ക്കള്‍ തിലകം എം.ജി. ആറുമായാണ് പലപ്പോഴും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ താരതമ്യം ചെയ്യാറുള്ളത്. ഉലകനായകന്‍ കമല്‍ഹാസനെ നടികര്‍ തിലകം ശിവാജി ഗണേശനോടും. ഒന്നിച്ച് വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുകയും ഒന്നിച്ചു തന്നെ രാഷ്ട്രീയത്തിന്റെ പകിട്ടിലേയ്ക്ക് എടുത്തുചാടുകയും ചെയ്തവരാണ് എം.ജി.ആറും ശിവാജിയും. എം.ജി.ആര്‍ തമിഴക രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായപ്പോള്‍ ശിവാജിക്ക് അഭിനയത്തിലെ മേല്‍ക്കൈ രാഷ്ട്രീയത്തില്‍ ലഭിച്ചില്ല. തമിഴ് രാഷ്ട്രീയത്തില്‍ എം.ജി. ആര്‍ ഒരു സൂപ്പര്‍ഹിറ്റും ശിവാജി ഒരു വമ്പന്‍ ഫ്‌ളോപ്പുമായി.

വെള്ളിത്തിരയില്‍ രണ്ട് ധാരകളുടെ പ്രതിനിധികളായ രജനിയും കമലും ഒന്നിച്ചുതന്നെ രാഷ്ട്രീയക്കുപ്പായത്തിലേയ്ക്ക് വേഷപ്പകര്‍ച്ച നടത്താന്‍ ഒരുങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നുവോ എന്ന് സംശയിക്കുന്നത് സ്വാഭാവികം. ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് രജനീകാന്ത് മുന്നോട്ട് വരുമ്പോള്‍ ആര് വിജയിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. രണ്ട് ഹിറ്റുകള്‍ക്കുള്ള സ്‌ക്രീന്‍ സ്‌പേസ് തത്കാലം ജയലളിതയുടെ മരണശേഷം കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലില്ല. അതുകൊണ്ട് ഒരാളുടെ തോല്‍വി സുനിശ്ചിതം. ഇനി ശുഭമുഹൂര്‍ത്തം എന്നാണെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു. ഏതാണ്ട് സമാനമായിരുന്നു എഴുപതുകളിലും എണ്‍പതുകളിലും എം.ജി. ആറിന്റെയും ശിവാജിയുടെയും കഥ.

mgr
എം.ജി.ആര്‍ 

വെള്ളിത്തിരയില്‍ തോളോടു തോള്‍ ചേര്‍ന്ന് മത്സരിച്ചവരായിരുന്നു ഇരുവരും. അഭിനയശേഷിയുടെ കാര്യത്തില്‍ എം.ജി.ആറിന് മുകളിലായിരുന്നു ശിവാജി. എന്നിട്ടും എം.ജി.ആര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി പൊരുതുന്നവനായി ആരാധകരുടെ ഇടയില്‍ ദൈവതുല്ല്യനായി മാറി. എന്നാല്‍ അഭിനയത്തില്‍ കരുത്തിന്റെ പ്രതീകമായി മാറിയ ശിവാജിക്ക് പക്ഷേ, സ്‌ക്രീനിലും പുറത്തും ഇങ്ങനെ ഒരു ഇമേജോ ഇതുപോലൊരു ആരാധകവൃന്ദത്തെയോ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

ഇതുതന്നെയാണ് ഇരുവരുടെയും പൊളിറ്റിക്കല്‍ ഗ്രാഫിലെ വ്യതിയാനത്തിന്റെ കാരണവും. അമ്പതുകളുടെ അവസാനത്തിലാണ് എം.ജി. ആറും ശിവാജിയും രാഷ്ട്രീയത്തിലിറങ്ങിയത്. കോണ്‍ഗ്രസിലായിരുന്നു തുടക്കം. എം.ജി. ആര്‍ പെട്ടന്നു തന്നെ അണ്ണാദുരൈയുടെ ശിഷ്യനായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിക്കീഴിലേയ്ക്ക് കൂറുമാറി. ഏഴൈതോഴന്റെ സ്‌ക്രീന്‍ ഇമേജില്‍ ഡി.എം.കെ പെട്ടന്നു തന്നെ കോണ്‍ഗ്രസിനെ നിഴലിലാക്കി തമിഴകത്തിന്റെ ഹൃദയം കവര്‍ന്നു. അമ്പതാം വയസ്സില്‍ ആദ്യമായി നിയമസഭയിലെത്തിയ എം.ജി. ആര്‍. രാഷ്ട്രീയ ഗുരു അണ്ണാദുരൈയുടെ മരണത്തോടെ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനായി. എഴുപതുകളുടെ തുടക്കത്തില്‍ തന്റെ ജനപ്രിയ ഡയലോഗുകളുടെ സൃഷ്ടാവായ കരുണാനിധിയുമായി പിരിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടിയും രൂപവത്കരിച്ചു. നേട്രു ഇന്‍ട്രു നാളൈ, ഇദയകനി, ഇന്‍ട്രു പോല്‍ എന്‍ട്രും വാഴികെ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കി മുഖ്യമന്തിപദവും അതുവഴി തമിഴ് രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനുമായി.

വിവാദങ്ങളും കോളിളക്കങ്ങളും ഒരു വധശ്രമവും ഉണ്ടായിട്ടും മരണം വരെ തമിഴകത്തിന്റെ ഏഴൈതോഴന്‍ എന്ന ബഹുമതി എം.ജി. ആര്‍ കാത്തു. അമ്പതുകളില്‍ തന്നെയായിരുന്നു ശിവാജിയുടെയും രാഷ്ട്രീയ രംഗപ്രവേശം. ഒരു വ്യത്യാസം മാത്രം. എം.ജി.ആര്‍ കോണ്‍ഗ്രസുകാരനായി തുടങ്ങി ദ്രാവിഡ രാഷ്ട്രീയത്തിലെത്തിയതാണെങ്കില്‍ ശിവാജി ഡി.എം.കെ.യില്‍ തുടങ്ങി കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഡി.എം.കെക്കാരനായിരിക്കെ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയതിന് പാര്‍ട്ടിക്കാരില്‍ നിന്ന് പഴികേട്ട ചരിത്രം വരെയുണ്ട് ശിവാജിക്ക്.  

എന്നാല്‍ രാഷ്ട്രീയത്തില്‍ എം.ജി.ആറിനോളം പോന്നൊരു സൂപ്പര്‍ഹിറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ ശിവാജിക്ക് കഴിഞ്ഞില്ല. കാമരാജിന്റെ പ്രേരണയില്‍ ഡി. എം.കെയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയെങ്കിലും അവിടെ വേണ്ടത്ര പച്ചപിടക്കാനായില്ല. ശിവാജിയുടെ ജനപ്രിയത തുണയാക്കാനായിരുന്നു കാമരാജിന്റെ പദ്ധതി. ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധത്തിന് ഒരിക്കല്‍ രാജ്യസഭാംഗമായതു മാത്രമായിരുന്നു മെച്ചം. ഇന്ദിരയുടെ മരണത്തോടെ ശിവാജിയുടെ കോണ്‍ഗ്രസ് പ്രവത്തനത്തിനും തിരശ്ശീല വീണു. 1989ല്‍ കോണ്‍ഗ്രസ് വിട്ട് തമിഴക മുന്നേട്ര മുന്നണി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും അതും പച്ചതൊട്ടില്ല. ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ എം.ജി. ആറിനെപ്പോലൊരു ആരാധക വൃന്ദം ഉണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. സിനിമയിലായാലും രാഷ്ട്രീയമായാലും ഫാന്‍സ് തന്നെ കാര്യം.

sivaji
ശിവാജി ഗണേശന്‍

സംഭവബഹുലമായ ഈയൊരു അധ്യായത്തിന്റ റീമേക്കിന് തന്നെയാണ് തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും കളമൊരുങ്ങുന്നത്. ഫാന്‍സിന്റെ കരുത്താണ് വിധിയെഴുതുന്നതെങ്കില്‍ രജനി തന്നെയാവും ഹിറ്റ്. കമലിനെ കാത്തിരിക്കുന്നത് ശിവാജിയുടെ രാഷ്ട്രീയ വേഷത്തിന്റെ ക്ലൈമാക്‌സാവും. ഈ ഉത്തമബോധ്യമുണ്ട് ഉത്തമവില്ലനിലെ നായകന്. സിനിമാ ജീവിതത്തിന്റെ കയറ്റിറങ്ങള്‍ക്കിടയില്‍ ഈയിടെയാണ് കമലിന്റെ രാഷ്ട്രീയമോഹം പ്രകടമായി തുടങ്ങിയത്. പക്ഷേ, തിരഞ്ഞെടുക്കേണ്ടത് ഏത് വേഷമാണ്, സ്വീകരിക്കേണ്ടത് ഏത് ട്രാക്കാണ് എന്നതില്‍ തുടക്കം മുതല്‍ തന്നെ കണ്‍ഫ്യൂഷനിലാണ് വേറിട്ട വേഷങ്ങള്‍ ഏറെ ചെയ്തിട്ടുള്ള ഉലകനായകന്‍. രജനിയെപ്പോലെ അത്രയ്ക്കും ജനപ്രിയനല്ലെന്നും അതുപോലൊരു അടിയുറച്ച അനുയായി, ആരാധകവൃന്ദത്തിന്റെ സ്ഥിരനിക്ഷേപവുമില്ല എന്ന ഉറച്ച ബോധ്യം കമലിനുണ്ട്. ഈ ബോധ്യം തന്നെയാണ് രാഷ്ട്രീയത്തിലേയ്ക്കുള്ള കളംമാറ്റലിന്റെ തുടക്കം മുതല്‍ പ്രകടമായ കണ്‍ഫ്യൂഷന്റെ കാരണവും.

