വ്യാജചിത്ര നിര്‍മാണം സിനിമ പോലെ തന്നെ ഒരു സമാന്തര വ്യവസായമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. മാറിക്കൊണ്ടേയിരിക്കുന്ന സാങ്കേതികവിദ്യയുടെ ഇത് ഫലപ്രദമായി തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വന്‍തുക മുടക്കി ഒരു കൂട്ടം ആളുകള്‍ ഏറെനാള്‍ കഷ്ടപ്പെട്ട് പുറത്തിറക്കുന്ന സിനിമ മണിക്കൂറുകള്‍ കൊണ്ട് ചെറിയ മുതല്‍മുടക്കില്‍ മറ്റൊരു കൂട്ടര്‍ അനധികൃതമായി പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്നു. സിനിമയുടെ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടാക്കുന്ന കച്ചവടമാണിത്.

വ്യാജചിത്രങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംഭവമാണെങ്കിലും കഴിഞ്ഞ ആറു മാസത്തിനിടെ സിനിമ റിലീസായി ദിവസങ്ങള്‍ക്കകം തന്നെ വ്യാജനുമെത്തുന്നത് പതിവായിരിക്കുന്നു. കൗമാരക്കാരായ കുട്ടികളെ വരെ വെച്ച് പൈറസിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിദഗ്ധമായി വ്യാജന്‍ പകര്‍ത്തുന്നു. ആദ്യ ദിനങ്ങളില്‍ തന്നെ ചിത്രങ്ങള്‍ പുറത്താകുന്നത് ഇനീഷ്യല്‍ കളക്ഷനെ വരെ ബാധിക്കുന്ന സാഹചര്യത്തിലാണ് മാതൃഭൂമി ഡോട്ട് കോം പൈറസിയുടെ പുതിയ സങ്കേതങ്ങളെ കുറിച്ച് വിശദമായ അന്വേഷണത്തിനിറങ്ങിയത്.

സിനിമയെ പ്രതികൂലമായി ബാധിക്കുന്നു എന്നത് മാത്രമല്ല, ചെയ്യുന്ന കുറ്റത്തെ കുറിച്ചോ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചോ ഒരറിവുമില്ലാത്ത കൗമാരക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നൊരു വിപത്തും പുതിയ കാലത്ത് പൈറസിയ്ക്ക് പിന്നില്‍ പതിയിരിക്കുന്നു എന്നാണ് അന്വേഷണത്തില്‍ മനസിലായത്. പുതു സാങ്കേതിക വിദ്യയോട് അവര്‍ എത്രമാത്രം സമരസപ്പെട്ടു കഴിഞ്ഞു എന്ന യാഥാര്‍ഥ്യവും വെളിവായി. അതോടൊപ്പം തന്നെ പൈറസി തടയാന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ എത്രമാത്രം കാര്യക്ഷമമായി കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്നും വ്യക്തമായി.

പൈറസിയെ പൂര്‍ണമായി തടയാനാവില്ലെങ്കിലും സിനിമയെ വലിയ തോതില്‍ ബാധിക്കാതെ അതിനെ കാര്യമായി നിയന്ത്രിച്ചു നിര്‍ത്താനാവുമെന്ന് തന്നെയാണ് മനസിലാക്കേണ്ടത്. നിലവില്‍ പൈറസി എത്രത്തോളം വ്യാപകമാണ്. നിലവിലുള്ള സംവിധാനത്തില്‍ വ്യാജനെ തടയാന്‍ എന്തെല്ലാം ചെയ്യാനാകും.. സിനിമയുടെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖര്‍ പ്രതികരിക്കുന്നു.

ഡൗണ്‍ലോഡ് ചെയ്യുന്നവരെയും പിടികൂടണം
 ടോമിച്ചന്‍ മുളകുപാടം, (നിര്‍മാതാവ്)

piracy

പുലിമുരുകന്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിന്റെ വ്യാജന്‍ പുറത്തുവന്നത്. അതോടെ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ ഇടിവുണ്ടായി. വലിയ ചിത്രങ്ങളെയാണ് പൈറസി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുലിമുരുകനൊക്കെ റിപ്പീറ്റഡ് ഓഡിയന്‍സാണ് കൂടുതലുമെത്തുന്നത്. എന്നാല്‍ വ്യാജന്‍ ഇറങ്ങുന്നതോടെ ആളുകള്‍ രണ്ടാമത് ചിത്രം കാണാന്‍ തിയേറ്ററില്‍ വരാതാകും. നഷ്ടമുണ്ടാകുന്നത് നിര്‍മാതാവിനാണ്.

പൈറസി ഫലപ്രദമായി തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രതലത്തില്‍ നിന്നും ശക്തമായ ഇടപെടലുണ്ടായാലേ കാര്യമുള്ളൂ. വ്യാജന്‍ നിര്‍മിക്കുന്ന ആളുകളെ പിടികൂടി തക്കതായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരെയും ശിക്ഷിക്കാനുള്ള സംവിധാനം വരണം. കാണുന്നവര്‍ക്ക് ഭയമുണ്ടായാല്‍ വ്യാജന്‍മാര്‍ കുറയും. ഇതിനായി ശക്തമായ നിയമങ്ങളും വരണം. എന്നാലേ സിനിമാ വ്യവസായം നിലനില്‍ക്കൂ.

തടയാനുള്ള സംവിധാനങ്ങള്‍ വന്നാല്‍ സ്വാഗതം ചെയ്യും-
സുരേഷ് ഷേണായ്, (ഫിയോക് ഭാരവാഹി)

നിലവില്‍ മിക്കവാറും തിയേറ്ററുകളില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ഒരു തിയേറ്റര്‍ പ്രിന്റ് പുറത്തുവന്നാല്‍ അത് ഏത് തിയേറ്ററില്‍ നിന്ന് ഏത് സമയത്ത് എടുത്തതാണെന്ന് കണ്ടെത്താനാകും. ക്യാമറ പൊസിഷന്‍ നോക്കി ഏകദേശം ആളെ പിടികൂടാനൊക്കെ സാധിക്കാറുണ്ട്. പക്ഷേ, അതുമാത്രം പോരാ. ചിത്രം പകര്‍ത്തിക്കഴിഞ്ഞാല്‍ അത് എങ്ങോട്ടൊക്കെ വ്യാപിക്കുമെന്ന് പറയാനാവില്ല. മിനിട്ടുകള്‍ക്കകം അവ കൈമാറിപ്പോകും. പിന്നെ ആളെ കണ്ടെത്തിയാലും ആ സിനിമയെ സംബന്ധിച്ച് വലിയ മെച്ചമുണ്ടാകില്ല. തിയേറ്ററില്‍ നിന്ന് സിനിമ പകര്‍ത്തുന്നത് തടയാനുള്ള സംവിധാനമാണ് വരേണ്ടത്. താങ്ങാനാകുന്ന ചെലവില്‍ അത്തരത്തില്‍ എന്തെങ്കിലും സാങ്കേതികവിദ്യ ഉണ്ടായാല്‍, അത് സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

എന്തൊക്കെയായാലും തിയേറ്ററില്‍ കാണുന്നതിന്റെ 20 ശതമാനം എഫക്ടേ മൊബൈലിലും മറ്റും കാണുന്ന പ്രിന്റുകള്‍ക്ക് ഉണ്ടാകൂ. സിനിമയുടെ ആസ്വദ്യത അത്രകണ്ട് കുറയുന്നുണ്ട്. എങ്ങനെയെങ്കിലും സിനിമ കണ്ടാല്‍ മതിയെന്നുള്ളവര്‍ അങ്ങനെ തൃപ്തിപ്പെടും. സിനിമ നല്ല രീതിയില്‍ ആസ്വദിക്കണമെന്നുള്ളവര്‍ തിയേറ്ററില്‍ എത്തുകതന്നെ ചെയ്യും. അത് നമ്മള്‍ കാണുന്നുമുണ്ട്.

വേണ്ടത് ശക്തമായ നിയമങ്ങള്‍-
സിയാദ് കോക്കര്‍, (ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍)

piracyപൈറസി സിനിമയെ വലിയതോതില്‍ ബാധിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അതോടൊപ്പം തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ആന്റി പൈറസി സെല്ലും നമുക്കുണ്ട്. തിയേറ്ററുകളിലെ സിസിടിവി ക്യാമറ നിരീക്ഷണങ്ങളും മറ്റും ചിത്രം പകര്‍ത്തുന്നത് തടയാനും എടുത്തവരെ പിടികൂടാനുമൊക്കെ സഹായകമാകുന്നുണ്ട്. എന്നാല്‍ പിടികൂടുന്നവരെ ശിക്ഷിക്കാന്‍ പര്യാപ്തമായ നിയമങ്ങളില്ലാത്തതാണ് ഇവിടത്തെ പ്രശ്നം. തമിഴ്നാട്ടില്‍ നിയമം ശക്തമാക്കിയപ്പോള്‍ വ്യാപകമായി വ്യാജചിത്രം നിര്‍മാതാക്കളെ പിടികൂടുകയുണ്ടായി. അതവിടെ വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. അത്തരത്തിലുള്ള ശക്തമായ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.

ഒന്നാം ഭാഗം: സിനിമയുടെ വ്യാജനെ പിടിക്കാനെത്തിയ പോലീസ് പ്രതിയെ കണ്ട് ഞെട്ടി
രണ്ടാം ഭാഗം: ടെലിഗ്രാം: വ്യാജസിനിമകളുടെ പുതിയ സങ്കേതം
മൂന്നാം ഭാഗം: വ്യാജചിത്രം: കുട്ടികളെ കുടുക്കാന്‍ ബ്ലൂ വെയ്ല്‍ മാതൃക; എല്ലാറ്റിനും പിറകില്‍ ആ അജ്ഞാത ടീം
നാലാം ഭാഗം: ടോറന്റിനെ നിയന്ത്രിക്കുന്ന ഈ മൂവാറ്റുപുഴക്കാരനാണ് വ്യാജ സിനിമയുടെ രാജാവ്
അഞ്ചാം ഭാഗം: വ്യാജൻ പകര്‍ത്തുന്നവരേ... ജാഗ്രത! ഇയാള്‍ ഇതൊക്കെ കാണുന്നുണ്ട്