സച്ചി നീ എങ്ങനെ അവിടെ ഒറ്റയ്ക്ക്? ആരുണ്ടാകുമവിടെ നിനക്ക് ചീത്ത വിളിക്കാൻ? കളിയാക്കാൻ?


രാജീവ് ​ഗോവിന്ദൻ

സച്ചി എന്ന പ്രതിഭാശാലിയായ എഴുത്തുകാരനും സംവിധായകനും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ഡിസംബർ 25-ന്‌ 50 വയസ്സ് തികയുമായിരുന്നു. ഞെട്ടിച്ചുകൊണ്ട് അകാലത്തിൽ വിടപറഞ്ഞ ആത്മസുഹൃത്തിനെക്കുറിച്ച് ഉള്ളംകടഞ്ഞ്‌ എഴുതിയ ഒരു ഓർമക്കുറിപ്പാണിത്

സച്ചി | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി

ഴിഞ്ഞുപോയ കൗമാരം തിരികെ എത്തിയിരുന്നെങ്കിൽ എന്നൊക്കെ ഞാനും സ്വപ്നം കണ്ടിട്ടുണ്ട്. ആ രസങ്ങളും അതിനുമേലുള്ള ആരവങ്ങളുമൊക്കെ ജീവിതത്തിന്റെ തന്നെ ലഹരിയാണല്ലോ. ആ മടങ്ങിപ്പോക്കിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയത് സച്ചിയായിരുന്നു. ചേട്ടായീസ് സിനിമയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സച്ചി, ബിജു മേനോൻ, ഷാജൂൺ കാര്യാൽ, പി. സുകുമാർ എന്നിവരടങ്ങുന്ന നാൽവർസംഘം കൊച്ചിയിലെ സ്കൈലൈൻ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളാരംഭിച്ചു. മുംബൈയിൽനിന്ന് കേരളത്തിലേക്കെത്തിയാൽ എന്റെ സങ്കേതവും അതായി. ഗൗരവമേറിയ ചർച്ചകളിൽനിന്ന്‌ ‘എടാ പോടാ’ ബന്ധത്തിലേക്ക് ഞങ്ങൾ വളർന്നത് അവിടെനിന്നാണ്. സച്ചിയുടെ ഉള്ളിലെ കുട്ടിയെ ഞാനടുത്തറിയുന്നത് അന്നായിരുന്നു. അതിങ്ങനെ കുസൃതി കാട്ടിക്കൊണ്ടിരിക്കും. സഹികെട്ട് ശകാരിച്ചാൽ മാറിയിരുന്ന് പിണക്കം നടിക്കും. ചിലപ്പോൾ ഞാനെന്തെങ്കിലുമൊക്കെ എഴുതാം എന്നുവെച്ച് മാറിയിരുന്നാൽ അവിടെയും വരും. എഴുതിയതൊക്കെ വായിച്ച് എന്നെ അതിരൂക്ഷമായി വിമർശിക്കും. ഇങ്ങനെയാണ് കവിത എഴുതേണ്ടതെന്ന് പറഞ്ഞ് അവൻ എഴുതിത്തുടങ്ങും. ഇതാണ് കവിതയെന്ന് പറഞ്ഞ് കടമ്മനിട്ടയുടെയും ചുള്ളിക്കാടിന്റെയും കവിതകൾ ചൊല്ലും. എന്നെ കളിയാക്കിയും ചേർത്തുനിർത്തിയും എത്രയോ വരികൾ എഴുതി. ആ വരികളൊക്കെ ഇന്ന് എന്റെ നൊമ്പരമായി മാറി, സച്ചിയുടെ ചൂടുള്ള ഓർമകളും...

