കുറ്റവാളികളുടെ മനഃശാസ്ത്രം എക്കാലത്തും ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒന്നാണ്. 'അഞ്ചാം പാതിര' എന്ന ചാക്കോച്ചന്‍-മിഥുന്‍ മാനുവല്‍ ചിത്രം സ്വീകാര്യത നേടിയത് ഇതുകൊണ്ടുതന്നെ. പരമ്പരയായി നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും അത്തരം കൊലയാളികളെക്കുറിച്ചും ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈയടുത്തകാലത്ത് പ്രേക്ഷകരെ ഇത്രയേറെ ഉദ്വേഗജനകമായി പിടിച്ചിരുത്തിയ മലയാളചിത്രം എന്ന നിലയില്‍ ഇത് പ്രശംസനീയംതന്നെ.

എല്ലാ കൊലയാളികളും കുറ്റവാസനയുള്ളവരാകണമെന്നില്ല. പലരും എളുപ്പത്തില്‍ പ്രയോഗിക്കുന്ന വാക്കുകളാണ് 'ബോണ്‍ ക്രിമിനല്‍' എന്നത്. ക്രിമിനല്‍ എന്നതിന്റെ നിര്‍വചനത്തിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. 'കുറ്റകൃത്യം ചെയ്ത ആള്‍' അഥവാ 'പ്രേരണാപൂര്‍വം മറ്റൊരാള്‍ക്ക് ദ്രോഹം വരുത്താനായി, ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്ന ആള്‍' എന്നൊക്കെ പറയാം. എന്നാല്‍ കാര്യങ്ങള്‍ ഒരു നിര്‍വചനത്തില്‍ പറയുന്നതുപോലെ ജീവിതത്തിലും സിനിമയിലും ലളിതമല്ല. പൊതുവില്‍ സമൂഹവിരുദ്ധമായ മനോഭാവമുള്ളവരെ ആന്റിസോഷ്യല്‍ എന്നാണ് പറയുക. ആന്റി സോഷ്യലിനെത്തന്നെ രണ്ടായി തിരിച്ചിട്ടുണ്ട്: സൈക്കോപാത്ത് (psychopath) എന്നും സോഷ്യോപാത്ത് (sociopath) എന്നുമാണത്.

സോഷ്യോപാത്തും സൈക്കോപാത്തും

അഞ്ചാം പാതിരയില്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊലപാതകിയുടെ കഥാപാത്രം ഒരു സോഷ്യോപാത്ത് ആണ്. അത് ഒരു ജന്മനാകുറ്റവാസനയുള്ള പ്രകൃതമല്ല. വികലമായ സമൂഹത്തില്‍ ജീവിക്കുന്ന നന്മയുടെ പ്രതീകമെന്ന മട്ടില്‍ ലോകം വാഴ്ത്തുന്ന ആളുകളില്‍നിന്നും തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്ന, കുടുംബവും കൂടപ്പിറപ്പും നഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഈ കഥയിലെ കൊലയാളി.

സൈക്കോപാത്ത് ഗണത്തില്‍പ്പെടുന്നവരാണ് കൂടുതല്‍ അപകടകാരികളായ കുറ്റവാസനകളുള്ളവര്‍. അവര്‍ക്ക് ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയില്ല. അനുതാപമോ ദയയോ അവര്‍ക്ക് ഇല്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം. മറ്റ് മനുഷ്യര്‍ അവരെ സംബന്ധിച്ച് ഉപയോഗിക്കുവാനും വലിച്ചെറിയുവാനുമുള്ള വസ്തുവകകള്‍ (objects) മാത്രമാണ്. എന്നാലിത്തരക്കാര്‍ക്ക് മാനുഷികവികാരങ്ങള്‍ അനുകരിക്കുവാനും വളരെ തന്മയത്വത്തോടെ വിനയം അഭിനയിക്കുവാനും സാധിക്കും. കുറ്റകൃത്യങ്ങള്‍ അത്തരക്കാര്‍ക്ക് ലഹരിയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്ന റിപ്പറിന്റെ കഥാപാത്രത്തിന് സൈക്കോപാത്തിന്റെ നിറമാണ്. അങ്ങനെയുള്ളവര്‍ വ്യക്തമായി ആസൂത്രണംചെയ്ത് കൃത്യതയോടുകൂടെ മാത്രമേ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ചെയ്യാറുള്ളൂ. റിപ്പറിന്റെ കഥാപാത്രത്തോട് ക്രിമിനല്‍ സൈക്കോളജിസ്റ്റായ ചാക്കോച്ചന്റെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ന്യായത്തിനും അന്യായത്തിനും രണ്ടുപക്ഷം എന്നുപറയുംപോലെ ചിത്രത്തിന്റെ മുക്കാല്‍ പങ്കോളം കൊലയാളിയെ കണ്ടെത്താന്‍ കാത്തിരിക്കുന്ന പലരും ഒരു ഘട്ടത്തില്‍ അതേ ആളോട് ഉള്ളലിവ് തോന്നുന്നവരായി മാറുന്നു. അയാള്‍ ഒരു Born Criminal അല്ല എന്നതുതന്നെയാണിതിന് കാരണം.

ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരേ പ്രതികരിക്കുവാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുന്ന പല മനുഷ്യരുടെയും ഉള്ളില്‍ ഒരു അഗ്‌നിപര്‍വതം രൂപപ്പെടും. ഒരിക്കലും പൊട്ടിത്തെറിക്കാത്ത വൊള്‍ക്കാനോകളുമായി നടക്കുന്ന മനുഷ്യര്‍ക്കിടയില്‍ തന്റെ ഉള്ളിലെ പ്രതികാരത്തിന്റെ ലാവ, കൃത്യമായ ലക്ഷ്യങ്ങളിലേക്ക് ഒഴുക്കി അവരെ ദഹിപ്പിച്ച് മുന്നേറുന്ന കൊലയാളിക്ക് പലപ്പോഴും ഒരു ഹീറോയിക്

പരിവേഷം മനുഷ്യമനസ്സില്‍ ഉണ്ടാകാറുണ്ട്. തനിക്ക് കഴിയാത്തത് അയാള്‍ക്ക് കഴിഞ്ഞു എന്ന താദാത്മ്യമാണ് ഇതിന് പിറകില്‍.

