രാജു ഗോപി ചിറ്റത്ത്
അന്യഭാഷാ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും തീയേറ്ററുകളിലെത്തുമ്പോള്‍ കേരളത്തില്‍ വലിയ വിജയമായി തീരാറുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിലെ ചെറിയ സിനിമ കാണാന്‍ തീയേറ്ററില്‍ ആളെത്തുന്നില്ല. ഒടിടി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പലരും. അനൂപ് മേനോന് നായകനായ 21 ഗ്രാംസ് എന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയെങ്കിലും പലരും ഒടിടി റിലീസിനായി കാത്തിരുന്നു. 21 ഗ്രാംസ് സിനിമയുടെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളില്‍ പലരും ചോദിച്ചത് ഒടിടിയില്‍ എന്ന് റിലീസ് ചെയ്യുമെന്നാണ്.
വലിയ താരമൂല്യമില്ലാത്ത ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ ഈയിടെ റിലീസ് ചെയ്തുവെങ്കിലും അവയൊന്നും തീയേറ്ററില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. മാത്രമല്ല വിക്രം, ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള ചിത്രങ്ങള്‍ കേരളത്തില്‍ വലിയ തരംഗം സൃഷ്ടിച്ചു. പക്ഷേ തീയേറ്ററുടമകളെ സംബന്ധിച്ചേടത്തോളം ഈ വിജയങ്ങള്‍ ശാശ്വതമല്ല. ചെറിയ ബാനറിലൊരുങ്ങുന്ന സിനിമകള്‍ ഒടിടിയി മാത്രം ചുരുങ്ങിപ്പോയാല്‍ തീയേറ്ററുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് പറയുകയാണ് നിര്‍മാതാവ് രാജു ഗോപി ചിറ്റേത്ത്. അദ്ദേഹം നിര്‍മിച്ച സാന്റാക്രൂസ് എന്ന ചിത്രം ഈയിടെയാണ് റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ജനപങ്കാളിത്തം കുറയുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
ഒടിടിയില്‍ സിനിമ റിലീസ് ചെയ്യരുതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഞാനതിന് എതിരേയല്ല എന്ന് ആദ്യം പറയട്ടെ. ഒടിടി നല്ലതാണ്, പ്രായമായവര്‍ക്കും തീയേറ്ററുകളില്‍ വരാന്‍ സാധിക്കാത്തവര്‍ക്കും ഒടിടി ആശ്രയിക്കാം. എന്നാല്‍ തീയേറ്റര്‍ റിലീസിന് പിന്നാലെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ചെറിയ ബാനറുകളിലും വലിയ താരസാന്നിധ്യമില്ലാതെ ഒരുങ്ങുന്ന സിനിമകള്‍ക്കും ഒടിടിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഓ ഈ സിനിമ തീയേറ്ററില്‍ കാണാന്‍ മാത്രമില്ല, ഒരാഴ്ച കഴിഞ്ഞാല്‍ ഒടിടിയില്‍ കാണാം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പ്രേക്ഷകരെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് കോവിഡ് കാലത്തുണ്ടായ ഒടിടി തരംഗമാണ്. തീയേറ്ററിലെത്തുന്ന സിനിമ രണ്ടോ മൂന്നോ മാസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യൂ എന്ന തീരുമാനത്തിലെത്തിയാല്‍ തീയേറ്ററുകളില്‍ ആളുകള്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയായാല്‍ തീയേറ്ററുടമകള്ക്കും നിര്‍മാതാക്കള്‍ക്കും തീയേറ്ററിലെ ആശ്രയിച്ചുപോകുന്ന തൊഴിലാളികള്‍ക്കും ജീവിച്ചു പോകാം. വലിയ നികുതി അടച്ചാണ് ഓരോ തീയേറ്ററുകളും പ്രവര്‍ത്തിക്കുന്നത്. അത് കൂടാതെ മെയിന്റിനെന്സ് ചാര്‍ജും ഭീമമാണ്. തീയേറ്ററുകളെ ചുറ്റിപ്പറ്റി ഒരുപാട് പേര് ജീവിച്ചുപോകുന്നുണ്ട്. അതിനടുത്ത് ചായ വില്‍ക്കുന്ന ഒരാളായാല്‍ പോലും. അതെല്ലാം ഇതിലൂടെ ഇല്ലാതാകുകയാണ്. ഈ അവസ്ഥ പോയാല്‍ പത്ത് കൊല്ലത്തിന് ശേഷം തീയേറ്ററുകള്‍ ഓര്‍മയാകും.
ഇനിയൊരു സിനിമ നിര്‍മിക്കുമോ എന്ന് ചോദിച്ചാല്‍, ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കും. ഈ അവസ്ഥ തുടരുകയാണെങ്കില്‍ എന്തിനാണ് നിര്‍മിക്കുന്നത്. ഷേണായീസ്, ലക്ഷ്മണ തീയേറ്ററുകള്‍ക്ക് സമീപം കപ്പലണ്ടി വിറ്റു ജീവിച്ച ഒരാളാണ് ഞാന്‍. എനിക്ക് വെറും നാലാം ക്ലാസു മാത്രമേ വിദ്യാഭ്യാസമുള്ളൂ. എന്റെ വീട്ടില്‍ ഞാനായിരുന്നു മൂത്ത മകന്. 100 രൂപയ്ക്ക് കപ്പലണ്ടി വിറ്റാല്‍ എട്ട് രൂപയാണ് അന്ന് കമ്മീഷന് ലഭിച്ചിരുന്നത്. അതുകൊണ്ട് കുടുംബം പോറ്റിയ ഒരാളാണ് ഞാന്‍. അന്നത്തെ കാലത്ത് തീയേറ്ററുകളിലെ ആള്‍ക്കൂട്ടവും ആര്‍പ്പുവിളിയും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതാണ് ഒരു സിനിമ നിര്‍മിക്കാന്‍ എനിക്ക് പ്രചോദനമായത്. ഇന്ന് ആക്രിക്കച്ചവടമാണ് തൊഴില്‍. ചെറുതായി തുടങ്ങി, ഇന്ന് പത്ത് പതിനഞ്ച് പേര്‍ക്ക് ജോലി നല്കുന്നു. സിനിമയില്‍ നിന്ന് ലാഭമൊന്നുമില്ലെങ്കിലും സാരമില്ല. പരാജയവും വിജയവും ഒരുപാട് കണ്ടതാണ്. റോഡില്‍ ചവറുള്ളേടത്തോളം കാലം ഞാന്‍ എന്റെ വീട്ടില്‍ അരിവയ്ക്കും. പക്ഷേ തീയേറ്ററുടമകളുടെ അവസ്ഥ അതല്ല. എല്ലാവര്ക്കും ഞാന്‍ ജീവിക്കുന്ന പോലെ ജീവിക്കാനാകില്ല. അത് മാത്രമാണ് എന്റെ ആശങ്ക. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. ഇപ്പോഴും പറയുന്നു, ഒടിടി നല്ലതാണ്. പക്ഷേ സിനിമയ്ക്ക് തീയേറ്ററില്‍ ശ്വസിക്കാന്‍ ഒരു സമയം നല്‍കണമെന്നാണ് അഭിപ്രായം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..