കഥകളും കവിതകളുമൊക്കെയായിരുന്നു ഞങ്ങളുടെ രാത്രികൾ. ഒ. ഹെന്റിയും കടമ്മനിട്ടയുമൊക്കെ ഞങ്ങൾക്കൊപ്പം എത്രയോവട്ടം കൂടിയിരുന്നു. കണ്ട കാഴ്ചകളും അറിഞ്ഞ രുചികളും പിന്നിട്ട വഴികളും പങ്കുവെച്ചു. ജീവിതവും മരണവും ചർച്ചചെയ്തു. കൊഴിഞ്ഞ പൂക്കളും പുതിയ കിനാക്കളും പറയാതെ പറഞ്ഞു. സിനിമാക്കാരനല്ലാത്ത സച്ചിയെയും എനിക്കടുത്തറിയാമായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ അവന്റെ അഭിപ്രായങ്ങൾ ഞാൻ കേട്ടിരുന്നിട്ടുണ്ട്. അവന്റെ അഭിഭാഷകരായ പല സുഹൃത്തുക്കളെയും അങ്ങനെ ഞാനെന്റെയും സുഹൃത്തുക്കളാക്കി മാറ്റി. ഒരുദിവസം സച്ചി എന്നോടുചോദിച്ചു: ‘‘എടാ അടുത്ത പടം നമുക്ക് ഒന്നിച്ചു ചെയ്താലോ?’’ അവനത് ചോദിക്കുംമുമ്പ് ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു. അനാർക്കലി എന്ന സിനിമയുടെ തുടക്കം അവിടെനിന്നായിരുന്നു.

സച്ചിയും ലേഖകനും

പഞ്ചാരമണലിൽ അവന്റെ പേരെഴുതി തിരമാലവന്നു തഴുകുന്നതുകാണാൻ കാത്തിരിക്കുന്ന സച്ചിയെ ഞാനൊരിക്കൽ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. കടൽക്കാറ്റു പൊതിയുമ്പോഴേക്കും അവന്റെ മുഖം തെളിഞ്ഞുവരും. കടൽ കാണുമ്പോഴൊക്കെ അവനു വലിയ കൗതുകമാണ്. ഒരു തിരമാലയെങ്ങാനും കലിപൂണ്ടു കരയ്ക്കടുത്താൽ പിന്നെ കുറെനേരം മാറിയിരിക്കും. ഞങ്ങളുടെ ആദ്യ ലക്ഷദ്വീപ് യാത്രയിലാണവന്റെ കടൽപ്രേമം ഞാൻ അടുത്തറിയുന്നത്. ഞങ്ങളൊന്നിച്ചുള്ള ഒരുപാടൊരുപാട് യാത്രകളിൽ ഒരു നേർത്തചിരിയോടെ ഞാനിന്നും ഓർക്കുന്നത് ലക്ഷദ്വീപിലേക്കുള്ള ആ യാത്രയാണ്.

‘‘നമുക്ക് ലക്ഷദ്വീപിൽ പോകാം’’ എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖംമാറി. തിരക്കഥയാകാതെ, കഥാപാത്രങ്ങളാകാതെ, കഥപോലുമാകാതെ ലക്ഷദ്വീപിലേക്ക് എന്തിന് പോകുന്നുവെന്നതായിരുന്നു അവന്റെ ചോദ്യം. എന്റെ പിണക്കം കാണാതിരിക്കാനാകാം അവൻ സമ്മതം മൂളി. അനാർക്കലി സിനിമ എഴുതിത്തുടങ്ങും മുന്നേ അവിടേക്കുപോകുന്നത് ഗുണമാകുമെന്ന എന്റെ തോന്നലിൽ നിന്നായിരുന്നു ആ യാത്രയുടെ തുടക്കം.

ലക്ഷദ്വീപിലെത്തിക്കഴിഞ്ഞപ്പോൾ മുതൽ സച്ചി ആവേശത്തിലായി. കാണാത്ത കാഴ്ചകൾ, അതുവരെ തഴുകാത്ത കാറ്റും കടലും... കാഴ്ചകൾ ഞങ്ങൾക്കായി വിരുന്നൊരുക്കി. പവിഴദ്വീപും പഞ്ചാരമണലുമൊക്കെ അവനെ ആവേശഭരിതനാക്കി. ദ്വീപുകളിൽനിന്ന് ദ്വീപുകളിലേക്ക് ഞങ്ങൾ സഞ്ചരിച്ചു. ഭാഷയും സംസ്കാരവും രുചിയും മണവുമൊക്കെ അനുഭവിച്ചറിഞ്ഞു. ജസരിയാണ് അവിടത്തെ പ്രാദേശികഭാഷ, അതൊരു വലിയ കൗതുകം തന്നെയായിരുന്നു ഞങ്ങൾക്ക്. പടത്തിൽ ഈ ഭാഷ കൊണ്ടുവരാനുള്ള പഠനങ്ങളിലായി പിന്നെ.

സുഹൈലി ദ്വീപിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഞങ്ങളുടെ യാത്ര അവിടേക്കെത്തുന്നത്. അതുവരെ കണ്ട കാഴ്ചകളൊന്നും കാഴ്ചകളല്ലെന്നു തോന്നിയ നിമിഷം. പ്രകൃതിയോളം വിസ്മയിപ്പിക്കുന്നമറ്റൊന്നില്ലെന്ന് ആദ്യമായി അടുത്തറിഞ്ഞ നിമിഷങ്ങൾ. കഥയും പാട്ടുമൊക്കെയായി ഞങ്ങളവിടെയും കൂടി. സച്ചി തന്റെ കഥാപരിസരങ്ങളെ അടുത്തറിഞ്ഞു. ഈ യാത്ര നന്നായി എന്ന്‌ അവൻതന്നെ പറഞ്ഞു. സൂര്യൻ പടിഞ്ഞാറ് അടുത്തപ്പോഴേക്കും ഞങ്ങൾ ആ ദ്വീപ് വിട്ടിറങ്ങി.

എൻജിൻ ഘടിപ്പിച്ച ചെറിയൊരു തോണിയിലായിരുന്നു ഞങ്ങളുടെ യാത്ര. ദ്വീപ് നിവാസികളായ രണ്ടുപേരാണ് തോണി നിയന്ത്രിക്കുന്നത്. ലൈറ്റ് ഹൗസ് ലക്ഷ്യമാക്കിയാണ് അവർ ദിശ നിശ്ചയിക്കുന്നതുതന്നെ. അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചൊന്നും അവർക്ക് വലിയ അറിവില്ല കവരത്തിയിൽനിന്ന് അറുപതോളം കിലോമീറ്റർ അകലെയാണ് ആ ദ്വീപ്. പല ഭാഗത്തും 700 മീറ്റർ മുതൽ 1200 മീറ്റർ വരെയാണ് ആഴം. വൈകിയിറങ്ങിയതിന്റെ അസ്വസ്ഥതകൾ തോണി നിയന്ത്രിക്കുന്നയാൾ പറഞ്ഞുകൊണ്ടിരുന്നു.

യാത്രയ്ക്കിടയിൽ ശാന്തമായ കടലിന്റെ ഭാവം മാറി. ഏതോ രൗദ്രതാളത്തിന് ചുവടുെവക്കാൻ കടലൊരുങ്ങി. കാറ്റിനുപോലും ഒരു ഭീകരരവം, സച്ചിയുടെ മുഖത്ത് ഭയം നിറഞ്ഞു. ഓരോ ഭാഗത്തെത്തുമ്പോഴും അവൻ കടലിന്റെ ആഴം ചോദിച്ചുകൊണ്ടിരുന്നു. വീണുപോകുമോ എന്ന ഭയമായിരുന്നു ആ മനസ്സുനിറയെ. ഇടയ്ക്കെപ്പോഴോ കാറ്റിനൊത്ത് തോണി താളംപിടിച്ചതോടെ സച്ചിയുടെ ഹൃദയമിടിപ്പ് കൂടുന്നത് ആ മുഖത്ത് പ്രകടമായി. ചുഴലി വന്നപോലെ അവന്റെ ശരീരം വിറച്ചു. അവനോട്‌ കണ്ണടച്ച് തോണിയിൽ കിടക്കാൻ ഞാൻ പറഞ്ഞു. വീണു പോകാതിരിക്കാൻ സച്ചിയെ തോണിയിൽ കെട്ടിയിട്ടു. അവനെന്റെ കൈയിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു അപ്പോഴും എടാ പണി പാളിയോ എന്നവൻ ചോദിച്ചുകൊണ്ടിരുന്നു.

യാത്ര ലക്ഷ്യമില്ലാതെ നീങ്ങുന്നപോലെ തോന്നിപ്പോയി. വിദൂരതയിലൊന്നും ലൈറ്റ്ഹൗസ് കാണാനില്ലെന്നും മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോഴേക്കും തോണിയുടെ ഒരു എൻജിന് അനക്കമില്ല. സച്ചി ഇതറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഇരുട്ടും തണുത്തകാറ്റും കൂട്ടിനു വന്നതോടെ എനിക്കും ഭയം കൂടിവന്നു. ദൂരെ ലൈറ്റ്ഹൗസ്‌കാണുന്നുണ്ടോ എന്ന് കണ്ണുംമിഴിച്ച് ഞങ്ങൾ നോക്കിയിരുന്നു. സച്ചിയും അത് ചോദിച്ചുകൊണ്ടിരുന്നു. അഞ്ചുമണിക്കൂർകൊണ്ട് അവസാനിക്കേണ്ട യാത്ര അവസാനിച്ചത് പത്ത് മണിക്കൂർകൊണ്ട്. കരയിലേക്ക് എത്തിയപ്പോഴും സച്ചിയെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല.