അപ്പോഴും കമലിന്റെ തലയ്ക്കു മുകളില്‍ ശിവാജിയുടെ ഗതി തൂങ്ങിനില്‍പുണ്ട്. ആരാധകരുടെ പിന്തുണ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളും കമലിന് അനുകൂലമല്ല. ശിവാജി പ്രബലമായ തേവര്‍ സമുദായക്കാരനായിരുന്നു. അവരുടെ പിന്തുണയുമുണ്ടായിരുന്നു. എന്നിട്ടും നിലംതൊട്ടില്ല. കമലാവട്ടെ ജയലളിതയെപ്പോലെ അയ്യങ്കാര്‍ ബ്രാഹ്മണനാണ്. എന്നാല്‍, ഇതിനെ വോട്ടാക്കി മാറ്റാന്‍ എ.ഐ.ഡി. എം.കെയെപ്പോലെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘടനയുടെ പിന്തുണയില്ല. എം.ജി. ആറിനെപ്പോലെയല്ല, ശിവാജിയെപ്പോലെ എല്ലാം പൂജ്യത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിവരും കമലിന് എന്നര്‍ഥം.

രജനിയെപ്പോലെ തന്റെ ഫാന്‍സ് അസോസിയേഷനെ ശക്തമാക്കി നിര്‍ത്താന്‍ കമലിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ തന്നെ ഫാന്‍സ് അസോസിയേഷനെ എതിര്‍ക്കുന്ന ആളായിരുന്നു കമല്‍. തന്റെ ആരാധകര്‍ക്കായി വെല്‍ഫയര്‍ അസോസിയേഷനാണ് കമല്‍ തുടങ്ങിയത്. അതുകൊണ്ട് വിജയകാന്തിനെപ്പോലെ അവരെയും തന്റെ രാഷ്ട്രീയത്തിനായി കമലിന് ഉപയോഗിക്കാനാവില്ല എന്ന് സാരം.

സിനിമയിലെ പെരുമ പോര രാഷ്ട്രീയത്തിനെന്ന് മുരശൊലിയുടെ ചടങ്ങില്‍ രജനികാന്ത് പറഞ്ഞത് കമലിനെ ഉദ്ദേശിച്ചു തന്നെയാണെന്ന് വ്യക്തമാണ്. വേദിയില്‍ കമലിനെ ഇരുത്തിക്കൊണ്ടു തന്നെയായിരുന്നു രജനിയുടെ ഈ കുറിക്കുകൊള്ളുന്ന പ്രസംഗം. ഇതേറ്റതുകൊണ്ടാവണം. പിന്നീട് പൊതുരംഗത്ത് സജീവമായിരുന്നു കമല്‍. ഡെങ്കിപ്പനി വിഷയത്തിലും അതിന്റെ മരുന്നിന്റെ വിതരണത്തിന്റെ കാര്യമായാലും ചെന്നൈയിലെ മഴയുടെ ദുരിതത്തിന്റെ കാര്യത്തിലായാലും എവിടെയും ഓടിയെത്തുന്നുണ്ട് കമല്‍. പിറന്നാളിന് ആഘോഷങ്ങളില്ല, മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നതും ഒരു രാഷ്ട്രീയമുനയുള്ള പ്രഖ്യാപനമാണ്.

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങി. ഇന്ന് രണ്ട് പതീറ്റാണ്ടുകള്‍ക്ക് ശേഷം 2017 അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ ശേഷിക്കേ ഒരുപാട് ചോദ്യങ്ങള്‍ക്ക് രജനി വിരാമമിട്ടു. 

പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നാണ് രജനി പറയുന്നത്. നിലവിലെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നാണ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രജനി പ്രഖ്യാപിച്ചിരിക്കുന്നത്. രജനിയുടെ രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്‌നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.