P. Jayachandran: Photo | Ratheesh P.P.
ബിലാസ്ഖാനി തോഡി- അസാവരി, തോഡി രാഗങ്ങളുടെ മിശ്രിതം. അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന സംഗീതവിദ്വാനായ മിയാ താന്‍സന്റെ മകന്‍ ബിലാസ് ഖാനാണ് ഹിന്ദുസ്ഥാനിയിലെ ഈ അപൂര്‍വ്വരാഗത്തിന്റെ സ്രഷ്ടാവ് എന്നാണ് ഐതിഹ്യം.
രസകരമാണ് ആ കഥ. മരണശേഷം താന്‍സന് ശ്രദ്ധാഞ്ജലിയായി പിതാവിന്റെ ഭൗതിക ശരീരത്തിന് തൊട്ടടുത്തിരുന്ന് അദ്ദേഹത്തിന്റെ പ്രിയരാഗമായ തോഡി ആലപിക്കുന്നൂ ബിലാസ് ഖാന്‍. ഹൃദയഭാരത്താല്‍ ഇടക്കുവെച്ച് ആ ആലാപനം മുറിയുന്നു. സ്വരങ്ങള്‍ കൂടിക്കുഴയുന്നു. പുതിയൊരു വിഷാദ രാഗത്തിന്റെ, രാഗഭാവത്തിന്റെ ആവിര്‍ഭാവത്തിന് നിമിത്തമാകുന്നു ആ മനശ്ചാഞ്ചല്യം.
തീര്‍ന്നില്ല, അതിശയോക്തി കലര്‍ന്ന ഒരു പരിണാമഗുപ്തി കൂടിയുണ്ട് കഥക്ക്. നിത്യനിദ്രയിലാണ്ടു കിടക്കവേ തന്നെ ഉള്‍ക്കാതുകളാല്‍ മകന്റെ ആലാപനം 'കേട്ട' താന്‍സന്‍ മരണശയ്യയില്‍ നിന്ന് അപ്രതീക്ഷിതമായി വലം കൈ ഉയര്‍ത്തുന്നു, 'കൊള്ളാം, എനിക്കിഷ്ടമായി' എന്ന് പ്രഖ്യാപിക്കും പോലെ. പരേതന്റെ അപ്രതീക്ഷിതമായ ആ അനുഗ്രഹം ഏറ്റുവാങ്ങി ബിലാസ് ഖാന്‍ ആനന്ദാശ്രു പൊഴിക്കുന്നു.
കഥയിലെ പൊരുളില്ലാ കടംകഥകള്‍ മറക്കുക. ഇന്നും സംഗീതജ്ഞരെ കുഴക്കുന്ന രാഗമാണ് ബിലാസ്ഖാനി തോഡി. സ്വരസ്ഥാനങ്ങള്‍ സൂക്ഷിച്ചു പ്രയോഗിച്ചില്ലെങ്കില്‍ രാഗം തന്നെ മാറിമറിയാം. സാങ്കേതികമായി ഭൈരവി ഥാട്ടിലാണ് ഈ രാഗത്തിന്റെ സ്ഥാനം; കൂടുതല്‍ ചായ്‌വ് തോഡിയോടും. ശ്രദ്ധയൊന്ന് പാളിയാല്‍ രാഗം കുഴഞ്ഞുമറിയും, ഭാവം മാറും.