എന്നെ നായകനാക്കി നിങ്ങൾക്ക് നഷ്ടം സംഭവിക്കരുതെന്ന് ബിജു നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീടാണ് ബിജുവിനെ നായകനാക്കി വെള്ളിമൂങ്ങയൊക്കെ റിലീസ് ചെയ്തത്. ബിജുവിനൊപ്പം മറ്റൊരു കഥാപാത്രവുമുണ്ട്. ആ വേഷം അഭിനയിക്കാൻ മലയാളത്തിലെ പല താരങ്ങളെയും ഞങ്ങൾ സമീപിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. സച്ചി അതോടെ ആ ദിനങ്ങളിൽവീണ്ടും നിരാശനായി. കഥയും കഥാപാത്രങ്ങളുമൊന്നും ശരിയാകുന്നില്ലല്ലോ എന്നതായിരുന്നു അവന്റെ ആശങ്ക. എന്നാൽ, നമുക്കൊന്ന് മൂകാംബികവരെ പോകാം എന്ന എന്റെ തീരുമാനത്തിന് സച്ചി സമ്മതംമൂളി. അമ്മയെ കണ്ടൊന്നു തൊഴുന്നൊരു സുഖം തേടിയായിരുന്നു ആ യാത്ര. ആ യാത്രയ്ക്കിടയിലും ഞങ്ങൾ കഥകൾ ചർച്ചചെയ്തു. എനിക്ക് പരിചിതമായ ചില അന്തരീക്ഷവും നേവിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും പങ്കുവെച്ചു. സച്ചി എല്ലാം കേട്ടിരുന്നെങ്കിലും കഥയിലേക്ക് എത്താൻ അവനപ്പോഴും കഴിഞ്ഞില്ല.

മൂകാംബികയിൽനിന്ന് നേരെ ഞങ്ങൾ പോകുന്നത് മുംബൈയിലേക്കാണ്. അവിടെ എന്റെ വീട്ടിലിരുന്നായി പിന്നീടുള്ള ചർച്ചകൾ. കഥ ഞങ്ങളുദ്ദേശിച്ച വഴികളിലേക്ക് എത്താതെ വന്നു. ഇതിനിടയിൽ ചില സിനിമകൾ എന്നെത്തേടി വന്നെങ്കിലും ഞാൻ കാത്തിരുന്നത് സച്ചിക്കുവേണ്ടിയായിരുന്നു.

കഥാചർച്ചകളെക്കാളേറെ യാത്രകളായിരുന്നു. മുംബൈ നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിലേക്കുപോലും ഞങ്ങൾ യാത്രനടത്തി. ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചു, പഠിച്ചു. അവിടത്തെ സംസ്കാരങ്ങളും കലകളും അടുത്തറിഞ്ഞു. സിനിമ എഴുതാനാണ് അവൻ വന്നതെന്ന് ഞങ്ങൾ രണ്ടുപേരും മറന്നു. സച്ചിയുടെ ഉള്ളിലെ സമാന്തര സിനിമകളെ ഞാനടുത്തറിഞ്ഞത് അന്നായിരുന്നു. മലയാളത്തിലെ മികച്ച കച്ചവട സിനിമകളെഴുതിയ അവന്റെയുള്ളിൽ നിറയെ കലാമൂല്യം നിറഞ്ഞ സിനിമകളുണ്ടായിരുന്നു. യാത്രയിൽ ഞങ്ങൾ കണ്ട ബിഹാറിയായ ചിത്രകാരനെ ആധാരമാക്കി ഞാൻ പറഞ്ഞ ‘രാധേശ്യാം’ എന്നൊരു കഥയിലേക്കും സച്ചിയുടെ മനസ്സ് സഞ്ചരിച്ചു. കാലം സച്ചിക്കുമുന്നിൽ ബാക്കിയുണ്ടായിരുന്നെങ്കിൽ അത്തരത്തിൽ ഒരുപാട് നല്ല സിനിമകൾ നമുക്കായി പകർന്നേനെ.

എനിക്കപ്പോഴും എന്റെ ജോലിത്തിരക്കുകൾ ഉണ്ട്. ഒരുദിവസം യാത്രകൾക്കൊക്കെ ഇടവേള നൽകി ഞാൻ ഓഫീസിലേക്കുപോയി. അവിടെ ചെന്നിരിക്കും മുമ്പ് സച്ചിയുടെ വിളിയെത്തി. അത്യാവശ്യമായി കാണണമെന്നവൻ പറഞ്ഞു. ആ വിളിയിൽ എന്തോ കാര്യമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാനവിടേക്ക് പാഞ്ഞെത്തി. അനാർക്കലിയുടെ കഥ അവൻ പറഞ്ഞു തുടങ്ങി. ഇടവേളവരെ കഥ എത്തിനിൽക്കുന്നു. ബാക്കി കഥ കേൾക്കാനായി ഞാൻ കാത്തിരുന്നു. അന്നു രാത്രി ഒൻപതു മണിയായപ്പോഴേക്കും കഥ പൂർത്തിയായിക്കഴിഞ്ഞു. കേൾക്കുമ്പോൾ എല്ലാം വളരെ പെട്ടെന്നാണെന്നു തോന്നിയേക്കാം. മാസങ്ങളുടെ കാത്തിരിപ്പ് ഒരുദിവസംകൊണ്ട് സംഭവിച്ചത് എങ്ങനെ എന്നും ചിന്തിച്ചേക്കാം. അതായിരുന്നു സച്ചി. ഒരു നിമിഷത്തെ ചിന്തകൊണ്ടവൻ ചിലപ്പോഴൊരു ലോകം തന്നെ പടുത്തുയർത്തും.

വിരലിലെണ്ണാവുന്ന വർഷങ്ങൾക്കൊണ്ട് ആയുസ്സിന്റെ അവസാനംവരെ ഓർത്തിരിക്കാനുള്ള അനുഭവങ്ങളുണ്ട് സച്ചിയെക്കുറിച്ചുള്ള ഓർമകളിൽ. സച്ചിക്കും രാജീവിനും എപ്പോഴും ഒരഭിപ്രായമുണ്ടായത് ഒരു മനസ്സുള്ളതുകൊണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ അസൂയയോടെ നോക്കിയിരുന്നവരെ എനിക്കറിയാം. പക്ഷേ, ഒരു വേനൽമഴ കനത്തപോലെ അതും സംഭവിച്ചു. ഒരു ചെറിയ പിണക്കം. ചില ദേഷ്യങ്ങൾ പരത്തിയ തെറ്റിദ്ധാരണകളിൽ ഞങ്ങൾ മാനസികമായി അകലാൻ തുടങ്ങി. സച്ചി അകന്നകലുകയായിരുന്നു. അവന്റെ കൂട്ടില്ലാതെ എന്റെ യാത്രകളും രാത്രികളും ഏകാന്തമായി.

ഒരിക്കൽ ഈ പിണക്കമൊക്കെ ഒഴിഞ്ഞ മദ്യക്കുപ്പിപോലെ ലഹരിയില്ലാത്തതായി വരുമെന്ന് എനിക്കറിയാമായിരുന്നു. അപ്പോഴേക്കും നീ വെള്ളിത്തിരയില്ലാത്ത ലോകത്തേക്ക് യാത്രപോയി. സച്ചി നീ എങ്ങനെ അവിടെ ഒറ്റയ്ക്ക്? ആരുണ്ടാകുമവിടെ നിനക്ക് ചീത്ത വിളിക്കാൻ? ആരുണ്ടാകും നിനക്ക് കളിയാക്കാൻ? ഒരു വേനലിൽ കൊഴിഞ്ഞ ഇലകളൊക്കെ തളിർത്ത് പൂവിടുന്നതുപോലെ നമ്മുടെ സൗഹൃദം മടങ്ങിയെത്തുമായിരുന്നില്ലേ? നീണ്ട പിണക്കങ്ങളുടെ ഒടുവിലെ ഇണക്കത്തിലേക്ക് നമ്മളടുത്തതല്ലേ... കൊയ്ത്തുകഴിഞ്ഞ പാടം കരിച്ച്, ഉഴുതുമറിച്ച് പുതിയ വിളയിറക്കി, സൗഹൃദത്തിന്റെ വേറൊരു കൊയ്ത്തുകാലത്തിലേക്ക് പിന്നെയും മടങ്ങിപ്പോകുമായിരുന്നില്ലേ നമ്മൾ...

Content Highlights: rajeev govindan about late director sachy, sachy movies, sachy interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented