കണ്ണൂർ: അച്ഛനും മകനും മാത്രമടങ്ങുന്ന ‘ഇരുവർ പട്ടാളം’ നാലുപതിറ്റാണ്ട്‌ നടത്തിപ്പോന്ന വേങ്ങാട്ടെ റാണി ടാക്കീസ് അടച്ചുപൂട്ടി. സാമ്പത്തികനേട്ടത്തിനും നഷ്ടത്തിനുമുപരിയായി സിനിമയോടുള്ള ‘പ്രണയ’മായിരുന്നു വേങ്ങാട് സ്വദേശി പി.ശ്രീധരനും മകൻ ശ്രീജിത്തിനും തിയേറ്റർ നടത്താനുള്ള പ്രേരണ. പോസ്റ്റർ പതിക്കുന്നതുമുതൽ തിയേറ്റർ വൃത്തിയാക്കുന്നതുവരെ ഇരുവരും ചേർന്നായിരുന്നു. തിയേറ്റർ ഇനി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.

പോസ്റ്റർ പതിക്കൽ, ടിക്കറ്റ് കൊടുക്കൽ, ഗേറ്റ് സുരക്ഷ, പ്രൊജക്ടർ ഓപ്പറേഷൻ, തിയേറ്റർ അടിച്ചുവാരൽ എന്നീ ജോലികളായിരുന്നു ശ്രീജിത്തിന്റേത്. ടിക്കറ്റ് കൊടുക്കലും തിയേറ്റർ വൃത്തിയാക്കലും പലപ്പോഴും അച്ഛനും ഏറ്റെടുത്തു. എല്ലാ ദിവസവും 6.30-നും 9.30-നുമായിരുന്നു സിനിമാപ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ മാറ്റിനിയുമുണ്ടാകും. ഇവരുടെ ഉടമസ്ഥതയിൽ തിയേറ്ററിന് മുന്നിൽത്തന്നെ പ്രവർത്തിച്ചിരുന്ന ധാന്യം പൊടിക്കുന്ന മിൽ പൂട്ടിയാണ് അച്ഛനും മകനും വൈകുന്നേരം തിയേറ്ററിലെത്തിയിരുന്നത്. ഓലമേഞ്ഞ് മുകളിൽ തകരഷീറ്റിട്ട ടാക്കീസിൽ 50 രൂപയായിരുന്നു അവസാനത്തെ ടിക്കറ്റ് നിരക്ക്.

തിയേറ്ററിൽ ഡി.ടി.എസ്. സംവിധാനം ഒരുക്കുന്നതിനും സീറ്റുകൾ പുതുക്കുന്നതിനുമായി കോവിഡിനുമുൻപ് ആറുലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ‘കൈയിൽനിന്ന് പണമെടുത്താണ് അവസാനകാലത്ത് പ്രദർശനം നടത്തിപ്പോന്നത്. ചെറിയ പടങ്ങൾക്കുപോലും വലിയ തുക മുൻകൂർ ഇറക്കേണ്ടിവന്നു. കോവിഡിന്റെ വരവോടെ തകർച്ച പൂർണമായി. ഒരുതരത്തിൽ ചിന്തിച്ചാൽ കോവിഡിന്റെ വരവും ലോക്‌ഡൗണും എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. അല്ലെങ്കിൽ ഞാനിപ്പോൾ വലിയൊരു കടക്കാരനായേനെ...’- ശ്രീജിത്ത് പറയുന്നു. ‘സിനിമയോടുള്ള സ്നേഹം ഇപ്പോഴുമുണ്ട്. ടാക്കീസ് പൂട്ടരുതെന്ന് നാട്ടുകാരുടെ അഭ്യർഥനയുമുണ്ട്. പക്ഷേ, ഇനി വേറെ വഴിയില്ല...’-ശ്രീജിത്തിന്റെ വാക്കുകളിലുണ്ട് സിനിമയോടുള്ള അടങ്ങാത്ത പ്രണയം.

‘ലാവ’ മുതൽ ‘അഞ്ചാംപാതിര’ വരെ

1981-ലാണ് റാണിയിൽ പ്രദർശനം തുടങ്ങിയത്. ഹരിഹരൻ സംവിധാനംചെയ്ത ‘ലാവ’യാണ് ആദ്യം പ്രദർശിപ്പിച്ചത്. 2020-ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘അഞ്ചാംപാതിര’യാണ് അവസാനം പ്രദർശിപ്പിച്ചത്. മോഹൻലാലിന്റെ ‘പുലിമുരുകനാ’ണ് ഏറ്റവും കൂടുതൽ ഓടിയതും കളക്ഷൻ നേടിയതുമായ ചിത്രം. ടൈറ്റാനിക്, ജുറാസിക് പാർക്ക്, ബാഹുബലി, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിങ്, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളും സാമ്പത്തികനേട്ടമുണ്ടാക്കി.

Content Highlights: Rani talkies kannur Vengad, Cinema theater to shut down, P Sreedharan Sreejith