അപ്പുണ്ണി ശശി 'പുഴു'വിൽ
''മനുഷ്യന് പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനൊന്നും മാറൂല്ലടോ.'' രത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ പുഴുവില്‍ കെ.പിയെന്ന കുട്ടപ്പന് പറയുന്ന സംഭാഷണമാണ്. ജാതിയെക്കുറിച്ചാണ് കുട്ടപ്പന്റെ ഈ പരാമര്‍ശം. ജീവിതത്തിലുടനീളം ജാതിവ്യവസ്ഥയാല്‍ വേട്ടയാടപ്പെടുന്ന കുട്ടപ്പന് ഒരു ചെറിയ പുഞ്ചിരിയിലൂടെയാണ് തനിക്കെതിരേ നില്‍ക്കുന്നവരെ നേരിടുന്നത്. നാടകവേദിയില്‍ നിറഞ്ഞാടിയ അപ്പുണ്ണി ശശി എന്ന നടന് അതിഗംഭീരമായാണ് കുട്ടപ്പനിലേക്ക് പരകായ പ്രവേശം നടത്തിയത്. പുഴു ഒടിടി റിലീസിനെത്തിയപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് അപ്പുണ്ണി ശശിയുടെ പ്രകടനത്തെക്കുറിച്ചാണ്. പുഴു മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും കുട്ടപ്പനും ചര്‍ച്ചയാകുമ്പോള്‍ അപ്പുണ്ണി ശശി മാതൃഭൂമി ഡോട്ട്കോമുമായി നടത്തിയ സംഭാഷണം
നാടകവേദികളിലൂടെയാണല്ലോ അഭിനയരംഗത്ത് തുടക്കം കുറിച്ചത്? എങ്ങിനെയായിരുന്നു ആ യാത്ര?
കുട്ടിക്കാലം മുതല്‍ തന്നെ നാടകമാണ് എന്റെ ജീവിതം. കേരളത്തിലും പുറത്തും പതിനായിരത്തിലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാടകമാണ് എന്നിലെ നടനെ രാകി മിനുക്കിയെടുത്തത്. ജയപ്രകാശ് കുളൂരിന്റെ അപ്പുണ്ണികളുടെ നാടകങ്ങളിലൂടെയാണ് ഞാന്‍ അപ്പുണ്ണി ശശിയായത്. പശ്ചാത്തലസംഗീതമോ ഗംഭീരമായ സെറ്റോ ഒന്നും ഇല്ലാതെയാണ് അപ്പുണ്ണി നാടകങ്ങള്‍ അവതരിപ്പിച്ചത്. സംഗീത നാടക അക്കാദമി അതേറ്റെടുക്കുകയും ചെയ്തു. കേരളത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര വേദികളില്‍ എനിക്കത് അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. സിനിമയില്ലെങ്കിലും നാടകം എനിക്കൊപ്പമുണ്ട്. തട്ടില്‍ കയറി നില്‍ക്കുമ്പോഴാണ് എനിക്ക് ഏറ്റവും ആത്മവിശ്വാസം ലഭിക്കുന്നത്.
ആദ്യ സിനിമ മുതല്‍ പുഴുവരെ, സിനിമാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?
വളരെയേറെ സന്തോഷം തോന്നുന്നു. കലാഭവന്‍ മണിയെ നായകനാക്കി സിബി മലയില്‍ സര് സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് രഞ്ജിത്ത് സാറിന്റെ പാലേരി മാണിക്യത്തില്‍ മാണിക്യത്തിന്റെ സഹോദരന്റെ വേഷമാണ് ചെയ്തത്. ആ വേഷം ശ്രദ്ധേയമായി. അതിന് ശേഷം ഇന്ത്യന്‍ റുപ്പിയില്‍ നല്ല ഒരു വേഷം ചെയ്തു. എന്നാല്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായത് പുഴുവിലൂടെയാണ്.
'പുഴു'വില്‍ എത്തിയത് എങ്ങിനെയായിരുന്നു?
