"അന്ന് എന്റെ തെങ്ങിലൊട്ടിച്ച പോസ്റ്ററുകള്‍ കാണാന്‍ വരുന്നവരില്‍ നടന്‍ ഇര്‍ഷാദും ഉണ്ടായിരുന്നു"


ഷാജി പട്ടിക്കര

സവിതയിലെ പോസ്റ്ററുകളുമായി സൈക്കിളില്‍ വന്നിരുന്ന ആളാണ് സുബ്രു. നോട്ടീസ് വിതരണവും സുബ്രു തന്നെ. അന്ന് എന്റെ ഓരോ വെള്ളിയാഴ്ച്ചയും സുബ്രുവിന് വേണ്ടിയുള്ള കാത്തിരിക്കലാണ്.

-

ടച്ചിട്ടിരിക്കുന്ന ഫ്ളാറ്റിനുള്ളിലെ വിരസമായ ദിവസങ്ങളിൽ എഴുത്തും, പുസ്തകവായനയും ഒക്കെ കഴിയുന്ന നേരങ്ങൾ ഞാൻ സഞ്ചാരത്തിലാണ്. മനസ്സുകൊണ്ടുള്ള സഞ്ചാരം. ആ സഞ്ചാരം പലപ്പോഴും കാലങ്ങൾക്ക് പിന്നിലേക്ക് എന്നെ കൊണ്ടു പോകുന്നു.

ആ ഓർമ്മയിൽ മനസ്സിൽ മുഴങ്ങുന്നത് സുബ്രുവിന്റെ സൈക്കിളിന്റെ പഴക്കം ചെന്ന മണിയുടെ ഒച്ചയാണ്. ആ മണിയൊച്ച എന്നെ ആ പഴയ ഏഴാം വയസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അന്ന് ഞാൻ രണ്ടാം ക്ലാസിലാണ്. പട്ടിക്കര മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂളിൽ പഠിക്കുന്നു. അന്ന് നാട്ടിലെ ഒരേയൊരു സിനിമാ ടാക്കീസ് സവിതയാണ്. വടക്കാഞ്ചേരി റോഡിലാണ് അന്നത്തെ ആ ഓല ടാക്കീസ്.

രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നെയും കൂട്ടുകാരെയും കൂട്ടി ഞങ്ങൾ കുട്ടികളെ സ്കൂളിൽ നിന്ന് ടീച്ചർമാർ സവിതയിൽ കൊണ്ടു പോയി. 35 പൈസ ടിക്കറ്റിൽ എന്റെ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ സിനിമ കണ്ടു. തടികൊണ്ടുള്ള ബഞ്ചിലിരുന്ന്... 'മൂലധനം'. ഇന്റർവെല്ലിന് ടീച്ചർമാർ പൊട്ടുകടല വാങ്ങിത്തന്നു. പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് പത്താം വയസ്സിൽ പറപ്പൂക്കാവ് പൂരത്തിന് വീണ്ടും.

മാർച്ച് 30-31 തീയതികളിലാണ് സാധാരണ പറപ്പൂക്കാവ് പൂരം. രാത്രി നാടകമുണ്ടാവും. അന്ന് രാത്രി പന്ത്രണ്ടരയ്ക്ക് സവിതയിൽ സ്പെഷ്യൽ ഷോ ഉണ്ട്. ആ സമയത്തും നിറയെ ആളുണ്ടാവും സിനിമ കാണാൻ. അന്ന് കണ്ടത് 'ലൗ ഇൻ സിംഗപ്പൂർ'. പിന്നീടുള്ള ഞായറാഴ്ച്ചകൾ സ്ഥിരം മാറ്റിനി കാണലായി. അന്തപ്പുരം, പ്രഭു, പിച്ചാത്തിക്കുട്ടപ്പൻ, അറിയപ്പെടാത്ത രഹസ്യം, ആവേശം, മൂർഖൻ...... അങ്ങനെ എത്രയെത്ര സിനിമകൾ. എത്രയോ താരങ്ങളുടെ ..

Savitha

സിനിമ തുടങ്ങുന്നതിനും ഏറെ മുമ്പേ അന്ന് തിയറ്ററിലെത്തും. തുടക്കത്തിൽ എഴുതിക്കാണിക്കുന്ന ടൈറ്റിലുകൾ വല്ലാത്തൊരു ഹരമായിരുന്നു. താരങ്ങളുടേയും സാങ്കേതിക പ്രവർത്തകരുടേയും പിന്നെ പ്രത്യേക രീതിയിൽ കാണിക്കുന്ന സിനിമയുടേയും പേരുകൾ ആ പ്രായത്തിൽ വല്ലാത്തൊരു കൗതുകമായിരുന്നു. തിരിച്ചു പോകുമ്പോൾ അഞ്ച് പൈസയ്ക്ക് പൊട്ടുകടല വാങ്ങും. വീട്ടിലെത്തുന്നത് വരെ അത് കയ്യിലുണ്ടാവും.

ടി.വി പ്രചാരത്തിലില്ലാത്ത കാലമാണ്. അതുകൊണ്ട് തിയറ്റർ ശരിക്കും ഒരു മായിക ലോകമായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. 1986 ൽ പുതിയ ആസ്ബസ്റ്റോസ് ഷീറ്റുകൾ പാകി എരനെല്ലൂർ പള്ളി റോഡിലേക്ക് സവിതയെ പറിച്ചു നട്ടു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ. ഉദ്ഘാടനത്തിന് മുന്നോടിയായി കാറിൽ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ഇപ്പോഴും ഒന്നു കണ്ണടച്ച് കാതോർത്താൽ കൃത്യമായി കേൾക്കുന്ന ആ ശബ്ദം ഇങ്ങനെയായിരുന്നു. ' ഇന്ന് മൂന്ന് മണിയുടെ മാറ്റിനി ഷോയോട് കൂടി സവിതയുടെ നയനമനോഹരമായ വെള്ളിത്തിരയിൽ ബോയിംഗ് ബോയിംഗ് '

അന്ന് ആ അനൗൺസ്മെന്റ് മുന്നിലൂടെ പോയപ്പോഴുള്ള ആവേശം പറഞ്ഞറിയിക്കാൻ കഴിയില്ല. നോട്ടീസിന് വേണ്ടി എത്ര ദൂരം ആ കാറിന്റെ പിന്നാലെ ഓടിയെന്നും ഓർമ്മയില്ല. മൂന്ന് മണിക്കുള്ള ഷോ കാണാൻ പന്ത്രണ്ട് മണിക്ക് തിയറ്ററിലെത്തി. ആദ്യത്തെ ടിക്കറ്റ് എടുക്കണമെന്നായിരുന്നു ആഗ്രഹം.... നടന്നില്ല. അത്രമാത്രം തിരക്കായിരുന്നു. എന്തായാലും ടിക്കറ്റ് കിട്ടി. പടം കണ്ടു. പുതിയ തിയറ്ററിന്റെ പുതിയ സ്ക്രീൻ... സ്ക്രീനിൽ മോഹൻലാൽ .. പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്കിടയിൽ സിനിമ തീർന്നത് അറിഞ്ഞില്ല.

വല്ലാത്തൊരു നിർവൃതിയോടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ എങ്ങും മുഴങ്ങുന്ന ഹർഷാരവം .....! അത്രയും കയ്യടികൾക്കിടയിൽ ഒരു സിനിമ കണ്ടിറങ്ങുന്നത് ആദ്യം ... പിന്നീട് അവിടം ഞങ്ങളുടെ ഒരു സങ്കേതമായി മാറി. എണ്ണിയാലൊടുങ്ങാത്ത സിനിമകൾ. ഒരു സിനിമ തന്നെ രണ്ടും മൂന്നും തവണ. സവിതയിലെ പോസ്റ്ററുകളുമായി സൈക്കിളിൽ വന്നിരുന്ന ആളാണ് സുബ്രു. നോട്ടീസ് വിതരണവും സുബ്രു തന്നെ. അന്ന് എന്റെ ഓരോ വെള്ളിയാഴ്ച്ചയും സുബ്രുവിന് വേണ്ടിയുള്ള കാത്തിരിക്കലാണ്. പഴയ തുരുമ്പിച്ച സൈക്കിളിൽ പോസ്റ്ററും പശയും നോട്ടീസും വച്ചുകെട്ടി വരുന്ന സുബ്രു ഞങ്ങളുടെ ഹീറോ ആയിരുന്നു.

