വീണ്ടും ചില വീട്ടകാര്യങ്ങളില്‍ ജയറാം തിലകനോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'ഇപ്പോഴും അപ്പന്‍ തന്നെയാണ് അപ്പാ മികച്ച നടന്‍'. ഒരേസമയം നടനും രാഷ്ട്രീയക്കാരനുമായ കെ.ബി.ഗണേഷ്‌കുമാര്‍ കര്‍ക്കശക്കാരനായ അച്ഛന്‍ ബാലകൃഷ്ണ പിള്ളയോട് ജീവിതത്തില്‍ ഈ ഡയലോഗ് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. വൈകിയ കാലത്ത് അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നു ഗണേഷിന്. പക്ഷേ, ഈ കോവിഡ്കാലം അത് അനുവദിച്ചില്ല. എങ്കിലും മകനേക്കാള്‍ മുന്‍പ് സിനിമയില്‍ അരക്കൈ നോക്കിയ ആളു തന്നെയാണ് പലവട്ടം മന്ത്രിയും എം.എല്‍.എയും എം.പിയുമൊക്കെയായ ആര്‍.ബാലകൃഷ്ണപിള്ള.

നടനായ ഈ അച്ഛന്റെ മുഖത്ത് ക്യാമറ വച്ച് സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാനുള്ള ഒരുക്കത്തിലായിരുന്നു ഗണേഷ്. എന്നാല്‍, മകന്റെ ഒരു മോഹം തീരാതെ ബാക്കിവെച്ചാണ് ഇപ്പോള്‍ അച്ഛന്‍ വിടപറയുന്നത്. അച്ഛന്റെ സംഭവബഹുലമായ ജീവിതം പകര്‍ത്തുന്ന ഒരു ഡോക്യുമെന്ററി. വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള തന്റെ ആദ്യ സംവിധാനസംരംഭം ഇതായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഗണേഷ് പ്രഖ്യാപിച്ചത്.

ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നുപോയ അച്ഛന്റെ രാഷ്ട്രീയ ജീവിതവും മന്നത്ത് പത്മനാഭന്റ ശിഷ്യനായി തുടങ്ങിയ ആറര പതിറ്റാണ്ട് കാലത്തെ എന്‍.എസ്.എസ് പ്രവര്‍ത്തനവും അടങ്ങുന്ന രണ്ട് ഡോക്യുമെന്ററികളായിരുന്നു ഗണേഷിന്റെ മനസ്സില്‍. എന്നാല്‍, കോവിഡും ലോക്ഡൗണും കാരണം ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മകന്റെ സ്വപ്നം പൂവണിയുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പിള്ള യാത്രയാവുകയും ചെയ്തു.

മകന്‍ നടനാവുന്നതിന് മുന്‍പ് തന്നെ ഇങ്ങനെ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ടിന് കുറേ നിന്നുകൊടുത്തിട്ടുള്ള ആളാണ് പിള്ള. പഠിക്കുന്ന കാലത്ത് തന്നെ നാടകങ്ങളോട് ഭ്രമമുണ്ടായിരുന്നു. ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. കൊട്ടാരക്കരയിലെ ചോദ്യംചെയ്യപ്പെടാത്ത തലയെടുപ്പുള്ള കൊമ്പന്‍ എന്ന നിലയില്‍ നാടകസിനിമാരംഗങ്ങളില്‍ വിപുലമായ സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് അടുത്ത സുഹൃത്തായ കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച് എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത നീലസാരിയില്‍ ഒരു വേഷം ചെയ്യുന്നത്.

പിന്നീട് പി.ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചു. 1979ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുകുമാരന്‍, വിന്‍സന്റ്, ജയഭാരതി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. അന്ന് കൊട്ടാരക്കര എം.എല്‍.എയായിരുന്നു അദ്ദേഹം. കെ.പി. ഉമ്മറിനൊപ്പമുള്ള ഏതാനും രംഗങ്ങള്‍ കൊട്ടരക്കരയിലെ ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ വച്ചായിരുന്നു ചിത്രീകരിച്ചിരുന്നത്.

രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും സജീവമായ അദ്ദേഹം പിന്നീട് 1980ലാണ് സിനിമാക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കെ. എ.ശിവദാസ് സംവിധാനം ചെയ്ത വെടിക്കെട്ടായിരുന്നു ചിത്രം. സുകുമാരനും കൊട്ടാരക്കര ശ്രീധരന്‍നായരും ജലജയും പ്രമീളയുമൊക്കെയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. പാലരുവിക്കരയിലെ എന്ന വാണിജയറാമിന്റെ ഹിറ്റ് ഗാനം ഈ ചിത്രത്തിലേതാണ്.

ഒരു ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് രണ്ട് കരക്കാര്‍ തമ്മിലുടലെടുക്കുന്ന പ്രശ്നമായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇതില്‍ തനിക്ക് നന്നായി യോജിക്കുന്ന ഒരു കരപ്രമാണിയുടെ വേഷത്തിലായിരുന്നു പിള്ള. കൊട്ടാരക്കരയ്ക്കും സുകുമാരനും ഒപ്പമുളള ഒരു മുഴുനീള കഥാപാത്രമായിരുന്നു ഇത്. കഥാപാത്രത്തിന് ശബ്ദം കൊടുത്തതുമെല്ലാം പിള്ള തന്നെ. സിനിമാഭ്രമം കൊണ്ടുതന്നെ ഈ വേഷത്തിനും അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല.

ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം സംസ്ഥാനമന്ത്രിയാണ്. രണ്ട് വര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വന്ന കെ.കരുണാകരന്‍ മന്ത്രിസഭയിലും അദ്ദേഹം ഇതേ വകുപ്പില്‍ തുടര്‍ന്നു. ഈ കാലയളവില്‍ നിര്‍മിച്ച ഇടമലയാര്‍ അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതിക്കേസിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഷ്ഠിച്ചത്.

എന്നാല്‍, പിന്നീട് പൂര്‍ണമായും രാഷ്ട്രീയതിരക്കുളില്‍ സജീവമാതോടെ അദ്ദേഹം പൂര്‍ണമായും സിനിമാരംഗം വിട്ടു. എന്നാല്‍, സിനിമാഭ്രമം കൊണ്ട് തന്നെയാണ് പരമ്പരാഗത സ്വത്തായി ലഭിച്ച അശോക തീയേറ്റര്‍ അദ്ദേഹം ഏറെക്കാലം നടത്തിക്കൊണ്ടുപോയി. ഒരുപാട് നഷ്ടം വന്നപ്പോഴാണ് താന്‍ അത് വില്‍ക്കാന്‍ തയ്യാറായതെന്ന് പിള്ള പിന്നീട് പറഞ്ഞിട്ടുണ്ട്.

പിള്ള വെള്ളിത്തിരയിലെ അഭിനയം നിര്‍ത്തി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായശേഷമായിരുന്നു മകന്‍ ഗണേഷിന്റെ വരവ്. കെ.ജി. ജോര്‍ജിന്റെ ഇരകളില്‍ അരങ്ങേറ്റം കുറിച്ച ഗണേഷ് പക്ഷേ, അച്ഛനെ പോലെ എം.എല്‍.എ.യും മന്ത്രിയുമായപ്പോള്‍ സിനിമയെ ഉപേക്ഷിച്ചില്ല. രണ്ടും ഒരുപോലെ തന്നെ കൊണ്ടുപോയി. ഒരേ സമയം നടനും സിനിമാമന്ത്രിയുമായി. പഴയ പാരമ്പര്യത്തെ ഒന്നുകൂടി വിളക്കിച്ചേര്‍ത്തു. അതിലിനി വിളക്കിച്ചേര്‍ക്കാന്‍ ഒന്നുകൂടി ബാക്കിയുണ്ടായിരുന്നു, നടക്കാതെ പോയ ആ രണ്ട് ഡോക്യുമെന്ററികള്‍.

Content Highlights: R. Balakrishna Pillai Cinema Career Kerala Politics Election K. B. Ganesh Kumar Sukumaran