ജയപ്രകാശ് കുളൂരിന്റെ തിരഞ്ഞെടുപ്പ് എന്ന നാടകം ഞാന്‍ ടൗണ്‍ ഹാളിലെ ഒരു വേദിയില്‍ കളിക്കുമ്പോള്‍ തിരക്കഥാകൃത്ത് ഹര്‍ഷാദിക്ക (ഹര്‍ഷാദ്) അത് കാണാന്‍ ഇടയായി. അദ്ദേഹവുമായി എനിക്ക് നേരത്തേ തന്നെ പരിചയമുണ്ട്. നാടകം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അഭിനന്ദിച്ചു, അതിന് ശേഷം പറഞ്ഞു. ഒരു നാടകനടന്റെ വേഷത്തില്‍ ഒരിക്കല്‍ ശശി സിനിമയില്‍ അഭിനയിക്കുമെന്ന്. എന്നാല്‍ അത് സംഭവിക്കുമെന്ന് ഞാന്‍ അപ്പോഴൊന്നും കരുതിയില്ല. എന്നെ പുഴുവിലേക്ക് വിളിച്ചപ്പോള്‍ ആദ്യം കഥാപാത്രത്തെക്കുറിച്ചൊന്നും പറഞ്ഞില്ല. മമ്മൂക്കയും പാര്‍വതിയും അഭിനയിക്കുന്ന സിനിമ. അത്രമാത്രമേ ആദ്യം എനിക്കറിയാമായിരുന്നുള്ളൂ. സംവിധായികയെ നേരില്‍ കാണാന്‍ ആവശ്യപ്പെട്ടു. നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷം എന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു. ഒരു മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രത്തീന മാഡം ഫോണ്‍ ചെയ്ത് ഞാന്‍ മതി എന്ന് പറയുന്നത്.
കുട്ടപ്പന് വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?
അടിസ്ഥാനപരമായി ഒരു നാടക നടനായതിനാല്‍ അഭിനയത്തില്‍ എനിക്കത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ശിവദാസ് പൊയില്ക്കാവിനൊപ്പം ഞാന്‍ ചെയ്ത ഒരു നാടകമുണ്ട് 'ചക്കരപ്പന്തല്‍'. അതില്‍ നാല് കഥാപാത്രങ്ങളുണ്ട്. അത് റിയലിസ്റ്റിക് നാടകമാണ്. ഞാന്‍ ചെയ്ത് ശീലിച്ചതും റിയലിസ്റ്റിക് നാടകങ്ങളാണ്. എന്നാല്‍ സിനിമയിലെ നാടകരംഗങ്ങളില്‍ വേണ്ടത് സ്റ്റൈലൈസ്ഡ് ആക്ടിങ് ആണെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ ചെയ്ത് ശീലിച്ചതില്‍ ഏറെ വ്യത്യസ്തമായിരുന്നു അത്. അത് പഠിച്ചെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് രംഗങ്ങള്‍ ചിത്രീകരിച്ചുവെങ്കിലും അതെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ല. കാരണം അത് സിനിമയില്‍ കല്ലുകടിയായി മാറും. എന്നാല്‍ നാടകത്തിന്റെ അന്ത:സത്ത ചോര്‍ന്ന് പോകാതെ കൃത്യമായി അളന്ന് മുറിച്ച് അവര്‍ സിനിമയില്‍ ഉപയോഗിച്ചു. അതിന് സംവിധായികയും എഡിറ്ററുമെല്ലാം വലിയ കയ്യടി അര്‍ഹിക്കുന്നു.
കുട്ടപ്പന് ശക്തമായ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന കഥാപാത്രമാണ്? കുട്ടപ്പനെ താങ്കള്‍ വിലയിരുത്തുന്നത് എങ്ങിനെയാണ്?
കുട്ടപ്പന്, എന്ന കഥാപാത്രം സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ തിക്തഫലങ്ങള്‍ ജീവിതത്തിലുടനീളം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ നാടകരംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടും പലര്‍ക്കും അയാളെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. കുട്ടപ്പന് ആരോടും പരാതിയോ പരിഭവമോ ഇല്ല. അയാള്‍ എല്ലായ്പ്പോഴും സന്തോഷവാനാണ്. മറ്റുള്ളവര്‍ അയാളെക്കുറിച്ച് എന്ത് കരുതിയാലും ശരിയില്‍ ഉറച്ചുനില്ക്കാന് കുട്ടപ്പന് സാധിക്കുന്നുണ്ട്. അയാളുടെ വ്യക്തിത്വവും ആദര്‍ശങ്ങളും അയാള്‍ എവിടെയും പണയം വയ്ക്കാന്‍ തയ്യാറല്ല. ഭാര്യയുടെ വീട്ടില്‍ അയാളെ എല്ലാവരും അവഗണനയോടെ നോക്കിയിട്ടും ഭാര്യയുടെ കൈപിടിച്ച് അയാള്‍ ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തി നടന്നുവരുന്ന രംഗമുണ്ടല്ലോ. അതില്‍ നിന്ന് തന്നെ കുട്ടപ്പനെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാം. കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന കഥാപാത്രമാണ് കുട്ടപ്പന്റേത്. കുട്ടപ്പന് മാത്രമല്ല 'പുഴു'വിലെ ഓരോ കഥാപാത്രത്തിനും വ്യക്തമായ രാഷ്ട്രീയമുണ്ട്.
പുഴുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നോ?
പുഴുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഞാനും ശ്രദ്ധിക്കുന്നുണ്ട്. ഒരു സിനിമയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയും നാം മാനിക്കണം. എല്ലാവര്ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ടല്ലോ. എന്ത് തന്നെയായാലും ജാതിവാദികൾക്ക് 'പുഴു'വിനെ സഹിക്കാനാകില്ല. അങ്ങനെയുള്ളവര്‍ക്ക് സ്വയം വിശകലനം നടത്താനും തിരുത്താനും സാധിക്കുമെങ്കില്‍ അത് ഈ സിനിമയുടെ വലിയ വിജയമായിരിക്കും.
പുഴുവില്‍ മമ്മൂട്ടിയും പാര്‍വതിയുമടക്കം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമുണ്ട്? അവര്‍ക്കൊപ്പമുള്ള അനുഭവം എങ്ങിനെയുണ്ടായിരുന്നു?
മമ്മൂക്കയുടെ കൂടെ നേരത്തേ ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്തത് ആദ്യമായാണ്. അദ്ദേഹത്തിന്റെ സഹകരണമനോഭാവവും സ്നേഹവും എത്ര പറഞ്ഞാലും മതിയാകില്ല. അത്രയും പിന്തുണയാണ് അദ്ദേഹം എനിക്ക് നല്‍കിയത്. അതുപോലെ തന്നെ പാര്‍വതിയും. മികച്ച നടിയെന്നത് പോലെ തന്നെ ഒരു നല്ല വ്യക്തികൂടിയാണ് പാര്‍വതി. ഞങ്ങള്‍ ഒരുമിച്ചുള്ള രംഗങ്ങളില്‍ എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പാര്‍വതി നല്കിയ നിര്‍ദ്ദേശങ്ങള്‍ ഒരുപാട് ഗുണം ചെയ്തു. അതുപോലെ കോമ്പിനേഷന്‍ രംഗങ്ങള്‍ ഇല്ലെങ്കിലും നെടുമുടി വേണു സാര്‍. അദ്ദേഹം ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ നമ്മളെ വിട്ടുപോയി. സംവിധായിക രത്തീന, തിരക്കഥാകൃത്തുക്കളായ ഹര്‍ഷാദ്, ഷര്‍ഫു, സുഹാസ്, നിര്‍മാതാവ് ജോര്ജ്ജേട്ടന് (എസ്. ജോര്‍ജ്ജ്), ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍, എഡിറ്റര്‍ ദീപു ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇത്രയും നല്ലൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
Content Highlights: Puzhu Film, Appunni Sasi actor interview, Mammootty, Ratheena, Parvathy, SonyLiv, OTT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..