എന്റെ തറവാട് വീടിന് മുന്നിലൂടെയാണ് തുരുമ്പിച്ച ബെല്ല് മുഴക്കി സുബ്രു പോകുന്നത്. പാറന്നൂർ റൂട്ടിലേക്കാണ് യാത്ര. പോകുന്ന വഴിയിൽ തൊട്ടടുത്തുള്ള വർഗ്ഗീസിന്റെ സൈക്കിൾ വർക്ക്ഷോപ്പിൽ ഒന്ന് നിർത്തും. അവിടെ നോട്ടീസ് കൊടുത്ത് പോസ്റ്റർ ഒട്ടിച്ചിട്ടാണ് സുബ്രു പാറന്നൂർക്ക് പോകുന്നത്. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. വെള്ളത്തിൽ മീനിന്റെ തലവെട്ടം കാണുമ്പോൾ ചാടിവീഴുന്ന പൊൻമാന്റെ കൃത്യതയോടെ ഞാൻ ചാടി വീഴും.

Savitha2

എന്നെ കാണുമ്പോൾ തന്നെ ചെറു ചിരിയോടെ ഒരു നോട്ടീസ് തരും. എങ്കിലും ഞാൻ വിടില്ല സുബ്രുവിന്റെ പിന്നാലെ ഓടും. കാരണം എനിക്ക് പിന്നെയും നോട്ടീസ് വേണം വലിയൊരു ആവശ്യമുണ്ട്. മിനിമം മൂന്ന് നോട്ടീസ് വേണം. കാരണം എന്റെ ഉമ്മയുടെ തറവാട്ടിൽ റോഡ് വക്കിലായി മൂന്ന് തെങ്ങുകളുണ്ട്. ഈ നോട്ടീസ് കൊണ്ടുവന്ന് ചോറ് തേച്ച് പശയാക്കി ആ തെങ്ങിൽ ഒട്ടിക്കണം. സുബ്രുവിന് പോലുമില്ലാത്ത ആത്മാർത്ഥതയാണ്. അങ്ങനെ ഒട്ടിച്ചുവച്ച ആ നോട്ടീസ് വഴിയിലൂടെ വരുന്ന ആരെങ്കിലും ഒന്ന് നോക്കുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി. അത് പറഞ്ഞറിയിക്കാൻ കഴിയില്ല.

സവിതയിലെയും കുന്നംകുളം ഭാവനയിലെയും കൈപ്പറമ്പ് വിജയയിലെയും നോട്ടീസുകൾ തെങ്ങിൽ കൃത്യമായി ഉണ്ടാവും. ഇനി അഥവാ നോട്ടീസ് കിട്ടിയില്ലെങ്കിൽ സിനിമയുടെ പേരും തിയറ്ററിന്റെ പേരും വെള്ള പേപ്പറിൽ പേനകൊണ്ട് വലുതായിട്ടെഴുതി ഒട്ടിച്ചു വയ്ക്കും. എന്തോ വലിയ ഉത്തരവാദിത്തം പോലെ ആയിരുന്നു അത്. അത് മുടങ്ങാതെ ചെയ്യും. എന്തോ ഒരു ആത്മസംതൃപ്തി അതിൽ കിട്ടിയിരുന്നു. കുറേ വർഷങ്ങൾക്ക് ശേഷം സവിത പൂട്ടി. കുറച്ച് നാൾ പൂട്ടിക്കിടന്നു. പിന്നീട് കുറച്ചു കാലം അതിന്റെ ഉടമസ്ഥനായ എം.ഐ.ഹംസ അത് വേറെ ചിലർക്ക് നടത്തിപ്പിനായി കൊടുത്തു.

