രക്ഷിത്, റിഷബ്, രാജ്; 'ദ ഷെട്ടി ഗാങ്' ഇൻ കന്നഡ സിനിമ 


നിതിൻ മുകുന്ദൻ

ബെംഗളൂരു കേന്ദ്രമാക്കി മുന്നോട്ടുപോയിരുന്ന ഇൻഡസ്ട്രിയിൽ ദക്ഷിണ കർണാടകയുടെ സംസ്കാരം പശ്ചാത്തലമാക്കി സിനിമകളെടുത്തവർ. മൂവരും മികച്ച സംവിധായകർ, അഭിനേതാക്കൾ. രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി, രാജ് ബി.ഷെട്ടി.

റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി | ഫോട്ടോ: www.facebook.com/rishab.shetty.9465/photos, www.facebook.com/rajbshettyomk, www.facebook.com/therakshitshetty/photos

ത്തുവർഷങ്ങൾക്ക്‌ മുന്നേ വരെ ഇന്ത്യൻ സിനിമയിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഇൻഡസ്ട്രിയായിരുന്നു കന്നഡ സിനിമ ഇൻഡസ്ട്രി (സാൻഡൽവുഡ്). തമിഴരെയോ മലയാളികളെയോ പോലുള്ള സിനിമാഭ്രാന്ത് കന്നഡക്കാർക്ക് ഇല്ലാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് അവിടെയിറങ്ങുന്ന, നിലവാരമില്ലാത്ത തട്ടുപൊളിപ്പൻ സിനിമകൾ തന്നെയായിരുന്നു. അതിനാടകീയമായി അഭിനയിക്കുന്ന അഭിനേതാക്കൾ കൂടിയാകുമ്പോൾ പൂർണം. കെ.ജി.എഫിന് ശേഷം പക്ഷേ കാര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ, വർഷങ്ങൾക്ക് മുന്നേ തന്നെ, സിനിമയെ ആത്മാർഥതയോടെ കാണുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ആ ഇൻഡ്രസ്ട്രിയിൽ മാറ്റങ്ങളുണ്ടാക്കാൻ തുടങ്ങിയിരുന്നു.

2013-ലാണ് പവൻ കുമാർ എന്ന യുവ സംവിധായകന്റെ രണ്ടാം ചിത്രം 'ലൂസിയ' റിലീസാകുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആരും കൈവച്ചിട്ടില്ലാത്ത ലൂസിഡ് ഡ്രീമിങ് പ്രമേയമായ ഈ പരീക്ഷണചിത്രം നിർമിക്കാൻ ആരും തയ്യാറാകാത്തതിനാൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പവൻ ചിത്രം പൂർത്തിയാക്കിയത് (2015-ഇൽ സിദ്ധാർഥ് നായകനായി 'എനക്കുൾ ഒരുവൻ' എന്നപേരിൽ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.). ലൂസിയയിൽ നിന്നാണ് സാൻഡൽവുഡിന്റെ തലവര തിരുത്തിവരയ്ക്കപ്പെടുന്നത്. ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് മൂന്ന് ഷെട്ടിമാരാണ്. ബംഗളൂരു കേന്ദ്രമാക്കി മുന്നോട്ടുപോയിരുന്ന ഇൻഡസ്ട്രിയിൽ ദക്ഷിണ കർണാടകയുടെ സംസ്കാരം പശ്ചാത്തലമാക്കി സിനിമകളെടുത്തവർ. മൂവരും മികച്ച സംവിധായകർ, അഭിനേതാക്കൾ. രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി, രാജ് ബി.ഷെട്ടി."നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങൾ പറയൂ? " എന്ന ചോദ്യം നേരിടേണ്ടി വരുന്ന ഭൂരിഭാഗംപേരും വിദേശ സിനിമകളുടെ പേരുകളായായിരിക്കും നിരത്തുക (അത് പ്രെസ്റ്റീജ് ഇഷ്യൂ കൂടെയാണല്ലോ!). ഷോഷാങ്ക് റിഡംപ്ഷൻ, ഫോറസ്റ്റ് ഗംപ്, ഫൈറ്റ് ക്ലബ്ബ് തുടങ്ങി ഇംഗ്ലീഷിൽ, കൊറിയൻ, ഇറാനിയൻ വഴി മെക്സിക്കനിൽ വരെ ലിസ്റ്റ് നീളും. എന്നാൽ അത്തരമൊരു ചോദ്യം ലേഖകൻ നേരിടേണ്ടിവരികയാണെങ്കിൽ, ലിസ്റ്റിൽ ഉറപ്പായും പെടുന്നൊരു ചിത്രമുണ്ട്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ആദ്യ സിനിമ. തിരക്കഥാപരമായി പ്രേക്ഷകരെ ഒന്നടങ്കം 'ഞെട്ടിച്ച' 'ഉളിദവരു കണ്ടന്തെ'.

