മനസ്സിന്റെ വെള്ളിത്തിരയിലേക്ക് യൗവനത്തിന്റെ നിഴല്‍ച്ചിത്രങ്ങള്‍ പതിയുമ്പോള്‍


3 min read
Read later
Print
Share

അക്കാലത്ത് പള്ളിപ്പെരുന്നാളിനും അമ്പലങ്ങളിലെ ഉത്സവത്തിനും സ്‌കൂളുകളില്‍ പ്രത്യേക പ്രദര്‍ശനമായും ഒക്കെ 16 mm സിനിമാ പ്രദര്‍ശനം ഉണ്ടാവും

​പ്രതീകാത്മക ചിത്രം| Getty Images

പുറത്ത് മഴയില്ല ! ഇടിയും മിന്നലും .. ഫ്‌ളാറ്റിലെ ജനല്‍ ഗ്ലാസിലെ കര്‍ട്ടനെ തോല്‍പ്പിച്ച് മിന്നല്‍ എത്തിനോക്കിപ്പോയി. പിന്നാലെ വന്ന ഇടിമുഴക്കത്തില്‍ അടുക്കളയിലെ പാത്രങ്ങള്‍ ചെറുതായി ചലിച്ചു. ഒരു ചിലു ചിലു ശബ്ദം ! അത് കേട്ടപ്പോള്‍ പഴയകാല പ്രൊജക്ടറിന്റെ ശബ്ദം കാതില്‍ വന്ന് വീണപോലെ....

വീണ്ടും മിന്നല്‍.. ഞാന്‍ കണ്ണുകള്‍ അടച്ചു. വീണ്ടും ശബ്ദം.. അച്ചുപിടിച്ച കണ്ണിനു മുന്നില്‍ ഒരു പ്രൊജക്ടര്‍ കറങ്ങിത്തുടങ്ങി. അതില്‍ നിന്നും ഓര്‍മ്മയുടെ സ്‌ക്രീനിലേക്ക് പ്രകാശം പരക്കുകയാണ്. അവിടെ എന്റെ പട്ടിക്കര ഗ്രാമം തെളിഞ്ഞു. വര്‍ഷം 1990. റോഡ് വക്കിലെ മതിലുകളിലും പഞ്ചായത്ത് കിണറിന്റെ തൂണിലും മതിലിലും അടച്ചിട്ട കടകളുടെ ഭിത്തിയിലും നിരപ്പലകയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു പരസ്യം.

പൂനം റഹീം, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂര്‍ കൂടെ ആറക്കത്തിലുള്ള ഫോണ്‍ നമ്പരും.

സ്റ്റെന്‍സില്‍ ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലുമായി എഴുതിയതും പിന്നെ കുറെ ഒട്ടിച്ച നോട്ടീസുകളും. പട്ടിക്കരയില്‍ മാത്രമല്ല, എവിടെത്തിരിഞ്ഞു നോക്കിയാലും അതേ കാണാനുളളൂ.. ഇപ്പോഴത്തെ പൈല്‍സിന്റെ പരസ്യം പോലെ ! അന്ന് എന്റെ അടുത്തൊരു സുഹൃത്ത് തമാശയായി പറഞ്ഞു. ''മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ ആദ്യം കണ്ടത് പൂനം റഹീമിന്റെ പരസ്യമാണ് ' എന്ന്. അതിശയോക്തി ആണെങ്കിലും കണ്ണെത്തുന്നിടത്തെല്ലാം പൂനം റഹീമും പരസ്യവും നിറഞ്ഞു നിന്നിരുന്നു.

അക്കാലത്ത് പള്ളിപ്പെരുന്നാളിനും അമ്പലങ്ങളിലെ ഉത്സവത്തിനും സ്‌കൂളുകളില്‍ പ്രത്യേക പ്രദര്‍ശനമായും ഒക്കെ 16 mm സിനിമാ പ്രദര്‍ശനം ഉണ്ടാവും. അതിന്റെ അമരക്കാരനാണ് പൂനം റഹീം. ടിയാന്റെ പരസ്യമാണ് ഇക്കാണുന്നതൊക്കെ. അന്ന് നാട്ടില്‍ പ്രധാനമായും രണ്ട് ക്ലബ്ബുകളാണ്. യുവതരംഗവും ബ്രദേഴ്സും. യുവ തരംഗത്തിന്റെ സെക്രട്ടറി ഞാനും. R.M.നൂറുദ്ദീന്‍, MM ലത്തീഫ്, K.A.ഷംസു (കാസിനോ), ബിനീഷ് ചൂണ്ട പുരയ്ക്കല്‍. ഈ നാല് സുഹൃത്തുക്കളും ഞാനുമാണ് യുവതരംഗത്തിന്റെ പ്രധാന പ്രവര്‍ത്തകര്‍. ഞങ്ങള്‍ക്ക് ഒരാഗ്രഹം. റഹീമിന്റെ സിനിമ നമുക്ക് കളിപ്പിക്കണം. ഒടുവില്‍ ഉറപ്പിച്ചു.

അങ്ങനെ ഒരു മേയ് മാസം.. ഞാനും ബിനീഷും ലത്തീഫും കൂടി തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള പൂനത്തിന്റെ ഓഫീസിലെത്തി. ആവശ്യമറിയിച്ചപ്പോള്‍ കുറെയധികം സിനിമകളുടെ കാര്‍ഡും വലിയൊരു ലിസ്റ്റും തന്നു. കൂട്ടത്തില്‍ പത്മരാജന്റെ തൂവാനത്തുമ്പികള്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്‍പ് കണ്ടതാണ്, എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ. മൂന്ന് പേരും ഒരേ മനസ്സോടെ തൂവാനത്തുമ്പികള്‍ ഉറപ്പിച്ചു. വന്ന് സിനിമ കളിച്ച് തിരിച്ച് പോകുന്നതിന് 2500 രൂപ.

കയ്യിലുണ്ടായിരുന്ന 500 രൂപ അഡ്വാന്‍സ് കൊടുത്തു. ജനറേറ്റര്‍ എടുത്തു വയ്ക്കണേ എന്ന് പൂനത്തിന്റെ മുന്നറിയിപ്പ്. ഈ 2500 തന്നെ പാടുപെട്ടാണ് ഒപ്പിക്കുന്നത്. പിന്നാ ജനറേറ്റര്‍. എന്തായാലും സ്‌ക്കൂളിനടുത്തെ അമ്പലത്ത് വീട്ടില്‍ ജബ്ബാര്‍ക്ക കറന്റ് തരാമെന്നേറ്റു. അങ്ങനെ പട്ടിക്കര മൊയ്തു മെമ്മോറിയല്‍ സ്‌ക്കൂളില്‍ ഷോ തീരുമാനിച്ചു. രാത്രിയിലാണ് ഷോ അതുകൊണ്ട് ഗ്രൗണ്ടില്‍ മതിയെന്നു തീരുമാനിച്ചു. അതുമല്ല, ആളും കൂടുതലുണ്ടാവും.

അങ്ങനെ ഷോയുടെ ദിവസമെത്തി. വൈകുന്നേരമായി. നല്ല മഴക്കാറ്. ഞങ്ങളുടെ നെഞ്ച് പിടച്ചു. മഴ പെയ്യുവോ? പരസ്പരം ചോദിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ റഹീമിന്റെ സ്റ്റാഫുകള്‍ എത്തി. ആളുകളും എത്തിത്തുടങ്ങി. മഴക്കോള് കണ്ട് ടെന്‍ഷനടിച്ചു നിന്ന ഞങ്ങളോട് സ്റ്റാഫിലൊരാള്‍ പറഞ്ഞു. 'പേടിക്കണ്ട, പെയ്യത്തില്ല... ഇനി അഥവാ പെയ്താല്‍ നമ്മക്ക് സ്‌കൂളിനകത്തേക്ക് മാറ്റാം !' എന്തായാലും ആ ധൈര്യത്തില്‍ ഷോ തുടങ്ങി.. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും മഴയും .. എല്ലാവരും സിനിമയില്‍ ലയിച്ചു കഴിഞ്ഞു. ഞങ്ങള്‍ ഇടയ്ക്കിടെ മാനത്തേക്ക് നോക്കിയാണ് ഇരിപ്പ്.

എന്തായാലും മഴ പെയ്തില്ല. പടം കഴിഞ്ഞു. ആളുകള്‍ പിരിഞ്ഞു പോയി! പ്രൊജക്ടറും, ഫിലിമുമായി ബാക്കി പണവും വാങ്ങി റഹീമിന്റെ സ്റ്റാഫുകള്‍ പോയി. ഞങ്ങള്‍ക്ക് പിന്നെയും പണിയുണ്ട്. കെട്ടിയിരുന്ന ട്യൂബുകളൊക്കെ അഴിച്ചുമാറ്റി വച്ച് ഒരു ഓട്ടോറിക്ഷയില്‍ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആകാശത്ത് കാതടപ്പിക്കുന്ന ഇടിയും മിന്നലും തുടങ്ങിയിരുന്നു. വീണ്ടും ഒരു ഇടി ശബ്ദം! കാതടപ്പിച്ച് മുഴങ്ങി. പാത്രങ്ങള്‍ വീണ്ടും കിലുങ്ങി. ഒപ്പം ജനാലയുടെ ഒരു വാതില്‍ തുറന്നടഞ്ഞു. ഞാനിപ്പോള്‍ എന്റെ കസേരയിലാണ്. അടച്ചിട്ട ഫ്‌ളാറ്റിനുള്ളില്‍... ചിലപ്പോള്‍ മഴ പെയ്‌തേക്കും!

രണ്ട് ദിവസം മുന്‍പ് റഹീമിനെ വിളിച്ചിരുന്നു. വെറുതേ.. അദ്ദേഹം വയനാട്ടിലാണ്. സിനിമ ഡിജിറ്റലായി.. എല്ലാ വീടുകളിലും ടി.വി.യും സി.ഡി. പ്ലെയറുകളും ചിലയിടങ്ങളില്‍ ഹോം തിയേറ്ററുകള്‍ വരെയുണ്ട്. ഇനി ആ 16 MM പ്രൊജക്ടറിന് എന്ത് സ്ഥാനം? എന്തായാലും, എന്റേയും എന്നെപ്പോലെ കുറേ തലമുറകളുടേയും ഓര്‍മ്മയില്‍ അതിനൊരു സ്ഥാനമുണ്ട്. അന്ന് ആ ഷോ കളിപ്പിക്കുവാന്‍ ക്ലബ്ബ് സെക്രട്ടറിയായി മുന്നില്‍ നിന്ന ഞാന്‍ ഇന്ന് ഒരു സിനിമയുടെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന അമരക്കാരന്റെ സ്ഥാനത്ത് നില്‍ക്കുന്നു.

ബിനീഷും ഷംസുവും വിദേശത്താണ്. നൂറുദ്ദീനും ലത്തീഫും നാട്ടില്‍. കറന്റ് തന്ന ജബ്ബാര്‍ക്ക ഓര്‍മ്മയായി. ഓര്‍മ്മയുടെ പ്രൊജക്ടറില്‍ ഇപ്പോഴും ആ റീലുകള്‍ തിരിയുന്നു. മനസ്സിന്റെ വെള്ളിത്തിരയിലേക്ക് ബാല്യത്തിന്റെ, യൗവ്വനത്തിന്റെ നിഴല്‍ച്ചിത്രങ്ങള്‍ പതിപ്പിക്കുന്നു.

ഷാജി പട്ടിക്കര

Content Highlights: Production Controller Shaji Pattikkara, Thoovanathumbikal Projection Days

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
National Film awards Indrans special jury mention Home movie

1 min

സല്യൂട്ട്... ഒലിവർ ട്വിസ്റ്റ്

Aug 25, 2023


SPB

6 min

എസ്.പി.ബിയുടെ മാന്ത്രികസിദ്ധിയുള്ള ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ എനിക്ക് ചിറകുകള്‍ മുളച്ചു!

Sep 25, 2021


KG george

3 min

സ്ത്രീകൾ ദേവതകളല്ല, മജ്ജയും മാംസവും ഉള്ളവരാണെന്ന് പഠിപ്പിച്ച സംവിധായകൻ

May 24, 2021


Most Commented