പിന്നെ ഹംസക്കയും മകൻ അഹമ്മദ് ഹാഷിമും കൂടി അതേറ്റെടുത്തു. നവീകരിച്ചു. അങ്ങനെ 2016 ൽ പ്രേതം സിനിമയോടെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി. പിന്നീട് A/c വന്നു. പുളളിക്കാരൻ സ്റ്റാറാ ആയിരുന്നു ഉത്ഘാടന ചിത്രം. ഞാൻ അപ്പോഴേക്കും സിനിമയിൽ സജീവമായി. പ്രൊഡക്ഷൻ മാനേജരായി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി, പ്രൊഡക്ഷൻ കൺട്രോളറായി. താമസം അപ്പോഴേക്കും കോഴിക്കോട്ടേക്ക് മാറിയിരുന്നു. രണ്ട് വർഷം മുൻപ് യാദൃശ്ചികമായി വീണ്ടും ഞാൻ സവിതയിലെത്തി. സിനിമ കാണാൻ. അത് ഞാൻ വർക്ക് ചെയ്ത മട്ടാഞ്ചേരി എന്ന സിനിമയായിരുന്നു.

വർഷങ്ങൾക്കു മുൻപ് ആരാധനയോടെ ഞാൻ നോക്കിയിരുന്ന ടൈറ്റിൽ കാർഡിൽ പ്രൊഡക്ഷൻ കൺട്രോളർ എന്ന സ്ഥാനത്ത് എന്റെ പേര് എന്റെ പ്രിയപ്പെട്ട സ്ക്രീനിൽ. തൊണ്ണൂറോളം സിനിമകളിൽ എന്റെ പേര് തെളിഞ്ഞ് കണ്ടിട്ടുണ്ടെങ്കിലും, ഏഴാം വയസ്സിൽ സിനിമയുടെ ബാലപാഠം കുറിച്ച അതേ തിയറ്ററിൽ അത് കണ്ടപ്പോൾ, ഓർമ്മകൾ ആ ഏഴു വയസ്സുകാരനിലേക്ക് തിരികെപ്പോയി. അന്ന് എന്റെ മകന് ഏഴ് വയസ്സായിരുന്നു പ്രായം. ഞാൻ അവിടെയിരുന്ന് ഒന്ന് ചിന്തിച്ചു.

Savitha 3
ഞാനും, പ്രിയ കൂട്ടുകാരായ ലത്തീഫും ബിനീഷും ഷംസുവും ദുഷ്യന്തനും ഒന്നര കിലോമീറ്റർ നടന്ന് സവിതയിൽ പോയിരുന്നത്. മറ്റൊരു രസം, ഇന്നത്തെ പ്രശസ്ത നടൻ ഇർഷാദിന്റെ മാമയുടെ വീട് എന്റെ ഉമ്മയുടെ തറവാട് വീടിന് അടുത്താണ്. എന്റെ ചെറുപ്പം മുതലുള്ള സിനിമാ ഭ്രാന്ത് അന്നേ ഇർഷാദിന് അറിയാം. എന്റെ തെങ്ങിലൊട്ടിച്ച പോസ്റ്ററുകൾ കാണാൻ വരുന്നവരിൽ ഇർഷാദും ഉണ്ടായിരുന്നു. ഇന്ന് ഇർഷാദ് വലിയ നടനായി. ഞാൻ പ്രൊഡക്ഷൻ കൺട്രോളറും.

ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ ആദ്യ സിനിമ പാഠം ഒന്ന് ഒരു വിലാപം ആയിരുന്നു. അത് തന്നെയാണ് ഇർഷാദ് നായകനായ ആദ്യ സിനിമ എന്നത് അതിലേറെ സന്തോഷം. ഇന്ന് ലോക്ക്ഡൗണിൽ ഞാൻ ഫ്ളാറ്റിനുളളിലാണ്. തിയറ്ററുകൾ അടഞ്ഞുകിടക്കുന്നു. സവിതയും.. പക്ഷേ ഓർമ്മയുടെ ചെപ്പിന് ലോക്ക് ഡൗൺ ഇല്ലല്ലോ. അത് തുറന്ന് തന്നെ കിടക്കുന്നു.

Content Highlights: Production Controller Shaji Pattikkara,Savitha Theater Pattikkara

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented