തിയുടെ സുവർണ്ണ സോപാനത്തിൽ രാജകുമാരനെ പോലെ വിരാജിച്ച ശേഷം മറവിയുടെ കയങ്ങളിൽ ചെന്നൊടുങ്ങിയ സുധീറിന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. അങ്ങനെ എത്രയെത്ര സുധീർമാർ.
അമിതപ്രതീക്ഷകളുടെ ഭാരമില്ലാതെ, തന്നെ തേടിയെത്തുന്ന വേഷങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് ആത്മാർത്ഥതയോടെ അവക്ക് ജീവൻ പകർന്നു നൽകാൻ ശ്രമിക്കുന്ന സഹൃദയനായ പ്രിയ റഹ്‌മാൻക്കയ്ക്ക് ആശംസകൾ. ഇനിയും തേടിവരട്ടെ മൊഞ്ചുള്ള കഥാപാത്രങ്ങൾ.

Content Highlights: Ravi Menon about Kalabhavan Rahman Randu Movie

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Ramla Beegum

2 min

റംലാ ബീഗം; യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച കലാകാരി

Sep 28, 2023


Arjun C Varma

2 min

ആന നടക്കുന്ന ശബ്ദമുണ്ടാക്കാൻ ബോക്‌സിങ് ഗ്ലൗസ്; എലിഫന്റ് വിസ്പറേഴ്‌സിലെ മലയാളി ഫോളി റെക്കോര്‍ഡിസ്റ്റ്

Mar 14, 2023


Most Commented