സ്വാഭാവികമായും ഈ രാഗത്തില്‍ അപൂര്‍വമായേ ചലച്ചിത്ര ഗാനങ്ങള്‍ പിറന്നിട്ടുള്ളൂ. ഉള്ള പാട്ടുകള്‍ തന്നെ പൂര്‍ണ്ണമായി ബിലാസ്ഖാനി തോഡിയുടെ സഞ്ചാരപഥങ്ങള്‍ പിന്തുടരുന്നവയല്ല താനും. എങ്കിലും ഈ രാഗഛായ കലര്‍ന്ന മനോഹരമായ ചില ഗാനങ്ങള്‍ ഓര്‍മ്മയിലുണ്ട്. ദുഃഖഗാനങ്ങളും ദാര്‍ശനിക ഗാനങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍: ആലയമണിയിലെ 'സട്ടി സുട്ടതടാ', വെണ്ണിറ ആടൈയിലെ 'അമ്മമ്മാ കാറ്റ്‌റ് വന്ത്', പണത്തോട്ടത്തിലെ 'പേശുവത് കിളിയേ', കാത്തിരുന്ത കണ്‍കളിലെ 'വളര്‍ന്ത കലൈ മറന്തുവിട്ടാള്‍', പാര്‍ മകളേ പാരിലെ 'അവള്‍ പറന്തു പോനാലേ'(വിശ്വനാഥന്‍ -- രാമമൂര്‍ത്തി), സെല്‍വ മകളിലെ 'കുയിലാക നാന്‍' (എം എസ് വിശ്വനാഥന്‍), അകല്‍വിളക്കിലെ മാലൈനേര കാറ്റേ, കടവുള്‍ അമൈത്ത മേടൈയിലെ തെന്‍ട്രലേ നീ പേശ് (ഇളയരാജ)... ഹിന്ദിയില്‍ എടുത്തു പറയാന്‍ 'ലേക്കിന്‍' എന്ന ചിത്രത്തില്‍ ആശാ ഭോസ്ലെയും സത്യശീല്‍ ദേശ്പാണ്ഡെയും പാടിയ 'ജൂട്ടേ നൈന ബോലേ' എന്ന ഗാനം മാത്രം.
മലയാളത്തില്‍ ബിലാസ്ഖാനി തോഡിയുടെ വിഷാദമാധുര്യം ആദ്യമായി, ഒരു പക്ഷേ അവസാനമായും, പാട്ടില്‍ പരീക്ഷിച്ചത് സംഗീത സംവിധായകന്‍ രഘുകുമാര്‍ ആയിരിക്കും. 'ചിത്രവസന്തം' എന്ന ആല്‍ബത്തിലെ 'പതിരുള്ള നാഴൂരി നെല്ലുമായ് എന്നമ്മ പടികേറിയെത്തുന്ന സായന്തനം, കണ്ണീരു പെയ്യുന്ന കോലായിലെന്നുടെ ശോക രാമായണ പാരായണം' എന്ന ഗാനത്തില്‍. പാട്ടെഴുതിയത് രാജീവ് ആലുങ്കല്‍.

താന്‍ പാടിയ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനങ്ങളില്‍ ഒന്നാണതെന്ന് പറഞ്ഞിട്ടുണ്ട് ഭാവഗായകന്‍ ജയചന്ദ്രന്‍, താന്‍ ചിട്ടപ്പെടുത്തിയ ഏറ്റവും വിഷാദസാന്ദ്രമായ ഗാനമെന്ന് രഘുകുമാറും. 'പാടിക്കഴിഞ്ഞ ശേഷവും മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്ത പാട്ട്.'- ജയചന്ദ്രന്‍ പറയുന്നു. 'അത്രയും വികാര നിര്‍ഭരമായിരുന്നു അതിന്റെ വരികളും ഈണവും. ഓണത്തെ കുറിച്ച് അങ്ങനെയൊരു പാട്ട് അതിനു മുന്‍പോ പിന്നീടോ പാടിയിട്ടില്ല. ഓണം എല്ലാവര്‍ക്കും ആഹ്‌ളാദപ്രദമായ ഓര്‍മ്മയാവണമെന്നില്ല എന്ന സന്ദേശമാണ് ആ പാട്ട് നല്‍കുന്നത്. ഗൃഹാതുരതയുടെ അല്‍പ്പം ഇരുണ്ട, വേദനിപ്പിക്കുന്ന മുഖം. പാടുമ്പോള്‍ ശരിക്കും കണ്ണു നിറഞ്ഞു...'
