അപ്പുണ്ണി ശശി | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
നാടകങ്ങളാണ് എരഞ്ഞിക്കൽ ശശിയെന്ന അപ്പുണ്ണി ശശിയെ സിനിമാ നടനാക്കിയത്. കോഴിക്കോടിന്റെ നാടകലോകത്തുനിന്ന് സംവിധായകൻ രഞ്ജിത്ത് കണ്ടെടുത്ത അഭിനയപ്രതിഭ. അപ്പുണ്ണി ശശിയുടെ പകർന്നാട്ടം മലയാളി കണ്ടത് അടുത്തിടെ റിലീസ് ചെയ്ത പുഴു എന്ന സിനിമയിലാണ്. മമ്മൂട്ടിയുടെ കുട്ടനും അപ്പുണ്ണി ശശിയുടെ കുട്ടപ്പനും എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ മലയാളിമനസ്സിലെ ജാതി, വർണവിവേചനത്തിന്റെ മുൾവേലിക്കെട്ടുകളെ സംവിധായിക റത്തീന ഒരിക്കൽക്കൂടി തുറന്നുകാട്ടി. കുട്ടപ്പന് ലഭിക്കുന്ന അഭിന്ദനങ്ങളുടെ നടുവിലിരുന്ന് തന്റെ അഭിനയയാത്രയെക്കുറിച്ച് അപ്പുണ്ണി ശശി സംസാരിക്കുന്നു
പുഴുവിനുമുമ്പ്, ശേഷം എന്ന് താങ്കളുടെ ജീവിതത്തെ വിലയിരുത്താമോ...
അധ്യാപികമാരുടെ പടം വരച്ചു വരച്ച് പത്താം ക്ലാസ് തോറ്റ വിദ്യാർഥിയെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഞാൻ തോറ്റത് അങ്ങനെയാണ്. അധ്യാപികമാർ പാഠഭാഗങ്ങൾ എടുക്കുന്ന സമയംമുഴുവൻ അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് ഞാൻ നോട്ട്ബുക്കിൽ ചിത്രങ്ങൾ വരയ്ക്കും. അവ കണ്ട് അവരെന്നെ ശകാരിച്ചില്ല പകരം, അഭിനന്ദിച്ചു. നാളെ നല്ലൊരു കലാകാരനാകുമെന്ന് പറഞ്ഞു. പത്താം ക്ലാസ് അസലായി തോറ്റെങ്കിലും അന്ന് സ്കൂളിൽനിന്ന് കിട്ടിയ പ്രോത്സാഹനമാണ് കലാരംഗത്തുതന്നെ തുടരാൻ പ്രേരിപ്പിച്ചത്. യെബക്സ് എരഞ്ഞിക്കൽ എന്ന കൂട്ടായ്മയാണ് എന്നെ നാടകനടനാക്കി മാറ്റിയത്. പിന്നീട് ജയപ്രകാശ് കുളൂരിനൊപ്പം ചേർന്നതോടെ നാടകം എന്റെ ജീവിതമായി മാറി. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ, തിരഞ്ഞെടുപ്പ് തുടങ്ങി പരീക്ഷണനാടകങ്ങളുടെ വലിയൊരു തിരമാലതന്നെ വേദികളിൽ അലയടിച്ചു. അവയ്ക്കെല്ലാം കിട്ടിയ നല്ല അഭിപ്രായങ്ങളും അംഗീകാരങ്ങളുമാണ് നാടകത്തട്ടിൽനിന്ന് എന്നെ സിനിമയിലേക്കെത്തിച്ചത്.
സംവിധായകൻ രഞ്ജിത്തേട്ടനാണ് എന്റെ സിനിമാ ഗുരു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ആയിരത്തിൽ ഒരുവൻ, ഇന്ത്യൻ റുപ്പി, ഷട്ടർ തുടങ്ങി ഒരുപിടി സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തു. ‘പുഴു’ എന്ന സിനിമയിലേക്ക് എന്നെയെത്തിച്ചതും നാടകംതന്നെയാണ്. അവസാനമായി അവതരിപ്പിച്ച ‘ചക്കരപ്പന്തൽ’ എന്ന നാടകം കണ്ടാണ് തിരക്കഥാകൃത്ത് ഹർഷാദ് എന്നെ പുഴുവിലെ കുട്ടപ്പൻ എന്ന കഥാപാത്രത്തിലേക്ക് വിളിക്കുന്നത്. പുഴുവിൽ ‘തക്ഷകൻ’ എന്നൊരു നാടകം കുട്ടപ്പൻ അവതരിപ്പിക്കുന്നുണ്ട്. അത് അഭിനയിക്കാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന സംവിധായിക റത്തീനയുടെയും തിരക്കഥാകൃത്ത് ഹർഷാദിന്റെയും നായകൻ മമ്മൂക്കയുടെയും പാർവതിയുടെയുമെല്ലാം വിശ്വാസമാണ് കുട്ടപ്പൻ എന്ന കഥാപാത്രത്തെ ഭംഗിയാക്കാൻ എനിക്ക് ധൈര്യം നൽകിയത്. ഞാൻ വിചാരിച്ചതിലും ഇരട്ടി അനുമോദനം സിനിമ റിലീസ് ചെയ്തപ്പോൾ കിട്ടി. നമ്മൾ ഏറെ ആരാധിക്കുന്ന സത്യൻ അന്തിക്കാട് അടക്കമുള്ള സംവിധായകർവരെ വിളിച്ച് അഭിനന്ദിച്ചു.

ജാതിയുടെയും വർണത്തിന്റെയും പേരിൽ പുഴുവിലെ കുട്ടപ്പൻ നേരിട്ടതുപോലുള്ള അവഗണന താങ്കൾ നേരിട്ടിട്ടുണ്ടോ...
അവഗണനകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്, പലപ്പോഴും കറുത്തവനായതിന്റെപേരിൽ കഥാപാത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇതേ കറുപ്പുതന്നെ വിജയങ്ങളും തന്നിട്ടുണ്ട്. പുഴുവിലെ കുട്ടപ്പൻ എന്ന മികച്ച കഥാപാത്രം തേടിയെത്തിയത് ഞാൻ കറുത്തവനായതുകൊണ്ടാണ്. ജാതിയുടെയും വർണത്തിന്റെയുമൊക്കെപേരിൽ മനുഷ്യർ മാറ്റിനിർത്തപ്പെടുകയും വിവേചനങ്ങൾ നേരിടുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. അത്തരം ചിന്തകൾ ഈ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന അർബുദമാണ്. മരുന്നിട്ട് തുടച്ചാലോ വെട്ടിമാറ്റിയാലോ അത് ഒരിക്കലും മാറില്ല. പക്ഷേ, നമുക്കാവുന്ന രീതിയിൽ അത്തരം ചിന്തകൾക്കുമേൽ നൽകുന്ന വലിയ അടിയാണ് പുഴു എന്ന സിനിമ. പുഴു കണ്ടിട്ട് ചിലർ ചോദിച്ചത് ‘പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’ എന്നാണ്. അത്തരം പ്രതികരണങ്ങൾ എന്റെ അഭിനയത്തിനു കിട്ടിയ അവാർഡായാണ് കാണുന്നത്. കാരണം, കുട്ടപ്പൻ എന്ന കഥാപാത്രം ചിലരെയെല്ലാം അസ്വസ്ഥമാക്കുന്നു എന്നറിയുമ്പോൾ സന്തോഷം, അഭിമാനം.
പുഴുവിന് ഏറെ അഭിനന്ദനങ്ങൾ കിട്ടി, പുതിയ നല്ല കഥാപാത്രങ്ങൾ തേടിവരുന്നുണ്ടോ...
പുഴുവിലെ കഥാപാത്രത്തിന് ഇത്രയേറെ അഭിനന്ദനങ്ങൾ കിട്ടിയെങ്കിലും പുതിയ സിനിമകളിലേക്കൊന്നും ഇതുവരെ വിളി വന്നിട്ടില്ല. നമുക്ക് ഒന്നിച്ച് ഒരുസിനിമ ചെയ്യാം എന്ന് ആരും ഒരുറപ്പും തന്നിട്ടില്ല. എന്താണ് കാരണം എന്നെനിക്കറിയില്ല...? പക്ഷേ, നാടകവും സിനിമയും എന്റെ അഭിനയവും സത്യമാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് നല്ല സംവിധായകർ നല്ല കഥാപാത്രങ്ങളുമായി തേടിവരും എന്ന ശുഭാപ്തിവിശ്വാസത്തിൽത്തന്നെയാണ് ഞാനിപ്പോഴും...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..