ചില മാനസികരോഗങ്ങള്‍പോലും വിലക്ഷണമായ, ക്രമവിരുദ്ധവും വിചിത്രവും ആയ സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് മനശ്ശാസ്ത്രജ്ഞര്‍ നിരീക്ഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. സ്‌കിസോഫ്രീനിയ എന്ന രോഗം വിചിത്രമായ ഈ സമൂഹത്തോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ ലെയിങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

അത്തരം ദര്‍ശനങ്ങള്‍ 'അഞ്ചാംപാതിര' എന്ന ചിത്രത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തവുമാണ്. ഒരുഘട്ടത്തില്‍ കൊലയാളിയുമായി നേരിട്ട് സംവദിക്കുന്ന സൈക്കോളജിസ്റ്റ് അയാളോട് ചോദിക്കുന്നുണ്ട്, ''ജീവിതത്തില്‍ സംഭവിച്ച അനിഷ്ടസംഭവങ്ങളെപ്പറ്റിയും ജീവിതം തകര്‍ത്ത പ്രതികളെപ്പറ്റിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞുകൂടേയെന്ന്.'' അതിന് അയാള്‍ നല്‍കുന്ന ഉത്തരം വലിയൊരു ചോദ്യവും അതേസമയം ചിന്തനീയമായ സത്യവും നമ്മോട് പറയുന്നു ''എന്റെ പ്രതികാരം എന്റെ സ്വകാര്യതയാണ്. അത് മാധ്യമങ്ങള്‍ക്ക് കൊണ്ടാടുവാനുള്ളതല്ല.''

''എങ്ങനെയാണ് പോലീസുകാര്‍ക്ക് പിടികൊടുക്കാതെ സൂക്ഷിക്കുന്നത്?'' അതിന് റിപ്പര്‍ നല്‍കുന്ന മറുപടി ഇതാണ്. ''ഞാന്‍ ചെയ്യുന്ന അവസാന ക്രൂരകൃത്യം ഇതാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കുക'', അങ്ങനെ ശ്രദ്ധതിരിച്ചുവിടുക. ഈ ഉത്തരത്തില്‍നിന്ന് ഒരു സൈക്കോപാത്തിന്റെ മനോഘടന വളരെ വ്യക്തമാണ്. അയാള്‍ അത് എത്രമാത്രം ആസ്വദിക്കുന്നു എന്നതും.

എന്നാല്‍ സിനിമയിലെ സീരിയല്‍കില്ലര്‍ അങ്ങനെയുള്ള ഒരാളല്ല. അദ്ദേഹത്തിന്റെ നീക്കങ്ങളും താത്പര്യങ്ങളും തികച്ചും വ്യക്തിനിഷ്ഠമാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഉപജാപകപൂര്‍വമായ കാര്യങ്ങള്‍ക്ക് തന്റെതായ രീതിയില്‍ അത് ചെയ്തവര്‍ക്ക് ഉത്തരം കൊടുക്കുകയായിരുന്നു ഈ സോഷ്യോപാത്ത് ചെയ്തത്. പ്രതികൂലമായ ജീവിത ചുറ്റുപാടുകളും സൈക്കോപാത്തുകളും നിറഞ്ഞ ഈ സമൂഹമായിരുന്നു, അയാളിലെ സോഷ്യോപാത്തിനെ സൃഷ്ടിച്ചത്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ എന്ന പ്രയോഗത്തില്‍ ഒട്ടും അതിശയോക്തിയില്ല എന്നുതന്നെ വേണം പറയാന്‍.

ഈ ഉത്തരത്തിലൂടെയും സന്ദര്‍ഭവശാല്‍ സൃഷ്ടിക്കപ്പെട്ട ഈ സോഷ്യോപാത്ത് ജന്മനാ കുറ്റവാസനയുള്ള സൈക്കോപാത്തില്‍നിന്ന് വ്യത്യസ്തനാകുന്നു. ഇതേ സാഹചര്യത്തില്‍ ഒരു സൈക്കോപാത്തായിരുന്നെങ്കില്‍ അയാള്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കാനും തന്നിലെ ഹീറോയിസം പൊലിപ്പിച്ചുകാണിക്കാനുമുള്ള കാര്യങ്ങള്‍ക്കാകുമായിരിക്കും കൂടുതല്‍ ശ്രമിച്ചിട്ടുണ്ടാവുക.

ഹോളിവുഡ്ചിത്രങ്ങളില്‍ കണ്ടുമറന്ന പല ദൃശ്യങ്ങളും ഈ സിനിമ കാണുമ്പോള്‍ നമുക്ക് ഓര്‍മവരുമെങ്കിലും വളരെ ഭംഗിയായി നടപ്പിലാക്കിയ ചിത്രസങ്കലനവും വൈകാരികതയുടെ ഗ്രാഫ് തരിമ്പും താഴാതെ പിടിച്ചുനിര്‍ത്തുന്നവിധമുള്ള സംവിധാനവും 'അഞ്ചാംപാതിരാ'യ്ക്ക് കൈയടി നേടിക്കൊടുക്കുകതന്നെ ചെയ്യും.

Content Highlights : psychology of serial killers Anjaam Pathira Movie Starring Kunchacko Boban