ലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും ചെറുകഥകളുമായി ബന്ധപ്പെട്ട് സുപരിചിതമായ പേരാണ് പി.വി. ഷാജികുമാറിന്റേത്. മലയാള സിനിമാ ലോകത്തില്‍ ഈ പേര് കേട്ടു തുടങ്ങിയത് കന്യകാ ടാക്കീസിലൂടെയാണ്. ഇപ്പോള്‍ ടേക്ക് ഓഫ് നിരൂപക പ്രശംസയും പ്രേക്ഷക അംഗീകാരവും നേടി കുതിക്കുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് പി.വി. ഷാജികുമാര്‍. 

കന്യകാ ടാക്കീസില്‍ എഡിറ്ററായിരുന്നു ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. അന്നത്തെ സൗഹൃദമാണ് ഷാജികുമാറിനെ ടേക്ക്ഓഫില്‍ എത്തിച്ചത്. രാജേഷ്പിള്ളയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ടേക്ക്ഓഫ് എന്നൊരു പ്രോജക്ട് ആരംഭിക്കുന്നതും അതിലേക്ക് മഹേഷ് നാരായണന്‍ ഷാജിയെ ക്ഷണിക്കുന്നതും. കൊമേഴ്‌സ്യല്‍ സിനിമകളുടെ ചേരുവകളെക്കുറിച്ച് സിനിമ കണ്ടുള്ള അറിവ് മാത്രമെയുണ്ടായിരുന്നുവെങ്കിലും ഓരോ സീന്‍ എഴുതുമ്പോഴും ഇതിനോട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനകണക്ക് കൂട്ടുമായിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

നടന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്, അതുകൊണ്ട് തന്നെ അതിനെ വിശ്വാസയോഗ്യമായി അവതരിപ്പിക്കണമെന്ന ബോധ്യം ഉണ്ടായിരുന്നു. കൊമേഴ്‌സ്യല്‍ മൂല്യങ്ങള്‍ക്കൊപ്പം ഇത് ഞങ്ങളുടെ സിനിമയാണെന്ന് നേഴ്‌സുമാര്‍ക്കും ഇതാണ് നേഴ്‌സുമാരുടെ ജീവിതമെന്ന് മറ്റുള്ളവര്‍ക്കും തോന്നണം. അതിനായി എഴുത്തിന്റെ ഓരോഘട്ടത്തിലും മഹേഷുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ, ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക് കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടില്ല. സിനിമ പുറത്തിറങ്ങി ഒരാഴ്ച്ച പിന്നിടുമ്പോഴും ഞങ്ങള്‍ നഴ്‌സുമാരെ മോശക്കാരാക്കി എന്നാരും അഭിപ്രായപ്പെട്ടില്ല. മറിച്ച് ഇതാണ് ഞങ്ങളുടെ ജീവിതം എന്നാണ് നഴ്‌സുമാര്‍ പോലും പറഞ്ഞത്'- ഷാജികുമാര്‍ പറഞ്ഞു. 

ഇറാഖില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഷാജിയ്ക്കും മഹേഷിനും നല്‍കിയത് ഇറാഖില്‍നിന്ന് രക്ഷപ്പെട്ടുവന്ന നഴ്‌സുമാരില്‍ ഒരാളായ മെറിനായിരുന്നു. മെറിനും സഹനഴ്സുമാരും ഇറാഖില്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ട്.  പക്ഷേ, മെറിന്‍ അല്ല സമീറ. സമീറ പൂര്‍ണ്ണമായും ഫിക്ഷണല്‍ കഥാപാത്രമാണെന്നും ഷാജി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി മെറിന്റെ പിതാവിനുണ്ടായിരുന്ന ബന്ധമാണ് നഴ്‌സുമാരുടെ ജീവിതം രക്ഷിച്ചത്. 

ടേക്ക്ഓഫില്‍ കയറിയ ഷാജികുമാര്‍ ലാന്‍ഡ് ചെയ്തത് മമ്മൂട്ടിയ്‌ക്കൊപ്പം പുത്തന്‍പണത്തിലാണ്. രഞ്ജിത്തിന്റെ കൂടെ സംഭാഷണം എഴുതുന്നൂ ഷാജി. മമ്മൂട്ടിയുടെ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ കാസര്‍ഗോഡ് ഭാഷയില്‍ പരിശീലനം നല്‍കിയതും ലാംഗ്വേജ് കറക്ഷന്‍ നടത്തിയതും ഷാജികുമാറായിരുന്നു.  മമ്മൂട്ടിയുമായി നേരിട്ട് പരിചയമില്ലെങ്കിലും ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണ് ഇരുവരെയും ഒരുമിപ്പിച്ചത്. ആ കഥ ഷാജികുമാര്‍ പറയുന്നത് ഇങ്ങനെ. 

'രഞ്ജിയേട്ടനാണ് പുത്തന്‍പണത്തിലേക്ക് വിളിക്കുന്നത്. മമ്മൂക്കയെ അതിനുമുമ്പ് ചെറിയൊരു പരിചയമുണ്ട്. ശ്രീരാമേട്ടന്‍ (വി.കെ. ശ്രീരാമന്‍) അഡ്മിനായ ഞാറ്റുവേല വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് മമ്മൂട്ടി. ഞാനും ആ ഗ്രൂപ്പിലുണ്ട്. ഓട്ടോ റെനെ കാസ്റ്റിലോയുടെ അപ്പൊളിറ്റിക്കല്‍ ഇന്റലക്ച്ച്വല്‍ എന്ന കവിതയയ്ക്ക് കാസര്‍ഗോഡ് ശൈലിയില്‍ പരിഭാഷപ്പെടുത്തി, ഞാന്‍ ഞാറ്റുവേലയില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ഇത് ഞാനൊന്ന് പാടാമെന്ന് പറഞ്ഞ് മമ്മൂക്ക രണ്ടു വരി പാടി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഞാറ്റുവേലയുടെ വാര്‍ഷികത്തിന് എത്തിയപ്പോള്‍ അദ്ദേഹം ആ കവിതയുടെ കാസര്‍ഗോഡ് പതിപ്പ് പാടി. പിന്നീട് കാസര്‍ഗോഡ് പശ്ചാത്തലമാക്കി പുത്തന്‍പണം വരുമ്പോള്‍ അദ്ദേഹം തന്നെ എന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു' 

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ ഷാജികുമാര്‍ എടുത്തുപറഞ്ഞൊരു കാര്യമുണ്ട്. 

'കാസര്‍ഗോഡ് ഭാഷയെ പലരും പരിഹസിക്കുക പതിവുണ്ട്. നിങ്ങള്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ലെന്ന് പറഞ്ഞാണ് പലരും കളിയാക്കാറ്. എന്നാല്‍, മൂന്നു മാസത്തോളമുണ്ടായിരുന്ന ഷൂട്ടിംഗിനും ഡബ്ബിംഗിനുമിടയില്‍ ഒരിക്കല്‍ പോലും മമ്മൂട്ടി കാസര്‍ഗോഡ് ഭാഷയെ, കളിയാക്കിയിട്ടില്ല. പറയാന്‍ ബുദ്ധിമുട്ടുള്ള വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിച്ച് കേള്‍ക്കുകയും അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യും. കളിയാക്കുന്നവര്‍ അദ്ദേഹത്തെ കണ്ടു പഠിക്കട്ടെ. '' 

സിനിമാ തിരക്കഥയില്‍ സജീവമാകുമ്പോഴും തന്റെ പ്രാണവായുവെന്ന് ഷാജികുമാര്‍ വിശ്വസിക്കുന്ന ചെറുകഥയെ മറക്കുന്നില്ല. കഥകള്‍ എഴുതുന്നുണ്ട്. കാസര്‍ഗോഡ് പശ്ചാത്തലമായി പറയുന്ന ഒരു വലിയ നോവലിന്റെ അണിയറയിലാണ്. ഈ വര്‍ഷം അവസാനത്തോടെ അത് എഴുതിത്തീര്‍ക്കാനാവുമെന്നാണ് വിശ്വാസമെന്ന് ഷാജി പറയുന്നു. 

'മനസ്സില്‍ ഒരുപാട് കഥകളുണ്ട്, കഥ എഴുതാതെയുള്ളൊരു ജീവിതം സങ്കല്‍പ്പിക്കാനാവാത്തത്. കഥകളാണ് മുന്നോട്ടു നയിക്കുന്നതും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും'- ഷാജികുമാര്‍ പറഞ്ഞു.