ഓര്‍മ്മയില്‍ നിന്ന് പാട്ടിന്റെ ചരണം മൂളുന്നൂ ജയചന്ദ്രന്‍: 'ചിതലുകള്‍ ചിത്രം വരയ്ക്കുന്ന ചുമരില്‍ ചിരിതൂകി അച്ഛന്റെ ഛായാചിത്രം, ഇല്ലായ്മ തന്‍ കളിത്തൊട്ടിലില്‍ അനുജന്റെ എല്ലാം മറന്നുള്ള മയക്കം, ചിങ്ങക്കിളി പാടും പാട്ടിലും കദനം, ഓര്‍മ്മകള്‍ക്കിപ്പോഴും ബാല്യം ഓണനിലാവ് പോല്‍ ദീപ്തം..'
ആദ്യമെഴുതി ചിട്ടപ്പെടുത്തിയതാണ് പതിരുള്ള നാഴൂരി നെല്ലുമായ് എന്ന ഗാനമെന്നു പറയുന്നു രാജീവ് ആലുങ്കല്‍. വരികള്‍ വായിച്ചുനോക്കിയ ഉടന്‍ ഹാര്‍മോണിയത്തില്‍ പാട്ട് സ്വരപ്പെടുത്തുകയായിരുന്നു രഘുവേട്ടന്‍. ഓഡിയോ ട്രാക്ക്സ് പുറത്തിറക്കിയ ആല്‍ബത്തില്‍ ചിത്രയാണ് മുഖ്യഗായിക. 'പാട്ട് ആദ്യം റെക്കോര്‍ഡ് ചെയ്തത് ചിത്രച്ചേച്ചിയുടെ സ്വരത്തിലാണ്. വരികളുടെയും ഈണത്തിന്റെയും ആത്മാവ് ഉള്‍ക്കൊണ്ടു തന്നെ പാടി ചേച്ചി. പിന്നീടാണ് ജയേട്ടന്റെ ശബ്ദത്തില്‍ രണ്ടാമതൊരു വെര്‍ഷന്‍ കൂടി കാസറ്റില്‍ ഉള്‍പ്പെടുത്താം എന്ന നിര്‍ദേശം ഉണ്ടാകുന്നത്.''

പാടിപ്പാടി ആത്മവിസ്മൃതിയുടെ ആകാശങ്ങളിലൂടെ സഞ്ചരിക്കുന്ന ജയേട്ടനെയാണ് മൈക്കിന് മുന്നില്‍ കണ്ടതെന്ന് രാജീവ്. അത്രയും ഹൃദയസ്പര്‍ശിയായിരുന്നു ആലാപനം. 'ജയേട്ടന്റെ പാട്ട് കേട്ട ശേഷം ചിത്രച്ചേച്ചി തന്നെയാണ് നിര്‍ദേശിച്ചത് കാസറ്റില്‍ ആ വെര്‍ഷന്‍ മതിയെന്ന്. അതോടെ ചേച്ചി പാടിയ പാട്ട് കേള്‍ക്കാന്‍ ശ്രോതാക്കള്‍ക്ക് ഭാഗ്യമില്ലാതെ പോകുകയും ചെയ്തു. എന്റെ കാതില്‍ രണ്ടു പേരുടെയും ആലാപനമുണ്ട്. രണ്ടും താരതമ്യങ്ങള്‍ ഇല്ലാത്തത്...'
അകാലത്തില്‍ വേര്‍പിരിഞ്ഞ രഘുകുമാര്‍ എന്ന സുഹൃത്തിന്റെ ദീപ്തമായ ഓര്‍മ്മ കൂടിയാണ് ജയചന്ദ്രന് 'പതിരുള്ള നാഴൂരി നെല്ലുമായ്.' വര്‍ഷങ്ങളുടെ അടുപ്പമാണ് രഘുവുമായി. ഫറോക്കിലെ കൊട്ടാര സദൃശമായ വീട്ടില്‍ എത്രയോ നാള്‍ അദ്ദേഹത്തിന്റെ അതിഥിയായി കഴിഞ്ഞിട്ടുണ്ട്. സംഗീതസാന്ദ്രമായ ആ ദിനങ്ങളുടെ മരിക്കാത്ത ഓര്‍മ്മ കൂടിയാണ് എനിക്ക് ഈ പാട്ട്- ജയചന്ദ്രന്‍ പറയും.
Content Highlights: Rajeev Alunkal Reghu Kumar Jayachandran song Pathirulla Nazhuri Nellumayi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..