രക്ഷിതും റിഷബ് ഷെട്ടിയും കരിയർ ആരംഭിക്കുന്നത് ഒരുമിച്ചാണ്. 'നം ഏരിയൽ ഒന്ത് ദിന' എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും അഭിനേതാവായുള്ള അരങ്ങേറ്റം. നായകനായ, മൂന്നാം ചിത്രം 'സിംപിൾ ആഗി ഒന്ത് ലൗവ് സ്റ്റോറി' ഹിറ്റായതോടെ രക്ഷിതിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. തൊട്ടടുത്ത വർഷമാണ് 'ഉളിദവരു കണ്ടന്തെ' റിലീസാകുന്നത്. രക്ഷിത് തന്നെ തിരക്കഥയൊരുക്കി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ നിയോ-നോയർ ക്രൈം ഡ്രാമ തിയറ്ററുകളിൽ പരാജയമായിരുന്നുവെങ്കിലും പിന്നീട് ഏറെ ചർച്ചചെയ്യപ്പെട്ടു. ( ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് റിഷബ് ഷെട്ടിയാണ്. 'ലൂസിയ'യിലും'യിലും റിഷബ് അഭിനയിച്ചിട്ടുണ്ട്.). പിന്നീട് 2017-ഇൽ, നിവിൻ പോളിയെ നായകനാക്കി ഈ ചിത്രം റിച്ചി എന്നപേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും, ഉളിദവരുവിന്റെ ചാപ്റ്ററുകളായി തിരിച്ചുള്ള നോൺ ലീനിയർ ഹൈപ്പർ ലിങ്ക് ആഖ്യാനരീതി ഉപേക്ഷിച്ചതിനാൽ വൻ പരാജയമായി.

കാണാതായ അൽഷൈമേഴ്‌സ് രോഗിയായ പിതാവിനെ അന്വേഷിച്ച് പോകുന്ന മകന്റെ കഥപറഞ്ഞ 'ഗോഥി ബന്ന സാധാരണ മൈക്കാട്ടു(2016)' എന്ന ചിത്രവും ശ്രദ്ധനേടി( ചിത്രത്തിന്റെ സംവിധായകൻ ഹേമന്ദ് എം.റാവു ദേശീയ അവാർഡ് നേടിയ ആയുഷ്മാൻ ഖുറാന ചിത്രം അന്ധാദുനിന്റെ സഹ തിരക്കഥാകൃത്താണ്). ഇതേവർഷമാണ് റിഷബ് ഷെട്ടി സംവിധായകന്റെ കുപ്പായമണിയുന്നത്. 'റിക്കി' എന്ന ആ ചിത്രത്തിൽ രക്ഷിതായിരുന്നു നായകൻ. മോശമല്ലാത്ത അഭിപ്രായം നേടിയ റിക്കിക്ക്‌ ശേഷം ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് ഇതേ കൂട്ടുകെട്ടിൽ 2017 ന്യൂ ഇയർ റിലീസായി ക്യാമ്പസ്‌ കോമഡി ഡ്രാമ 'കിറിക് പാർട്ടി' എത്തുന്നത്. രക്ഷിത് തിരക്കഥയൊരുക്കി റിഷബ് സംവിധാനം ചെയ്ത ചിത്രം നാലുകോടി മുടക്കി 50 കോടിയിലധികം നേടി. ഇതോടെ രക്ഷിതിന് കർണാടകയ്ക്ക് പുറത്തും ആരാധകരുണ്ടായി. രശ്മിക മന്ദന്നയുടെ അരങ്ങേറ്റ ചിത്രമാണിത്. ഇതിലെ 'ബലഗെഡ്ഡു' എന്ന ഗാനം കേരളത്തിലടക്കം തരംഗമായി.

ചെറിയൊരു ഇടവേളയ്ക്കുശേഷം 2019-ഇൽ 'അവനേ ശ്രീമൻ നാരായണ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രവുമായാണ് രക്ഷിത് തിരിച്ചെത്തിയത്. മലയാളം, തമിഴ്. തെലുഗു ഭാഷകളിൽ ഡബ് ചെയ്ത് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയുടെ തിരക്കഥയിലും രക്ഷിത് പങ്കാളിയായിരുന്നു. മലയാളിയായ കിരൺരാജ്. കെ സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ 'ചാർളി 777' ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. രക്ഷിതും ഒരു നായയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന് ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നായി 100 കോടിയിലധികം കളക്ഷൻ ലഭിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷൻസാണ് ചാർളി മലയാളത്തിൽ വിതരണത്തിനെടുത്തത്.

കിറിക് പാർട്ടി, ശ്രീമൻ നാരായണ തുടങ്ങി എട്ടോളം ചിത്രങ്ങൾ രക്ഷിത് നിർമിച്ചിട്ടുമുണ്ട്. സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രം 'റിച്ചാർഡ് ആന്റണി'യും ഹേമന്തിന്റെ 'സപ്ത സാഗരഡാച്ചേ എല്ലോ'യുമാണ് പുറത്തിറങ്ങാനുള്ളവ. രക്ഷിതിന്റെ ആദ്യ രണ്ടു സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങിയ റിഷബ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 'അട്ടഹാസ'യിലെ പോലീസ് റോളിലൂടെയാണ്. പിന്നീട് വന്ന ലൂസിയയും ഉളിദവരുവും വഴിത്തിരിവായി. റിക്കിയും കിറിക് പാർട്ടിയുമല്ലാതെ റിഷബ് രണ്ടു ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തു. 2018-ൽ 'സർക്കാരി ഹൈ. പ്ര. ശാലെ, കാസറഗോഡു'വും ഇപ്പോൾ ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന 'കാന്താര'യും. സർക്കാരി ഹൈ. പ്ര. ശാലെയുടെ സംഭാഷണങ്ങൾ എഴുതിയവരുടെ ലിസ്റ്റ് എടുത്താൽ അവിടെ മൂന്നാമത്തെയാളുടെ പേര് കാണാം, രാജ് ബി.ഷെട്ടി.

റിഷബ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര നിർമിച്ചിരിക്കുന്നത് കെ.ജി.എഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ്. കാന്താരയുടെ ക്ലൈമാക്സ്‌ ഷൂട്ടിൽ റിഷബിനെ രാജ് അസ്സിസ്റ്റ്‌ ചെയ്തിട്ടുണ്ട്. തുളു സംഭാഷണങ്ങളിൽ ചിലത് എഴുതിയതും രാജ് ആണ്. റിഷബ് അഭിനയിച്ച ചിത്രങ്ങളെടുത്താൽ, 2019-ൽ പുറത്തിറങ്ങിയ ഡിറ്റക്റ്റീവ് കോമഡി ചിത്രം ബെൽ ബോട്ടം ആണ് പിന്നീട് മികച്ചവിജയം നേടിയത്. ആ വർഷത്തെ കന്നഡയിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിലൊന്നായ ബെൽ ബോട്ടത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മറ്റ് രണ്ട് ഷെട്ടിമാരും കന്നഡ സിനിമയുടെ തലമുറമാറ്റത്തിൽ പ്രധാന പങ്കുവഹിച്ചശേഷമാണ് മൂന്നാമനായ രാജ് ബി. ഷെട്ടി സിനിമയിലേക്ക് വരുന്നത്. കഷണ്ടിയുള്ള ഒരു യുവാവിന്റെ ജീവിതം പറഞ്ഞ 'ഒരു മൊട്ടേയ കഥെ'യുമായി 2017-ൽ. രാജ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായും അഭിനയിച്ച ചിത്രം നിർമിച്ചത് പവൻ കുമാറാണ്. അപ്രതീക്ഷിതമായി ചിത്രം ക്ലിക്കായി (പിന്നീട് തമാശ എന്നപേരിൽ വിനയ് ഫോർട്ടിനെ നായകനാക്കി മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു). പിന്നീട് അഭിനയിച്ച ചിത്രങ്ങളിൽ 'മായാബസാർ 2016' ഒഴികെയുള്ളവ കാര്യമായ ശ്രദ്ധ നേടിയില്ല. പക്ഷേ 2021-ഇൽ പുറത്തിറങ്ങിയ, മംഗലാപുരം പശ്ചാത്തലമായ 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന ഗാങ്സ്റ്റർ ഡ്രാമ രാജിലെ സംവിധായകന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു. റിഷബും രാജും മുഖ്യ കഥാപാത്രങ്ങളായ ചിത്രം ഉജ്ജ്വല വിജയമാണ് നേടിയത്. രാജ് സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രം 'സ്വാതി മുത്തിന മലേ ഹണിയേ' പ്രീ-പ്രൊഡക്ഷനിലാണ്. പിന്നീട്, രക്ഷിതിന്റെ 777 ചാർളിയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത രാജ് ചിത്രത്തിന് സംഭാഷണങ്ങളും എഴുതി.

കാന്താര ഇതിനോടകം തന്നെ 150 കോടിയ്ക്കടുത്താണ് കളക്റ്റ് ചെയ്തത്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ ഡബ് ചെയ്ത് റിലീസ് ചെയ്ത ചിത്രം 20-നാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. വിതരണത്തിനെത്തിക്കുന്നത് പ്രിഥ്വിരാജ് പ്രൊഡക്ഷൻസാണ്. കാന്താര നിർമിച്ച ഹോംബാലെ ഫിലിംസ് രണ്ട് മലയാള ചിത്രങ്ങളും അനൗൺസ് ചെയ്തിട്ടുണ്ട്. പ്രിഥ്വിരാജ് സംവിധായകനും നായകനുമായ 'ടൈസൺ', ഫഹദ് ഫാസിലും അപർണാ ബാലമുരളിയും മുഖ്യ കഥപാത്രങ്ങളാകുന്ന 'ധൂമം' എന്നിവ.

ഒരുകൂട്ടം കഴിവുറ്റ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ മികച്ച സിനിമകൾ ഇറങ്ങുമ്പോൾ, അതിലൂടെ ഒരു ഇൻഡസ്ട്രി വളരുമ്പോൾ, ഭാഷയുടെ അതിർവരമ്പുകളെ അപ്രസക്തമാക്കി രാജ്യമെങ്ങും സ്വീകാര്യത ലഭിക്കുമ്പോൾ, മറ്റു ഭാഷകളിലെ കലാകാരൻമാരുമായി സഹകരണമുണ്ടാകുമ്പോൾ സിനിമാസ്വാദകർക്ക് ആനന്ദം, പരമാനന്ദം!

Content Highlights: rakshit shetty, rishab shetty and raj b shetty, kannada movie hit makers, kantara movie 777 charlie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented